Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ലോകം മറ്റൊരു വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുമ്പോള്‍…

, 5:05 pm

ജോർജ് ജോസഫ്

ആഗോള ബിസിനസ് രംഗത്ത് ആശങ്കകൾ ശക്തമാക്കി ലോകം മറ്റൊരു വ്യാപാരയുദ്ധത്തിലേക്ക്. പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍  എത്തിയതു മുതല്‍ അത്തരം ഒരാശങ്ക നിലനില്‍ക്കുന്നതാണെങ്കിലും വ്യാപാര യുദ്ധം മറനീക്കി പുറത്ത് വന്നത് അമേരിക്കയുടെ പുതിയ പ്രഖ്യാപനത്തോടെയാണ്. യൂറോപ്പില്‍ നിന്നുള്ള സ്റ്റീലിന്റേയും അലുമിനിയത്തിന്റേയും ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തികൊണ്ടാണ് ട്രംപ് ആഴ്ചകള്‍ക്ക് മുമ്പ് വ്യാപാര യുദ്ധത്തിന്‍റെ ആദ്യ വെടി പൊട്ടിച്ചത്.

 

അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി തീരുവയില്‍ 25 ശതമാനം വര്‍ദ്ധന പ്രഖ്യാപിച്ച്  യൂറോപ്യന്‍ യൂണിയനും തിരിച്ചടിച്ചു. എന്നാല്‍ ട്രംപിന്‍റെ ലക്ഷ്യം  ചൈന തന്നെയായിരുന്നുവെന്ന്  അതിനും മുമ്പെ വ്യക്തമായിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല ട്രംപ്.  ചൈനയിൽ നിന്നും അമേരിക്ക ഇറക്കുമതി ചെയ്യുന്ന നിരവധി ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ചുമത്തികൊണ്ട് ട്രംപിന്‍റെ ഉത്തരവ് ഇറങ്ങുകയും ചെയ്തു. വർഷം തോറും 5000 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്ക ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇതോടെ ചൈനയ്ക്ക് അമേരിക്കൻ വിപണിയിലേക്കുള്ള കയറ്റുമതി വൻ പ്രതിസന്ധിയിലാകും.

ഇതേ രീതിയിൽ തന്നെ തിരിച്ചടി പ്രതീക്ഷിക്കാമെന്ന് ചൈന പ്രതികരിച്ചു കഴിഞ്ഞു. ഇതാണ് ആഗോള ബിസിനസ് രംഗത്തെ കടുത്ത ആശങ്കയിലാക്കുന്നത്. ലോകത്തെ രണ്ടു പ്രമുഖ സാമ്പത്തിക ശക്തികൾ ഒരു ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് വ്യപാരത്തെ ഏറെ ദോഷകരമായി ബാധിക്കും.
ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റതു മുതൽ ഇതര ലോക രാജ്യങ്ങൾ വ്യപാരത്തിൽ അമേരിക്കയോട് നെഗറ്റീവായ നിലപാട് സ്വീകരിക്കുന്നതായുള്ള പരാതി പലപ്പോഴും ഉയർത്താറുണ്ട്. ഇന്ത്യക്കെതിരെയും ട്രംപ് ഈ ആക്ഷേപം ഉന്നയിച്ചിരുന്നു.

ഹാർലി ഡേവിഡ്‌സൺ ബൈക്കിനു ഇന്ത്യ 100 ശതമാനം ഇറക്കുമതി തീരുവ ഈടാക്കിയിരുന്നത് ട്രംപിനെ ചൊടിപ്പിച്ചു. അമേരിക്കയെ പിണക്കാതിരിക്കാൻ ഇന്ത്യ നികുതി 50 ശതമാനമായി കുറച്ചുവെങ്കിലും ട്രംപിന് തൃപ്തിയായില്ല. ചൈന സ്റ്റീൽ ഉത്പന്നങ്ങൾ വളരെ കുറഞ്ഞ വിലക്ക് അമേരിക്കൻ മാർക്കറ്റിൽ വില്‍ക്കുന്നതാണ് ട്രംപിന്‍റെ ഉറക്കം കെടുത്തുന്നത്. ഇതേ തുടർന്ന് അമേരിക്ക 150 ൽ പരം ചൈനീസ് ഉല്പന്നങ്ങളുടെ തീരുവ ഉയർത്തി. ഇതിനു തിരിച്ചടിയായി ചൈനയും അമേരിക്കൻ സാധനങ്ങളുടെ തീരുവ കൂട്ടി.

ട്രംപിന്റെ പുതിയ ഉത്തരവനുസരിച്ച് 818 ഉത്പന്നങ്ങൾക്കാണ് അധിക നികുതി ബാധകമാവുക. ഗൃഹോപകരണങ്ങൾ മുതൽ വാഹനങ്ങളുടെ പാർട്സ് വരെ ഇതിൽ ഉൾപ്പെടുന്നു.
ചൈനയുമായുള്ള വ്യാപാരത്തിൽ അമേരിക്ക വൻ നഷ്ടം നേരിടുന്നതാണ് ഇതിനു ന്യായമായി വാഷിംഗ്‌ടൺ പറയുന്നത്. ഏറ്റവും ഒടുവിൽ ലഭ്യമായ കണക്കുകൾ പ്രകാരം ചൈനീസ് – യു എസ് ഇടപാടുകളിൽ അമേരിക്ക നേരിടുന്ന വ്യാപാര നഷ്ടം 33700 കോടി ഡോളറാണ്. അതായത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ ചൈന വൻ നേട്ടമുണ്ടാക്കുന്നുവെന്ന് സാരം. ചൈന വളരെ വില കുറച്ച് ഉത്പന്നങ്ങൾ അമേരിക്കൻ മാർക്കറ്റിൽ ഡംപ് ചെയ്യുന്നതാണ് ഇതിനു കാരണമെന്നാണ് യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷന്റെ നിലപട്. ചൈന, കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് ലോക വ്യപാര കരാറിന് വിരുദ്ധമായി സബ്‌സിഡികൾ നൽകുന്നുവെന്നും അമേരിക്ക ആരോപിക്കുന്നു. ഇതാണ് ട്രംപിന്റെ ചടുലനീക്കങ്ങൾക്ക് പിന്നിൽ.

അമേരിക്കയുടെ വ്യാപാര താത്പര്യങ്ങള്‍ മാനിക്കുന്നവയല്ല നിലവിലുള്ള ചട്ടങ്ങളെന്നും അതുകൊണ്ട് യൂറോപ്യന്‍ യൂണിയനിലേതടക്കമുള്ള രാഷ്ട്രങ്ങളുമായുള്ള കച്ചവടത്തില്‍ അഴിച്ചുപണി വേണമെന്ന് ട്രംപ് തുടക്കം മുതല്‍ ആവശ്യപ്പെട്ടു വരികയാണ്. അമേരിക്കയുടെ തെറ്റായ വ്യാപാര നയങ്ങള്‍ രാജ്യത്തിന് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്ന മുന്‍ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ചാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ട്രംപ് യൂറോപ്യന്‍ യൂണിയനെതിരെ രംഗത്ത് വന്നത്. ഈ നഷ്ടക്കച്ചവടം ഇനി തുടരാനാവില്ലെന്നാണ് ട്രംപിന്റെ നിലപാട്.

ഐഎംഎഫും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനും അമേരിക്കന്‍ നിലപാടുകളെ ചോദ്യം ചെയ്തപ്പോള്‍ അമേരിക്കക്ക് തക്ക മറുപടി നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അന്ന് വ്യക്തമാക്കുകയും അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി തീരുവയില്‍ 25 ശതമാനം വര്‍ദ്ധന ഏര്‍പ്പെടുത്തുകയും ചെയ്തു.

നികുതി ചുമത്തുന്ന ഉല്‍പ്പന്നങ്ങളുടെ പട്ടിക കൂടി പ്രഖ്യാപിച്ചാണ് ട്രംപിന്റെ നിലപാടുകളോട് ഒരു വിധത്തിലും യോജിക്കാനാവില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചത്. തങ്ങളുടെ 28 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക നികുതിയിളവ് നല്‍കുന്നില്ലെങ്കില്‍ അതേ സമീപനം തിരിച്ചും സ്വീകരിക്കാനാണ് തീരുമാനം. ജപ്പാന്‍, മെക്‌സിക്കോ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി അമേരിക്കക്കെതിരെ പ്രതികരിക്കാനുള്ള നീക്കവും യൂറോപ്യന്‍ യൂണിയന്‍ ശക്തമാക്കിയിട്ടുണ്ട്.

മേല്‍പ്പറഞ്ഞ ആരോപണങ്ങൾ ചൈനയ്‌ക്കെതിരെ മാത്രമല്ല, ഇന്ത്യ ഉൾപ്പടെയുള്ള നിരവധി രാജ്യങ്ങൾക്കെതിരെ ട്രംപ് ഉന്നയിക്കുന്നുണ്ട്. എന്നാൽ അമേരിക്ക ഏറ്റവും കൂടുതൽ വ്യാപാരം നടത്തുന്നത് ചൈനയുമായിട്ടായതിനാലാണ് ഇപ്പോഴത്തെ കടുത്ത നടപടിക്ക് കാരണമായത്.
കടുത്ത രീതിയിൽ ചൈന പ്രതികരിക്കുമെന്നാണ് സാമ്പത്തിക കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. പുതിയ സാഹചര്യത്തിൽ ചൈനയുടെ അടുത്ത നീക്കം നിർണായകമാണ്. ഒരു പരിധി വരെ ഉത്തര കൊറിയയുമായി പൊടുന്നനെ അമേരിക്ക നടത്തിയ അനുരഞ്ജന നീക്കങ്ങൾക്ക് ഈ പ്രശ്നവും ഒരു കാരണമാണ്.

അമേരിക്കയുടെ വ്യാപാര താത്പര്യമാണ്  അവർക്ക് വലുത്. അതിനു ഏതറ്റം വരെ പോകുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ചൈന ഉടക്കിയാൽ കിഴക്കൻ ഏഷ്യൻ മേഖലയിൽ ഒരു പ്രബല രാജ്യവുമായി സഹകരിക്കേണ്ടത് വാഷിംഗ്ടണ് ആവശ്യമാണ്. അതുകൊണ്ട് ഉത്തര കൊറിയയുമായി അവർ അടുക്കുന്നു. ഏതായാലും ലോക വ്യാപാര രംഗത്തു അനിശ്ചിതത്വം പടരുന്ന സ്ഥിതിയുണ്ട്. ഇരു രാജ്യങ്ങൾക്കും ഭീമമായ നഷ്ടം പ്രതീക്ഷിക്കുന്നതിനാൽ ട്രംപും ചൈനീസ് പ്രസിഡന്റ് ജിൻ പിങ്ങും ഒത്തുതീർപ്പിന് വഴങ്ങുമെന്ന് ഒരു വിഭാഗം വിദഗ്ദർ കരുതുന്നു.

Advertisement