Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

സമ്മർദ്ദം താങ്ങാനാകാതെ ഈ സ്ഥാനത്യാഗം

, 1:13 pm

ജോർജ് ജോസഫ്

റിസർവ് ബാങ്കിന്റെ ചരിത്രത്തിൽ സമാനതകൾ വിരളമായ ഒരു സന്ദർഭമാണ് ഡിസംബർ പത്തിന് ഉണ്ടായത് . സാധാരണ ഗതിയിൽ കേന്ദ്ര ഗവണ്മെന്റ് ഇടപെടൽ ഉണ്ടാകാത്ത, അല്ലെങ്കിൽ ഉണ്ടാകാൻ പാടില്ലാത്ത ഒരു സ്വയംഭരണ സ്ഥാപനമാണ് ഏതു രാജ്യത്തിന്റെയും കേന്ദ്ര ബാങ്ക്. രാജ്യത്തിൻറെ പണവ്യവസ്ഥിതിയുടെ കാവൽക്കാരൻ ആണ് സെൻട്രൽ ബാങ്ക്. അത് രാഷ്ട്രീയം കളിയ്ക്കാൻ വേണ്ടി ഉപയോഗിക്കുമ്പോൾ തകരുന്നത് രാജ്യമാണ്. ആ കളിക്ക് കൂട്ടനിൽക്കാൻ എല്ലാ പരിധിയും ലംഘിച്ച് പോകാൻ കഴിയില്ലെന്ന് വന്നതോടെയാണ് ഉർജിത് പട്ടേൽ തന്റെ രാജി പ്രഖ്യാപിക്കുന്നത്.

കാലാവധി തീരാൻ ഒൻപത് മാസം ശേഷിക്കെയാണ് അദ്ദേഹം രാജിവെയ്ക്കുന്നത്. ഇതിനു മുമ്പ്  ഒരേയൊരു ഗവർണറാണ് രാജിവെച്ച് സ്ഥാനം ഒഴിഞ്ഞിട്ടുള്ളത്. 1957ൽ ധനമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ഗവർണർ ആയിരുന്ന, ബെനഗൽ രാമറാവു ആണ് രാജിവെച്ചത്.


പട്ടേലിന്റെ രാജിയെ തുടർന്ന് ഓഹരി വിപണിയും ഇന്ത്യൻ രൂപയും തകർന്നടിയുന്ന ചിത്രമാണ് കണ്ടത്. എഴുപത് രൂപക്ക് അടുത്തായിരുന്ന ഡോളർ വില പട്ടേൽ രാജി വച്ചതോടെ 72 .50  രൂപ  എന്ന നിലയിലേക്ക് ഉയർന്നു. പട്ടേലിന്റെ രാജിയോടെ ഇന്ത്യൻ സമ്പദ്ഘടന രൂക്ഷമായ പ്രതിസന്ധിയിലാണെന്ന ധാരണ ഇന്ത്യക്കകത്തും പുറത്തും പരന്നിട്ടുണ്ട്. കാര്യങ്ങൾ അത്ര പന്തിയല്ല എന്ന വിലയിരുത്തലാണ് പൊതുവിൽ ഉള്ളത്.


2016 സെപ്റ്റംബറിലാണ് അദ്ദേഹം റിസർവ് ബാങ്ക് ഗവർണറായി അവരോധിതനാകുന്നത്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് സ്ഥാനമൊഴിഞ്ഞ രഘുറാം രാജന്റെ പിൻഗാമിയായി അദ്ദേഹം വന്നത് നരേന്ദ്ര മോദിയുടെ വിശ്വസ്തൻ എന്ന നിലയിലാണ്.
എന്നാൽ ഏറെ താമസിയാതെ അഭിപ്രായ ഭിന്നത ഉടലെടുത്തു. റിസർവ് ബാങ്ക് എന്ന, രാജ്യത്തെ ഏറ്റവും വലിയ സ്വയംഭരണ സ്ഥാപനത്തെ വരുതിയിൽ നിർത്താനുള്ള കേന്ദ്ര നീക്കങ്ങൾ അദ്ദേഹത്തിന്റെ മനം മടുപ്പിക്കുന്നതായിരുന്നു. കറൻസിയുടെ കസ്റ്റോഡിയൻ കൂടിയായ റിസർവ് ബാങ്കിനെ ഇരുട്ടിൽ നിർത്തി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത് പട്ടേലിന് വലിയ അതൃപ്തി ഉളവാക്കിയിരുന്നു. പക്ഷെ,  അദ്ദേഹം കരുതലോടെയുള്ള മൗനം അവലംബിക്കുകയായിരുന്നു. പിന്നീട് ധനമന്ത്രി നേരിട്ട് റിസർവ് ബാങ്കിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയത് മൗനം വെടിയാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. ആർ എസ് എസ് സൈദ്ധാന്തികനായ എസ്.  ഗുരുമൂർത്തിയെ ആർ ബി ഐ ഡയറക്ടറാക്കിയത് പൊടുന്നനെ ഒരു പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിച്ചു.

പ്രധാനമായും ഏഴു കാര്യങ്ങളിൽ കേന്ദ്രവുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതാണ് പട്ടേലിന്റെ രാജിയിലേക്ക് നയിച്ചത്. റിസർവ് ബാങ്കിന്റെ സർപ്ലസ് ഫണ്ടിൽ നിന്ന് 3.65 ലക്ഷം കോടി രൂപ സർക്കാർ ആവശ്യപ്പെട്ടത് ആർ ബി ഐ ശക്തമായി പ്രതിരോധിച്ചു.
അടിയന്തര ഘട്ടങ്ങളിൽ മാത്രം എടുക്കാവുന്ന ഈ ഫണ്ടിൽ നിന്നും പണം നൽകാൻ ആകില്ലെന്ന് റിസർവ് ബാങ്ക് ശഠിച്ചു. ഗുരുതരമായ കടക്കെണിയിൽ അകപ്പെട്ട 11 ബാങ്കുകൾക്ക് എതിരായ നടപടികൾ നിർത്തി വെയ്ക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇതും അംഗീകരിക്കാൻ പട്ടേൽ തയ്യാറായില്ല. പലിശ നിരക്ക് താഴ്ത്തി വ്യവസായങ്ങൾക്ക് കൂടുതൽ വായ്പ ലഭ്യമാക്കണമെന്ന സർക്കാർ ഇംഗിതത്തിനും കേന്ദ്ര ബാങ്ക് വഴങ്ങിയില്ല. 1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിലെ സെക്ഷൻ ഏഴ് അനുസരിച്ച് കേന്ദ്ര സർക്കാർ റിസർവ് ബാങ്കിന് നിർദേശം നൽകിയത് കാര്യങ്ങൾ അത്യന്തം സങ്കീർണമാക്കി.

പൊതുമേഖലാ ബാങ്കുകളുടെ കുത്തഴിഞ്ഞ അവസ്ഥക്ക് കാരണം ആർ ബി ഐയുടെ പിടിപ്പ്കേടാണെന്ന വിമർശനവും തർക്കം രൂക്ഷമാക്കി. നവംബറിൽ ചേർന്ന് ഡയറക്ടർ ബോർഡ് യോഗത്തിൽ താത്കാലിക വെടിനിർത്തൽ ഉണ്ടായെങ്കിലും കേന്ദ്ര സർക്കാർ അവരുടെ തീരുമാനങ്ങൾ അംഗീകരിപ്പിക്കാൻ സമ്മർദ്ദം ശക്തമാക്കുകയായിരുന്നു. ഇതിന്റെ സ്ട്രെസ് താങ്ങാനാകാതെയാണ് ഉർജിത് പട്ടേൽ കളമൊഴിഞ്ഞത്.

അടുത്ത ഗവർണർ ആരായിരിക്കുമെന്നതിനെ സംബന്ധിച്ച ഊഹാപോഹങ്ങളും സജീവമായിട്ടുണ്ട്. താത്കാലിക ഗവർണർ ആയി മുതിർന്ന ഡെപ്യൂട്ടി ഗവർണർ ചുമതലയേൽക്കും. ഡെപ്യൂട്ടി ഗവർണർമാരിൽ ഏറ്റവും സീനിയർ ആയ എൻ.  എസ്.  വിശ്വനാഥനാണ് ഈ സ്ഥാനത്തേക്ക് സാധ്യത. ഉർജിത് പട്ടേലിന്റെ പിൻഗാമിയായി അദ്ദേഹത്തിന്റെ പേരും പറഞ്ഞു കേൾക്കുന്നുണ്ട്. സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ്, ഐ എം എഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും റിസർവ് ബാങ്കിന്റെ മുൻ ഡെപ്യൂട്ടി ഗവർണർ സുബീർ ഗോകർണ , മുൻ ധനകാര്യ സെക്രട്ടറി ഹൻസ്‌മുഖ ആദിയ, എക്കണോമിക് അഫയേഴ്‌സ് മുൻ സെക്രെട്ടറി ശക്തികാന്ത ദാസ്, ഫിനാൻഷ്യൽ സെക്രട്ടറി രാജീവ് കുമാർ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്.

Advertisement