Connect with us

SPOTLIGHT

‘രാഷ്ട്രീയക്കാരും പത്രക്കാരുമറിയാന്‍; തായലന്റില്‍ ഒരു നേതാവും ഗുഹാമുഖത്തില്ല,ഒരു ലേഖകനും കുട്ടികളുടെ വായില്‍ മൈക്ക് തിരുകുന്നുമില്ല’

, 6:50 pm

മുരളി തുമ്മാരുകുടി

വെങ്ങോലയില്‍ എന്റെ വീടിനും ഞാന്‍ ഒന്നാം ക്ളാസില്‍ പഠിച്ച സ്‌കൂളിനുമിടയില്‍ ഒരു തോടുണ്ട്. മഴക്കാലത്ത് അത് നിറയും. അധികം വീതിയില്ലാത്ത അതിന്റെ വരമ്പിലൂടെ നടന്നു വേണം സ്‌കൂളില്‍ പോകാന്‍. ചിലപ്പോള്‍ കുട്ടികള്‍ വെള്ളത്തില്‍ വീഴും, പലപ്പോഴും അവരുടെ പുസ്തകങ്ങളും. നീന്തല്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ അക്കാലത്ത് ധൈര്യമായി സ്‌കൂളില്‍ പോകാന്‍ സാധിക്കൂ. അഞ്ചു വയസ്സാകുന്നതിന് മുന്‍പ് തന്നെ ചേച്ചിമാര്‍ എന്നെ നീന്തല്‍ പഠിപ്പിച്ചിരുന്നു. അന്ന് മുതല്‍ എനിക്ക് വെള്ളം ഒട്ടും പേടിയില്ല.

എന്നാല്‍ ഡൈവിങ്ങിന്റെ കാര്യം അങ്ങനെയല്ല. നാഷണല്‍ ജിയോഗ്രാഫിക്കില്‍ കോറല്‍ റീഫുകളില്‍ ആളുകള്‍ മുങ്ങുന്ന പടം കണ്ടിട്ടുണ്ടെങ്കിലും, വെള്ളത്തില്‍ ഓക്‌സിജന്‍ ടാങ്ക് വെച്ച് ആഴത്തില്‍ മുങ്ങുന്നവരെ ഞാന്‍ ആദ്യമായി കാണുന്നത് ബ്രൂണെയില്‍ വെച്ചാണ്. കടലിനുള്ളില്‍ ഒരു പ്ലാറ്റ്ഫോമില്‍ വളര്‍ന്നുവരുന്ന കൃത്രിമ റീഫിനെപ്പറ്റി പഠിക്കാന്‍ വന്ന പതിനാറ് ഫിലിപ്പിനോ ഡൈവര്‍മാരെ രണ്ടാഴ്ച കടലില്‍ താമസിപ്പിച്ച് അവരുടെ ജോലിക്ക് മേല്‍നോട്ടം വഹിക്കേണ്ടിവന്നു, അന്നാണ് ഡൈവിങ്ങിനെ പറ്റി അതിലെ അപകട സാധ്യതയെ പറ്റി കൂടുതല്‍ പഠിക്കേണ്ടി വന്നത്.

ടിവി യില്‍ നമ്മള്‍ സാധാരണയായി ഡൈവിങ് കാണുന്നത് തെളിഞ്ഞ വെള്ളത്തില്‍ മനോഹരമായ പുറ്റുകളും മത്സ്യങ്ങളും ഉള്ളയിടങ്ങളിലാണ്. തൊഴിലിനു വേണ്ടിയുള്ള ഡൈവിങ് അങ്ങനെയല്ല. കൂടുതല്‍ ആഴത്തില്‍ മുങ്ങണം, കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ നില്‍ക്കണം, വിസിബിലിറ്റി ഉണ്ടെങ്കിലും ഇല്ലെങ്കിലും മുങ്ങണം. മീനിനെ കാണുകയോ ഫോട്ടോ എടുക്കുകയോ ചെയ്താല്‍ പോരാ, കോണ്‍ക്രീറ്റിംഗ് മുതല്‍ വെല്‍ഡിങ് വരെ ഉള്ള ജോലി ചെയ്യുകയും സുരക്ഷിതരായിരിക്കുകയും വേണം.

ഒരു ദിവസം രണ്ടു പ്രാവശ്യമാണ് ഫിലിപ്പിനോ ഡൈവര്‍മാര്‍ ഡൈവ് ചെയ്യുന്നത്. ഓരോ ഡൈവിങ്ങും ഒരു മണിക്കൂറില്‍ താഴെയാണ്. താഴെ ഉള്ള മര്‍ദ്ദ വ്യത്യാസം കാരണം നൈട്രജന്‍ രക്തത്തിലേക്ക് കയറും, ഡൈവിങ് കഴിഞ്ഞു തിരിച്ചു ഉയര്‍ന്നു വരേണ്ടത് സാവധാനം ആയിരിക്കണം, അല്ലെങ്കില്‍ നൈട്രോജെന്‍ കുമിളകള്‍ രക്തത്തില്‍ നിന്നും പുറത്തു വരും. ഡികംപ്രഷന്‍ സിക്‌നെസ്സ് എന്നാണിതിന്റെ പേര്. തല കറങ്ങും, ബോധം മറയും, ജീവന്‍ വരെ നഷ്ടപ്പെടാം. അതുകൊണ്ടു തന്നെ വെള്ളത്തിനടിയില്‍ എന്ത് ജോലി ചെയ്യുന്നവര്‍ക്കും കരയില്‍ അതേ ജോലി ചെയ്യുന്നവരുടെ അഞ്ചിരട്ടി ശമ്പളം ഉണ്ട്.

വെള്ളത്തിലേക്ക് പതിനാറു പേര്‍ ചാടിക്കഴിഞ്ഞാല്‍ (രണ്ടു പേര്‍ ചേര്‍ന്നതാണ് ഒരു സംഘം) അവരുടെ സുരക്ഷയും നോക്കി മുകളില്‍ ഇരിക്കലാണ് എന്റെ പണി. ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുമായാണ് അവര്‍ പുറത്തു വരുന്നതെങ്കില്‍ അവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഡീകംബ്രഷന്‍ ചേമ്പര്‍ ഉണ്ട്. നല്ല പരിശീലനം സിദ്ധിച്ച ടെക്നീഷ്യന്മാരും. എങ്കിലും പതിനാറു പേരും തിരിച്ചു കയറി വരുന്നതുവരെ ഉള്ളില്‍ തീയാണ്. അന്ന് ഞാന്‍ ഡിങ്കമത വിശ്വാസി അല്ലാതിരുന്നതിനാല്‍ ‘എന്റെ ഡിങ്കാ..’ എന്ന് വിളിക്കാനും പറ്റില്ല. രണ്ടാഴ്ച കൊണ്ട് ഡൈവിങ്ങിനോടുള്ള എല്ലാ ഇഷ്ടവും തീര്‍ന്നു കിട്ടി.

Image result for thailand-cave-rescue-second-day-live-updates

തായ്ലന്‍ഡിലെ കുട്ടികള്‍ ഗുഹയില്‍ അകപ്പെട്ട വാര്‍ത്ത വന്നത് മുതല്‍ ഞാന്‍ എന്റെ ഡൈവര്‍മാരുമായുള്ള സമ്പര്‍ക്കം ഓര്‍ക്കുകയായിരുന്നു. കടലില്‍ ഡൈവ് ചെയ്യുന്നതിന്റെ പലയിരട്ടി ബുദ്ധിമുട്ടാണ് കടലിനടിയില്‍ കിടക്കുന്ന പഴയ കപ്പലില്‍ മുങ്ങുന്നത് (ടൈറ്റാനിക്കില്‍ ഒക്കെ മുങ്ങിയത് പോലെ). ഏറെ പരിചയമുള്ളവരേ ‘റെക്ക് ഡൈവിങ്’ (Wreck Diving) എന്ന പണിക്ക് പോകൂ. അതിലും ദുഷ്‌ക്കരമാണ് ഗുഹയില്‍ മുങ്ങുക എന്നത്. വിസിബിലിറ്റി പൂജ്യം. ഇടുങ്ങിയ പാതയില്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ പുറത്തിറങ്ങുകയോ രക്ഷാ പ്രവര്‍ത്തനമോ വലിയ ബുദ്ധിമുട്ടാണ്. ചെറുതായി പാറയോ മണ്ണോ ഇടിഞ്ഞ് ഗുഹയുടെ ഒരു ഭാഗം മൂടിപ്പോയാല്‍ നമ്മള്‍ ട്രാപ്പിലായി. അത് നീക്കം ചെയ്ത് മാറ്റാനുള്ള സമയമില്ല, മരണം നിശ്ചയമാണ്. ലോകത്ത് ഡൈവിങ് ചെയ്യുന്നവര്‍ ലക്ഷക്കണക്കിനുണ്ടെങ്കിലും കേവ് ഡൈവിങ് നടത്തുന്നവര്‍ ഒരു ശതമാനത്തിലും താഴെയാണ്.

തായ്ലന്‍ഡിലെ ദുരന്തത്തിന്റെ സ്വഭാവം വെച്ചും ഗുഹയില്‍ അകപ്പെട്ട ആളുകളുടെ എണ്ണം കൊണ്ടും ഞങ്ങളുടെ ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്ത ഒന്നാണ് ഈ ദുരന്തമെന്ന് എനിക്കറിയാമായിരുന്നെങ്കിലും, മനുഷ്യന്റെ ചരിത്രത്തില്‍ നേരിട്ടിട്ടില്ലാത്ത ഒരു വെല്ലുവിളിയാണ് ഇതെന്ന് ആദ്യമേ മനസ്സിലാക്കി. ഇതുപോലെ ഒരു സാഹചര്യം മാനേജ് ചെയ്യേണ്ടി വന്നാല്‍ എന്തൊക്കെയായിരിക്കും വെല്ലുവിളികള്‍, എങ്ങനെയാണ് തീരുമാനങ്ങളെടുക്കേണ്ടത്, എന്നൊക്കെ എല്ലാ ദിവസവും ചിന്തിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. എല്ലാ ദുരന്തത്തിലും ബാധകമായ ധരാളം പാഠങ്ങള്‍ ഇവിടെയുമുണ്ട്. അത് നിങ്ങളുമായി പങ്കുവെക്കാം.

Image result for thailand-cave-rescue-second-day-live-updates

കുറ്റപ്പെടുത്തലിന് സമയമില്ല: കുട്ടികള്‍ ഗുഹയില്‍ അകപ്പെടുകയും ഗുഹാമുഖത്ത് വെള്ളം കയറുകയും ചെയ്തതിനു ശേഷമാണ് വിവരം പുറംലോകം അറിയുന്നത്. എന്തിനാണ് ചെറിയ കുട്ടികളുമായി കോച്ച് ഗുഹയില്‍ കയറിയത് എന്നൊന്നും ചോദിച്ചിട്ടോ അതിന് ഉത്തരം കിട്ടിയിട്ടോ ഒരു പ്രയോജനവുമില്ല. കുട്ടികള്‍ ഗുഹക്കുള്ളില്‍ ജീവനോടെയുണ്ടോ എന്ന് കണ്ടുപിടിക്കുകയാണ് പ്രധാനം. ആരുടെയാണ് തെറ്റ്, ഏതൊക്കെ മുന്നറിയിപ്പുകള്‍ വേണ്ടിയിരുന്നു എന്നൊക്കെ ഉള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ഇനി എത്രയോ സമയം ബാക്കിയുണ്ട്.

പ്രതീക്ഷ നിലനിര്‍ത്തണം: വെള്ളം കയറിക്കിടക്കുന്ന ഗുഹക്കുള്ളില്‍ കുട്ടികളുണ്ടോ എന്ന് കണ്ടുപിടിക്കുക എളുപ്പമല്ല. മുമ്പ് പറഞ്ഞതുപോലെ ഗുഹയില്‍ ഡൈവ് ചെയ്യുന്നവര്‍ ലോകത്ത് കുറവാണ്. അവര്‍ വന്ന് കാര്യങ്ങള്‍ നിരീക്ഷിച്ച ശേഷം സാവധാനമേ രക്ഷാപ്രവര്‍ത്തനം സാധ്യമാകൂ. അതേസമയം സ്വന്തം മക്കള്‍ ഗുഹയില്‍ അകപ്പെട്ട മാതാപിതാക്കളുടെ വേവലാതി മനസ്സിലാക്കുകയും വേണം. ഈ ദുഖവും ആശങ്കയും എതിര്‍പ്പായി മാറാതെ കുട്ടികളുടെ മാതാപിതാക്കളോടും ബന്ധുക്കളോടും കരുണയോടെ പെരുമാറുന്നതും വിവരങ്ങള്‍ അവരുമായി പങ്കുവെക്കുന്നതും പ്രധാനമാണ്. കുട്ടികളുടെ മാതാപിതാക്കള്‍ ഏറെ ഇമോഷണല്‍ ആവുകയും പൊതുജനം ആ വികാരം ഏറ്റെടുക്കുകയും ചെയ്താല്‍ ‘ഇപ്പൊ ശെരിയാക്കിത്തരാം’ എന്ന തരത്തില്‍ രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടാന്‍ തുടങ്ങും, ധൃതി പിടിച്ചു തെറ്റായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും, കുട്ടികളുടേയും രക്ഷാ പ്രവര്‍ത്തകരുടേയും ജീവന്‍ അപകടത്തില്‍ ആകും.

Image result for thailand-cave-rescue-second-day-live-updates

അന്താരാഷ്ട്ര സഹകരണം പരമപ്രധാനം: ഗുഹയില്‍ മുങ്ങല്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിചയമുള്ളവര്‍ ഏറെ കുറവാണ്. യൂറോപ്പില്‍ വേനലവധി തുടങ്ങിയതിനാല്‍ മിക്കവാറും ആളുകള്‍ അവധിയിലാണ്. ഗുഹയില്‍ ഡൈവ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും ഡൈവിങ് തൊഴിലാക്കിയവരല്ല. അവരൊന്നും സുരക്ഷാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും അല്ല. അവരെ എങ്ങനെ കണ്ടെത്തും? കണ്ടെത്തിയാല്‍ തന്നെ അവര്‍ സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന് വരുമോ? നൂറു വര്‍ഷം മുമ്പോ എന്തിന് അന്‍പത് വര്‍ഷം മുന്‍പാണ് ഇത് സംഭവിച്ചതെങ്കില്‍ കുട്ടികള്‍ക്ക് ദാരുണമായ അന്ത്യമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. കാരണം തായ്ലന്‍ഡിലെ ദുരന്തം ലോകം അറിയുമ്പോഴേക്കും ഒരാഴ്ച കഴിയും. അതിന് പറ്റിയ വിദഗ്ധരെ കണ്ടുപിടിച്ച് തായ്ലന്‍ഡില്‍ എത്തിക്കുമ്പോഴേക്കും മാസം ഒന്ന് കഴിഞ്ഞിട്ടുണ്ടാകും. സമൂഹമാധ്യമത്തിന്റെ ശക്തി തെളിയിക്കുന്ന ഒരു ദുരന്തം കൂടിയാണിത്. ദുരന്തമുണ്ടായി രണ്ടു ദിവസത്തില്‍ ലോകം മുഴുവന്‍ ഇതറിഞ്ഞു. ഗുഹയിലിറങ്ങി പരിചയമുള്ളവരെ കണ്ടെത്താന്‍ തായ് സര്‍ക്കാരിന് അധികം പ്രയാസപ്പെടേണ്ടി വന്നില്ല. കഴിവുള്ളവര്‍ സ്വന്തം ചെലവില്‍ തായ്ലാന്റിലെത്തി. തായ് സര്‍ക്കാരിന്റെ ദുരന്ത നിവാരണ സംവിധാനം അപ്പോഴേക്കും പൂര്‍ണ്ണമായും സജ്ജമായി. ഗുഹാമുഖം അവര്‍ ഏറ്റെടുത്തു.

എത്ര നാള്‍ തിരച്ചില്‍ നടത്തണം ? ഇങ്ങനെ ഒരു സാഹചര്യത്തില്‍ എല്ലാ കുട്ടികളെയും ഒരുമിച്ച് ജീവനോടെ കണ്ടെത്താന്‍ പറ്റുമെന്ന പ്രതീക്ഷ ആര്‍ക്കും തന്നെ ഉണ്ടായിരുന്നിരിക്കാന്‍ വഴിയില്ല. ഗുഹ ആരോഗ്യമുള്ളവര്‍ക്ക് തന്നെ കടന്നുപോകാന്‍ ബുദ്ധിമുട്ടുള്ളതാണ്. ഗുഹയില്‍ ഇടത്താവളങ്ങളും പിരിവുകളുമുണ്ട്. കൂരിരുട്ടില്‍ കൂട്ടം തെറ്റാനും വെള്ളത്തില്‍ വീണു പോകാനുമുള്ള സാധ്യതയാണ് കൂടുതല്‍. ഇത്തരത്തില്‍ ആളുകള്‍ നഷ്ടപ്പെട്ടാല്‍ എത്രനാള്‍ തിരച്ചില്‍ നടത്തണം എന്നത് ദുരന്ത നിവാരണ ഞങ്ങള്‍ കൈകാര്യം ചെയ്യേണ്ട ഒരു പ്രധാന പ്രശ്‌നമാണ്. ഇതിന് എഴുതി വെക്കപ്പെട്ട നിയമങ്ങളില്ല. ഭൂകമ്പത്തില്‍ അകപ്പെട്ടവര്‍ ആഴ്ചകള്‍ക്ക് ശേഷവും, കടലില്‍ അകപ്പെട്ടവര്‍ മാസങ്ങള്‍ക്ക് ശേഷവും രക്ഷെപ്പെട്ട ചരിത്രങ്ങള്‍ ഉണ്ട്. അതേ സമയം, മലേഷ്യന്‍ വിമാനം പോലെ ഏറെ തിരച്ചിലിനു ശേഷവും ഒരു വിവരവും കിട്ടാത്ത സാഹചര്യങ്ങളുമുണ്ട്. തിരച്ചില്‍ ഏറെ പണച്ചിലവുള്ളതാണ്, അപ്പോള്‍ അനന്തമായി തിരയാന്‍ പറ്റില്ല. വന്‍ദുരന്തങ്ങളില്‍ തിരച്ചില്‍ നിര്‍ത്തി, രക്ഷിച്ചവര്‍ക്ക് വീടും ഭക്ഷണവും നല്‍കുന്നതിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന്റെ ശ്രദ്ധ മാറ്റേണ്ടതുണ്ട്.. അപകടത്തില്‍ അകപ്പെട്ട, കാണാതായവരുടെ ബന്ധുക്കള്‍ക്ക് ഏറെ മനോവിഷമമുണ്ടാകുന്ന തീരുമാനമാണിത്. ഏതെങ്കിലും ഒരു സമയത്ത് തിരച്ചില്‍ നിര്‍ത്തിയെ പറ്റൂ. 1972ല്‍ ഉറുഗ്വോയില്‍ നിന്നും ചിലിയിലേക്ക് പോയ റഗ്ബി ടീം ആന്ഡീസ് പര്‍വത നിരയില്‍ വിമാനാപകടത്തില്‍ പെട്ടു. പത്തു ദിവസത്തിന് ശേഷം സര്‍ക്കാര്‍ തിരച്ചില്‍ നിര്‍ത്തി വച്ചിരുന്നു, പക്ഷെ അപകടത്തില്‍ പെട്ടവര്‍ അപ്പോഴും ജീവനോടെ ഉണ്ടായിരുന്നു. കൂട്ടത്തില്‍ ഉള്ള മരിച്ചവരുടെ ശരീരം ഭക്ഷിച്ചു വരെ ആണ് കുറച്ചു പേര്‍ രക്ഷ പെട്ടത്. ഇതുകൊണ്ടൊക്കെ തിരച്ചിലിന്റെ സമയ പരിധി പ്രധാന വിഷയം ആണ്.

Image result for thailand-cave-rescue-second-day-live-updates

ഭാഗ്യത്തിന്, അന്താരാഷ്ട്ര മുങ്ങല്‍ വിദഗ്ദ്ധരെത്തി ഒരാഴ്ചക്കകം എല്ലാ കുട്ടികളെയും ഒരുമിച്ച് സുരക്ഷിതരായി കണ്ടെത്തി. ബ്രിട്ടനില്‍ നിന്നെത്തിയ റിച്ചാര്‍ഡ് സ്റ്റാന്റാനും ജോണ്‍ വോളന്തെന്നും ആണ് കുട്ടികളെ കണ്ടെത്തിയത്. മുന്‍പ് പറഞ്ഞപോലെ ഇവര്‍ മുഴുവന്‍ സമയം ഡൈവിങ് തൊഴിലാളികള്‍ അല്ല. റിച്ചാര്‍ഡ് അഗ്‌നിശമന വിഭാഗത്തില്‍ ആണ്, ജോണ്‍ ഇന്റര്‍നെറ്റ് എന്‍ജിനീയറും. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ പോലും രോമാഞ്ചം ഉണ്ടാകുന്ന ഒരു നിമിഷമാണ് കുട്ടികളെ അവര്‍ കണ്ടെത്തിയ സമയം. ലോകം മുഴുവന്‍ നോക്കിയിരിക്കുന്ന ആ വാര്‍ത്തയുമായി തിരിച്ച് നാലു മണിക്കൂര്‍ മുങ്ങിയും നടന്നും വരുമ്പോഴേക്കും അവര്‍ക്ക് അഡ്രിനാലിന്റെ അതിപ്രസരം ഉണ്ടാകാതിരുന്നത് ഭാഗ്യം.

ആശയങ്ങളുടെ കുത്തൊഴുക്ക്: കുട്ടികളെ കണ്ടു, സുരക്ഷിതരാണെന്ന് അറിഞ്ഞു. ആദ്യം പോയവര്‍ വഴി കാണിക്കാനായി ഒരു ‘ഗൈഡ് റോപ്പ്’ ഇട്ടതിനാല്‍ വീണ്ടും അവിടെയെത്താനും സാധിക്കും. എന്നാല്‍ എങ്ങനെയാണ് കുട്ടികളെ സുരക്ഷിതരായി പുറത്തെത്തിക്കുന്നത്? വെള്ളം താഴണമെങ്കില്‍ നവംബര്‍ ആകും. അതിനിടയില്‍ വീണ്ടും വെള്ളം പൊങ്ങിയാല്‍ കുട്ടികളിരിക്കുന്ന സ്ഥലം പോലും മുങ്ങിയേക്കാം. നാലുമാസം കാത്തിരിക്കാം എന്നുവെച്ചാലൂം റിസ്‌ക്ക് തന്നെ.

ലോകത്ത് പലയിടത്ത് നിന്നും ആശയങ്ങള്‍ പറന്നെത്തി. ഓക്‌സിജന്‍ സപ്ലൈ ഉള്ള ഒരു കാപ്‌സ്യൂള്‍ ഉണ്ടാക്കി അതില്‍ കുട്ടികളെ കിടത്തി വലിച്ചു പുറത്തിറക്കിയാലോ എന്ന് അനേകം പേര്‍ ചിന്തിച്ചു. ചിലിയിലെ ഖനിത്തൊഴിലാളികളെ ഇങ്ങനെയാണ് പുറത്തു കൊണ്ടുവന്നത്. എന്നാല്‍ ഗുഹ, ഭൂമിക്കടിയിലെ ഖനി പോലെയല്ല. കയറ്റങ്ങളും ഇറക്കങ്ങളുമുണ്ട്. കക്കൂസ് ക്‌ളോസറ്റിന്റെ പുറകിലെ വെള്ളത്തിന്റെ പൈപ്പ് പോലെ യു ഷെയ്പ്പില്‍ ഉള്ള ഒരു ട്രാപ്പിലാണ് വെള്ളം നിറഞ്ഞുനില്‍ക്കുന്നത്. അതില്‍ക്കൂടി കാപ്‌സ്യൂള്‍ പുറമെനിന്ന് വലിച്ചെടുക്കാന്‍ പറ്റില്ല. അതിനിടയില്‍ എവിടെയെങ്കിലും തങ്ങിപ്പോയാല്‍ മരണം നിശ്ചയം.

Image result for thailand-cave-rescue-second-day-live-updates

ചിലിയില്‍ ചെയ്ത പോലെ മുകളില്‍ നിന്നും ഒരു തുരങ്കം ഉണ്ടാക്കുക്ക എന്നതായി അടുത്ത ചിന്ത. ഇതിനും പല റിസ്‌ക് ഉണ്ട്. ചുണ്ണാമ്പുകല്ലുപോലെ മൃദുവായ പാറയാണ് അകത്ത്. തുരങ്കം ഉണ്ടാക്കാന്‍ വേണ്ടി മല തുരക്കുമ്പോള്‍ അത് ഇടിഞ്ഞു വീഴാനും മതി. പോരാത്തതിന് കുട്ടികള്‍ കൃത്യമായി എവിടെയാണെന്ന് മുകളില്‍ നിന്നും അറിയില്ല. അതറിയാന്‍ നടത്തിയ അനവധി ബോറിങ്ങുകളില്‍ ഒന്ന് പോലും ലക്ഷ്യത്തില്‍ എത്തിയതും ഇല്ല.

കുട്ടികളെ ഡൈവിങ്ങും നീന്തലും പഠിപ്പിക്കുക എന്നതായിരുന്നു മറ്റൊരു ചിന്ത. ഏറ്റവും പരിചയസമ്പന്നരായ ഡൈവര്‍മാര്‍ പോലും മടിക്കുന്ന കാര്യമാണ്, ഗുഹയിലെ സീറോ വിസിബിലിറ്റിയിലുള്ള ഡൈവിങ്. നീന്തല്‍ പോലും അറിയാത്ത കുട്ടികളെ ഡൈവിങ് പഠിപ്പിച്ച് പുറത്തെത്തിക്കുന്നത് അസാധ്യം തന്നെ.

ഗുഹാമുഖത്ത് നിന്നും ഒരു വലിയ ട്യൂബ് നമ്മുടെ ഫയര്‍ ഫോഴ്സിന്റെ ഹോസ് പോലെ, പക്ഷെ രണ്ടടിയെങ്കിലും വ്യാസമുള്ളത്, കുട്ടികളുള്ള ഇടത്തേക്ക് എത്തിച്ച് അതില്‍ വായു നിറച്ച് കുട്ടികളെ അതിലൂടെ വലിച്ചു പുറത്തെടുത്താലോ എന്നായിരുന്നു അമേരിക്കന്‍ ബില്യണയറായ എലോണ്‍ മസ്‌ക്കിന്റെ ആശയം. അത്തരം സംവിധാനങ്ങള്‍ ഒരുക്കണമെങ്കില്‍ തന്നെ മാസങ്ങള്‍ വേണ്ടിവരും. അതിനുള്ള സാവകാശമില്ല.

പിന്നെയുള്ളത് കുട്ടികളെ മുതിര്‍ന്ന രണ്ടു ഡൈവര്‍മാര്‍ ഓക്‌സിജനും കൊടുത്ത് കൂടെ കൊണ്ടുപോരുക എന്നതാണ്. കുറേ ഭാഗത്തെങ്കിലും വെള്ളത്തിനടിയിലൂടെയാണ് യാത്ര. ഓക്‌സിജന്‍ മാസ്‌ക്ക് വേണം, ടാങ്കുകളും. ഓക്‌സിജന്‍ ടാങ്കുകള്‍ പുറത്തു കെട്ടിയിട്ടാണ് ഡൈവര്‍മാര്‍ മുങ്ങുന്നത്. പത്ത് വയസ്സുള്ള കുട്ടികള്‍ക്ക് ഈ ടാങ്ക് വഹിക്കാനുള്ള ശേഷിയില്ല. അതും മറ്റൊരാള്‍ വഹിക്കേണ്ടിവരും. ഗുഹയില്‍ ചിലയിടങ്ങളില്‍ ഒരാള്‍ക്കും ഒരു ടാങ്കിനും കൂടി കടന്നുപോകാനുള്ള ഇടമില്ല. അപ്പോള്‍ രണ്ടു ടാങ്കുകളുമായി ഒരാള്‍ എങ്ങനെ വരും?. കുട്ടികള്‍ പേടിച്ചാലോ, മാസ്‌ക് വലിച്ചു കളഞ്ഞാലോ ?. വെള്ളത്തില്‍ മുങ്ങിയാല്‍ പിന്നെ എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരുടെയും ജീവന്‍ അപകടത്തില്‍ ആകും.

Image result for thailand-cave-rescue-second-day-live-updates

എന്തൊക്കെ വഴികള്‍ ആലോചിച്ചാലും അതിലൊക്കെ റിസ്‌ക്കുണ്ട്. സാധാരണഗതിയില്‍ മുതിര്‍ന്നവരാണ് അപകടത്തില്‍ പെട്ടിരിക്കുന്നതെങ്കില്‍ അവരോട് കാര്യങ്ങള്‍ വിശദീകരിക്കാം, അവരുടെ അഭിപ്രായം ആരായാം. ഇവിടെ അതിനുള്ള സാധ്യതയില്ല. കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് ദേശീയ ദുരന്തമാകും. ഈ സമയത്താണ് ദുരന്തനിവാരണത്തിന്റെ മാനേജര്‍മാരുടെ മനോബലവും ജഡ്ജ്മെന്റും പരിശോധിക്കപ്പെടുന്നത്. ഇവിടയെയാണ് തീരുമാനം പ്രൊഫഷണല്‍സിന് വിടേണ്ടതിന്റെ പ്രാധാന്യം. മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും, എന്തിന് ബന്ധുക്കളും നാട്ടുകാരും ഒക്കെ ഇടപെട്ടാല്‍ തീരുമാനം തെറ്റും എന്നതില്‍ സംശയം വേണ്ട. സാധാരണഗതിയില്‍ മറ്റുള്ളവരെ എല്ലാം മാറ്റി നിര്‍ത്തി പ്രൊഫഷണല്‍സ് തമ്മില്‍ ചര്‍ച്ച ചെയ്ത് ഓരോ തീരുമാനത്തിന്റെയും സാധ്യതകള്‍ വിലയിരുത്തിയാണ് ഈ തീരുമാനം എടുക്കുന്നത്. ഒരു ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂം ഉണ്ടാകേണ്ടത് ഇതിന് വേണ്ടിയാണ്.

Image result for thailand-cave-rescue-second-day-live-updates

രക്ഷാപ്രവര്‍ത്തനത്തിന് ആളുകളെ സജ്ജമാക്കുക: ഏത് രീതിയിലാണ് രക്ഷാപ്രവര്‍ത്തനം മുന്നേറുന്നതെങ്കിലും രണ്ടു കാര്യങ്ങള്‍ ചെയ്‌തേ പറ്റൂ. ഒന്ന്, കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുക. രണ്ട്, മാതാപിതാക്കളെ ദുരന്തസാധ്യതകള്‍ ബോധിപ്പിച്ച് എന്തിനും തയ്യാറാക്കുക.

പത്തുദിവസം പട്ടിണിയായിരുന്ന കുട്ടികള്‍ ആദ്യം ചോദിച്ചത് ഭക്ഷണമാണ്. ഖരഭക്ഷണം ഒറ്റയടിക്ക് കൊടുക്കാനും പാടില്ല. അവരുടെ ആരോഗ്യം നിരീക്ഷിക്കുകയും വേണം. ഗുഹയില്‍ മുങ്ങാന്‍ അറിയാവുന്ന, ഡോക്ടറായ ഒരാള്‍ വേണം. അങ്ങനൊരാള്‍ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ തയ്യാറാകുകയും വേണം. ഭാഗ്യത്തിന് ഇങ്ങനൊരാള്‍ ഓസ്ട്രേലിയന്‍ സംഘത്തിലുണ്ടായിരുന്നു, ഡോക്ടര്‍ റിച്ചാര്‍ഡ് ഹാരിസ്. ഡോക്ടറുമാണ് ഗുഹയില്‍ ഡൈവ് ചെയ്യുന്ന ആളുമാണ്, ഗുഹയിലേക്ക് പോകാന്‍ അദ്ദേഹം തയ്യാറുമാണ്. അദ്ദേഹം കുട്ടികളെ പരിശോധിച്ച്, അവരുടെ ഭക്ഷണ ക്രമം ക്രമീകരിച്ച്, ധൈര്യം നല്‍കി അവരോടൊപ്പം നിന്നു.

Image result for thailand-cave-rescue-second-day-live-updates

ഓക്‌സിജന്‍ കുറയുന്നു: പതിമൂന്ന് പേരുള്ള ഇടുങ്ങിയ സ്ഥലത്ത് പത്തു ദിവസം കഴിയുമ്പോള്‍ വായുവിലെ അന്തരീക്ഷത്തിന്റെ അളവ് കുറയും. പോരാത്തതിന് കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ എല്ലാ ദിവസവും എത്തുന്നു. അങ്ങനെ ഓക്‌സിജന്റെ അളവ് പതുക്കെ കുറഞ്ഞു വന്നു. ഇത് പ്രശ്‌നം വഷളാക്കും, നമ്മുടെ വാഗണ്‍ ട്രാജഡി ഉണ്ടായത് അങ്ങനെയാണ്. തായ്ലന്‍ഡിലെ ഗുഹകളില്‍ ഓക്‌സിജന്റെ അളവ് ഇരുപത്തിയൊന്ന് ശതമാനത്തില്‍ നിന്നും പതിനഞ്ചായി. വേഗത്തില്‍ ഓക്‌സിജന്‍ എത്തിക്കുക എന്നതും അത്യാവശ്യമായി വന്നു.

കുട്ടികളുള്ള സ്ഥലത്തേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന ജോലികളിലായിരുന്നു ഡൈവിങ് വിദഗ്ധനായ സമാന്‍ ഗുണാന്‍ തായ് നേവിയിലെ ഉദ്യോഗസ്ഥനായി റിട്ടയര്‍ ചെയ്ത ആളാണ്. ദുരന്ത മുഖത്തേക്ക് സഹായവുമായി ഓടിയെത്തിയതാണ്. (ഒരു ദുരന്തമുണ്ടാകുമ്പോള്‍ റിട്ടയര്‍ ചെയ്തവര്‍ അതില്‍ ഉള്‍പ്പെടുന്നത് ലോകത്തിലെ ഒരു നല്ല രീതിയാണ്. ഫുക്കഷിമയിലെ ന്യുക്ലിയര്‍ പ്ലാന്റിലെ റിട്ടയര്‍ ചെയ്തവരും ഇങ്ങനെ തിരിച്ചെത്തിയിരുന്നു. നിപയുടെ സമയത്തും കേരളത്തിലെ റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാരോട് ഈ ആവശ്യം പറഞ്ഞിരുന്നു, കേരളത്തില്‍ സാധാരണ യുവാക്കള്‍ ഒക്കെയാണ് ദുരന്ത നിവാരണ സംഘങ്ങള്‍ ഉണ്ടാക്കുന്നത്, പക്ഷെ പരിചയ സമ്പന്നരും റിട്ടയര്‍ ചെയ്തവരും വിദേശത്ത് ജോലി ചെയ്തിട്ടുള്ളവരുടെ ഒക്കെ വിവരം നമ്മള്‍ ശേഖരിച്ചു വക്കണം, എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ല ). കുട്ടികള്‍ ഉള്ളിടത്തേക്ക് ഓക്‌സിജന്‍ എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി. തിരിച്ചുവരുമ്പോള്‍ അദ്ദേഹത്തിന്റെ ടാങ്കില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഇല്ലാതെയായി അദ്ദേഹം ബോധം കെട്ടു. രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ല. രക്ഷാപ്രവര്‍ത്തനത്തിലെ ഒന്നാമത്തെ കാഷ്വാലിറ്റിയായി അദ്ദേഹം. തികച്ചും ഒരു ഹീറോ ആണിയാള്‍.

Image result for thailand-cave-rescue-second-day-live-updates

വലിയ തയ്യാറെടുപ്പുകള്‍: പതിമൂന്നാം ദിവസം രണ്ടു കാര്യങ്ങളുണ്ടായി. തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്തതിന്റെ ഫലമായി ജലനിരപ്പ് താഴ്ന്നു. അങ്ങനെ മുങ്ങി തരണം ചെയ്യേണ്ട ദൂരം കുറഞ്ഞു. അതോടൊപ്പം അധികം താമസിയാതെ മഴ വരുന്നു എന്ന അറിയിപ്പും. കുട്ടികളെ രക്ഷിക്കാനുള്ള സമയമായെന്ന് ഉറപ്പായി. ഓരോ കുട്ടികളുടെ കൂടെയും രണ്ടു ഡൈവര്‍മാരാണ് പുറത്തു സഞ്ചരിക്കുന്നതെങ്കിലും തൊണ്ണൂറു പേരുള്ള സംഘമാണ് ഗുഹക്കകത്ത് തയ്യാറെടുപ്പ് നടത്തുന്നത്. ഗുഹയില്‍ രണ്ട് കിലോമീറ്റര്‍ ഉള്ളില്‍ ഒരു ബേസ് കാമ്പ് ഉണ്ടാക്കി. ഗുഹയില്‍ എല്ലായിടത്തും ഓക്‌സിജന്‍ സ്റ്റോക്ക് ചെയ്തു. അറുപത് പേരാണ് ഗുഹ ഡൈവിങ്ങില്‍ പരിചയമുള്ളവര്‍. മുപ്പത് പേര്‍ നേവി ഉദ്യോഗസ്ഥരാണ്. ഓരോ വളവിലും തിരിവിലും മുങ്ങുന്നവര്‍ക്ക് സഹായവുമായി ഇവരുണ്ട്. ഗുഹക്ക് പുറത്ത് ആര്‍മി ഒരു ഫീല്‍ഡ് ഹോസ്പിറ്റല്‍ ഉണ്ടാക്കി. അവിടെനിന്നും ആംബുലന്‍സ്, മെഡിക്കല്‍ ഹെലികോപ്റ്റര്‍ എന്നിവയും. അടുത്ത വലിയ നഗരമായ ചിയാംഗ് റായ് പകലും രാത്രിയും സജ്ജമായി.

Image result for thailand-cave-rescue-second-day-live-updates
അലക്ക് മുതല്‍ ബിരിയാണി വരെ: രക്ഷാപ്രവര്‍ത്തനം തായ് ജനത പകലും രാത്രിയും ശ്രദ്ധിക്കുകയും ചര്‍ച്ച ചെയ്യുകയുമാണ്. രക്ഷാപ്രവര്‍ത്തകരുടെ ചിത്രം കണ്ട രവിന്‍മാര്‍ട്ട് ലുലെര്‍ട്ട് ശ്രദ്ധിച്ചത് അവരുടെ വസ്ത്രങ്ങളിലെ അഴുക്കാണ്. അവര്‍ ചെന്ന് കാര്യമന്വേഷിച്ചു. സംഗതി ഇതാണ്, രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയ പലര്‍ക്കും ഉടുതുണിക്ക് മറുതുണിയില്ല. ദിവസങ്ങളായി ഒരേ വസ്ത്രം ധരിച്ചിരുന്നവരുടെ വസ്ത്രം അലക്കലും ആവശ്യമായ തുന്നല്‍ പണിയും അവര്‍ ഏറ്റെടുത്തു. രാത്രി ഒമ്പത് മണിക്ക് അവര്‍ ഗുഹാമുഖത്തെത്തും. തുണിയെല്ലാം കൊണ്ടുപോയി അലക്കിയുണക്കി രാവിലെ തിരിച്ചെത്തും. ഇവര്‍ മാത്രമല്ല, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം എത്തിക്കുന്നതും കുട്ടികളുടെ ബന്ധുക്കളെ ഗുഹാമുഖത്തേക്കും തിരിച്ചും എത്തിക്കുന്നതുമെല്ലാം സന്നദ്ധ പ്രവര്‍ത്തകരാണ്. സമ്പന്നമായ ഒരു ജനതയല്ല തായ്ലാന്‍ഡിലേത്. എന്നാല്‍ സഹാനുഭൂതി ഏറെയുണ്ട് താനും. ഗുഹയില്‍ മുങ്ങി സഹായിക്കാന്‍ പറ്റാത്തവര്‍ തുണിയലാക്കിയും ഭക്ഷണമുണ്ടാക്കിയും പണമയച്ചും സഹായിക്കുന്നത് നമ്മള്‍ കണ്ടു പഠിക്കണം.

Image result for thailand-cave-rescue-second-day-live-updates

D-Day വരുന്നു: രണ്ടാം ലോകമഹായുദ്ധ കാലത്തെ ഒരു പ്രയോഗമാണ് ഡി ഡേ. നോര്‍മണ്ടിയില്‍ സഖ്യകക്ഷികള്‍ ധാരാളമായി വന്നിറങ്ങി കരയുദ്ധം തുടങ്ങുന്നതിനെ സൂചിപ്പിക്കുന്നതാണിത്, 1944 ജൂണ് ആയിരുന്നു ഒറിജിനല്‍ ഡി ഡേ. പക്ഷെ അതിനു ശേഷം സുപ്രധാനമായ എന്തെങ്കിലും തുടങ്ങാനുള്ള ദിവസത്തെ ഡി ഡേ എന്ന് വിളിക്കാന്‍ തുടങ്ങി. തായ്ലാന്റിലും രക്ഷാപ്രവര്‍ത്തനം തുടങ്ങുന്ന ദിവസത്തെ അങ്ങനെ ആണ്, പേരിട്ടത്. ജൂലൈ എട്ട്, ഞായറാണ് അതിനായി തെരഞ്ഞെടുത്തത്.

Image result for thailand-cave-rescue-second-day-live-updates

സുപ്രധാനമായ ഒരു തീരുമാനം ബാക്കിയുണ്ട്: പന്ത്രണ്ട് കുട്ടികളില്‍ ആരെയാണ് ആദ്യം രക്ഷപെടുത്തേണ്ടത്? ചിലിയിലെ ഖനിത്തൊഴിലാളികളുടെ കാര്യത്തില്‍ ഏറ്റവും ക്ഷീണിതരെയാണ് ആദ്യം പുറത്തെത്തിച്ചത്. ഇവിടെ അത് സ്വാഭാവികമായ തീരുമാനമല്ല. പരിചയസമ്പന്നനായ ഡൈവര്‍ പോലും മരിച്ച പാതയാണ്. ഏറ്റവും ക്ഷീണിതനായ ആളെ പുറത്തെത്തിക്കാന്‍ ശ്രമിക്കുകയും അപകടം സംഭവിക്കുകയും ചെയ്താല്‍ എല്ലാവരുടെയും മനോധൈര്യം ചോര്‍ന്നുപോകും. അപ്പോള്‍ അല്പം കരുത്തുള്ളവരെ പുറത്തെത്തിച്ച് പദ്ധതിയുടെ ഫീസിബിലിറ്റി പരീക്ഷിക്കുന്നതാണ് കൂടുതല്‍ മെച്ചം എന്ന് തോന്നാം. അതേ സമയം കൊച്ചുകുട്ടികളെ ആദ്യം പുറത്തെത്തിച്ചില്ലെങ്കില്‍ അവരുടെ ധൈര്യവും പോയേക്കാം. അപ്പോള്‍ ഏതു തീരുമാനത്തിനും പ്ലസും മൈനസും ഉണ്ട്. കുട്ടികളുടെ കൂടെ എത്തി അവരെ പരിശോധിച്ച് ധൈര്യം നല്‍കിയ റിച്ചാര്‍ഡ് ഹാരിസ് എന്ന ഡോക്ടര്‍ ആണ് ഈ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിച്ചതെന്നാണ് വായിച്ചത്.

പല ദുരന്ത ഘട്ടങ്ങളിലും ഇത്തരം വിഷമം പിടിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിട്ടുണ്ട് ഭൂമികുലുക്കം ഉണ്ടാകുമ്പോള്‍ പതിനായിരങ്ങള്‍ക്കാണ് പരിക്കേല്‍ക്കുക. ആയിരങ്ങള്‍ക്ക് ഗുരുതര പരിക്കും. അതില്‍ കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, കൈയോ കാലോ ഒടിഞ്ഞവര്‍, തല പൊട്ടിയവര്‍, ബോധം പോയവര്‍ ഒക്കെയുണ്ടാകാം. ഇവരെ അടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ഹെലികോപ്റ്ററില്‍ ഇരുപത് സീറ്റേയുള്ളു. അതാര്‍ക്ക് കൊടുക്കുമെന്നത്, ആര് ജീവിക്കണം മരിക്കണം എന്നത് പോലെയുള്ള ഒരു തീരുമാനമാണ്. എങ്ങനെയാണ് ആ തീരുമാനം എടുക്കുന്നതെന്ന് പിന്നീട് എഴുതാം. ഒന്നുമാത്രം ഇപ്പോള്‍ പറയാം, ദുരന്തം കഴിഞ്ഞാലും നമ്മെ പിന്തുടരുന്ന ഓര്‍മ്മ ഈ തീരുമാനത്തിലെ ശരി തെറ്റുകളാണ്.

വാര്‍ത്തയുടെ നിയന്ത്രണം: ദുരന്തസമയത്ത് എല്ലാ വിവരങ്ങളും അപ്പപ്പോള്‍ പങ്കുവെച്ചാല്‍ അത് കുടുംബങ്ങളെ കൂടുതല്‍ വിഷമത്തിലാക്കും, രക്ഷാപ്രവര്‍ത്തകര്‍ക്ക് സമ്മര്‍ദ്ദവും കൂടും . കുറച്ച് വിവരങ്ങളെങ്കിലും പങ്കുവെച്ചില്ലെങ്കില്‍ ഊഹാപോഹങ്ങള്‍ പറന്നുനടക്കുകയും ചെയ്യും. ആദ്യം പുറത്തുവിട്ട വീഡിയോയില്‍ കോച്ചിനെ കാണാതിരുന്നപ്പോള്‍ തന്നെ ഊഹാപോഹങ്ങളുണ്ടയി. കുറ്റബോധം കൊണ്ട് അദ്ദേഹം പിന്നിലേക്ക് മാറിയതാണെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നു. അപ്പോള്‍ ഏതു വാര്‍ത്തകള്‍ എപ്പോള്‍ പങ്കുവെക്കണം എന്നത് പ്രധാനമാണ്.

ഇതുവരെ വാര്‍ത്തകള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ തായ് സര്‍ക്കാര്‍ നന്നായി വിജയിച്ചു. ആദ്യമേ തന്നെ രക്ഷാപ്രവര്‍ത്തനം നാലു മാസം വരെ നീളുമെന്ന് പറഞ്ഞ് ആളുകളുടെ അമിത പ്രതീക്ഷ ഒഴിവാക്കി. രക്ഷാപ്രവര്‍ത്തകന്റെ മരണം പുറത്തുപറഞ്ഞ് അവരുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. ഇനിയുള്ള നാല്പത്തിയെട്ട് മണിക്കൂര്‍ പ്രധാനമാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ എന്ത് സംഭവിച്ചാലും അത് തടസ്സമില്ലാതെ മുന്നേറണം. അകത്തുള്ള കുട്ടികളിലോ പുറത്തുള്ള മാതാപിതാക്കളിലോ ഒട്ടും സംഘര്‍ഷമുണ്ടാകാതെയും നോക്കണം. മാധ്യമങ്ങള്‍ക്ക് രക്ഷാപ്രവര്‍ത്തകരോടോ, ആശുപത്രികളോടോ, രക്ഷപെട്ട കുട്ടികളോടോ സംസാരിക്കാനുള്ള അവസരമുണ്ടാകാതിരിക്കാനാണ് സാധ്യത. ഇനി രക്ഷാപ്രവര്‍ത്തനം മുഴുവന്‍ കഴിഞ്ഞു അവസാനത്തെ കുട്ടിയും പുറത്തു വന്നു കഴിഞ്ഞേ കൃത്യമായ വിവരം കിട്ടൂ.

എങ്ങനെയാണ് മാധ്യമങ്ങള്‍ പെരുമാറുന്നതെന്നും നമ്മള്‍ ശ്രദ്ധിക്കണം. ലോകത്തെമ്പാടുനിന്നും നൂറുകണക്കിന് ചാനലുകള്‍ തായ്ലന്‍ഡില്‍ ഉണ്ട്. പക്ഷെ അവര്‍ എല്ലാം സഹകരണത്തോടെയും സഹാനുഭൂതിയോടെയും ആണ് വാര്‍ത്തകള്‍ പുറത്തു വിടുന്നത്. ഇതുവരെ കുറ്റപ്പെടുത്തലുകളില്ല. മന്ത്രിമാരുടെയോ രക്ഷാപ്രവര്‍ത്തകരുടെയോ മുന്നിലേക്ക് മൈക്കുമായി ആരും ചാടിവീഴുന്നില്ല, ആരും ആശുപത്രിയില്‍ നുഴഞ്ഞു കയറുന്നില്ല. പുറത്തുവന്ന കുട്ടികളുടെ അണ്ണാക്കില്‍ മൈക്ക് കുത്തിക്കയറ്റി ”കുട്ടി പറയണം, ഏറെ ബുദ്ധിമുട്ടിയാണ് കുട്ടിയെ പുറത്തെടുത്തത്” എന്ന് പറയുന്നില്ല. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്.

Image result for thailand-cave-rescue-second-day-live-updates

ദുരന്തത്തില്‍ നിന്നും ടെക്സ്റ്റ് ബുക്കിലേക്ക്: ഏതു തരത്തില്‍ തന്നെ ഈ ദുരന്തം അവസാനിച്ചാലും ഇതൊരു ടെക്സ്റ്റ് ബുക്ക് ഉദാഹരണം ആകുമെന്നതില്‍ സംശയം വേണ്ട. പന്ത്രണ്ട് ചെറിയ കുട്ടികളുടെ പ്രതീക്ഷ കൈവിടാതെ ഒരു നേതാവ് അവരെ പത്തു ദിവസം എങ്ങനെ സംരക്ഷിച്ചു എന്നത് ദുരന്ത നിവാരണ രംഗത്തെയും, സര്‍വൈവല്‍ രംഗത്തേയും നേതൃത്വ പരിശീലന രംഗത്തെയും പഠന വിഷയമാകാന്‍ പോകുകയാണ്. നേതൃത്വ പരിശീലകര്‍ മണ്ണിനടിയില്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയാലും അത്ഭുതപ്പെടേണ്ട. അതേ സമയം ഇതില്‍ ഉള്‍പെട്ടവരുടെ മാനസിക ആരോഗ്യം ഏറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കുട്ടികളോടും മാതാപിതാക്കളോടുമുള്ള ഉത്തരവാദിത്തം താന്‍ നിറവേറ്റിയില്ല എന്ന കുറ്റബോധത്തില്‍ നിന്നും കോച്ചിനെ മനോധൈര്യം കൊടുത്ത് പുറത്തു കൊണ്ടുവരണം. കുട്ടികള്‍ക്കും ഏറെ നാളത്തെ കൗണ്‍സിലിംഗ് ആവശ്യമായി വരും.

Image result for thailand-cave-rescue-second-day-live-updates

നിങ്ങള്‍ തായ്ലന്‍ഡിലെ മന്ത്രിമാരെ കണ്ടിരുന്നോ : ഇത്ര വലിയ സംഭാവമുണ്ടായിട്ടും അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുഴുവന്‍ അവിടെ വന്ന് തമ്പടിച്ചിട്ടും അവിടുത്തെ മന്ത്രിമാരെ കാമറക്ക് മുന്നില്‍ കണ്ടിരുന്നോ? ചിരിച്ച് സെല്‍ഫിയെടുത്ത് കുട്ടികളുടെ വീട്ടില്‍ ചെന്നത് അവര്‍ എവിടെയെങ്കിലും പോസ്റ്റ് ചെയ്തു കണ്ടോ? ശ്രദ്ധിക്കേണ്ട കാര്യമാണ്. ഒരു ദുരന്തമുണ്ടാകുമ്പോള്‍ ദുരന്തമുഖത്തേക്ക് ഓടിയെത്തുന്നതല്ല, മന്ത്രിയുടെ പണി. ദുരന്തം മാനേജ് ചെയ്യാന്‍ ഏറ്റവും കഴിവുള്ളവരെ ഓണ്‍ സീന്‍ കമാന്‍ഡര്‍ ആയി നിയമിക്കുക, അയാളുടെ തീരുമാനത്തില്‍ ഇടപെടാതിരിക്കുക, അയാള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നാട്ടില്‍ നിന്നോ വിദേശത്ത് നിന്നോ എത്തിച്ചു കൊടുക്കുക, അവര്‍ക്ക് നാട്ടുകാരില്‍ നിന്നോ മാധ്യമങ്ങളില്‍ നിന്നോ എന്തെങ്കിലും പ്രയാസം നേരിടുന്നുണ്ടെങ്കില്‍ അത് പരിഹരിക്കുക, ആളും പരിവാരങ്ങളുമായി ദുരന്ത മുഖത്തെത്തി അവരുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താതിരിക്കുക എന്നതൊക്കെയാണ്. മാതൃകാപരമായ പ്രവര്‍ത്തനമാണ് തായ്ലന്‍ഡ് ഇക്കാര്യത്തില്‍ കാഴ്ച വെച്ചത്. ഇതും ദുരന്ത ലഘൂകരണ രംഗത്തെ കേസ് സ്റ്റഡി ആകുമെന്നതില്‍ സംശയമില്ല.

Image result for thailand-cave-rescue-second-day-live-updates

തായ്ലാന്‍ഡിന്റെ പുതിയ മുഖം: ഞാന്‍ പല തവണ പോയിട്ടുള്ള, എനിക്ക് വലിയ ഇഷ്ടമുള്ള ഒരു സ്ഥലമാണ് തായ്ലന്‍ഡ്. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ മുതല്‍ ഓട്ടോ (ടുക്ക് ടുക്ക്) ഡ്രൈവര്‍മാര്‍ വരെ ചിരിച്ചുകൊണ്ട് മാന്യമായി പെരുമാറുന്ന സ്ഥലമാണ്. കേരളം പോലെ തോന്നിക്കുന്ന, ഏകദേശംകേരളത്തിന്റെ ഇരട്ടി ജനസംഖ്യയും ആളോഹരി വരുമാനവും ഉള്ള നാടാണ്. ടൂറിസം ഒരു പ്രധാന വരുമാനമാണ്. ഏഴുകോടി ജനസംഖ്യയുള്ള തായ്ലന്‍ഡില്‍ മൂന്ന് കോടി വിദേശ ടൂറിസ്റ്റുകള്‍ ആണ് വരുന്നത്. മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തില്‍ അത് പത്തുലക്ഷത്തില്‍ താഴെയാണ്. നൂറു രൂപക്ക് മുതല്‍ റൂം കിട്ടും, ഏത് ഗ്രാമത്തിലും ടൂറിസ്റ്റുകള്‍ക്ക് സൗകര്യങ്ങള്‍ ഉണ്ട്, ടൂറിസ്റ്റുകള്‍ക്ക് മാത്രമായി പോലീസ് ഉണ്ട്, ലോകത്തെവിടെ നിന്നും തായ്ലാന്‍ഡിലേക്കുള്ള വിമാന ചാര്‍ജ്ജ് ഏറെ കുറവാണ് (ജനീവയില്‍ നിന്നും ഡല്‍ഹിയില്‍ വരാനുള്ള ചാര്‍ജിന്റെ പകുതിയാണ് ബാങ്കോക്കില്‍ പോകാനുള്ളത്, ഡല്‍ഹിയുടെ മുകളിലൂടെ വീണ്ടും മൂന്നുമണിക്കൂര്‍ പറക്കണം എങ്കിലും). പക്ഷെ ടൂറിസം മാത്രമല്ല കാറുകള്‍ തൊട്ടു കമ്പ്യൂട്ടര്‍ വരെ നിര്‍മ്മിക്കുന്ന മാനുഫാക്ച്ചറിങ്ങ് ഹബ് കൂടിയാണ്. ഇതൊക്കെ ആണെങ്കിലും നമുക്ക് മലയാളികള്‍ക്ക് തായ്ലന്‍ഡ് എന്നാല്‍ ഒറ്റ ചിന്തയേയുള്ളു. അത് മാറാനും ആ രാജ്യത്തിന്റെ കഴിവും റെസിലിയന്‍സും അറിയാനുമുള്ള ഒരവസരം കൂടിയായി ഇത്…

(ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മുരളി തുമ്മാരുകുടി. അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്)

Advertisement