Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ഭയപ്പെടുത്തി മിണ്ടാതാക്കാന്‍ ആവില്ല അവര്‍ക്ക്

, 12:24 pm

ഉമര്‍ ഖാലിദ്

നിരന്തരമായ വധഭീഷണികള്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന ആക്ടിവിസ്റ്റുകള്‍ – എന്നെങ്കിലും ആ തോക്ക് എന്റെ നേര്‍ക്കും നീട്ടപ്പെടുമെന്ന് എനിക്ക് അറിയാമായിരുന്നു. ധബോല്‍ക്കര്‍, കല്‍ബുര്‍ഗി, പന്‍സാരെ, ഗൗരി ലങ്കേഷ് … പട്ടിക നീണ്ടു കൊണ്ടിരിക്കുകയാണ്. ഞാന്‍ ഇതിന് ഒരുങ്ങി ഇരിക്കുകയായിരുന്നു എന്ന് പറയാമോ ? ശരിക്കും ഇത്തരത്തിലൊരു ദുര്‍വിധിക്ക് ഒരുങ്ങിയിരിക്കുകയാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ? ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഓഗസ്റ്റ് 15ന് രണ്ട് ദിവസം മുമ്പ് ഇത് സംഭവിക്കുമ്പോള്‍ ഉയരുന്ന ചോദ്യം, അനീതിക്ക് എതിരെ ശബ്ദമുയര്‍ത്തുന്നവര്‍ കൊല്ലപ്പെടാന്‍ ഒരുങ്ങി ഇരിക്കണമെന്നാണെങ്കില്‍ പൗരന്മാര്‍ക്ക് സ്വാതന്ത്ര്യം എന്നതിന്റെ അര്‍ത്ഥമെന്താണ് ? ഇതിലെ വിരോധാഭാസം എന്താണെന്നാല്‍, ഞാന്‍ പങ്കെടുക്കാന്‍ പോയ പരിപാടിയുടെ പേര് ‘ഫ്രീഡം ഫ്രം ഫിയര്‍’, ഭയത്തില്‍നിന്ന് സ്വാതന്ത്ര്യം എന്നതാണ്. അപ്പോഴാണ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിന് മുന്നില്‍ വെച്ച് അജ്ഞാതന്‍ എന്റെ നേര്‍ക്ക് നിറയൊഴിച്ചത്.

സ്വാതന്ത്ര്യ ദിനത്തിന് ദിവസം മുമ്പ്, രാജ്യത്തെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ സ്ഥലത്ത്, പകല്‍ വെളിച്ചത്തില്‍ ആയുധധാരിയായ ഒരാള്‍ എന്നെ ആക്രമിക്കാന്‍ മുതിരുമ്പോള്‍, അത് തെളിയിക്കുന്നത് ഈ ഭരണകൂടത്തിന് കീഴില്‍ തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്നുള്ള ഒരു വിഭാഗത്തിന്റെ ധൈര്യമാണ്. അയാള്‍ ആരാണെന്നോ അയാള്‍ക്ക് പിന്നില്‍ ആരാണെന്നോ എനിക്ക് അറിയില്ല. ഇത് അന്വേഷിക്കേണ്ടത് പൊലീസാണ്. പക്ഷെ, ഇവിടെ ഒരു കാര്യം സമര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇന്നലെ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ നാളെ എന്തെങ്കിലും സംഭവിച്ചാല്‍, അതിന് അജ്ഞാതനായ ആയുധധാരിയെ മാത്രം ഉത്തരവാദി ആക്കരുത്. അധികാര കസേരയിലിരുന്ന് വിദ്വേഷവും ചോരക്കൊതിയും ഭയവും പരത്തുന്നവരാണ് കുറ്റവാളികള്‍. കൊലയാളികള്‍ക്കും, ആള്‍കൂട്ട കൊലപാതകികള്‍ക്കും ശിക്ഷ ലഭിക്കില്ലെന്ന അന്തരീക്ഷം ഉണ്ടാക്കി എടുത്തവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. നുണകളിലൂടെ എന്നെ ദേശവിരുദ്ധനെന്ന് ചിത്രീകരിക്കുകയും ആള്‍ക്കൂട്ട കൊലപാതകത്തിനുള്ള വെടിമരുന്ന് ഇടുകയും ചെയ്ത ഭരണപാര്‍ട്ടിയുടെ വക്താക്കളും ടെലിവിഷന്‍ അവതാരകരുമാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. ഇതെല്ലാം അപകടത്തിലാക്കിയിരിക്കുന്നത് എന്റെ ജീവനാണ്.

സെക്ഷന്‍ 307 അനുസരിച്ച് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷവും ബിജെപി എംപി മീനാക്ഷി ലേഖിയും ഓണ്‍ലൈനിലെ കാവി പ്രചാരകരും, അങ്ങിനെയൊരു ആക്രമണമേ ഉണ്ടായിട്ടില്ല എന്ന പറയുന്നതിന് പിന്നിലെ ചേതോവികാരം എന്താണ്? ഈ ആക്രമണം ഞാന്‍ എഴുതിയ കള്ളക്കഥയാണെന്നും അവര്‍ പറയുന്നുണ്ട്. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല, പിന്നെ എന്തിനാണ് യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കാന്‍ അവര്‍ പരിശ്രമിക്കുന്നത് ? ഈ പരിശ്രമം എന്തിന്റെ ലക്ഷണമായിട്ട് വേണം കാണാന്‍ ? അവരുടെ കുറ്റസമ്മതമോ ? ഗൗരി ലങ്കേഷിന്റെ കൊലപാതകം ഒരു ഉദാഹരണമായി എടുത്താല്‍, അറസ്റ്റ് ചെയ്യപ്പെട്ടവര്‍ക്കൊക്കെ ഹിന്ദുത്വ തീവ്രവാദികളുമായുള്ള ബന്ധം മനസ്സിലാകും. നമ്മള്‍ അജ്ഞാതന്‍ എന്ന് പറയുമ്പോള്‍, ഇത്തരം ആക്രമണങ്ങളുടെ പിന്നിലുള്ള യഥാര്‍ത്ഥ ആളുകളെ തിരിച്ചറിയുകയാണ് വേണ്ടത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി എനിക്കെതിരെ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. തെളിവകളില്ല, കള്ളങ്ങള്‍ മാത്രമാണുള്ളത്. ചാര്‍ജ് ഷീറ്റില്ല, മാധ്യമ വിചാരണ മാത്രമാണുള്ളത്. വാദപ്രതിവാദങ്ങളില്ല, ട്രോളുകള്‍ മാത്രമാണുള്ളത്. ചര്‍ച്ചയില്ല, വധഭീഷണി മാത്രമാണുള്ളത്. ഇന്ന്, അതെല്ലാം തോക്കിന്റെ രൂപത്തില്‍ എന്റെ മുന്നില്‍ വന്ന് നില്‍ക്കുകയാണ്. എന്തിനാണ് എന്റെ പേരിനൊപ്പം തുക്‌ഡേ തുക്‌ഡേ എന്നുള്ള ഹാഷ്ടാഗുകള്‍ ചേര്‍ക്കപ്പെടുന്നത് ? ബിജെപി നേതാക്കള്‍ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട് ഈ സിനിമ ഇറങ്ങിയാല്‍ രാജ്യം തുക്‌ഡേ തുക്‌ഡേ ആക്കുമെന്ന്. എന്തുകാണ്ടാണ് എന്നെ ദേശവിരുദ്ധനാക്കി അവസാനിക്കാത്ത മാധ്യമ വിചാരണകള്‍ നടക്കുന്നത് ? കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ ഇന്ത്യന്‍ ഭരണഘടന കത്തിച്ചവര്‍ക്ക് എതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണ് ? എന്തുകൊണ്ടാണ് രാജ്യത്താകെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തുകയും ആള്‍കൂട്ട കൊലപാതകങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നവരെ ബഹുമാനിക്കുകയും മാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നത് ? വിദ്വേഷ പ്രചാരണത്തിന് എതിരെ സംസാരിച്ച എന്നെ പോലുള്ളവര്‍ക്ക് വില്ലന്‍ പരിവേഷം ചാര്‍ത്തി നല്‍കുകയും ചെയ്തു. എന്തുകൊണ്ടാണ് സമൂഹത്തെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുകയും ദളിതരെ ആക്രമിക്കുകയും ചെയ്യുന്നവര്‍ രാജ്യത്തെ തുണ്ടം തുണ്ടം ആക്കുന്നു എന്ന് പറയാത്തത് ? ഇത്തരക്കാരിലൊരാളാണ് ഷംബാജി ബിന്ധെ, ഇയാളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത് മഹാപുരുഷ് എന്നാണ്. എന്തുകൊണ്ടാണ് അധികാരത്തില്‍ ഇരിക്കുന്നവര്‍ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുമ്പോള്‍ അവര്‍ ദേശഭക്തരാകുന്നതും അവരെ വിമര്‍ശിക്കുന്നവര്‍ ദേശവിരുദ്ധരാകുന്നതും ? ഇതെല്ലാം ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമായ ചോദ്യങ്ങളാണ്.

ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് പേടിപ്പിച്ച് മിണ്ടാതാക്കി കളയാമെന്നാണ് അവര്‍ കരുതിയിരിക്കുന്നതെങ്കില്‍, അവര്‍ക്ക് തെറ്റി. ഗൗരി ലങ്കേഷിന്റെയും രോഹിത്ത് വെമൂലയുടെയുമൊക്കെ ആശയങ്ങള്‍ ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചതാണ്. ബുള്ളറ്റുകള്‍ കൊണ്ടും ജയിലുകള്‍ കൊണ്ടും ഞങ്ങളെ മിണ്ടാതാക്കാന്‍ ആവില്ല. അത് ഞങ്ങള്‍ ഇന്നലെ തന്നെ തെളിയിച്ചു. ഞാന്‍ ആക്രമിക്കപ്പെട്ടതിന് ശേഷവും ഫ്രീഡം ഫ്രം ഫിയര്‍ പരിപാടി തടസ്സമില്ലാതെ നടന്നു. നജീബിന്റെ അമ്മ ഫാത്തിമാ നഫീസ്, കേന്ദ്രമന്ത്രി മാലയിട്ട് സ്വീകരിച്ചവര്‍ കൊന്ന അലിമുദ്ദിന്റെ ഭാര്യ മറിയം, കഴിഞ്ഞ വര്‍ഷം ട്രെയിനില്‍ വെച്ച് കൊല ചെയ്യപ്പെട്ട 16കാരന്‍ ജുനൈദിന്റെ മാതാവ് ഫാത്തിമ, റക്ബര്‍ ഖാന്റെ സഹോദരന്‍ അക്ബര്‍, ഡോ. ഖഫീല്‍ ഖാന്‍, പ്രശാന്ത് ഭൂഷണ്‍, പ്രൊഫ. അപൂര്‍വാനന്ദ്, എസ്.ആര്‍. ധരപുരി, മനോജ് ജാ തുടങ്ങിയവര്‍ ഒത്തുകൂടുകയും വിദ്വേഷ പ്രചാരണത്തിന് എതിരെയും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് എതിരെയും കാവിപ്പട പരത്തുന്ന ഭയത്തിന്റെ അന്തരീക്ഷത്തിന് എതിരെയും സംസാരിച്ചു. ഇതാണ് ഞങ്ങളുടെ പ്രതിരോധത്തിന്റെ രൂപം.

(ഉമര്‍ ഖാലിദ് പ്രസിദ്ധീകരിച്ച പ്രസ്താവനയുടെ സ്വതന്ത്ര പരിഭാഷ)

Advertisement