Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ഓഹരി നിക്ഷേപത്തിലെ ലാഭനഷ്ട സാധ്യതകള്‍

, 9:37 am

ഡോ. വി കെ വിജയകുമാര്‍

ഓഹരി വിപണി നഷ്ടസാധ്യതയുള്ള മേഖലയാണെന്ന പൊതുധാരണ ആളുകള്‍ക്കുണ്ട്. ഓഹരി വിപണിയില്‍ നാല് ശതമാനമോ അഞ്ച് ശതമാനമോ ഇടിവുണ്ടായാല്‍ മാധ്യമങ്ങളില്‍ അത് വലിയ തലക്കെട്ടില്‍ വാര്‍ത്തയാകും. ഒരിക്കല്‍ രണ്ടു ശതമാനം താഴ്ചയുണ്ടായപ്പോള്‍ ഒരു ചാനലില്‍ വന്ന തലക്കെട്ട് ഓഹരി വിപണി തകര്‍ന്നടിഞ്ഞു എന്നായിരുന്നു. അടുത്ത മൂന്നു ദിവസത്തിനുള്ളില്‍ മൂന്ന് ശതമാനം കയറിയപ്പോള്‍ അത് വാര്‍ത്തയായതേയില്ല. ഇത്തരം വാര്‍ത്തകള്‍ ആളുകളെ ഭയപ്പെടുത്തുന്നുണ്ട്.

ഹ്രസ്വകാലയളവില്‍ റിസ്‌ക് ഉണ്ടെന്നത് ശരിയാണ്. പക്ഷെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരി നിക്ഷേപം നേട്ടം തന്നെയാണ്. ഒരുപാട് ആളുകള്‍ക്ക് ഓഹരി വിപണിയില്‍ നിന്ന് നഷ്ടം സംഭവിച്ചിട്ടുണ്ട് എന്നത് സത്യമാണ്. അതിനുള്ള പ്രധാന കാരണം അവര്‍ നിക്ഷേപത്തിന് പകരം ട്രേഡ് ചെയ്യുന്നതു കൊണ്ടാണ്. ഓഹരി വിപണിയില്‍ നമുക്ക് രണ്ടു തരത്തില്‍ ഇടപാടുകള്‍ നടത്താം. ട്രേഡര്‍ എന്ന നിലയിലും ഇന്‍വെസ്റ്റര്‍ എന്ന നിലയിലും. സാധാരണ ആളുകള്‍ ചെയ്യേണ്ടത് ദീര്‍ഘകാലത്തേക്ക് പണം നിക്ഷേപിക്കലാണ്. ട്രേഡര്‍ ഹ്രസ്വകാലയളവിലുള്ള ഇടപാടുകളാണ് ലക്ഷ്യം വെയ്ക്കുന്നത് എന്നതിനാല്‍ നഷ്ടസാധ്യത കൂടുതലാണ്. ഹ്രസ്വകാലയളവിലെ റിസ്‌ക് എങ്ങിനെ ഒഴിവാക്കാമെന്ന ചോദിച്ചാല്‍ ഉത്തരം വളരെ ലളിതമാണ്. ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്തുക.

ചെറുകിട നിക്ഷേപകര്‍ക്ക് അനുയോജ്യം മ്യൂച്വല്‍ ഫണ്ടുകളാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റിലൂടെ(എസ് ഐ പി) പണം നിക്ഷേപിച്ചാല്‍ ദീര്‍ഘകാലയളവിലുള്ള നഷ്ടസാധ്യത കുറയ്ക്കാം.
ഓഹരി വിപണിയില്‍ രണ്ടു തരത്തില്‍ നിക്ഷേപിക്കാം. നേരിട്ടും മ്യൂച്വല്‍ ഫണ്ടു വഴിയും. ഓഹരിവിപണിയില്‍ നേരിട്ട് നിക്ഷേപം നടത്തുമ്പോള്‍ അത് വിജയകരമാകണമെങ്കില്‍ രണ്ട് കാര്യങ്ങള്‍ ആവശ്യമാണ്. വൈദഗ്ധ്യവും സമയവും. ആഗോളീകരണത്തിന്റെ ഈ കാലഘട്ടത്തില്‍ ആഗോള തലത്തിലുണ്ടാകുന്ന മാറ്റങ്ങളടക്കം ഓഹരിവിലയെ സ്വാധീനിക്കും. ഉദാഹരണത്തിന് ക്രൂഡ് ഓയില്‍ വില കാര്യമായി വര്‍ധിക്കുമ്പോള്‍ ഇന്ത്യയുടെ വ്യാപാര കമ്മിയും കറന്റ് എക്കൗണ്ട് കമ്മിയും വര്‍ധിക്കും. അത് വിലക്കയറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

വിലക്കയറ്റമുണ്ടാകുമ്പോള്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ ഉയര്‍ത്തും. അത് ഓഹരി വിപണിയെ നെഗറ്റീവായി ബാധിക്കും. അതോടൊപ്പം കറൻസി എക്‌സ്‌ചേഞ്ച് റേറ്റിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ എങ്ങിനെയാണ് വ്യത്യസ്ത തരം വ്യവസായങ്ങളെയും സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്നത് എന്നറിയണം. ഫെബ്രുവരിയില്‍ ഡൗ ജോണ്‍സില്‍ ആയിരം പോയിന്റിന്റെ താഴ്ചയുണ്ടായി. അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് ഇത്തവണ പലിശ നിരക്ക് പ്രതീക്ഷിച്ചതിലധികം വര്‍ധിപ്പിക്കുമെന്ന ആശങ്കയായിരുന്നു കാരണം. അമേരിക്കയില്‍ പലിശ നിരക്ക് വര്‍ധിപ്പിച്ചാല്‍ ഇന്ത്യ പോലുള്ള എമര്‍ജിംഗ് മാര്‍ക്കറ്റുകളില്‍ നിന്ന് അമേരിക്കയിലേക്ക് മൂലധന ഒഴുക്കുണ്ടാകും. അമേരിക്കന്‍ ബോണ്ടുകളില്‍ കൂടുതല്‍ നിക്ഷേപം നടക്കും. ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് ഇവിടെ വില്‍ക്കും. അങ്ങിനെ വരുമ്പോള്‍ മാര്‍ക്കറ്റ് താഴേക്കു വരും. കറന്‍സിയുടെ മൂല്യം ഇടിയും. കറന്‍സിയുടെ മൂല്യം ഇടിയുന്നത് ചില വ്യവസായങ്ങള്‍ക്ക് ഗുണമാണ്. മറ്റു ചില വ്യവസായങ്ങള്‍ക്ക് ദോഷമാണ്. സോഫ്റ്റ് വെയര്‍ ഇന്‍ഡസ്ട്രിക്ക് ഗുണമാണ്. ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രിക്ക് ഗുണമാണ്. എന്നാൽ ഇമ്പോർട്ട് വ്യവസായ മേഖലക്ക് ദോഷമാണ്. ഇത്തരം സൂക്ഷ്മ ഘടകങ്ങള്‍ പഠിക്കാനും മനസിലാക്കാനും സമയവും വൈദഗ്ധ്യവും ആവശ്യമുണ്ട്. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, നാണയപ്പെരുപ്പം, പലിശ നിരക്ക്, അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ മോണിറ്ററി പോളിസി തുടങ്ങിയവ വിവിധ തരം വ്യവസായങ്ങളെ എങ്ങനെയൊക്കെ ബാധിക്കും തുടങ്ങിയ കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും സമയവും വൈഗ്ധ്യവുമുള്ളവര്‍ക്ക് നേരിട്ട് ഓഹരിയില്‍ വിജയകരമായി നിക്ഷേപിക്കാം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ വൈദഗ്ധ്യമില്ലാത്തവരും ഇതേ കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ സമയമില്ലാത്തവരും നേരിട്ട് നിക്ഷേപം നടത്താതിരിക്കുകയാണ് നല്ലത്. അവര്‍ ഓഹരി നിക്ഷേപം നടത്തുമ്പോള്‍ ഇക്കാര്യങ്ങളില്‍ വൈദഗ്ധ്യമുള്ള സ്ഥാപനങ്ങളുടെ സേവനം ഉപയോഗിക്കുന്നതായിരിക്കും ഗുണകരം.

 

[ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ]

Advertisement