Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

റിസർവ് ബാങ്ക് ഉണ്ടായ കഥ

, 12:27 pm

ജോർജ് ജോസഫ്

സാമ്പത്തിക ലോകത്ത് ഇന്ന് ഏറ്റവും സജീവമായ ചർച്ച റിസർവ് ബാങ്കും കേന്ദ്ര സർക്കാരും തമ്മിലുള്ള രൂക്ഷമായ തർക്കമാണ്. ഇതിൽ മനംമടുത്ത് ഉർജിത് പട്ടേൽ ഗവർണർ സ്ഥാനം രാജി വെച്ചേക്കുമെന്ന റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എങ്ങിനെയാണ് റിസർവ് ബാങ്ക് ഉണ്ടായത് എന്ന് അറിയാൻ കൗതുകമില്ലേ ?

1913ലാണ് ബ്രിട്ടീഷ് ഇന്ത്യക്ക് ഒരു കേന്ദ്ര ബാങ്ക് വേണമെന്ന ആശയം ഉടലെടുക്കുന്നത്. ക്യാപിറ്റലിസ്റ്റ് സാമ്പത്തിക സിദ്ധാന്തങ്ങളുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കാവുന്ന ജോൺ മെയ്നാഡ് കെയ്ൻസ് ആണ് ഇത് സർക്കാരിന് മുൻപാകെ ഉന്നയിക്കുന്നത്. എന്നാൽ തൊട്ടടുത്ത വർഷം ഒന്നാം ലോക മഹായുദ്ധം ആരംഭിച്ചതോടെ ഇതിനു വലിയ മുൻ‌തൂക്കം ലഭിച്ചില്ല. 1919ൽ യുദ്ധം അവസാനിച്ചുവെങ്കിലും 1925ലാണ് ഈ ആശയം വീണ്ടും പൊടിതട്ടി എടുക്കുന്നത്. 1926ൽ ഹിൽട്ടൺ യങ്‌ എന്ന പാർലമെന്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഇതിനായി ഒരു കമ്മീഷൻ രൂപീകരിച്ചു. ‘റോയൽ കമ്മീഷൻ ഓൺ ഇന്ത്യൻ കറൻസി ആൻഡ് ഫിനാൻസ്’ എന്ന പേരിലാണ് കമ്മീഷൻ രൂപീകൃതമായത്.

റിസർവ് ബാങ്ക് എന്ന പേരിൽ ഒരു ബാങ്ക് രൂപീകരിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തു. എന്നാൽ ഇതിന്റെ നേതൃത്വം ആർക്കായിരിക്കുമെന്ന കാര്യത്തിൽ തർക്കം ഉടലെടുത്തു. ഹിൽട്ടൺ പറഞ്ഞു, അന്നത്തെ പ്രമുഖ ബാങ്കായ ഇമ്പീരിയൽ ബാങ്ക് ഓഫ് കോമേഴ്സിന് ഇതിന്റെ അധികാരം നൽകണമെന്ന്. [ ഈ ബാങ്കാണ് പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആയി മാറിയത് ]. എന്നാൽ ഇത് പ്രായോഗികമായി അസാധ്യമാണെന്ന് സർക്കാർ നിലപാടെടുത്തു.

ഈ തർക്കത്തിൽ തട്ടി കാര്യങ്ങൾ മുടന്തി നീങ്ങി. ഇതിനിടെ 1930ൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യക്കായി ഒരു കേന്ദ്ര ബാങ്ക് രൂപീകരിക്കണമെന്ന് ബ്രിട്ടീഷ് സർക്കാരിന് കത്ത് നൽകി. ഇന്ത്യയിലെ നാട്ടു രാജ്യങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണപരിഷ്കരണ നടപടികൾ സജീവമായ ഘട്ടത്തിലായിരുന്നു ഇത്. കൂടുതൽ സാമ്പത്തിക അധികാരങ്ങൾ കൈമാറുന്നതിന് ഇത്തരം ഒരു ബാങ്ക് ആവശ്യമാണെന്ന് ഇന്ത്യൻ ഭരണകൂടം അറിയിച്ചു. ഈ ബാങ്കിന്റെ ഡയറക്ടർ ബോർഡിലെ പകുതി അംഗങ്ങൾ വൈസ്രോയി നിർദേശിക്കുന്നവരായിരിക്കണമെന്നും നിർദേശിച്ചു.

1931ൽ സെൻട്രൽ ബാങ്കിങ് എൻക്വയറി കമ്മറ്റിയും റിസർവ് ബാങ്ക് ആവശ്യമാണെന്ന തരത്തിൽ റിപ്പോർട്ട് നൽകി. 1933ൽ ഭരണഘടന പരിഷ്കരണത്തിനുള്ള ധവള പത്രം പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിലും റിസർവ് ബാങ്ക് രൂപീകരണ കാര്യം പ്രത്യേകം പ്രസ്താവിച്ചിരുന്നു. ഈ സംവിധാനം ഒരു തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങൾക്കും വഴങ്ങുന്ന വിധത്തിലുള്ളതാകരുതെന്ന് ഇതിൽ എടുത്തു പറഞ്ഞിരുന്നു എന്നത് ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. ഒടുവിൽ ഇരുപത് വർഷത്തിന് ശേഷം 1933ൽ വൈസ്രോയി കൗൺസിലിൽ റിസർവ് ബാങ്ക് രൂപീകരണത്തിനുള്ള ബിൽ അവതരിപ്പിച്ചു. ഇതിന്റെ അധികാരം തികച്ചും സ്വതന്ത്രമായ ഒരു സംവിധാനത്തിനായിരിക്കണമെന്ന് ബില്ലിൽ പ്രത്യേകം വ്യക്തമാക്കിയിരുന്നു. ആ വർഷം ഡിസംബറിൽ ബിൽ പാസായി.

എന്നാൽ ബോർഡിന്റെ രൂപീകരണം സംബന്ധിച്ച തർക്കം പിന്നെയും തുടർന്നു. സ്വ കാര്യ ഓഹരി ഉടമകൾ നിർദേശിക്കുന്ന പ്രതിനിധികൾ ബോർഡിൽ വരുന്നതിനെ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ എതിർത്തു. എന്നാൽ ഇക്കാര്യത്തിൽ ന്യൂനപക്ഷ താല്പര്യം ഉൾപ്പടെ സംരക്ഷിക്കപ്പെടണമെന്ന വിചിത്രമായ വാദഗതികളും ഉയർന്നു വന്നു. 1935ൽ ബ്രിട്ടീഷുകാരനായ ഓസ്ബോൺ സ്മിത്താണ് റിസർവ് ബാങ്കിന്റെ ആദ്യ ഗവർണർ ആയി നിയമിതനാകുന്നത്. അദ്ദേഹത്തെ തുടർന്ന് ജെയിംസ് ടെയ്‌ലർ ഗവർണർ ആയി. ബിൽ പാസായി ഒരു ദശകം പിന്നിട്ടപ്പോൾ ഡെപ്യൂട്ടി ഗവർണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം വിവാദമായി. ഡെപ്യൂട്ടി ഗവർണർ മുസ്ലിം ആയിരിക്കണമെന്ന് ആവശ്യം ചില മുസ്ലിം സംഘടനകൾ ഉന്നയിച്ചു. എന്നാൽ ഈ ആവശ്യങ്ങളെല്ലാം ബ്രിട്ടീഷ് ഭരണാധികാരികൾ നിരാകരിച്ചു. അവർ ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റെ റെ മാതൃകയിൽ സ്വകാര്യ ഓഹരി ഉടമകളുടെ താല്പര്യം കൂടി കണക്കിലെടുത്താണ് ബോർഡ് രൂപീകരിച്ചത്. ഇന്ത്യൻ വ്യവസായികളെ കൂടി അവർ ബോർഡിൽ ഉൾപ്പെടുത്തി. നിയന്ത്രണത്തിന്റെ ചരടുകൾ വൈസ്രോയിയുടെ കൗൺസിലിൽ നിക്ഷിപ്തമാകത്തക്ക വിധത്തിലുള്ള ബോർഡാണ് രൂപീകരിച്ചത്. പേരിന് ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെ ചില നിർദേശങ്ങൾ പരിഗണിച്ചു എന്ന് മാത്രം.

1943ൽ എത്തുന്ന സി. ഡി ദേശ്മുഖാണ് റിസർവ് ബാങ്കിന്റെ ഇന്ത്യക്കാരനായ ആദ്യത്തെ ഗവർണർ. ഇത് വരെയായി 24 ഗവർണർമാരാണ് ഇന്ത്യയുടെ കേന്ദ്ര ബാങ്കിന് നേതൃത്വം നൽകിയത്. 1949ലാണ് റിസർവ് ബാങ്കിനെ പൂർണമായും സർക്കാർ ഉടമസ്ഥതയിലേക്ക് മാറ്റുന്നത്.

തുടക്കം മുതൽ തന്നെ സർക്കാർ ബാങ്കിനെ നിയന്ത്രിക്കുന്നതിനുള്ള നീക്കങ്ങൾ ശക്തമായിരുന്നു. അത് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇന്നും തുടരുന്നു. ഇതുവരെയുള്ള ചരിത്രത്തിൽ നാലു ഗവർണർമാർക്ക് സർക്കാരുമായി ഇടയേണ്ടി വന്നിട്ടുണ്ട്. ഉർജിത് പട്ടേൽ അഞ്ചാമനാണ്. ഏതായാലും 2018 നവംബർ 19 റിസർവ് ബാങ്കിന്റെ ചരിത്രത്തിലെ ഒരു നിർണായക ദിനമായി മാറുകയാണ്. ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം അന്ന് ചേരും. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന തർക്കങ്ങൾക്ക് രമ്യമായ പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ പട്ടേൽ സ്ഥാനം ഒഴിയുമെന്നാണ് കേൾവി. അങ്ങിനെ ഉണ്ടായാൽ അതും ചരിത്ര നാൾവഴികളിൽ ഇടം പിടിക്കും.

Advertisement