Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

റിസർവ് ബാങ്കിനെ ഉപയോഗിച്ചും രാഷ്ട്രീയക്കളി

, 2:01 pm

ജോർജ് ജോസഫ് പറവൂർ

റിസർവ് ബാങ്കിന്റെ അടുത്ത ഡയറക്ടർ ബോർഡ് യോഗം നിർണ്ണായകമായ ഒന്നായിരിക്കുമെന്ന് ഉറപ്പായി. ഈ മാസം 19നാണ് ബാങ്കിന്റെ സമ്പൂർണ ബോർഡ് യോഗം വിളിച്ചിരിക്കുന്നത്. റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിൽ ഉടലെടുത്ത തർക്കം ബാങ്കിന്റെ ഭാവിയെ തന്നെ നിർണ്ണായകമായി സ്വാധീനിക്കാവുന്ന വിധത്തിൽ വഴിമാറുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ബോർഡ് യോഗം ചേരുന്നത്. ബോർഡിലെ സർക്കാർ നോമിനികളും ഗവർണറും ഡെപ്യൂട്ടി ഗവർണ്ണർമാരും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക് കാര്യങ്ങൾ വഴി മാറുമെന്നാണ് നിഗമനം.

ആർ ബി ഐ ഗവർണർ ഉർജിത് പട്ടേലിന് ഒക്ടോബർ 10നു കേന്ദ്ര ധനമന്ത്രാലയം ചില നിർദേശങ്ങൾ നൽകിയിരുന്നു. 1934ലെ റിസർവ് ബാങ്ക് നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരമാണ് ഈ നിർദേശങ്ങൾ നൽകിയത്. പൊതുതാല്പര്യം മുൻ നിർത്തി കേന്ദ്ര സർക്കാരിന് റിസർവ് ബാങ്കിന് നിർദേശങ്ങൾ നൽകാനുള്ള വകുപ്പാണ് ഇത്. ഈ നിർദേശങ്ങൾ അനുസരിക്കാൻ ആർ ബി ഐ ബാധ്യസ്ഥമാണ് എന്നതാണ് ഇതിന്റെ പ്രാധാന്യം. ഗവണ്മെന്റ് നൽകുന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ സാംഗത്യം അടുത്ത ബോർഡ് യോഗത്തിൽ സർക്കാർ നോമിനികൾ അവതരിപ്പിക്കുമെന്നാണ് റിപോർട്ടുകൾ. ഈ നീക്കങ്ങളാണ് ബോർഡ് യോഗത്തെ ഏറെ നിർണ്ണായകമാക്കുന്നത്.

വിവിധ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച് മൂന്ന് കത്തുകളാണ് ധനമന്ത്രാലയം റിസർവ് ബാങ്കിന് നൽകിയത്. കേന്ദ്രത്തിന്റെ ഈ നീക്കത്തെ തുറന്നെതിർത്ത് ഡെപ്യൂട്ടി ഗവർണർ വിരാൾ ആചാര്യ രംഗത്ത് വന്നതോടെയാണ് കേന്ദ്രവും റിസർവ് ബാങ്കും തമ്മിൽ തുറന്ന പോരിലേക്ക് കാര്യങ്ങൾ മാറിയത്. ഇതോടെ ആർ. ബി. ഐ ഗവർണർ ഉർജിത് പട്ടേൽ രാജിക്കൊരുങ്ങിയതായും അഭ്യൂഹങ്ങൾ പറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തൻ എന്ന ലേബലിലാണ് പട്ടേൽ
ഗവർണർ പദവിയിൽ എത്തിയതെങ്കിലും റിസർവ് ബാങ്കിന്റെ കാര്യങ്ങളിൽ നേരിട്ട് ഇടപെടാനുള്ള നീക്കങ്ങൾ അദ്ദേഹത്തിന് അതൃപ്തി ഉളവാക്കി. പണപ്പെരുപ്പ നിരക്ക് ഉയർന്നു നിൽക്കുന്ന ഗുരുതരമായ സാമ്പത്തിക സാഹചര്യത്തിൽ പലിശ നിരക്ക് കുറയ്ക്കണമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ട് വച്ച ഒരു കാര്യം. എന്നാൽ ഈ നിർദേശം പാലിക്കാൻ കഴിയുന്ന സാമ്പത്തിക സാഹചര്യമല്ല ഇന്നുള്ളത്. കാരണം, പണപ്പെരുപ്പ നിരക്ക് അഞ്ചു ശതമാനത്തിന് മുകളിലാണ്. അതുകൊണ്ട് അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ റിസർവ് ബാങ്ക് തയാറായില്ല. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ സാമ്പത്തിക ദുരന്തമായി മാറുമെന്നാണ് വിരാൾ ആചാര്യ പ്രതികരിച്ചത്.

പേയ്‌മെന്റ് ഇടപാടുകൾക്കായി പ്രത്യേക റെഗുലേറ്ററി സംവിധാനം വേണമെന്ന നിർദേശത്തോടും ആർ ബി ഐയ്ക്ക് കടുത്ത വിയോജനാഭിപ്രായം ഉണ്ട്. നചികേത് മോർ എന്ന ഡയറക്ടറെ മോശമായ രീതിയിൽ ബോർഡിൽ നിന്ന് നീക്കിയതും പകരക്കാരനായി ആർ എസ് എസ് ബുദ്ധികേന്ദ്രങ്ങളിൽ ഒരാളായ എസ് ഗുരുമൂർത്തിയെ നിയോഗിച്ചതും ബി ജെപി അജണ്ട സാമ്പത്തിക രംഗത്ത് നടപ്പാക്കുന്നത്തിന്റെ ഭാഗമായേ കാണാനാകൂ. സാമ്പത്തിക, ബാങ്കിങ് മേഖലകളിൽ വിദഗ്ദൻ അല്ലാത്ത ഒരാൾ റിസർവ് ബാങ്കിന്റെ ഡയറക്ടർ ബോർഡിൽ എത്തുന്നത് ആശാസ്യമായ തീരുമാനമായി കാണാൻ കഴിയില്ല. എൻ ബി എഫ് സികളിലെ സാമ്പത്തിക പ്രതിസന്ധി, ബാങ്കുകളുടെ മൂലധനടിത്തറ ശക്തമാക്കൽ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് വായ്പ നൽകൽ അടക്കമുള്ള കാര്യങ്ങളിലും റിസർവ് ബാങ്കിന് സർക്കാർ നിർദേശം നൽകിയിരുന്നു. 21 അംഗ ഡയറക്ടർ ബോർഡിൽ മൂന്ന് ഒഴിവുകൾ നികത്താനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം തുടരുന്ന കാലതാമസത്തിലും ആർ ബി ഐയ്ക്ക് അതൃപ്തിയുണ്ട്.

കേന്ദ്രത്തിന്റെ ഇടപെടൽ ആഗോള തലത്തിലുള്ള സാമ്പത്തിക സ്ഥാപനങ്ങൾ ജാഗ്രതയോടെയാണ്‌ ഉറ്റുനോക്കുന്നത്. കേന്ദ്ര ബാങ്കും സർക്കാരും തമ്മിൽ അധികാര്യ കാര്യത്തിൽ കൃത്യമായ അതിർ വരമ്പുണ്ടെന്നാണ് ഐ എം എഫ് പ്രതികരിച്ചത്. റിസർവ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ ശക്തമായി പിന്തുണച്ച് ഡെപ്യൂട്ടി ഗവർണർ എൻ എസ് വിശ്വനാഥനും രംഗത്തെത്തി. എന്നാൽ ഇതിനെയെല്ലാം പരസ്യമായി എതിർത്ത് റിസർവ് ബാങ്ക് ജനതാത്‌പര്യം മുൻനിർത്തിയാണ് പ്രവർത്തിക്കേണ്ടതെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പ്രതികരിച്ചു. കിട്ടാക്കടം വൻതോതിൽ പെരുകാൻ കാരണം റിസർവ് ബാങ്ക് ശക്തമായ രീതിയിൽ ഇടപെടാത്തതാണെന്നും അദ്ദേഹം പറഞ്ഞു വച്ചു.

വാസ്തവത്തിൽ രാജ്യത്തിൻറെ പണ വ്യവസ്ഥയെ നിയന്ത്രിക്കുന്ന റിസർവ് ബാങ്കിന് ജനതാല്പര്യത്തിന് മുൻ‌തൂക്കം നൽകി പ്രവർത്തിക്കാൻ കഴിയില്ല. അങ്ങനെ വന്നാൽ സാമ്പത്തിക വ്യവസ്ഥിതി തകരും. മുൻകാലങ്ങളിലും സർക്കാരും റിസർവ് ബാങ്കും തമ്മിൽ ഇത്തരത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്. രഘുറാം രാജനും ഇതേ കാരണത്താലാണ് സ്ഥാനം ഒഴിയേണ്ടി വന്നത്.  നവംബർ 19 നു  ചേരുന്ന  ബോർഡ് യോഗം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. തർക്കങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉർജിത് പട്ടേൽ രാജി വൈകുന്നതിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

Advertisement