Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

കുമ്പസാരക്കൂട്ടിലെ പുരോഹിതന്‍ മനുഷ്യനല്ല; ഏറ്റുപറയുന്നത് മുതലാക്കുകയാണ് വൈദികര്‍

, 3:36 pm

സിസ്റ്റര്‍ ജെസ്മി

കത്തോലിക്കാ സഭയില്‍ ആണ്‍ മേല്‍ക്കോയ്മയാണ് നിലനില്‍ക്കുന്നതെന്നതിനാല്‍ കന്യാസ്ത്രീകള്‍ കുമ്പസാരം കേള്‍ക്കാന്‍ സഭ അനുവദിക്കില്ല. വിശ്വാസിയായ കുടുംബിനിയുടെ കുമ്പസാര രഹസ്യങ്ങള്‍ ഉപയോഗിച്ച് വൈദികര്‍ ലൈംഗീക പീഡനത്തിനിരയാക്കിയെന്ന വാര്‍ത്തയടക്കം പല കാര്യങ്ങളും പുറത്തു വരുമ്പോള്‍ പത്തു വര്‍ഷം മുന്‍പ് എഴുതിയ ‘ആമേന്‍’എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് പലതും യാഥാര്‍ത്ഥ്യമാകുകയാണ്. പത്തു വര്‍ഷം മുന്‍പാണ് ‘ആമേന്‍’ എഴുതിയത്. അതെല്ലാം പടച്ചുണ്ടാക്കിയതാണെന്ന് പലരും പറഞ്ഞു. അന്നു പറഞ്ഞ കാര്യങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമാകുകയാണ്.

ഇപ്പോള്‍ കാര്യങ്ങള്‍ ജനങ്ങള്‍ അറിയാന്‍ തുടങ്ങി. മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായി. പ്രതികരിക്കാന്‍ വിശ്വാസികള്‍ക്ക് ധൈര്യം വന്നു. ഉണ്ടായിരുന്ന സംഗതി പുറത്തു ചാടുന്നു. മാത്രമല്ല, ഇപ്പോള്‍ കൂടുതല്‍ സാധ്യതകളും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്ന ധാരണയാണ് പുരോഹിതര്‍ക്ക്. ഞങ്ങളും മനുഷ്യരല്ലേ എന്ന ലാഘവബുദ്ധി വന്നുവന്ന് ഇതിന് പ്രോത്സാഹനവും ഉത്സാഹവും കിട്ടുന്നത് പോലെയായിട്ടുണ്ട്.

സഭാ കേന്ദ്രങ്ങള്‍ പുണ്യ ഇടങ്ങളല്ല, കോര്‍പ്പറേറ്റ് സിസ്റ്റമായി മാറിയിരിക്കുകയാണ്. ഇതെല്ലാം തല്ലിപ്പൊളിച്ച് കളഞ്ഞ് നല്ല പുരോഹിതരെ കണ്ടെത്തി പുതിയൊരു സംവിധാനം കൊണ്ട് വരണം. ഈ നിലപാടിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ ഇതെല്ലാം തല്ലിപ്പിരിഞ്ഞ് പോകാന്‍ അധികം സമയം വേണ്ട. എല്ലാം നാമവശേഷമാകണമെന്നല്ല, ശരിയായത് നിലനില്‍ക്കാനാണ് പ്രാര്‍ത്ഥിക്കുന്നത്.

കുമ്പസാരം നല്ല രീതിയില്‍ ചെയ്താല്‍ കൗണ്‍സിലിങിന്റെ ഗുണം ചെയ്യുന്ന കാര്യമാണ്. കുമ്പസാര രഹസ്യം പുറത്തു പറയാന്‍ പാടില്ലെന്നാണ് പൗരോഹിത നിയമം. കുമ്പസാരക്കൂട്ടിലെ പുരോഹിതന്‍ മനുഷ്യനല്ല, ദൈവീകതയുള്ളയാളാണ് എന്നതാണ് വിശ്വാസം. ദൈവത്തിനോട് സംസാരിക്കുകയാണെന്നാണ് പഠിപ്പിച്ചു തന്നിട്ടുള്ളത്. എന്നാല്‍ ദൈവത്തിനോട് സംസാരിക്കുക വഴി അബദ്ധങ്ങള്‍ പിണയുകയാണ്. വിശുദ്ധിയുള്ള പൗരോഹിതര്‍ ഇന്നുമുണ്ട്. പക്ഷേ ഒരു ശതമാനത്തില്‍ താഴെയാണെന്ന് മാത്രം.

 

കുമ്പസരിക്കുമ്പോള്‍ വൈദികര്‍ ഓരോ കാര്യങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ വന്ന് പറയാറുണ്ട്. അതിനാല്‍ പോകാന്‍ താല്‍പര്യമില്ല. ശിരോ വസ്ത്രം ധരിച്ച സമയത്ത് തന്നെയാണ് ഞാന്‍ ഇങ്ങനെ ഒരു ഉപദേശം അവര്‍ക്ക് നല്‍കിയത്. തെറ്റുകള്‍ ഈശോയോട് ഏറ്റുപറഞ്ഞാല്‍ മതി, കുമ്പസരിക്കണമെന്നില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. കുമ്പസാരം കൂദാശയാണെന്നിരിക്കെ അങ്ങനെ ഒരു സിസ്റ്റര്‍ പറയാന്‍ പാടില്ലാത്തതാണ്. കന്യാസ്ത്രീയായിരിക്കുന്ന അവസാന കാലഘട്ടത്തില്‍ മാസങ്ങളോളം കുമ്പസാരിച്ചിട്ടില്ല. ഒരു ദൈവവും ശിക്ഷിച്ചിട്ടില്ല.  കുമ്പസരിക്കുമ്പോള്‍ അവരത് മുതലാക്കുകയാണ് ചെയ്യുന്നത്. രക്ഷപ്പെടാനാവാത്ത വിധം കുടുക്കുന്ന സാഹചര്യവുമാണ്. കുമ്പസാരമാണ് കുറേ സ്ത്രീകള്‍ക്ക് പ്രശ്‌നമാകുന്നത്. വ്യക്തികളെ ബ്ലാക്ക് മെയ്ല്‍ ചെയ്യും. നേരിട്ട് അനുഭവമില്ല.

പുരോഹിതനാകാന്‍ പോയി തിരിച്ചുവന്ന പയ്യന്റെ (പേരു വെളിപ്പെടുത്താനാകില്ല) അനുഭവം പങ്കുവെച്ചത് പറയാം. ബോട്ടിലാണ് സ്‌കൂളിലേക്ക് പോയിരുന്നത്. പുരോഹിതരാകാന്‍ പഠിക്കുന്ന കുട്ടികളില്‍ ചിലര്‍ സ്ത്രീകളുടെ ശരീരത്തില്‍ തൊടുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. സെമിനാരിയില്‍ തിരിച്ചെത്തുന്ന അവരോട് മുതിര്‍ന്ന പുരോഹിതന്‍ ഇക്കാര്യങ്ങളെല്ലാം ആവേശപൂര്‍വ്വം ചോദിക്കുമായിരുന്നു. മറ്റൊരിക്കല്‍ സെമിനാരിയില്‍ രാത്രിയില്‍ ശബ്ദം കേട്ട് നോക്കിയപ്പോള്‍ കണ്ടത് പുരോഹിതരാകാന്‍ പഠിക്കുന്നവര്‍ അശ്ലീല സിനിമ കാണുന്നതാണ്. ഇത്തരം സംഭവങ്ങളില്‍ മനസു മടുത്താണ് ആ പയ്യന്‍ തിരിച്ചുവന്നത്. ഈ മുതിര്‍ന്ന പുരോഹിതന്‍ കുമ്പസാരിപ്പിക്കാന്‍ ചെന്നാലും ഇതുപോലെ കുമ്പസാരരഹസ്യങ്ങള്‍ ആസ്വദിക്കില്ലേ.

കുമ്പസാരത്തെ കൗണ്‍സിലിങെന്ന രീതിയില്‍ കന്യാസ്ത്രീമാര്‍ക്കും ചെയ്യാം. കൂദാശയായി സഭ ഇതിനെ അംഗീകരിക്കില്ല. പല കുട്ടികളും അവര്‍ ചെയ്ത തെറ്റുകള്‍ വന്ന് പറയാറുണ്ട്. കുമ്പസാരം ചെയ്യുന്നവരെ കൂടുതല്‍ സ്‌നേഹിക്കുകയാണ് വേണ്ടത്. അവര്‍ക്ക് കാര്യങ്ങള്‍ മനസിലാക്കികൊടുക്കുകയും മാനസിക പിന്തുണ കൊടുക്കുകയും വേണം. ദൈവം ഇതൊക്കെ പൊറുക്കാന്‍ തയ്യാറുള്ളവനാണ്. ദൈവത്തിന്റെ കരുണയുടെ കടലിലേക്ക് ഇത് വലിച്ചെറിയാനാണ് കുട്ടികളോട് പറയാറുള്ളത്. കന്യാസ്ത്രീ പട്ടത്തില്‍ നിന്ന് പുറത്തിറങ്ങിയിട്ടും ഇത്തരം കൗണ്‍സിലിങുകള്‍ നടത്താറുണ്ട്.

കൂദാശകള്‍ കൈകാര്യം ചെയ്യാന്‍ സഭ സ്ത്രീകളെ അനുവദിക്കാറില്ല. ഇപ്പോഴും ആണ്‍മേല്‍ക്കോയ്മയാണ് നിലനില്‍ക്കുന്നത്. കാല്‍ കഴുകുന്ന ശുശ്രൂഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിട്ടു പോലും സ്ത്രീകളോട് വിവേചനപരമായി ഇടപെടാനാണ് സഭ ശ്രമിക്കുന്നത്. മാര്‍പാപ്പ ലത്തീന്‍ സഭക്കാരോട് പറഞ്ഞുവെന്നും അതിനാല്‍ സുറിയാനി സഭ അനുസരിക്കേണ്ടെന്നും വാദങ്ങള്‍ വന്നു. പെസഹാവ്യാഴത്തില്‍ സത്രീകളുടെ കാല്‍കഴുകുന്നത് ചരിത്രപരമായ സംഭവമായാണ് കാണേണ്ടത്. പന്ത്രണ്ട് ശിഷ്യരുടെ അഥവാ അപ്പോസ്തലന്‍മാരുടെ ഗണത്തിലേക്ക് സ്ത്രീയും വരും. കൂദാശ ചെയ്യാനുള്ള അവകാശവും സ്ത്രീയ്ക്കുണ്ടാകും. പക്ഷേ അതൊന്നും അംഗീകരിക്കാന്‍ സഭ തയ്യാറല്ല. അതു കൊണ്ട് തന്ന കുമ്പസാരം ചെയ്യിപ്പിക്കുന്നതിനുള്ള അവകാശം സ്ത്രീകള്‍ക്ക് സഭ നല്‍കില്ല. സാധാരണ മേല്‍ക്കോയ്മയല്ല, മേല്‍മേല്‍മേല്‍ക്കോയ്മയാണ് സഭയില്‍.പുരോഹിതര്‍ക്ക് കാറും വീടുമൊക്കെ വാങ്ങിക്കാനാകുമെന്നാണ് മാര്‍പ്പാപ്പ പറഞ്ഞത് എങ്കില്‍ അവര്‍ അനുസരിക്കുമായിരുന്നു.

ഇവരുടെ സസ്‌പെന്‍ഷനില്‍ മാത്രമൊതുങ്ങുന്ന കാര്യമല്ല. ഇങ്ങനെയൊക്കെ ചെയ്യാനാണേല്‍ കത്തോലിക്ക പുരോഹിതര്‍ക്ക് വിവാഹം കഴിച്ചൂടെ എന്ന് പലരും ചോദിക്കുന്നത് കേള്‍ക്കാം. യാതൊരു ഉത്തരവാദിത്വവുമില്ലാതെ ഇത്തരം വൈവിധ്യങ്ങള്‍ ലഭിക്കുമ്പോള്‍ അവര്‍ക്കെന്തിനാണ് വിവാഹം. ചില പുരുഷന്‍മാര്‍ പറഞ്ഞു കേള്‍ക്കാം, അച്ചന്‍മാരായി ജനിച്ചാല്‍ മതിയായിരുന്നു എന്ന്. പുരോഹിത പട്ടം ചൂഷണത്തിനുള്ള ഉപാധിയാക്കുകയാണ് പലരും.

കോഴിക്കോട് ഒരു കന്യസ്ത്രീ ഗര്‍ഭിണിയായപ്പോള്‍ അവരോടൊപ്പമുണ്ടായിരുന്ന പുരോഹിതന്‍ പറഞ്ഞത് ഇതൊരു ആകസ്മികമായ സംഭവമാണ് എന്നാണ്. വല്ലപ്പോഴും സ്ത്രീ ഗര്‍ഭിണിയായേക്കാം, പക്ഷേ താന്‍ സെക്‌സ് ചെയ്യുന്നത് നിര്‍ത്തേണ്ടതില്ല എന്നാണോ ആ അച്ചന്‍ ഉദ്ദേശിച്ചത്. പുറത്ത് വരാത്ത എത്രയോ സംഭവങ്ങള്‍ നടക്കുന്നുണ്ട്.

സിസ്റ്റര്‍മാരുടെ ഇടയിലും ഇത്തരം സംഭവങ്ങളുണ്ട്. ദൈവവിളി കേട്ടിട്ടാണ് പൗരോഹിത്യത്തിലേക്ക് വരുന്നതെന്നാണ് വിശ്വാസം. പക്ഷേ ഇന്നുള്ള പുരോഹിതരില്‍ ഒരു ശതമാനം മാത്രമാണ് ദൈവവിളി കേട്ടു വന്നവര്‍. അവര്‍ക്ക് തെറ്റുപറ്റില്ല. മറ്റുള്ളവര്‍ വെറുതെ തിരുവസ്ത്രം അണിയുകയാണ്. 37500 കന്യാസ്ത്രീമാരാണ് കേരളത്തിലുള്ളത്. പണം, അധികാരം,നല്ലപേര്, വീട്ടിലെ മോശം സാമ്പത്തിക സ്ഥിതി എന്നിവയെല്ലാം മടത്തില്‍ ചേരാനുള്ള കാരണങ്ങളായി മാറാറുണ്ട്. പ്രണയ നൈരാശ്യം കാരണം വരുന്നവരും ഉണ്ട്.

മാധ്യമങ്ങള്‍ ഇതെല്ലാം പുറത്ത് കൊണ്ടു വരണം. പുറത്ത് വരണമെന്ന് ചിന്തിച്ചാണ് എല്ലാം തുറന്ന് പറയുന്നത്. ഇതെല്ലാം കണ്ടും കേട്ടും തെറ്റുകള്‍ ചെയ്യാതിരിക്കാന്‍ പുരോഹിതര്‍ക്ക് തോന്നട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. മനോരമ  ഉള്‍പ്പെടെ പല സ്ഥാപനങ്ങളും പുരോഹിതര്‍ക്കെതിരെ സംസാരിക്കില്ല.

Advertisement