Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനോ?

, 5:41 pm

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ തുടര്‍ച്ചയുണ്ടാകാറില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കന്നടയില്‍ അങ്ങനെ ഒരു കീഴ് വഴക്കവുമില്ല. എന്നാല്‍ ഇക്കുറി സ്ഥിതി വ്യത്യസ്തമായിരിക്കുമെന്നാണ് ആ സംസ്ഥാനത്ത് നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജനകീയ മുഖവും ‘കന്നഡിക വാദവും’ ഭരണ വിരുദ്ധ വികാരത്തിന്റെ അഭാവവും ഒരിക്കല്‍ കൂടി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുമെന്നായിരുന്നു പൊതുവെ കരുതിയിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം തികച്ചും വ്യത്യസ്തമായി.

എക്സിറ്റ് പോളുകള്‍ തൂക്കുമന്ത്രിസഭ പ്രവചിച്ചെങ്കിലും പാര്‍ട്ടിക്ക് ഇത്ര കണ്ട് നഷ്ടമുണ്ടാകുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കരുതിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 122 സീററു ലഭിച്ച പാര്‍ട്ടിക്ക് ഇക്കുറി 78 സീറ്റിന്റെ ലീഡിലേക്ക് പരിമിതപെടേണ്ടി വന്നു. അതേസമയം 40 സീറ്റുണ്ടായിരുന്ന ബിജെപിയ്ക്കാകട്ടെ 105 സീറ്റിലാണ് മേല്‍ക്കൈ. ജനതാദള്‍ എസിന് 37 സീറ്റും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇത് 40 ആയിരുന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറെകാലത്തെ കാത്തിരിപ്പിന് ശേഷമാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി കഴിഞ്ഞ വര്‍ഷമൊടുവില്‍ ചുമതലയേല്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു രാഹുല്‍ ഗാന്ധിയിലെ രാഷ്ട്രീയനേതാവിന്റെ ആദ്യതട്ടകം. മുന്‍ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി രാഹൂല്‍ സജ്ജീവമായി ഇടപെട്ട ഗുജറാത്തില്‍ നിര്‍ണായകമായ സ്ഥാനം നേടിയെടുക്കാന്‍ കോണ്‍ഗ്രസിനായി. പാര്‍ട്ടിക്ക് വ്യക്തമായ ഒരു മുഖമില്ലാതെ മത്സരിച്ച ഗുജറാത്തിലെ പ്രകടനം രാഹുല്‍ ഗാന്ധിയെ ദേശീയ രാഷ്ട്രീയത്തിലെ വിലപ്പെട്ട താരമാക്കി ഉയര്‍ത്താന്‍ കോണ്‍ഗ്രസിനെ പ്രാപ്തമാക്കി. മോദിയുടെ തട്ടകത്തില്‍ ഇതാകാമെങ്കില്‍ കര്‍ണാടകയിലും പിന്നീട് ഈ വര്‍ഷമൊടുവില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും ഇതിന്റെ തുടര്‍ച്ച കോണ്‍ഗ്രസ് പ്രതീക്ഷിച്ചു.

യുപി യിലെ ഗൊരഖ്പൂരടക്കമുള്ള ലോകസ്ഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ഇത്തരം സൂചനകള്‍ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ബദ്ധശത്രുക്കളായ എസ് പി യും ബിഎസ്പിയും കൈകോര്‍ത്തപ്പോള്‍ ബിജെപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് പുതിയ തുടക്കമായി. ഈ സാഹചര്യത്തില്‍ അടുത്തു വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ-പ്രാദേശീക പാര്‍ട്ടികളുമായി സഹകരിച്ച് ബിജെപിയെ പ്രതിരോധിക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടി. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ ഈ സാധ്യതകള്‍ക്കാണ് തടയിടുന്നത്. അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയ തറവാട്ടിലേക്ക് ചെറുപാര്‍ട്ടികള്‍ക്ക് താത്പര്യം നഷ്ടപെടുമെന്നത് സ്വാഭാവീകം.കര്‍ണാടകയും കൂടി നഷ്ടമാകുന്നതോടെ കോണ്‍ഗ്രസിന്‍റെ പണപ്പെട്ടി കാലിയാകുന്നുവെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഇപ്പോള്‍ തന്നെ ഖജനാവ് കാലിയായ് കോണ്‍ഗ്രസ് എങ്ങിനെയാണ് വരും തിരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ നേരിടുക.

വളരെ കര്‍ശനമായ് ഗൃഹപാഠത്തോടെ കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വം സമീപിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു കര്‍ണാടകയിലേത്. മലയാളിയായ കെ സി വേണുഗോപാലിന്റെ നേതൃത്വത്തില്‍ കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകള്‍ കാണാന്‍, അത് തിരിച്ചറിയാന്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നു വേണം പറയാന്‍. അമിത ആത്മവിശ്വാസത്തിന്റെ ഭാരം പേറിയാണ് കോണ്‍്ഗ്രസ് കര്‍ണാടകയെ സമീപിച്ചത്. ഭരണവിരുദ്ധ വികാരങ്ങള്‍ ഒന്നും തന്നെ എടുത്തുപറയാനില്ല. മുഖ്യമന്ത്രിക്കോ മന്ത്രിസഭാംഗങ്ങള്‍ക്കോ എടുത്ത പറയത്തക്ക അഴിമതി ആരോപണങ്ങളെ നേരിടേണ്ടതുമുണ്ടായിരുന്നില്ല. അതേസമയം കേന്ദ്ര നയത്തിന്റെ ഭാഗമായ നോട്ടു നിരോധനം, ജിഎസ്ടി, കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിങ്ങനെ വന്‍തോതില്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന വിഷയങ്ങള്‍ ധാരാളമായി ഉണ്ടായിരുന്നു താനും. എന്നാല്‍ ഇതൊന്നും കോണ്‍ഗ്രസിന് സഹായകമായില്ല എന്നു പറയേണ്ടിവരും.

സാമൂഹീകവും സാസ്‌കാരികവുമായ വൈജാത്യം പുലര്‍ത്തുന്ന ആയിരക്കണക്കിന് ജാതികളും ഭാഷാവിഭാഗവും ഇടപെടുന്ന ഇന്ത്യന്‍ ഇലക്ട്രേറ്റിന്റെ വോട്ടിംഗ് ബിഹേവിയര്‍ എന്നും തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് ഒരു പ്രഹേളികയായിരുന്നിട്ടുണ്ട്. അടിയൊഴുക്കുകളെ തിരിച്ചറിയാനാകാതെ പോയ കോണ്‍ഗ്രസ് ഹൈക്കമാന്റെിന് വേണമെങ്കില്‍ ഇങ്ങനെ ആശ്വസിക്കാം.

എന്നാല്‍ രാഷ്ട്രീയ ഗോദയില്‍ അതേ നാണയത്തിന്റെ മറുവശമായ ബിജെപി വര്‍ഷങ്ങളായി ഇത് വരുതിയിലാക്കുന്നുവെന്നതാണ് നടുക്കുന്ന യാഥാര്‍ഥ്യം. സാധാരണ ഒരു കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെ പോലെയുള്ള ആളായിരുന്നില്ല സിദ്ധരാമയ്യ. ബിജെപിയ്ക്ക് മേല്‍ക്കൈ ഉണ്ടായിരുന്ന ലിംഗായത്തുകള്‍ക്ക് ന്യൂന പക്ഷ പദവി നല്‍കി എതിരാളികളെ ഞെട്ടിച്ചുകൊണ്ടാണ് സിദ്ധരമായ്യ തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്തത്. ആ ചട്ടം കേന്ദ്രത്തിലേക്ക് അയച്ച് ബിജെപിയെ പ്രതിരോധത്തിലാക്കാനും സിദ്ധരാമയ്യക്കായി. മഠാധിപതിമാര്‍ ഒന്നടങ്കം ഇക്കുറി കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ മഠാധിപതിമാരുടെ മനസ് വായിക്കാനായ കോണ്‍ഗ്രസ് നേതൃത്വം പക്ഷെ, അണികളെ വിശ്വാസത്തിലെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ലിംഗായത്ത് ഭൂരിപക്ഷമുള്ള മേഖലയിലെ ഫലം തെളിയിക്കുന്നു.ഇത് വൊക്കലിംഗ, വിരശൈവ അടക്കമുള്ള വിഭാഗങ്ങളില്‍ അതൃപ്തിയുണ്ടാക്കിയതായും വിലയിരുത്തപ്പെടുന്നു. ദളിത് -മുസ്ലിം വോട്ടുകള്‍ മുഴുവനായി പിടിക്കാനും കോണ്‍ഗ്രസിനായില്ല.

 

സഖ്യത്തിന് ജനതാദള്‍ എസ് തയ്യാറായിരുന്നുവെങ്കിലും അമിത ആത്മ വിശ്വാസത്തിന്റെ ഭാരം കോണ്‍ഗ്രസിനെ അതില്‍ നിന്ന് പിന്തിരിപ്പിച്ചു. ഇതേ ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു വേള പ്രധാനമന്ത്രിയാകാന്‍ വരെ താന്‍ ഒരുക്കമാണെന്ന മട്ടില്‍ രാഹുല്‍ പ്രതികരിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ഒറ്റനോട്ടത്തില്‍ തോല്ക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല എന്നത് വസ്തുതയാണ്. എന്നാല്‍ അടിയൊഴുക്കുകള്‍ തിരിച്ചറിയാന്‍ രാഹുലിന്റെ വാര്‍ റുമിന് കഴിഞ്ഞില്ല.

ഇനി മൂന്ന് പ്രധാന സംസ്ഥാനങ്ങളിലേക്കും പിന്നീട് ദേശീയ തിരഞ്ഞെടുപ്പിലേക്കും രാജ്യം കടക്കുകയാണ്. ഈ സാഹചര്യത്തില്‍ നരേന്ദ്ര മോദി ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കുവാന്‍ രാഹുലിനാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. രാജ്യം മുഴുവന്‍ വ്യാപിച്ചിരുന്ന ഒരു പാര്‍ട്ടി കര്‍ണാടകയിലെ പതനത്തോടെ കേവലം മൂന്നു സംസ്ഥാനങ്ങളിലേക്ക് പരിമതപെട്ടിരിക്കുന്നു. ബിജെപിയാകട്ടെ 21 സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്തു. മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്ത് വരുമ്പോള്‍ ആറ് സംസ്ഥാനങ്ങളിലായിരുന്നു ബിജെപി ഭരണത്തിലുണ്ടായിരുന്നത്.

ഇതാണ് ഇപ്പോള്‍ 21 സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത്്, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പുകളുടെ ക്ഷീണം ബിജെപി കര്‍ണാടകയിലൂടെ അതിജീവിച്ചിരിക്കുന്നുവെന്നും വിലയിരുത്തപ്പെടുന്നു. ഇനി രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢുമൊക്കെ നേരിടാനുള്ള ആത്മവിശ്വാസം കര്‍ണാടക ഫലത്തോടെ ബിജെപിയ്ക്ക് കൈവന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ മോദി ഉയര്‍ത്തുന്ന വെല്ലുവിളിയെ എങ്ങിനെയാണ് രാഹുല്‍ഗാന്ധി മറികടക്കുക.ഇതാണ് പ്രസക്തമായ ചോദ്യം. അഥവാ 56 ഇഞ്ചുമായി നെഞ്ചുവിരിച്ച് നിന്ന് 2019 ലേക്ക ഉറ്റു നോക്കുന്ന നരേന്ദ്ര മോദിയെ തളക്കാന്‍ വേറെ എന്തു മാജിക്കാണ് കോണ്‍ഗ്രസ് കരുതി വച്ചിരിക്കുന്നത്. കാത്തിരുന്ന് കാണാം.

Advertisement