Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

സിറോ മലബാര്‍ സഭയിലെ ഭൂമി ഇടപാട് മഞ്ഞുമലയുടെ അറ്റം, മനോരമ സഭയുടെ കുഞ്ഞാട്

, 7:30 pm

സിറോ മലബാര്‍ സഭയില്‍ നടന്ന കോടികളുടെ ഭൂമി ഇടപാട് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. സഭക്കുള്ളില്‍ എന്താണ് നടക്കുന്നതെന്ന് പുറത്തുനില്‍ക്കുന്ന ഒരു വിശ്വാസിക്കും അറിയില്ല. ഇതാണ് സഭകള്‍ മുതലെടുക്കുന്നത്. സഭക്കുള്ളില്‍ നടക്കുന്ന കാര്യങ്ങളെല്ലാം രഹസ്യമാണ്. അതിപ്പോള്‍ ഒരു കൊലപാതകമായാലും സഭക്കുള്ളിലെ വൈദികര്‍ പറഞ്ഞാലെ പുറം ലോകം അറിയൂ. പൊതുജനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുപോലും സഭയിലെ അരമനകള്‍ക്ക് ഉള്ളിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. എന്നാല്‍ സഭ പൊതുജനങ്ങളുടെ പല കാര്യങ്ങളിലും പോയി കൈയിട്ട് ഇളക്കുകയും ചെയ്യുന്നുണ്ട്.

സഭക്കുള്ളിലെ കാര്യങ്ങള്‍ എപ്പോഴും ഒരു ഇരുമ്പ്മറക്കുള്ളിലാണ് നടക്കുന്നത്. ഇതില്‍ നിന്നു അരിച്ചിറങ്ങി വന്നതാണ് ഇപ്പോഴത്തെ് ഭൂമി അഴിമതി വിവാദം. ഇതു പുറത്തുവിട്ടത് സഭക്കുള്ളിലെ വൈദികര്‍ തന്നെയാണ്. ഈ വിവാദം എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കുവാനും സഭയ്ക്ക് സാധിക്കും. എല്ലാ സഭയിലും ഒരു ഓഡിറ്റിങ് നടത്താന്‍ സര്‍ക്കാരിന് സാധിക്കില്ല. നിര്‍ബന്ധമായും സഭകളില്‍ സര്‍ക്കാര്‍ ഓഡിറ്റിങ് നടത്തണം. സഭക്കുള്ളില്‍ നിന്നു പുറത്തുവരുന്ന സാമ്പത്തിക കണക്കുകള്‍ തെറ്റിദ്ധാരണാജനകമാണ്. കള്ളക്കണക്കുകള്‍ ഉണ്ടാക്കാന്‍ സഭയിലെ തന്നെ കുഞ്ഞാടുകളാണ് ഓഡിറ്റിനായി ഇരിക്കുന്നത്. ഇവരാണ് വൈദികര്‍ക്ക് ടാക്‌സ് അടക്കം വെട്ടിക്കാനുള്ള സൂത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നത്.

സഭയുടെ ഒരു ഇടപാടുകളിലും സുതാര്യത ഇല്ല. ഇത്രയധികം കള്ളത്തരങ്ങള്‍ കാണിച്ചിട്ടും ഒരു സര്‍ക്കാരും സഭകളെ തൊടാത്തത് അവര്‍ കൃത്യമായ വോട്ട്ബാങ്ക് ആയതിനാലാണ്. സഭക്കുള്ളില്‍ നടക്കുന്ന അഴിമതികള്‍ പലതും മൂടിവയ്ക്കുന്നത് മലയാള മനോരമ പത്രമാണ്. സീറോ മലബാര്‍ സഭയില്‍ നടന്ന കോടികളുടെ ഭൂമി അഴിമതി വിവാദം ഇതുവരെ മനോരമ വാര്‍ത്തയാക്കിയിട്ടില്ല. വിശ്വാസി സമൂഹം ഏറ്റവുമധികം വാങ്ങിക്കുന്നത് മനോരമ പത്രമാണ്. പത്രം ഈ അഴിമതി വാര്‍ത്ത തിരസ്‌കരിച്ചതോടെ പലരും ഇക്കാര്യം ഇതുവരെ അറിഞ്ഞിട്ടില്ല. സഭയിലെ ഇപ്പോള്‍ നടന്നിരിക്കുന്ന അഴിമതി ഇത്രയും ചര്‍ച്ചയാക്കിയത് മനോരമ ഒഴികെയുള്ള മാധ്യമങ്ങള്‍ തന്നെയാണ്.

സഭയില്‍ നടന്ന കുറച്ചുകാര്യങ്ങള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഇതിന്റെ അവസാനം ചിലരെ സഭയില്‍ നിന്നു പുറത്താക്കുകയോ നിശബ്ദരാക്കപ്പെടുകയോ ചെയ്യും. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ എന്നെ വളിഞ്ഞിട്ട് അക്രമിക്കാനാണ് സഭയുടെ പ്രതിനിധികള്‍ ശ്രമിക്കുന്നത്. എന്നെ അവര്‍ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് സഭക്കുള്ളിലെ പലകാര്യങ്ങളും എനിക്ക് അറിയാമെന്നുള്ളതുകൊണ്ടാണ്. ഞാന്‍ അനുഭവത്തില്‍ നിന്നാണ് കാര്യങ്ങള്‍ പറയുന്നത്. ഏതു നിമിഷവും എനിക്ക് എന്തെങ്കിലും സംഭവിക്കാം.

മനോരമയില്‍ എന്റെ പേരോ ചിത്രമോ നല്‍കരുതെന്ന് എല്ലാ ഡസ്‌കിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഭയുടെ കുഞ്ഞാടാണ് മനോരമ. അതിനാല്‍ തന്നെ സഭയുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന എന്നെപോലെയുള്ളവരെ അവഗണിക്കുക പത്രത്തിന്റെ നിലപാടാണ്.

ഞാന്‍ പങ്കെടുക്കുന്ന പരിപാടയുടെ ബോര്‍ഡുകള്‍ സഭയുടെ അനുയായികള്‍ എടുത്തു നശിപ്പിച്ചിട്ടുണ്ട്. ഒരു വൈദികന്റെ നേതൃത്വത്തിലാണ് ഇത്തരം ഹീനമായ പരിപാടി നടത്തിയത്. സഭ എനിക്കെതിരെ നാണംകെട്ട പല പരിപാടികളും സഭ ചെയ്തിട്ടുണ്ട്.

സഭകളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയണം. അഡ്മിഷനും നിയമനങ്ങള്‍ക്കുമായി സഭ പണം വാങ്ങുന്നത് രസീത് നല്‍കിയല്ല. സഭ ഇങ്ങനെ കോടികള്‍ കോഴ വാങ്ങുന്നുണ്ട്. സഭയുടെ കൈയ്യില്‍ ഉള്ളത് വെള്ളപ്പണമാണോ കള്ളപ്പണമാണോ എന്ന് അവര്‍ക്ക് തന്നെ സംശയുമുണ്ട്. എല്ലാ സഭകളുടെ കൈയില്‍ അധികമുള്ളതും കള്ളപ്പണം തന്നെയാണ്. ഒരു രൂപ പോലും ഒരു തരത്തിലും സര്‍ക്കാരിന് നല്‍കാത്ത സ്ഥാപനങ്ങളാണ് സഭകള്‍. അതേ സമയം സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും സമ്മര്‍ദശക്തിയായി നിന്ന് സഭ കൈപ്പറ്റുന്നുണ്ട്. കൈക്കോട്ടിന്റെ സ്വഭാവമാണ് സഭകള്‍ക്ക്. കൈക്കോട്ട് ഒരിക്കലും അങ്ങോട്ട് വാരാറില്ല, എല്ലാം ഇങ്ങോട്ട് തന്നെ വാരിയെടുക്കാറാണ് ചെയ്യുന്നത്. ഇതു തന്നെയാണ് സംസ്ഥാനത്തെ സഭകളും ചെയ്തു കൊണ്ടിരിക്കുന്നത്.

സഭയില്‍ നിന്നു പുറത്തുപോയതുകൊണ്ട് എനിക്ക് ദുഃഖമെന്നാണ് ചിലര്‍ പറഞ്ഞു പരത്തുന്നത്. എന്നാല്‍ മുന്‍പില്ലാത്ത ആശ്വാസമാണ് ഇപ്പോള്‍ ഉള്ളത്. ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ സഭ കാട്ടിക്കൂട്ടിയ ഒരോ കൊള്ളരുതായ്മ്മയ്ക്കും ഞാനുംകൂടി ഉത്തരവാദിയാണ്. ഒരിക്കല്‍ സഭ കോഴ വാങ്ങുന്നതിന് സാക്ഷിയായിരുന്നു. അന്നു ഞാന്‍ പ്രിന്‍സിപ്പലായിരുന്നു. ആ നിമിഷത്തെ ഇപ്പോഴും ഞാന്‍ ശപിക്കുകയാണ്.

Advertisement