Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

spot light

ആ കാര്‍ട്ടൂണ്‍ അവരുടെ മാനിഫെസ്‌റ്റോ

, 5:23 pm

ഡോ. സെബാസ്റ്റ്യൻ പോൾ

തച്ചന്റെ മകന്റെ ജന്മദിനം ലോകം അത്യാഹ്‌ളാദത്തോടെ ആഘോഷിക്കുന്ന ദിവസങ്ങളാണിത്. ആരുടെ മകനായി ജനിച്ചാലും എവിടെയും എത്താന്‍ കഴിയുമെന്നതാണ് ചരിത്രം നല്‍കുന്ന നല്ല പാഠങ്ങളിലൊന്ന്. പിതാവാരെന്ന് അറിഞ്ഞില്ലെങ്കിലും പ്രശ്‌നമില്ല. നദികളുടെയും മഹത്തുക്കളുടെയും പ്രഭവം അന്വേഷിക്കേണ്ടതില്ല. പിതൃത്വം വിശ്വാസം മാത്രമാകയാല്‍ വിശ്വാസം ശരിയാകണമെന്നില്ല. കറുത്ത വര്‍ഗക്കാരനെ മനുഷ്യനായി കാണാന്‍ കഴിയില്ലെന്ന പ്രഖ്യാപനമുണ്ടായ നാട്ടില്‍ കറുത്ത വര്‍ഗക്കാരന്‍ പ്രസിഡന്റായി. ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ ചെരുപ്പുകുത്തി ആകേണ്ടിയിരുന്ന ആള്‍ സമത്വത്തിന്റെയും അവസരസമത്വത്തിന്റെയും സുവിശേഷം പ്രഘോഷിക്കുന്ന ഭരണഘടനയുടെ കര്‍ത്താവായി. തെങ്ങുകയറ്റക്കാരന്റെ മകന്‍ രാഷ്ട്രപതിയായി. ചേറില്‍ പണിയെടുത്തവന്റെ മകന്‍ ചീഫ് ജസ്റ്റിസായി. ചായക്കാരന്‍ പ്രധാനമന്ത്രിയായി. ജന്മം ശാപമോ ഭാരമോ അല്ലാതായി.

കരിഞ്ഞുപോകുന്ന തൊലിയുടെ താത്കാലികമായ വെളുപ്പില്‍ അഹങ്കരിക്കുന്നവര്‍ കുറ്റകരമായ അസഹിഷ്ണുത കാണിക്കാറുണ്ട്. സഭ്യമായ പരിഹാസമാണ് കാര്‍ട്ടൂണ്‍. പക്ഷേ ചിലപ്പോൾ കാര്‍ട്ടൂണ്‍ അധമചിന്തയുടെ പ്രതിഫലനം ആകാറുണ്ട്. ഒബാമയെ ആഫ്രിക്കന്‍ ചിമ്പാന്‍സിയാക്കിയ അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റിന് പശ്ചാത്തപിക്കേണ്ടിവന്നു. അത് ന്യായമായ ആക്ഷേപഹാസ്യമായിരുന്നില്ല. സാമൂഹ്യപശ്ചാത്തലത്തിന്റെയും ശാരീരികമായ വൈകല്യങ്ങളുടെയും അടിസ്ഥാനത്തില്‍ ആരും ആരെയും ആക്ഷേപിക്കാന്‍ പാടില്ല. അത് അശ്‌ളീല സംസ്‌കാരമാണ്. പിണറായി വിജയന്റെ പിതൃത്വം ഒരിക്കലും സംശയാസ്പദമായിരുന്നില്ല. അദ്ദേഹത്തിന്റെ കുലവും തൊഴിലും പരസ്യമായിരുന്നു. അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ജാതി തടസമോ സഹായകമോ ആയിരുന്നില്ല. അതുകൊണ്ടുതന്നെ അത് ചര്‍ച്ചാവിഷയമാക്കേണ്ട കാര്യവുമില്ല.

ജന്മഭൂമിയിലെ നികൃഷ്ടമായ പോക്കറ്റ് കാര്‍ട്ടൂണ്‍ ജാതിക്കോമരങ്ങളുടെ പോക്കറ്റില്‍ത്തന്നെ കിടക്കും. കുലത്തൊഴില്‍ എന്ന ചാതുര്‍വര്‍ണ്യപ്രമാണം പുനര്‍ജീവിപ്പിക്കാനാണ് ശ്രമമെങ്കില്‍ സംഘപരിവാരത്തില്‍നിന്നുതന്നെ അത് തുടങ്ങാം. അവസരസമത്വം പ്രഘോഷിക്കുന്ന ഭരണഘടനയുടെ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്നവരുടെ മനസിലിരിപ്പ് ഇതാണ്. അത് ഇടയ്ക്കിടെ ഗര്‍ഹണീയമായ രീതിയില്‍ പരസ്യപ്പെടുന്നു. ക്ഷേത്രപ്രവേശം ഉള്‍പ്പെടെ ഉണ്ടായതും ഉണ്ടാക്കിയതുമായ നേട്ടങ്ങളുടെ ചരിത്രപരമായ പ്രാധാന്യം പുതുതലമുറയ്ക്ക് മനസിലാകാന്‍ ജന്മഭൂമിയിലെ ആഭാസചിത്രവും പരാമര്‍ശവും സഹായകമായിട്ടുണ്ടാകും. ഇന്ന് ഇങ്ങനെയെങ്കില്‍ അന്ന് എങ്ങനെ ആയിരുന്നിരിക്കും? അക്കാലത്തിന്റെ ഭയജനകമായ പുനര്‍ജനിയാണ് പിണറായി വിജയന്‍ തടയാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം അവരുടെ കണ്ണിലെ കരടാകുന്നത്. മതിലെന്ന പ്രതീകാത്മകപ്രവര്‍ത്തനത്തോടുള്ള അവരുടെ എതിര്‍പ്പിന്റെ കാരണവും അതുതന്നെ. ജാതിയുടെ പേരില്‍ അധിക്ഷേപിക്കപ്പെടുന്നവരെങ്കിലും ഇക്കാര്യം മനസിലാക്കണം. ഇല്ലെങ്കില്‍ തോട്ടിയുടെ മകന്‍ തോട്ടിപ്പണിയിലേക്കുതന്നെ മടങ്ങേണ്ടിവരും.

Advertisement