Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ഉപതിരഞ്ഞെടുപ്പുഫലങ്ങള്‍: യെച്ചൂരിയുടെ വര്‍ഗീയ വിരുദ്ധ നിലപാടുകള്‍ ഒാര്‍മ്മിപ്പിക്കുന്നത്

, 4:31 pm

പി.ജി മനോജ് കുമാര്‍

കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പും കോണ്‍ഗ്രസ് – ജെ.ഡി.എസ്. സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണവും തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് വിധികളും, സി.പി.ഐ എം. ന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങളുടെ ശരിമ അടിവരയിടുന്നതാണ്. മോദിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസ്. മുമ്പെങ്ങുമില്ലാത്ത വിധം അതിന്റെ തൊഴിലാളി- കര്‍ഷക- വിരുദ്ധ സാമ്പത്തിക നയവുമായി മുന്നോട്ട് പോകുകയാണ്. കടുത്ത വര്‍ഗീയ അജണ്ടയോടെ  ലക്ഷണമൊത്ത ഫാസിസ്റ്റ് സ്റ്റേറ്റ് ആയി ഇന്ത്യയെ മാറ്റിയെടുക്കുന്നതില്‍ അവര്‍ മുന്നേറിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് രാജ്യത്തിനാകെ പ്രതീക്ഷ നല്‍കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്.

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബി.ജെ.പി. ,ആര്‍.എസ്.എസ് സംഘടനകളുടെ രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ച് ഗൗരവമേറിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ബി.ജെ.പി. ഭരണം ഒരു സമഗ്രാധിപത്യ (authoritarian) സ്വഭാവമുള്ളത് മാത്രമാണെന്നും അതിനെ ഭരണത്തില്‍ നിന്ന് നീക്കം ചെയ്യണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി യാതൊരു നീക്കുപോക്കോ തെരഞ്ഞെടുപ്പ് മുന്നണിയോ പാടില്ലെന്നും പ്രകാശ് കാരാട്ടും അദ്ദേഹത്തെ പിന്തുണക്കുന്ന കേരള നേതൃത്വവും നിലപാടെടുത്തു. ആര്‍.എസ്.എസ്. ഫാസിസ്റ്റ് സംഘടനയാണെന്നും രാജ്യം ഫാസിസത്തിന്റെ ഭീതിയിലാണെന്നും എല്ലാ ജനാധിപത്യ കക്ഷികളെയും അണിനിരത്തി ആര്‍.എസ്.എസ്. നിയന്ത്രിക്കുന്ന ബി.ജെ.പി. ഗവണ്‍മെന്റിനെ താഴെ ഇറക്കാന്‍ പാര്‍ട്ടി നേതൃത്വം നല്‍കണമെന്നും  സീതാറാം യെച്ചൂരിയും അദ്ദേഹത്തെ പിന്തുണക്കുന്ന ബംഗാള്‍- ഉത്തരേന്ത്യന്‍ ഘടകങ്ങളും മുതിര്‍ന്ന നേതാവായ വി.എസ്. അച്ചുതാനന്ദനും സ്വീകരിച്ച നിലപാട്. പാര്‍ട്ടി കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്ത് നിരാകരിച്ച യെച്ചൂരിയുടെ നിലപാട് പാര്‍ട്ടി കോണ്‍ഗ്രസ് ശരിവച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത ഈ തീരുമാനം ഇന്ത്യയിലെ തൊഴിലാളി – കര്‍ഷകവര്‍ഗങ്ങള്‍ക്കും മതേതര ജന സാമാന്യത്തിനും ജനാധിപത്യ മതേതര പാര്‍ട്ടികള്‍ക്കും നല്‍കിയ ആത്മവിശ്വാസവും ഇടതുപക്ഷ രാഷ്ട്രീയത്തിന് മുന്നേറാന്‍ രൂപപ്പെടുത്തിയ പ്രവര്‍ത്തന ഭൂമികയും ശ്രദ്ധേയമാണ്.

കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്നിട്ടും ഗവണ്‍മെന്റ് രൂപീകരിക്കണമെന്ന ബി.ജെ.പി.യുടെ സ്വപാനങ്ങള്‍ക്ക് വിലങ്ങുതടിയായത് തെരഞ്ഞെടുപ്പാനന്തരം കോണ്‍ഗ്രസ് – ജെ.ഡി.എസ്. സഖ്യം യാഥാര്‍ത്ഥ്യമായതാണ്. പരസ്പരം ഏറ്റുമുട്ടിയിരുന്ന ഈ രണ്ട് കക്ഷികളെയും സഖ്യ രൂപീകരണത്തിലേക്ക് നയിച്ചത് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കൃത്യമായ രാഷ്ട്രീയ ഇടപെടല്‍ ആയിരുന്നു. പാര്‍ട്ടിയില്‍ അദ്ദേഹം സ്വീകരിച്ച നിലപാടിന്റെ സാധൂകരണം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടായതാണ് ഇത്തരമൊരു ഇടപെടലിന് യെച്ചൂരിയെ പ്രാപ്തനാക്കിയത്. ഗവര്‍ണറുടെ തീരുമാനത്തെ കോടതിയില്‍ വെല്ലുവിളിക്കാനുള്‍പ്പെടെയുള്ള ദ്രുതഗതിയിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിലും യെച്ചൂരിക്ക് ഇടപെടാനായി. കുതിരക്കച്ചവടത്തിന്റെ എല്ലാ തന്ത്രങ്ങളും പ്രയോഗിച്ചിട്ടും ദക്ഷിണേന്ത്യയില്‍ ഒരു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ അനുവദിക്കാതെ ബി.ജെ.പി.യെ തളച്ചിടുന്നതില്‍ സി.പി.ഐ.എം ന് പങ്ക് വഹിക്കാനായി എന്നത് ചെറിയ കാര്യമല്ല. രാജ്യത്തെ മതേതര ജനാധിപത്യ കക്ഷികള്‍ക്ക് ഇത് പുതിയ ദിശാബോധം നല്കി.


വിവിധ സംസ്ഥാനങ്ങളിലായി പതിനൊന്നിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മൂന്നിടങ്ങളിലാണ് ബി.ജെ.പി.ക്ക് തങ്ങളുടെ സിറ്റിംഗ് സീറ്റ് നഷ്ടമായത്. യു.പി.യിലെ കൈറാന ലോക് സഭാ സീറ്റില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി ആര്‍.എല്‍.ഡി.യുടെ തബ്‌സും ഹസനും നൂര്‍പുര്‍ നിയമ സഭാ സീറ്റില്‍ സമാജ് വാദി പാര്‍ട്ടിയുടെ നയ് മുല്‍ ഹസനും വന്‍ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയെ വ്യക്തമായ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയ തബ്‌സും ഹസന്‍ 2014 നു ശേഷം ഉത്തര്‍പ്രദേശിനെ പ്രതിനിധീകരിക്കുന്ന ആദ്യം മുസ്ലീം പാര്‍ലമെന്റ് അംഗമാണ്. ബിജെപി നിര്‍മിതിയായ ജാട്ട്- മുസ്ലീം വിരോധം ഇല്ലാതായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് കൈറാനയില്‍ തബ്‌സുമിന്റെ മിന്നും വിജയം.

കേരളത്തില്‍ പരമ്പരാഗത യു.ഡി.എഫ് മണ്ഡലമായ ചെങ്ങന്നൂരില്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വിജയിച്ചത്. സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഈ വിജയത്തിന് മുഖ്യ പങ്കുവഹിച്ചു. ആര്‍.എസ്.എസിനെതിരായ പോരാട്ടത്തില്‍ വിജയം കൈവരിക്കാന്‍ ഏതറ്റം വരെയും പോകുമെന്നതും ദേശീയ തലത്തില്‍ ജനാധിപത്യ കക്ഷികളുടെ ഫാസിസ്റ്റ് വിരുദ്ധ ഏകീകരണത്തിന് സി.പി.ഐ.എം തയ്യാറാകുമെന്നതും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ബോധ്യം വന്നു എന്നതിന്റെ തെളിവാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയം.

കൈറാനയിലെ വിജയ പ്രഖ്യാപനത്തിന് ശേഷം ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരി   സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോടാണ് പത്രക്കുറുപ്പിലൂടെ  ആദ്യമായി  നന്ദി അറിയിച്ചത്.  ബി.ജെ.പി.യുടെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ ഏറ്റവും പ്രസക്തമാകുന്ന ഒന്നാണ് സി.പി.ഐ.എമ്മിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാട് എന്നത് ഒരിക്കല്‍കൂടി ഊന്നിപറയുകയാണീ സംഭവം.

‘ജിന്ന കെ ഊപര്‍ ഗന്ന കി വിജയ്'( ജിന്നയുടെ മേലെ കരിമ്പിന്റെ വിജയം) എന്നാണ് ജയന്ത് ചൗധരി കൈരാനയിലെ വിജയത്തെക്കുറിച്ച് പറഞ്ഞത്. അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലെ മുഹമ്മദലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട് വര്‍ഗീയ ചേരിതിരിവുണ്ടാക്കി വിജയം കൊയ്യാനുള്ള ഗൂഢശ്രമമാണ് ആര്‍.എസ്.എസ് നടത്തിയത്. കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പെട്ടുഴലുന്ന എല്ലാ മതവിഭാഗങ്ങളിലും പെട്ട കര്‍ഷകര്‍ ജാതി-മതഭേദമന്യേ ഒറ്റക്കെട്ടായി നിന്ന് ഇൌ നീക്കത്തെ പരാജയപ്പെടുത്തി എന്നതാണ് ഈ തെരെഞ്ഞടുപ്പ് ഫലം ചൂണ്ടികാണിക്കുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസ് മുന്നോട്ട് വച്ച തൊഴിലാളി-കര്‍ഷക ഐക്യത്തിന് മൂര്‍ത്ത രൂപം നല്‍കാനായാല്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സി.പി.ഐ.എം നടത്തിയ ഐതിഹാസിക കര്‍ഷക സമരങ്ങള്‍ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതിലേക്ക് നയിക്കും എന്നതില്‍ തര്‍ക്കമില്ല. വ്യക്തിഗത കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങളില്‍ നിന്ന് സാമൂഹ്യ ഉത്പാദന ക്രമത്തിന് വേണ്ടിയുള്ള നിലപാടിലേക്ക് പൂര്‍ണമായും മാറാന്‍ യെച്ചൂരിക്ക് പാര്‍ട്ടിക്കകത്ത് ഇനിയും പോരാടേണ്ടി വരും. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വിഭാവനം ചെയ്ത തൊഴിലാളി-കര്‍ഷക ഐക്യത്തിന് സാമൂഹ്യ ഉത്പാദന ക്രമമല്ലാതെ മറ്റൊരു മൂര്‍ത്ത രൂപം ഇല്ല എന്നതും തൊഴിലാളി വര്‍ഗത്തിന് തങ്ങളുടെ പോരാട്ടം റിവേഴ്‌സ് ഗിയറിലോ ന്യൂട്രല്‍ ഗിയറിലോ ഇടാന്‍ കഴിയില്ലെന്നതും സി.പി.ഐ. എം. ന് കാര്‍ഷിക വിപ്ലവ പാതയല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്നു എന്നതും യെച്ചൂരിക്ക് അനുകൂലമായ ഘടകങ്ങളാണ്

Advertisement