Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

പുല്ല് തിന്നാത്ത ഏട്ടിലെ പശു

, 2:23 pm

ജോർജ് ജോസഫ്

ഇന്ത്യൻ സമ്പദ് വ്യവസ്ഥ 2018 -19 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, അതായത് ഏപ്രിൽ – ജൂൺ കാലയളവിൽ, 8 .2 ശതമാനം വളർച്ച കൈവരിച്ചുവെന്ന പുതിയ കണക്കുകൾ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുറത്തു വിട്ടിരിക്കുകയാണ്. ഇത്തരം ഒരു വളർച്ച പ്രതീക്ഷിച്ച് ഹർഷപുളകിതരായി കുതിച്ചുകൊണ്ടിരുന്ന ഓഹരി കമ്പോളത്തെ പോലും അത്ഭുതപ്പെടുത്തുന്ന മാജിക് സംഖ്യയാണ് ജെയ്റ്റ്ലി ഒളിപ്പിച്ചു വച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ [ ജനുവരി -മാർച്ച്]   7 .7 ശതമാനം വളർച്ച നേടാൻ കഴിഞ്ഞ സ്ഥാനത്താണ് ഇത് എട്ടിന് മുകളിലേക്ക് കുതിച്ചത്. അതായത് 0.5 ശതമാനം വളർച്ച.

ഇതേ കാലയളവിൽ ചൈന ജി ഡി പി വളർച്ചയുടെ കാര്യത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 6.8 ൽ നിന്ന് 6.7 ശതമാനമായി താഴ്ന്നു. ലോകത്തെ മുൻ നിര ഇക്കോണമികളിൽ ഏറ്റവും മുന്തിയ വളർച്ച നിരക്ക് ഇന്ത്യയുടേതാണ്. തീർച്ചയായും മോദിക്കും പരിവാർ സംഘടനകൾക്കും പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനുള്ള എല്ലാ വകുപ്പുമുള്ള നേട്ടം തന്നെ. ഉല്പാദന മേഖല കഴിഞ്ഞ ഒമ്പത് വർഷത്തെ ഏറ്റവും ഉയർന്ന വളർച്ച നിരക്കായ 13 .5 ശതമാനം രേഖപെടുത്തിയിരിക്കുന്നു. ഈ നേട്ടത്തിന്റെ പിൻബലത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിൽ 7.5 ശതമാനം ജി ഡി പി വളർച്ച ഉണ്ടാകുമെന്ന് സർക്കാർ കണക്ക് കൂട്ടുന്നു. 2017 – 18 സാമ്പത്തിക വർഷത്തിൽ 6 .6 ശതമാനമായിരുന്നു ആഭ്യന്തര ഉല്പാദനത്തിലെ വളർച്ച.

കണക്കുകൾ എല്ലാം മികച്ചത് തന്നെ. പക്ഷെ, ഇതൊന്നും സമകാലിക ജീവിത യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നതാണ് പ്രശനം. മികച്ച വളർച്ച രേഖപെടുത്തിയിട്ടും അതൊന്നും ജനങ്ങളുടെ ജീവിത നിലവാരത്തിലോ, തൊഴിൽ വർദ്ധനവിലോ,  ആളോഹരി വരുമാനത്തിലോ പ്രതിഫലിച്ചു കാണുന്നില്ല. ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന ചിത്രമാണ് നമുക്ക് ചുറ്റും കാണുന്നത്. മഹാരാഷ്ട്രയിൽ നിന്നും ഈയിടെ വന്ന ഒരു വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്, ‘മാറാത്തവാഡ മേഖലയിൽ ആറ് മാസത്തിനിടെ 68 കർഷകർ ആത്മഹത്യ ചെയ്തു’. കണക്കിൽ കാണുന്ന വളർച്ച സാമൂഹികമായി പ്രതിഫലിക്കുന്നില്ല എന്നല്ലേ ഇത് കാണിക്കുന്നത്. അല്ലെങ്കിലും ഏട്ടിലെ പശു പുല്ല് തിന്നാറില്ലല്ലോ. സമകാലിക ഇന്ത്യയുടെ സാമ്പത്തിക യാഥാർഥ്യങ്ങൾ ജെയ്റ്റ്ലിയുടെ കണക്കുകളെ അല്പം ഉപ്പു കൂട്ടി വിഴുങ്ങാൻ പ്രേരിപ്പിക്കുന്നു.

ആഗസ്ത് 31നു കണക്കുകൾ പ്രഖ്യാപിക്കുന്നതിന് മുൻപ് അനേക ദിവസങ്ങൾ ഓഹരി വിപണി ആഹ്ലാദത്തിമിർപ്പിലായിരുന്നു. ഏതാനും ദിവസം കൊണ്ട് സെൻസെക്‌സ് 1000 പോയിന്റ് ഉയർന്നു.   ഇതിനു ആധാരമായി പറഞ്ഞിരുന്ന ഒരു കാരണം മികച്ച ജി ഡി പി വളർച്ച ഫലങ്ങൾ പുറത്തു വരുമെന്ന പ്രതീക്ഷ ആയിരുന്നുവത്രെ. ഏതായാലും മോദി വിപണിയുടെ പ്രതീക്ഷ കാത്തു.  പക്ഷെ സംശയം അതല്ല, കേന്ദ്ര സർക്കാർ ഇത്തരം ഒരു പോസിറ്റീവ് കണക്ക് പുറത്തു വിടുമെന്ന് ഓഹരി വിപണി എങ്ങനെ നേരത്തെ ഉറപ്പിച്ചു എന്നതാണ്. അതായത് മികച്ച വളർച്ചയുടെ ചിത്രം തന്നെ പുറത്തു വരുമെന്ന ഉറപ്പ് വൻകിട കമ്പനികൾക്കും നിക്ഷേപ സ്ഥാപനങ്ങൾക്കും മുൻ‌കൂർ ഉണ്ടായിരുന്നുവെന്ന് എന്നല്ലേ ഇതിൽ നിന്നും മനസിലാക്കേണ്ടത്.

കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യൻ രൂപ തളർച്ചയിലാണ്, പണപ്പെരുപ്പം അതിരൂക്ഷമാണ്. ഇതിന്റെ ഫലമായി ജൂലായിലും ആഗസ്റ്റിലും റിസർവ് ബാങ്കിന് പലിശ കൂട്ടേണ്ടി വന്നു. മികച്ച വളർച്ച കൈവരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ ഇങ്ങനെ ഒരു പ്രതിസന്ധി രൂപപെടുന്നതെങ്ങനെയാണ് ? ഇതിൽ ഒരു വൈരുധ്യം  പ്രകടമാകുന്നുണ്ട്. ഇപ്പോൾ ഡോളർ മൂല്യം സർവകാല റെക്കോർഡ് ഉയരത്തിലാണ്. എട്ടു മാസം കൊണ്ട് രൂപയുടെ മൂല്യം ഇടിഞ്ഞത് 11 ശതമാനമാണ്. നല്ല വളർച്ചയുള്ള ഒരു രാജ്യത്തിൻറെ കറൻസി ഏഷ്യൻ കറൻസികളുടെ കൂട്ടത്തിലെ ഏറ്റവും അണ്ടർ പെർഫോമിംഗ് കറൻസി ആകുന്നതെങ്ങനെയാണ് ? ഇതൊക്കെ സാധാരണക്കാരന്റെ ചില സംശയങ്ങളാണ്.

ഇപ്പോഴത്തെ കണക്കുകളുടെ ബലത്തിൽ ഓഹരി വിപണി വീണ്ടും കുതിക്കും. ഏതാനും ആഴ്ചകൾക്കകം സെൻസെക്‌സ് 40,000 കടക്കുന്നതിനുള്ള എല്ലാ സാധ്യതയും കാണുന്നു. ഓഹരി വിപണിക്ക് വേണ്ടി ആസൂത്രണം ചെയ്ത ചില നമ്പറുകൾ പോലെയാണ് ജി ഡി പി വളർച്ചയുടെ ഏറ്റവും പുതിയ കണക്കുകൾ കാണുമ്പോൾ തോന്നുക. ജി ഡി പി ഒരു ശതമാനം കൂടുമ്പോൾ ഏതാണ്ട് 1.25 ലക്ഷം കോടി രൂപയുടെ അധിക ഉത്പാദനം ഉണ്ടാകുന്നു എന്നാണ് കണക്ക്. അങ്ങനെ സംഭവിച്ചാൽ അതിന്റെ ഗുണാനുഭവങ്ങൾ താഴോട്ട് അരിച്ചിറങ്ങേണ്ടതാണ്. അതായത് തൊഴിൽ കൂടണം, ജനങ്ങളുടെ വരുമാനം നാമമാത്രമായെങ്കിലും കൂടണം. പക്ഷെ, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ അത്തരത്തിൽ ഉണ്ടായ അനുഭവങ്ങൾ നമുക്ക് മുന്നിലില്ല. മറിച്ച് തകരുന്ന സാമ്പത്തിക ചിത്രമാണ് നമുക്ക് ചുറ്റും. അപ്പോൾ ജി ഡി പി വളർച്ച കണക്ക് എത്രത്തോളം വിശ്വാസത്തിൽ എടുക്കാൻ കഴിയും ? കോർപറേറ്റ് ജിഹ്വകളും സാമ്പത്തിക വിദഗ്ധരും ഇന്ത്യ വൻ വളർച്ചയിൽ എന്ന പ്രചണ്ട പ്രചാരണം ഇനിയങ്ങോട്ട് നടത്തും. കരതലാമലകം പോലെ നേട്ടത്തിന്റെ കണക്കുകൾ ഇരിക്കുകയാണല്ലോ പുസ്തകത്തിൽ. പക്ഷെ കണക്കും യാഥാർഥ്യവും തമ്മിലുള്ള പൊരുത്തക്കേടുകൾ നമ്മെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കും, എന്നും, എപ്പോഴും.

നോട്ട് നിരോധനം, ജി എസ് ടി എന്നിവ കാരണം 2016നു ശേഷം ഇന്ത്യൻ സമ്പദ്ഘടന തളർച്ചയിലാണ്. ജി ഡി പി തുടർച്ചയായി നാലു പാദങ്ങളിൽ കുറഞ്ഞു എന്നാണ് അന്നത്തെ കണക്ക്. 2019ൽ തിരഞ്ഞെടുപ്പ് വരികയാണ്. പഴയ കണക്കുകൾക്ക് പകരം പ്രചാരണ ആയുധമാക്കാൻ കഴിയുന്ന പുതിയ കണക്കുകൾ വേണം. നോട്ട് നിരോധനം ഹൃസ്വ കാലത്തിൽ ഉളവാക്കിയ കോട്ടങ്ങൾ തീർന്നുവെന്നും ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യ കുതിക്കാൻ തുടങ്ങി എന്ന തരത്തിലുള്ള വിദഗ്ധ നിരീക്ഷണങ്ങളുടെ ഒഴുക്കായിരിക്കും ഇനിയങ്ങോട്ട് ദേശീയ മാധ്യമങ്ങളിൽ. അതുകൊണ്ട് ഇനിയുള്ള പാദങ്ങളിലും നമുക്ക് വളർച്ചയുടെ നിറം പകർന്ന ചിത്രങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്,  നരേന്ദ്ര മോദിയെ വധിക്കാൻ നടത്തുന്ന നിരവധിയായ ആസൂത്രണങ്ങളുടെ കഥകൾ പോലെ. ഭക്ഷണത്തിനും വെള്ളത്തിനും പോലും ജനങ്ങൾ കേഴുമ്പോൾ നമുക്ക് ഏട്ടിലെ ഗോമാതാവ് പുല്ല് തിന്നുന്നത് കണ്ട് കോൾമയിർ കൊള്ളാം.

Advertisement