Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

നിപ്പ: ഇനിയൊരു തിര എത്തും മുന്‍പേ…

, 12:17 pm

മുരളി തുമ്മാരുകുടി

നാട്ടില്‍ നിന്ന് വന്നിട്ട് ഒരാഴ്ചയായെങ്കിലും ഇന്നലെയാണ് തിരക്ക് അല്‍പം കുറഞ്ഞത്. അപ്പോഴാണ് നിപ്പയുടെ രണ്ടാം തിരയുടെ വാര്‍ത്ത കേള്‍ക്കുന്നത്. പിന്നാലെ ഡോക്ടര്‍മാരും സുഹൃത്തുക്കളും ഉള്‍പ്പെടെ ധാരാളം ആളുകള്‍ വിളിച്ചു. ആരോഗ്യമന്ത്രിയും വകുപ്പ് ഡയറക്ടറും ഉള്‍പ്പടെയുളളവര്‍ കോഴിക്കോട് തന്നെ തങ്ങി കാര്യങ്ങള്‍ സംയോജിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് ഇക്കാര്യത്തില്‍ താല്പര്യമെടുക്കുന്നുണ്ട്. ഏറ്റവും നല്ല കാര്യമാണ്. ഇക്കാര്യത്തില്‍ സാങ്കേതിക വിവരങ്ങള്‍ പലരും പങ്കുവെക്കുന്നുണ്ട്. എന്നിട്ടും ആശങ്ക കുറയുന്നില്ല. ഇന്നിപ്പോള്‍ ചില റൂട്ടിലെ ബസില്‍ ആളുകള്‍ കുറയുന്നതിനാല്‍ ബസുകള്‍ തന്നെ സര്‍വീസ് നിറുത്തിയെന്നു കേള്‍ക്കുന്നു. നിപ്പയേയും അതിനെപ്പറ്റിയുള്ള ആശങ്കയേയും നിയന്ത്രണത്തിലാക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ പറയാം.

Image result for nipah virus kerala

 ഇതൊരു സംസ്ഥാന തല പ്രശ്‌നമായി കാണണം

ഈ പ്രശ്‌നം തുടങ്ങിയതും പ്രധാനമായും നിലനില്‍ക്കുന്നതും കോഴിക്കോട്ട് ആണെങ്കിലും ഇതിപ്പോള്‍ ഒരു പ്രദേശത്ത് മാത്രം നിലനില്‍ക്കുന്ന ഒരു ആരോഗ്യപ്രശ്‌നം മാത്രമല്ല. കേരളമൊട്ടാകെയുള്ള ആളുകളെ ഭയപ്പെടുത്തുന്ന, സ്‌കൂളുകളെ മുതല്‍ ടൂറിസത്തെ വരെ ബാധിക്കുന്ന, ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് എളുപ്പത്തില്‍ വളര്‍ന്നേക്കാവുന്ന ഒരു പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ഇത് ആരോഗ്യവകുപ്പ് മാത്രം കൈകാര്യം ചെയ്യേണ്ടതോ നേതൃത്വം നല്‍കേണ്ടതോ അല്ല. മറിച്ച്, ഇത് ഒരു സംസ്ഥാന തല എമര്‍ജന്‍സി ആയി പരിഗണിച്ച് സംസ്ഥാനത്ത് ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഒരുമിപ്പിച്ചുള്ള ‘ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ്’ സക്രിയമാകണം. മുഖ്യമന്ത്രി തന്നെ അതിന് നേതൃത്വം നല്‍കുന്നത് കാര്യത്തിന്റെ ഗൗരവം എല്ലാവരെയും ബോധ്യപ്പെടുത്താനും, എല്ലാ വകുപ്പുകളും കൂടുതല്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാനും ഉപകരിക്കും.

Image result for nipah virus kerala

പുറമെ നിന്നും സഹായം തേടണം

കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ ഇന്ത്യയില്‍ മറ്റെവിടുത്തേക്കാളും മികച്ചതാണ്. രോഗം വരുതിയിലാക്കാന്‍ നമ്മുടെ ആരോഗ്യ സംവിധാനത്തിലെ ആളുകള്‍ (ഹെല്‍ത്ത് സെക്രട്ടറി മുതല്‍ ആശുപത്രി ജീവനക്കാര്‍ വരെ) ആത്മാര്‍ഥമായി കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. എന്നാല്‍ ഇവര്‍ക്കൊന്നും ഇത്തരം വലിയ ഒരു ആരോഗ്യ അടിയന്തരാവസ്ഥ നേരിട്ട മുന്‍പരിചയമില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നും ലഭ്യമായ എല്ലാ സഹായവും ഏറ്റവും വേഗത്തില്‍ തേടണം. ഇത് നമ്മുടെ കഴിവുകുറവോ പിടിപ്പുകേടോ ആയി കാണേണ്ടതില്ല. ഇത്തരം സാഹചര്യങ്ങള്‍ നേരിട്ട് പരിചയമുള്ളവരുടെ ഉപദേശം അത്രമാത്രം പ്രധാനമാണ്. 2011-ല്‍ ജപ്പാനിലെ സുനാമിക്ക് ശേഷം അവിടുത്തെ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ അന്താരാഷ്ട്ര ഉപദേശം ലഭിക്കാന്‍ ജപ്പാന്‍ ഗവണ്‍മെന്റ് ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ലോകോത്തരമാണ് ജപ്പാനിലെ സംവിധാനങ്ങള്‍. ഏകദേശം 15 ബില്യണ്‍ ഡോളറാണ് (ഒരു ലക്ഷം കോടി രൂപ) അവര്‍ മാലിന്യ സംസ്‌ക്കരണത്തിനായി ചെലവഴിച്ചത്. ഐക്യരാഷ്ട്രസഭയില്‍ നിന്ന് പോയത് ഞങ്ങള്‍ ആറു പേരാണ്. അപ്പോള്‍ സാമ്പത്തിക സഹായമല്ല പ്രധാനം, വികസിത രാജ്യങ്ങള്‍ പോലും ആവശ്യം വരുമ്പോള്‍ പുറമെ നിന്ന് ഉപദേശം തേടാറുണ്ട് എന്നതാണ്. അതിനാല്‍ നമുക്ക് അധികം പരിചയമില്ലാത്ത ഒരു വിഷയം വരുമ്പോള്‍ കൂടുതല്‍ പരിചയമുള്ളവരുടെ സഹായം തേടാന്‍ നമ്മള്‍ മടിച്ചുനില്‍ക്കേണ്ട കാര്യമില്ല.

Image result for nipah virus kerala

നാട്ടുകാരെ വിശ്വാസത്തിലെടുക്കണം

നല്ല വിദ്യാഭ്യാസ നിലവാരവും ഏറ്റവും അധികം ആളുകള്‍ പത്ര മാധ്യമങ്ങള്‍ വായിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്. ഇപ്പോഴാണെങ്കില്‍ ടി വി വഴിയും സമൂഹ മാധ്യമങ്ങള്‍ വഴിയും ഏറ്റവും എളുപ്പത്തില്‍ ആളുകളെ വിവരം അറിയിക്കാം. അപ്പോള്‍ രോഗപ്രതിരോധത്തിനായി സര്‍ക്കാര്‍ എടുക്കുന്ന നടപടികളെപ്പറ്റി, ആളുകള്‍ സ്വയം ചെയ്യേണ്ടുന്ന മുന്‍ കരുതലുകളെക്കുറിച്ച് എല്ലാം ആളുകളെ അറിയിക്കുവാന്‍ സാങ്കേതികമായ ഒരു ബുദ്ധിമുട്ടുമില്ല. ഇത്തരം അവസരങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജ് പൂട്ടിയിടേണ്ടി വന്നത് കഷ്ടമാണ്. വേണ്ട സമയത്ത് വേണ്ട വിവരങ്ങള്‍ ഔദ്യോഗികമായി കൊടുക്കാതെ, വാട്‌സ്ആപ്പില്‍ വ്യാജസന്ദേശം പരക്കുന്നു എന്ന് പരിതപിച്ചിട്ട് കാര്യമില്ല. കഴിഞ്ഞ വാക്‌സിനേഷന്‍ കാലത്ത് കേരളത്തിലെ വാക്‌സിന്‍ വിരുദ്ധര്‍ക്കെതിരെ സമൂഹമാധ്യമങ്ങള്‍ ശക്തമായി ഉപയോഗിച്ച ഡോക്ടര്‍മാരുടെ കൂട്ടായ്മ (ഇന്‍ഫോ ക്ലിനിക്) കേരളത്തിലുണ്ട്. ജനങ്ങള്‍ക്ക് വിശ്വാസ്യമായ വിവരങ്ങള്‍ അവരിലെത്തിക്കാന്‍ ഇന്‍ഫോ ക്ലിനിക്കിന്റെ സഹായം തേടാവുന്നതാണ്.

Image result for nipah virus kerala

ആരോഗ്യപ്രവര്‍ത്തകരുടെ ഉപദേശം പ്രധാനം

നിപ്പ വൈറസ് ബാധയെ മുന്‍നിരയില്‍ പ്രതിരോധിക്കുന്നത് ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരാണ്. ചികിത്സയെക്കുറിച്ച്, ഐസൊലേഷനെപ്പറ്റി, എപിഡെമിയോളജിയെക്കുറിച്ച് ഒക്കെയുള്ള അവസാനത്തെ വാക്ക് അവരുടേതായിരിക്കണം. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സിസ്റ്റത്തിന്റെയും ഹയരാര്‍ക്കിയുടെയും ഉള്ളില്‍ അവര്‍ വേണ്ടത്ര ശക്തമായി അവരുടെ സാങ്കേതിക ഉപദേശങ്ങള്‍ നല്‍കാന്‍ മടിച്ചേക്കാം. പക്ഷെ, സാംക്രമിക രോഗം പോലുള്ള വിഷയത്തില്‍ ഇത്തരം അധികാരക്രമം ഉചിതമല്ല. ഒരു പാലം അപകടത്തിലായാല്‍ മരാമത്ത് സെക്രട്ടറിയുടെയോ മന്ത്രിയുടെയോ ഉപദേശമല്ല, എന്‍ജിനീയറുടെ ഉപദേശമാണ് പ്രധാനം. അതിനാല്‍ പരമ്പരാഗതമായ മനോഭാവം മാറ്റിവെച്ച് ഡോക്ടര്‍മാര്‍ അവലോകന മീറ്റിംഗുകളില്‍ ശക്തമായി അഭിപ്രായം പറയണം. (ഇപ്പോള്‍ അവരുടെ ഉപദേശങ്ങള്‍ ശ്രദ്ധിക്കുന്നില്ല എന്നല്ല പറയുന്നത്, സാങ്കേതിക വിദഗ്ദ്ധര്‍ അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ധൈര്യമായി പറയണം എന്ന് മാത്രം)

Image result for nipah virus kerala

ഇതൊരു ആരോഗ്യപ്രശ്‌നം മാത്രമല്ല

രോഗനിര്‍ണയവും ചികിത്സയും ആരോഗ്യപ്രശ്‌നമാണെങ്കിലും രോഗ നിയന്ത്രണം തൊട്ടുള്ള കാര്യങ്ങള്‍ ആരോഗ്യവകുപ്പിന്റെ മാത്രം കൈയില്‍ നില്‍ക്കുന്നതോ, അവര്‍ക്ക് പരിചയമുള്ളതോ അല്ല. ഈ വിഷയവുമായി ബന്ധപ്പെട്ട ടൂറിസം മുതല്‍ പോലീസ് വരെയുള്ള വകുപ്പുകള്‍ ഉള്‍പ്പെട്ട ടാസ്‌ക്ക് ഫോഴ്സ് ഉണ്ടായിരിക്കണം. അവര്‍ ഒരുമിച്ച് വേണം തീരുമാനങ്ങളെടുക്കാന്‍. ഓരോ വകുപ്പും അവരുടെ മനോധര്‍മ്മമനുസരിച്ച് തീരുമാനമെടുക്കുന്നതും, ഏതെങ്കിലും വകുപ്പിന്റെ താല്‍പ്പര്യത്തിനനുസരിച്ച് മറ്റ് വകുപ്പുകള്‍ വിട്ടുവീഴ്ച ചെയ്യുന്നതും ശരിയല്ല. ഉദാഹരണത്തിന് ടൂറിസം രംഗത്തെ ബാധിക്കും എന്നതിനാല്‍ ആരോഗ്യവിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ ഉപേക്ഷ കാട്ടരുത്.

Image result for nipah virus kerala

പരിചയസമ്പന്നര്‍ മുന്നിട്ടിറങ്ങണം

നമ്മുടെ ആരോഗ്യ സംവിധാനത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്നത് നഴ്‌സുമാരും യുവ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുമാണ്. പരിമിതമായ സൗകര്യങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയം വച്ച് ജോലി ചെയ്യുന്നവരുടെ കഥകളാണ് പുറത്തു വരുന്നത്. ഒരു നേഴ്‌സ് ഇപ്പോള്‍ തന്നെ ജീവന്‍ വെടിഞ്ഞു കഴിഞ്ഞു. ഇപ്പോഴത്തെ പോലത്തെ സാഹചര്യം ചെറുപ്പക്കാര്‍ക്ക് പരിചയമില്ലാത്തതും പേടിപ്പെടുത്തുന്നതുമാണ്. ഇത്തരം അവസരങ്ങളില്‍ സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളിലുള്ള ഏറ്റവും മുതിര്‍ന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും മുന്നോട്ട് വരണം. ഫുക്കുഷിമയിലെ ന്യൂക്ലിയര്‍ പ്ലാന്റ് കുഴപ്പത്തിലായപ്പോള്‍ സ്വന്തം ആരോഗ്യം പോലും അവഗണിച്ച് അതിനെ നേരിടാന്‍ തയ്യാറായി വന്നത് റിട്ടയറായ ഉദ്യോഗസ്ഥരായിരുന്നു. ഇത്തരം നിമിഷങ്ങളും പ്രവര്‍ത്തികളുമാണ് ശരിക്കും മഹത്തരമായ പ്രൊഫഷനുകള്‍ സൃഷ്ടിക്കുന്നത്. അല്ലാതെ ചെറുപ്രായത്തിലുള്ളവരെ മുന്നില്‍ നിര്‍ത്തിയ ശേഷം അവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചു കഴിയുമ്പോള്‍ മാലാഖമാരാക്കുന്നതിലല്ല.

Related image

ആരോഗ്യ പ്രവര്‍ത്തകരുടെ ആരോഗ്യം പരമ പ്രധാനം

മറ്റുള്ള എല്ലാ രംഗത്തും എന്നതുപോലെ കേരളത്തില്‍ ആരോഗ്യരംഗത്തും സുരക്ഷാ ബോധം വളരെ കുറവാണ്. സാധാരണഗതിയില്‍ പോലും ആരോഗ്യപ്രവര്‍ത്തകരുടെ ആരോഗ്യരക്ഷക്കുള്ള സംവിധാനങ്ങള്‍ പരിമിതമാണ്. അപ്പോള്‍ ഇത്തരം ഗുരുതരമായ സാഹചര്യം നേരിടാനുള്ള സംവിധാനങ്ങളിലെ കാര്യം പറയാനുമില്ല. ഒന്നാം തിര കഴിഞ്ഞ് രണ്ടാം തിര വന്നിട്ടും, രോഗികളുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്ക് ആവശ്യമായ അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ പോലും ഇനിയും ഇവിടെ വേണ്ടത്ര ലഭ്യമല്ല. ഇതില്‍ പലതും ഇന്ത്യയില്‍ തന്നെ ലഭ്യമല്ല, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാന്‍ പണം പ്രശ്‌നമല്ലെങ്കില്‍ പോലും വിദേശനാണ്യവും കോണ്‍ട്രാക്ടിങ്ങ് പ്രശ്‌നങ്ങളും കസ്റ്റംസ് പ്രശ്‌നങ്ങളും ഒക്കെ പലപ്പോഴും തടസവുമാകുന്നു. അതുകൊണ്ടു കിട്ടുന്നവ വെച്ച് നമ്മുടെ ഡോക്ടര്‍മാര്‍ മാനേജ് ചെയ്യാന്‍ പാടുപെടുകയാണ്. ഇത് അടിയന്തിരമായി മാറണം. ഏത് തരം വ്യക്തി സുരക്ഷാ ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടനയുടെ ഉപദേശം തേടണം. എന്നിട്ട് അവരുടെ സഹായത്തോടെയോ ഗള്‍ഫിലുള്ള മലയാളി സംഘടനകളുടെ സഹായത്തോടെയോ ആവശ്യത്തിലും ഏറെ വ്യക്തിസുരക്ഷാ ഉപകരണങ്ങള്‍ 24 മണിക്കൂറിനകം കേരളത്തിലെ വേണ്ട സ്ഥലങ്ങളില്‍ എത്തിക്കണം.

Image result for nipah virus kerala

 പ്‌ളേഗ് ഗ്രാമങ്ങള്‍ സൃഷ്ടിക്കരുത്

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, യൂറോപ്പില്‍ പ്‌ളേഗ് പരന്ന കാലത്ത് ഏതെങ്കിലും ഗ്രാമത്തില്‍ പ്‌ളേഗ് പടര്‍ന്നുപിടിച്ചാല്‍ ആ ഗ്രാമത്തെ മറ്റുള്ളവര്‍ ഒറ്റപ്പെടുത്തുന്ന രീതിയുണ്ടായിരുന്നു. അങ്ങനെ രോഗമില്ലാത്തവര്‍ പോലും പട്ടിണി കിടന്നു മരിക്കുന്ന സാഹചര്യമുണ്ടായി. കഴിഞ്ഞ എബോള കാലത്ത് ലൈബീരിയയിലും ഇതേ അവസ്ഥ ഉണ്ടായി. കേരളത്തിലെ ചില സ്ഥലങ്ങളിലേക്ക് ബസ് സര്‍വീസ് കുറയുന്ന, ചില സ്ഥലത്തു നിന്നുള്ളവരെ കാണുമ്പോള്‍ ആളുകള്‍ സംശയത്തോടെ നോക്കുന്ന സാഹചര്യം നാട്ടിലുണ്ടാകുന്നു. അത് അനുവദിക്കരുത്. ഒന്നാമത് ഒരു ഗ്രാമത്തെ മുഴുവന്‍ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള രോഗനിയന്ത്രണം ആധുനിക ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമല്ല. രോഗമുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതും, നിരീക്ഷണത്തിലുള്ളവരുടെ യാത്ര പരിമിതപ്പെടുത്തുന്നതും, ധാരാളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഒഴിവാക്കുന്നതും, കാണുമ്പോള്‍ കെട്ടിപ്പിടിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും ശരിയായ കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ഒരു പ്രദേശത്തുള്ളവരെ വളച്ചു കെട്ടുന്നതോ ഒറ്റപ്പെടുത്തുന്നതോ ശരിയല്ല. കേരളം പോലെ ഒരു ഗ്രാമവും അടുത്ത ഗ്രാമവുമായി അതിരുകളില്ലാതെ കിടക്കുന്നിടത്ത് ഇതിന് യാതൊരു അര്‍ത്ഥവുമില്ല.

Image result for nipah virus kerala

 ചികിത്സക്കും അപ്പുറം

രോഗികളെ ചികില്‍സിക്കുന്നതിനപ്പുറം രോഗം തടയാനുള്ള ശ്രമങ്ങളാണ് ഇത്തരം സാംക്രമികരോഗങ്ങളെ വരുതിയിലാക്കാന്‍ പ്രധാനം. രോഗികളുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടുപിടിക്കുക, കൂടുതല്‍ പേരെ ബന്ധപ്പെടാന്‍ അനുവദിക്കാതിരിക്കുക, മരണാനന്തര ചടങ്ങായ – മൃതദേഹം കുളിപ്പിക്കുക പോലുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിച്ച വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ശേഖരിച്ച് കത്തിച്ചുകളയാനുള്ള സംവിധാനമുണ്ടാക്കുക, രോഗത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക ഇതൊക്കെ പ്രധാനമാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്‍സിനറേറ്റര്‍ ഇല്ലെങ്കില്‍ ഏറ്റവും വേഗത്തില്‍ ഒരു പോര്‍ട്ടബിള്‍ ഇന്‍സിനറേറ്റര്‍ അവിടെയെത്തിക്കണം.

Image result for nipah virus kerala

മാധ്യമങ്ങളുടെ റോള്‍ പ്രധാനം

നിപ്പയുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ ഇതുവരെ വളരെ സംയമനത്തോടെയുള്ള സമീപനമാണ് എടുത്തിട്ടുള്ളത്. ഓഖിയുടെ സമയത്തുള്ളതു പോലെ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതായ സമീപനം ഇതുവരെ കണ്ടില്ല. പക്ഷെ കാര്യങ്ങള്‍ പെരുപ്പിച്ചു കാട്ടുന്നത് പോലെ തന്നെ കുഴപ്പമാണ് കാര്യങ്ങളെ ലഘൂകരിക്കുന്നതും. വേണ്ട സമയത്ത് വേണ്ട കാര്യങ്ങള്‍ അവര്‍ അന്വേഷിക്കണം, അധികാരികളോട് ശരിയായ ചോദ്യങ്ങള്‍ ചോദിക്കണം. നമ്മുടെ ആശുപത്രികളിലുള്ള സംവിധാനങ്ങള്‍ ഇത്തരം സാഹചര്യം നേരിടാന്‍ സജ്ജമാണോ, ആവശ്യത്തിന് വ്യക്തിസുരക്ഷാ സംവിധാനം ആശുപത്രികളില്‍ ലഭ്യമാണോ, അതുപയോഗിക്കാന്‍ വേണ്ടത്ര പരിശീലനം ആളുകള്‍ക്ക് ലഭിച്ചിട്ടുണ്ടോ, ലോകാരോഗ്യ സംഘടനയുടെ സഹായം സര്‍ക്കാര്‍ തേടുന്നുണ്ടോ, കേരളത്തില്‍ നിന്നും പുറത്തേക്ക് പോകുന്ന മറുനാട്ടുകാരും മലയാളികളും വഴി ഇത്തരം രോഗങ്ങള്‍ പരക്കാതിരിക്കാന്‍ എന്ത് സംവിധാനങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത് എന്നിങ്ങനെ പ്രധാനമായ കാര്യങ്ങള്‍ ഏറെയുണ്ട്. ഈ വിഷയത്തെപ്പറ്റി കൂടുതല്‍ എഴുതിയാല്‍ നമ്മുടെ ടൂറിസത്തെ ബാധിക്കും എന്നോ, വിദേശത്തേക്കുള്ള യാത്രക്ക് തടസ്സം ഉണ്ടാകുമെന്നോ ഒക്കെ മാധ്യമങ്ങള്‍ക്ക് തോന്നലുണ്ടാകാം, ഇതില്‍ കുറച്ചൊക്കെ ശരിയുമാണ്. പക്ഷെ പൊതുജനങ്ങളുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനം. സര്‍ക്കാരും മാധ്യമങ്ങളും ഒക്കെ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥലത്തിനാണ് എപ്പോഴും മതിപ്പുണ്ടാകുന്നത്.

Image result for nipah virus kerala

മൂന്നാം തിരക്ക് വേണ്ടി തായാറെടുക്കുക

രണ്ടാം തിരയോടെ കാര്യങ്ങള്‍ നിയന്ത്രണത്തിലാകുമെന്ന് നമുക്ക് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാം. പക്ഷെ ഇത്തരം സാഹചര്യത്തില്‍ നമ്മള്‍ ചെയ്യേണ്ടത്, കാര്യങ്ങള്‍ കൂടുതല്‍ വഷളാകാനുള്ള സാധ്യതകള്‍ എന്ത്, അപ്പോള്‍ എങ്ങനെയാണ് പ്രശ്‌നത്തെ നിയന്ത്രിക്കേണ്ടത് എന്നൊക്കെ മുന്‍കൂട്ടി ചിന്തിക്കുക എന്നതാണ് (Scenario planning). ഉദാഹരണത്തിന് ഏറെ മലയാളികളുടെ പേടി വിദേശയാത്രക്ക് നിയന്ത്രണങ്ങള്‍ വരുമോ എന്നതാണ്. ടൂറിസ്റ്റുകളുടെ പേടി ഇവിടെ എത്തി പ്രശ്‌നമുണ്ടായാല്‍ മെഡിക്കല്‍ ഇവാക്വേഷന്‍ സാധ്യമാകുമോ എന്നതാണ്. സ്‌കൂളുകള്‍ എത്ര നാള്‍ അടച്ചിടേണ്ടി വരും? ഇതുപോലെ ചോദ്യങ്ങള്‍ പലതുണ്ട്, ചിലതിന്റെ ഉത്തരം അല്പം പേടിപ്പിക്കുന്നതാകാം, പലതിന്റെയും ഉത്തരം നമുക്ക് അറിഞ്ഞില്ല എന്ന് വരാം. പക്ഷെ, പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഒരു കൂട്ടര്‍ ശ്രദ്ധിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ ഇത്തരം ഭാവി കാര്യത്തെപ്പറ്റി ചിന്തിച്ച് പദ്ധതികള്‍ തയ്യാറാക്കണം. നമ്മുടെ ആരോഗ്യമന്ത്രി കോഴിക്കോട് തന്നെ നിന്ന് കാര്യങ്ങള്‍ സംയോജിപ്പിക്കുന്നതിനാല്‍ ഭാവിയെപ്പറ്റി ചിന്തിക്കാനുള്ള ഒരു സ്ട്രാറ്റജി ഗ്രൂപ്പ് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ചെയ്യുന്നതാകാം.

Image result for nipah virus kerala

 മൂന്നാം തിര വന്നില്ലെങ്കിലും പാഠങ്ങള്‍ പഠിക്കണം

മിടുക്കന്മാരായ ചില ഡോക്ടര്‍മാര്‍ സമയത്ത് കണ്ടു പിടിച്ചതുകൊണ്ടും, സ്വന്തം ജീവന്‍ പണയം വച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ പ്രശ്‌നത്തെ നേരിട്ടതുകൊണ്ടും, അവര്‍ക്ക് മന്ത്രിയുള്‍പ്പടെയുള്ള നമ്മുടെ ഭരണ സംവിധാനം വേണ്ടത്ര പിന്തുണ നല്‍കിയതും കൊണ്ടാണ് കാര്യങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. ഇതുപോലെ ഒരു സാഹചര്യം നേരിടാനുള്ള പ്ലാനിങ്ങോ പരിശീലനമോ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാവുകയാണ്. അതുകൊണ്ട് ഇപ്പോഴത്തെ സംഭവം ഒരു മുന്നറിയിപ്പായി എടുത്ത് നമ്മുടെ ആരോഗ്യ എമര്‍ജന്‍സി സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കണം.

Image result for nipah virus kerala

വിദേശമലയാളികളുടെ അറിവും കഴിവും ബന്ധങ്ങളും ഉപയോഗിക്കണം

അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതില്‍ പരിശീലനം ലഭിച്ചവരും എബോള ഉള്‍പ്പടെയുള്ള ആരോഗ്യ അടിയന്തിരാവസ്ഥകളില്‍ ഇടപെട്ട പരിചയമുള്ളവരുമായ മലയാളികള്‍ കേരളത്തിന് പുറത്തുണ്ട്. ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഈ രംഗത്തുള്ളവരുമായി വ്യാപകമായ വ്യക്തി ബന്ധങ്ങളും ഔദ്യോഗിക ബന്ധങ്ങളുമുണ്ട്. കേരളത്തില്‍ നേരിട്ട് ഇടപെടാന്‍ ഔദ്യോഗികമായ പരിമിതികളുണ്ടെങ്കിലും കേരളത്തിന്റെ ഒരാവശ്യത്തിനായി അറിവും സമയവും ചെലവിടാന്‍ ഞങ്ങള്‍ ഒക്കെ സദാ സന്നദ്ധരാണ്. ഒരു ഫോണ്‍ കോളിന് അപ്പുറത്ത് ഞങ്ങളുണ്ട്. ആ കാര്യത്തിലെങ്കിലും മലയാളികള്‍ക്ക് ആശങ്ക വേണ്ട.

മൂന്നു കാര്യങ്ങള്‍ കൂടി പറയട്ടെ.

1. കേരളത്തിനകത്തും പുറത്തുമുള്ള ഏറെ ആളുകള്‍ ഈ ലേഖനം എഴുതുന്നതില്‍ സഹായം ചെയ്തിട്ടുണ്ട്. പക്ഷെ ഈ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അഭിപ്രായമായി കണക്കു കൂട്ടരുത്.

2. കേരളത്തിന് പുറത്ത് ഈ രംഗത്ത് പരിചയമുള്ള മലയാളികളുടെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ് ഞങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ വിഷത്തില്‍ ഏതെങ്കിലും തരത്തില്‍ സാങ്കേതിക സഹായം ചെയ്യാന്‍ കഴിവുള്ളവര്‍ ഗ്രൂപ്പില്‍ ചേരാന്‍ താല്പര്യമുണ്ടെങ്കില്‍ എന്നെ ബന്ധപ്പെടുമല്ലോ.

3. നമ്മുടെ ഡോക്ടര്‍മാര്‍ക്കും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഈ വിഷയത്തെക്കുറിച്ച് ഏറെ സംശയങ്ങള്‍ ഉണ്ടാകുമല്ലോ. ഏറെ വിഷയങ്ങള്‍ ആരോഗ്യ വകുപ്പും മറ്റുള്ളവരും പങ്കുവെക്കുന്നുണ്ട്. എന്നാലും ഏതെങ്കിലും വിഷയത്തില്‍ കൂടുതല്‍ കൃത്യമായ അല്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ ഇവിടെ കമന്റ്‌റ് ചെയ്യാം അല്ലെങ്കില്‍ മെസ്സേജ് ചെയ്താലും മതി. ശരിയായ വിവരങ്ങളുടെ അഭാവം കൊണ്ട് ആളുകള്‍ ഭയപ്പെടുന്ന സാഹചര്യം ഉണ്ടാകേണ്ട ആവശ്യമില്ല.

Advertisement