Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

അധികാരം ഏറ്റെടുത്ത് ഒരാണ്ട് കഴിയുമ്പോള്‍ അനിഷേദ്ധ്യനായി രാഹുല്‍ ഗാന്ധി

, 1:39 pm

ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു, പപ്പു എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ വിളിച്ച് അധിക്ഷേപിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അമരത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ട്. ഒരു വര്‍ഷം പിന്നിടുന്ന ദിവസം തന്നെ അതേ പ്രതിയോഗിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചുട്ട മറുപടി നല്‍കി ഏറ്റവുമധികം ‘പരിഹസിക്കപ്പെട്ട’ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിറഞ്ഞ് നില്‍ക്കുന്നു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമീഫൈനല്‍ മത്സരം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി പുതുയുഗം തുറക്കുന്നു. സോണിയ ഗാന്ധിയില്‍ നിന്ന് ചെങ്കോല്‍ ഏറ്റുവാങ്ങുമ്പോള്‍ കോണ്‍ഗ്രസിനകത്തുള്ള മുതിര്‍ന്ന നേതാക്കള്‍ വരെ നെറ്റി ചുളിച്ചു.

പക്വതയില്ലാത്ത നേതാവിന് എങ്ങിനെ നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയെ തളയ്ക്കാനാവും. അധിക്ഷേപങ്ങളും പരിഹാസങ്ങളും പ്രതിപക്ഷത്ത് നിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും പുറത്തേക്ക് വന്നു. ഇന്ന് ചെങ്കോലേറ്റെടുത്ത് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പരിഹാസ ശരങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കുന്നു. പൊതു തിരഞ്ഞെടുപ്പില്‍ വര്‍ദ്ധിതമായ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസിന് ഇനി ദേശീയതലത്തില്‍ തലയുയര്‍ത്താം.

കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദിയുടെ മുദ്രാവാക്യത്തെ അതേ നാണയത്തിലാണ് ഹിന്ദി ഹൃദയഭൂമിയില്‍ രാഹുല്‍ ഗാന്ധി നേരിട്ടത്. ബിജെപിയില്‍ നിന്ന് വലിയ മൂന്ന് സംസ്ഥാനങ്ങളുടെ ഭരണമാണ് ഒറ്റയ്ക്ക് എന്നു പറഞ്ഞോണം രാഹുല്‍ ഗാന്ധി തിരിച്ചു പിടിച്ചത്. 
പ്രതിച്ഛായയുള്ള സംസ്ഥാന നേതാക്കള്‍ ഏറെയുള്ള ബിജെപിയെ പോലെയായിരുന്നില്ല ഇവിടങ്ങളിലെ കോണ്‍ഗ്രസിന്റെ കാര്യം. പടലപിണക്കങ്ങളും കൂടൊഴിയലും മൂലം പാര്‍ട്ടി എന്നത്തേക്കാളും പ്രതിസന്ധിയിലായ അവസ്ഥ. നേതൃത്വങ്ങള്‍ ആകെ ആശയക്കുഴപ്പത്തിലായിരുന്നു.  ഒരു സംസ്ഥാനത്തും ഉയര്‍ത്തിക്കാട്ടാന്‍ നേതാവില്ലാത്ത അവസ്ഥ. ഇതിനെ മറികടന്നത് മുതിര്‍ന്ന, സ്വാധീനമുള്ള നേതാക്കളെ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചായിരുന്നു. മുതിര്‍ന്ന നേതാവായ കമല്‍ നാഥും ജ്യോതിരാധിത്യ സിന്ധ്യയും മധ്യപ്രദേശിലും അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും രാജസ്ഥാനിലും ചുമതല ഏറ്റെടുത്തത് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തിലാണ്.

ചിട്ടയായ പ്രവര്‍ത്തനത്തോടെ നേതാവില്ലാത്ത കുറവ് ഇവിടങ്ങളില്‍ പരിഹരിക്കാന്‍ രാഹുലിനായി. തിരഞ്ഞെടുപ്പ് റാലികളില്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു നിറഞ്ഞ് നിന്നത്. നോട്ട് നിരോധനം, ജിഎസ്ടി, കാര്‍ഷിക പ്രതിസന്ധി, ചങ്ങാത്ത മുതലാളിത്തം എന്നിങ്ങനെ മോദിക്കെതിരെ എല്ലാ വിഭാഗം ജനങ്ങളിലും ഉടലെടുത്ത ജനകീയ വികാരം മുതലാക്കാന്‍ പ്രചാരകനായ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞു.


നരേന്ദ്ര മോദിയെ തിരഞ്ഞു പിടിച്ചുള്ള പ്രചാരണമാണ് ഇതിനായി രാഹുല്‍ തിരഞ്ഞെടുത്തത്. ഡിസംബര്‍ 16 ന് കോണ്‍ഗ്രസ് അധ്യക്ഷനായി അധികാരത്തിലേറിയ രാഹുലിന് തികച്ചും വിജയമെന്ന് അഭിമാനിക്കാവുന്ന നിമിഷമാണ് ഇത് . ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ് കഴിവുകെട്ട നേതാവായി മാറും എന്ന് ഏവരും ഭയന്നിരുന്ന രാഹുല്‍ഗാന്ധി ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്നതും പിന്നീട് പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തെത്തിയതും പാര്‍ട്ടിയുടെ മറ്റൊരു ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള കാഹളം മുഴക്കലാണെന്ന് തെളിയിക്കുകയാണ് പുതിയ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.


കഴിഞ്ഞ കുറേ നാളുകളായി ദേശീയ രാഷ്ട്രീയത്തില്‍ മോദിപ്രഭാവം മങ്ങുകയാണെന്ന് അടിവരയിട്ട് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന തിരഞ്ഞെടുപ്പ് ഫലം. ഈ സാധ്യത തന്നെയാണ് രാഹുലിന് കരുത്താവുന്നതും. സോണിയാ ഗാന്ധിയില്‍ നിന്ന് കോണ്‍ഗ്രസിന്റെ കിരീടം ശിരസിലേറ്റുമ്പോള്‍ രാഹുല്‍ വെറും ‘അമുല്‍ ബേബി’യല്ല എന്ന് തെളിയുന്നു.

കോണ്‍ഗ്രസിലെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ തലമുറമാറ്റം എന്നതിനൊപ്പം നെഹ്റു കുടുംബത്തില്‍ നിന്ന് അഞ്ചാമത്തെ നേതാവായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരത്തെത്തിയ രാഹുലിന്റെ വരവ് തല കുനിച്ച് ഇരിക്കാനല്ല, തലയുയര്‍ത്തി മുന്നേറാനുള്ളതാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

സാന്‍ കൈലാസ്‌

Advertisement