Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

സ്ഫടികം – എന്തുകൊണ്ട് രണ്ടാം ഭാഗം ഇറങ്ങുവാന്‍ പാടില്ല?

, 10:24 am

ഹെയ്ന്‍സ്, മൂവീസ്ട്രീറ്റ്

ദിവസങ്ങള്‍ക്കു മുമ്പാണ് മലയാള സോഷ്യല്‍ മീഡിയ സര്‍ക്കിളിന്റെ സര്‍ക്കാസത്തിനും ട്രോളുകള്‍ക്കും ഒരു ഫിലിം അനൗണ്‍സ്മെന്റ് ഇരയാകേണ്ടി വന്നത്. പുതുക്കിപ്പണിത കഥാതന്തുവിന്റെ ഒരു ചെറുവിവരണത്തോടെ സംവിധായകന്‍ ബിജു കാട്ടാക്കല്‍ ആണ് ‘സ്ഫടികം 2’ (ഇരുമ്പന്‍ സണ്ണി) എന്ന ചിത്രം അനൗണ്‍സ് ചെയ്തത്. ഇതിനൊരു മറുപടിയെന്നവണ്ണം ‘സ്ഫടിക’ത്തിന്റെ സംവിധായകന്‍ ഭദ്രന്‍ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതോടെ ചിരിച്ചുകളയാനുള്ള വിഷയമായി ഇത് ഉപേക്ഷിക്കപ്പെടുകയും ഉണ്ടായി.

എന്നാല്‍ ഇതില്‍ ശ്രദ്ധ പതിഞ്ഞ ഒരു വസ്തുത എന്തെന്നാല്‍, മാറ്റിയെഴുതിയ കഥാതന്തുവിനെക്കാള്‍, സംവിധായകന്റെ ജീവചരിത്രത്തെക്കാള്‍ പഴി കേട്ടതും ട്രോളുകളേറ്റതും ഇത്തരത്തില്‍ ഒരു ശ്രമത്തിന് മുതിരുന്നു എന്നതിന് നേരെയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം ഇരുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കപ്പെടുന്ന ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതിനേക്കാള്‍ കൃത്യമായി ‘സ്ഫടികം’ എന്നൊന്നിന്റെ ജെനിസിസില്‍ നിന്നും ഏതൊന്നും വീണ്ടും ജനിക്കുമ്പോഴുണ്ടാകുന്ന അസ്വാസ്ഥ്യമായിട്ടാണ് ഇതിനെ കാണുവാന്‍ കഴിയുക. അത്തരത്തിലുള്ള ഒന്ന് സ്ഫടികം എന്ന ചിത്രം അര്‍ഹിക്കുന്നുണ്ടെങ്കിലും. ഇത്തരത്തിലുള്ള അനുപമമായ സ്വീകാര്യത ഒരു ചിത്രത്തിനുണ്ടാവുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന അനവധി ഘടകങ്ങള്‍ ഉണ്ട്.

ആത്യന്തികമായി സിനിമ എന്നത് സാമൂഹികവും സൗന്ദര്യപരവുമായ ഒരു നിര്‍മ്മിതിയാകുമ്പോള്‍ പ്രത്യേകിച്ചും. അവിടെയാണ് കൊമേഴ്‌സ്യല്‍ സിനിമകള്‍ മേല്‍പ്പറഞ്ഞവയുടെ നിര്‍വചനങ്ങള്‍ അര്‍ഹിക്കുന്നില്ലെന്ന ക്ലാസ്സിക്കല്‍ തോട്ടിനെ സ്ഫടികം മാറ്റിമറിക്കുന്നത്. ചോരയും വിയര്‍പ്പും പൊടിയുന്ന ആണ്‍ ദേഹങ്ങളില്‍ നിന്നുമാരംഭിക്കുന്ന ചിത്രം പലവിധേന മലയാളി മാസ്‌കുലിനിറ്റിയുടെ ഉത്തമോദാഹരണക്കായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള ശ്രമമായി മാറുന്നുണ്ട്. മലയാളിയെ പോലെ ബാല്യവും യൗവ്വനവും ശേഷജീവിതവുമെല്ലാം കുടുംബമെന്ന ചതുരത്തിനുള്ളില്‍ (അതും ഒരു പ്രീ-ഡിജിറ്റല്‍ ഇറയില്‍) ജീവിച്ചു മരിക്കുന്നവര്‍ക്ക് തോമസ് ചാക്കോയുടെ നാടുവിടലും തോന്ന്യാസവും ജീവിതവും ഒരു ഹീറോയ്ക് എപിക് ഫിഗറിലേക്ക് മാറുന്നത് സ്വാഭാവികം.

ഈയൊരു തിരിച്ചറിവില്‍ നിന്നാവാം തോമയുടെ മാനറിസങ്ങള്‍ ജനിക്കുന്നത്. പൊലീസിന് നേരെ നില്‍ക്കുമ്പോള്‍ പോലും ചെവി തോണ്ടുന്നതും, അച്ഛന് നേരെ കാര്‍ക്കിച്ചുതുപ്പുന്നതും അമ്മയെ പേരെടുത്തുവിളിക്കുന്നതുമെല്ലാം ഭദ്രന്‍ ഭംഗിയായി തോമയില്‍ കൂട്ടിയോജിപ്പിക്കുന്നുണ്ട്. ഒരു ശരാശരി മലയാളിയുവത്വത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എല്ലാ ആകുലതകളില്‍ നിന്നും (വിദ്യാഭ്യാസം, ജോലി, കുടുംബം, പോലീസ്) തോമ ഒരു ലിബറേറ്റഡ് ഫിഗര്‍ ആണ്. വളരെ റിലേറ്റ് ചെയ്യുവാന്‍ പറ്റുന്ന ബാല്യത്തില്‍ തുടങ്ങുന്ന തോമയും പ്രേക്ഷകനും പിന്നീട് ചെന്നെത്തുന്ന വഴികള്‍ പ്രേക്ഷകനെ ഭ്രമിപ്പിക്കുമെന്ന് സാരം. ഈയൊരു എലമെന്റിലാണ് ഭദ്രന്‍ തോമയുടെയും മറ്റുള്ളവരുടെയും പൗരുഷവും അര്‍ദ്ധനഗ്‌നതയും കൂട്ടിച്ചേര്‍ക്കുന്നത്. നെഞ്ച് വിരിവും കൈക്കരുത്തും ഉള്ള ചന്തയിലെ തൊഴിലാളികള്‍ തീര്‍ക്കുന്ന ഏറ്റുപാട്ടിലാണ് ചിത്രത്തിലെ ആദ്യ സംഘട്ടനരംഗം ചിത്രീകരിക്കുന്നത്. അടിവസ്ത്രം മാത്രമുടുത്ത്, മുണ്ടുരിഞ്ഞ് എതിരെ നില്‍ക്കുന്നവന്റെ തലയ്ക്കടുത്ത് കാല്‍ വെക്കുവാന്‍ കെല്‍പ്പുള്ള തോമ നാണത്തിന്റെ പല കണ്‍വെന്‍ഷനുകളേയും ബ്രേക്ക് ചെയ്യുന്നുണ്ട്. മേല്‍പ്പറഞ്ഞതുപോലെ എത്രത്തോളം unreal ആയി ഇവയിലൂടെ തോമ മാറുന്നുവോ അത്രത്തോളം റിലേറ്റ് ചെയ്യുവാന്‍ പ്രേക്ഷകര്‍ക്ക് കഴിയും. (കഴിഞ്ഞിട്ടുണ്ട്.)

സ്ഫടികത്തിന്റെ ഏറ്റവും വലിയ മേന്മയും ലെഗസിയും എന്തെന്നാല്‍ ഒരു കഥാപാത്രത്തിനപ്പുറത്തേക്ക് ‘ആട് തോമ’ എന്ന സാമൂഹികവും സൗന്ദര്യപരവും ആയ ഒരു ഐക്കണെ രൂപീകരിക്കുവാന്‍ കഴിഞ്ഞു എന്നതാണ്. അതായത് മേല്‍പ്പറഞ്ഞ ഫാക്റ്ററുകളോടെ തോമ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിനും സംഘര്‍ഷങ്ങള്‍ക്കും അപ്പുറം അയാള്‍ പലരിലും പില്‍ക്കാലത്തു ജീവിക്കുന്നു എന്നതാണ്. പൗരുഷത്തിന്റെ ഒരു ഗോഡ്ലി ഫിഗര്‍ ആയി മാറുവാന്‍ ഈ കഥാപാത്രത്തിന് കഴിയുന്നുണ്ട്. ‘വേശ്യയുടെ’ കൈചേര്‍ത്ത് കുടുംബം എന്ന ഇന്‍സ്റ്റിറ്റിയൂഷന് മുമ്പില്‍ പോലും നിവര്‍ന്ന് നടക്കുന്ന, മജിസ്‌ട്രേറ്റിനെ പോലും വെല്ലുവിളിക്കുന്ന, കാന്താരി പിഴിഞ്ഞിട്ടും കുടല്‍ കത്താത്ത തോമ ചിത്രത്തിനപ്പുറത്തേക്കും ഒരു ഡൈനാമിക് ഫിഗര്‍ ആവുന്നുണ്ട്. കാലങ്ങള്‍ക്കിപ്പുറത്തും മറ്റൊരു പേരിനോട് ചേര്‍ക്കുവാന്‍ കഴിയാത്ത വിധം ആനത്തലപ്പത്ത് തോമ എഴുന്നുനില്‍ക്കുവാനുള്ള കാരണവും ഇതാണ്.

ഇവിടെ ‘സ്ഫടികം’ എന്നതിന്റെ ഏറ്റവും വലിയ ഘടകമായി മാറുന്നത് മോഹന്‍ലാല്‍ എന്ന നടന്‍ ഒരു meta-figure ആയിത്തന്നെ ആട് തോമ ആവുന്നു എന്നതാണ്. (അതായത് മോഹന്‍ലാല്‍ എന്ന നടനോടുള്ള ഇഷ്ടവും പ്രിഫറന്‍സും തോമയുടെ പാസ്റ്റിനും കൊള്ളരുതായ്മകള്‍ക്കും ലഭിക്കുന്നു എന്നര്‍ത്ഥം.) കൂളിംഗ് ഗ്ലാസ്സിന് വെളിയിലേക്ക് ഒഴുകുന്ന കണ്ണീര്‍ മുതല്‍ മോഹന്‍ലാല്‍ എന്ന താരത്തേക്കൊണ്ട് തന്നെ തോമയുടെ വികാരങ്ങള്‍ക്ക്, ഭൂതകാലത്തിന് പ്രേക്ഷകരുടെ അടുക്കല്‍ നിന്ന് സഹതാപം വാങ്ങികൊടുക്കുന്നുണ്ട് സംവിധായകന്‍. ഇത്തരത്തില്‍ ആട് തോമയും ആട് തോമയെ അവതരിപ്പിച്ച നിമിഷത്തെ മോഹന്‍ലാലും പിന്നീടൊരിക്കലും റീക്രിയേറ്റ് ചെയ്യുവാന്‍ കഴിയാത്ത വിധം മലയാളി അസ്വാദനത്തില്‍ കോണ്ക്രീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനി തിരിച്ചുകൊണ്ടുവരുവാന്‍ മോഹന്‍ലാലിനോ സംവിധായകന്‍ ഭദ്രനോ പോലും സാധ്യമാണെന്ന് (ഉടയോന്‍) തോന്നുന്നില്ല.

തൊണ്ണൂറുകളില്‍ മലയാളസിനിമ അതിന്റെ ‘കഥപറച്ചിലിന്റെ’ പരിപൂര്‍ണ്ണതയിലേക്ക് കടക്കുമ്പോഴും സ്ഫടികം അത്തരത്തിലൊരു കഥപറച്ചില്‍ സിനിമയായിരുന്നില്ല. അന്തര്‍ലീനമായി ഭൂത-വര്‍ത്തമാനങ്ങള്‍ എല്ലാമുള്ള ഒരു കഥാതന്തു വളരെ പതുക്കെ മുന്നോട്ട് പോകുമ്പോഴും ആകെ ചിത്രത്തിന്റെ പ്രോഗ്രഷന്‍ ‘ആട് തോമയുടെ’ മേല്‍പ്പറഞ്ഞ പ്രതിഷ്ഠ തന്നെയാണ്. ആമുഖങ്ങള്‍ ഇല്ലാതെ പൂക്കോയയുമായുള്ള സംഘട്ടനത്തില്‍ ആരംഭിക്കുന്ന ചിത്രം അങ്ങനെ പ്രതികരണങ്ങളും തുടര്‍-പ്രതികരണങ്ങളുമായി നീണ്ടുപോവുകയാണ്. തോമയുടെ എതിര്‍ സ്ഥാനത്ത് നോക്കുകയാണെങ്കില്‍ കാരണങ്ങള്‍ പലവിധമുണ്ട്. ചന്തയിലെ ഒരു പെണ്‍കുട്ടിയെ സോമന്‍ എസ്.ഐ ബലാല്‍സംഗം ചെയ്തതുമുതല്‍ പെങ്ങളെ സ്റ്റേഷനില്‍ കൊണ്ടുവന്നതും ട്യൂട്ടോറിയല്‍ കോളേജ് അടച്ചതും അമ്മയുടെ മേലെ കൈവച്ചതുമെല്ലാം വരുമതില്‍. ഇവയെയൊക്കെ പരമാവധി സ്‌ക്രീന്‍-സ്പേസില്‍ സെറ്റില്‍ ചെയ്തുകൊണ്ട് തോമയുടെ പ്രതികരണങ്ങളില്‍ ആണ് സംവിധായകന്‍ ചിത്രം മെനഞ്ഞെടുക്കുന്നത്. അവിടെ ‘കഥ’ ഭൂതകാലം മാത്രമാക്കി സെറ്റില്‍ ചെയ്യുവാന്‍ ഒരു പരിധി വരെ സംവിധായകന് ആകുന്നുമുണ്ട്. ആ ഒരു കാലത്തിന്റെ സിനിമാശീലങ്ങളെ ഹനിക്കാത്ത വിധം അവസാനഭാഗങ്ങള്‍ ഒരുക്കിയെങ്കിലും അതുവരെ അനുപമമായി ഈ ഒരു sharp rythm ചിത്രത്തിനുണ്ടാവുന്നുണ്ട്. സ്ഫടികത്തില്‍ അതിന്റെ നട്ടെല്ലായ സംഘട്ടന രംഗങ്ങള്‍ മുഴച്ചുനില്‍ക്കാത്തതും നരേറ്റിവിനെ ബ്രേക്ക് ചെയ്യാത്തതും അതുകൊണ്ടാണെന്ന് പറയാം.

ഇത്തരത്തില്‍ ‘സ്ഫടികം’ ഒരു well-directed ചിത്രമായി മാറിയതിന്റെ സൗന്ദര്യം ചിത്രത്തില്‍ എപ്പോഴും പ്രകടമാണ്, അതുതന്നെയാവണം ചിത്രത്തെ ഒരു near-classic ആക്കിമറ്റുന്നതും. മേല്‍പ്പറഞ്ഞ നരേറ്റിവിനെ പരിപോഷിപ്പിക്കുവാന്‍ ഭദ്രന്‍ ഉപയോഗിക്കുന്ന ഷോട്ടുകളും മൂവ്‌മെന്റുകളും സീന്‍ കോമ്പോസിഷനുകളും ഒക്കെ കാലാനുവര്‍ത്തിയായി കണക്കാക്കുവാന്‍ കഴിയുന്നവയാണ്. മിക്കയിടത്തും matured ആയി cut ചെയ്‌തെടുത്ത ഷോട്ടുകളും വളരെ റഫ് ആയ സെറ്റിങ്ങും മേല്‍പ്പറഞ്ഞ പൗരുഷം നിറഞ്ഞ സിംബല്‍സുമെല്ലാം ചിത്രത്തിന്റെ പേരിനെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ ഡൈമെന്‍ഷനുകളെ ക്രിയേറ്റ് ചെയ്യുന്നുണ്ട്. തോമ എന്ന കഥാപാത്രത്തിന്റെ spontainty-ക്കൊപ്പം ഒരു തോമാച്ചന്‍ പേസിനെ ക്യാപ്ചര്‍ ചെയ്യുന്ന വിഷ്വലുകളും എല്ലാം കൂടിയാകുമ്പോള്‍ സ്ഫടികം ഒരു neatly-cut പ്രോഡക്ട് ആയിമാറുന്നുണ്ട്.

മേല്‍പ്പറഞ്ഞ കഥയുടെ ഉപയോഗത്തിലെ വ്യത്യസ്തതയ്‌ക്കൊപ്പം പറയാവുന്നതാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളുടെ രൂപീകരണം. അവയെല്ലാം ചെന്നുനില്‍ക്കുന്നത് തന്റെ കൈ പതിഞ്ഞതും അല്ലാതെയുമായ തോമയുടെ ബാല്യത്തിലേക്കാണ്. തോമയോടുള്ള മറ്റ് കഥാപാത്രങ്ങളുടെ സമീപനം നിര്‍വചിക്കുന്നത് grief/പശ്ചാത്താപം ആണ്. തോമാച്ചന്‍ എന്ന വ്യക്തി കാണിച്ചുകൂട്ടുന്ന സകലതിനും മറ്റ് കഥാപാത്രങ്ങള്‍ വളം വെച്ചുകൊടുക്കുന്നതും ഹനിക്കാത്തതും അയാളുടെ നഷ്ടബാല്യത്തെക്കുറിച്ചോര്‍ത്തും അതില്‍ അയാളല്ല കാരണക്കാരന്‍ എന്നതുകൊണ്ടുമാണ്. ഇതിനെ സാധൂകരിക്കുവാന്‍ ഒരുപറ്റം കഥാപാത്രങ്ങളെ ഭദ്രന്‍ സൃഷ്ടിക്കുന്നുണ്ട്. രാവുണ്ണിമാഷും വക്കച്ചനും പാച്ചുപിള്ള പോലീസും ഒറ്റപ്ലാക്കന്‍ അച്ഛനും എന്നുവേണ്ട, നിര അവസാനിക്കുന്നത് പൊന്നമ്മ എന്ന അയാളുടെ അമ്മയിലാണ്. തോമയുടെ സകല പ്രവര്‍ത്തികളുടെയും ഉത്ഭവം അവന് നിഷേധിക്കപ്പെട്ട ബാല്യകൗമാരമാണെന്നതും അതില്‍ തങ്ങളും പങ്കുപറ്റുന്നുണ്ടെന്നതും മറ്റ് കഥാപാത്രങ്ങളെയെല്ലാം ചേര്‍ത്തുനിര്‍ത്തുന്നു. ഇത്തരത്തില്‍ തോമാച്ചനെ ചിത്രത്തിന്റെ കഥാപരിസരങ്ങളില്‍ നിന്നും മാറ്റിനിറുത്തുവാന്‍ കഴിയാത്തവിധം കുരുക്കിടുകയും മേല്‍പ്പറഞ്ഞ grief എന്നതിന്റെ കേന്ദ്രമായ ചാക്കോമാഷില്‍ ചിത്രം അവസാനിപ്പിക്കുകയും ചെയ്യുന്നു ഭദ്രന്‍.

ചിത്രത്തില്‍ ഇതിനൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന ഒന്നാണ് പശ്ചാത്തലസംഗീതത്തിന്റെയും മറ്റ് സൗണ്ട് എഫക്ട്കളുടെയും ഉപയോഗം. മൈന്യൂട്ട് ഡീറ്റയില്‍സില്‍ നിന്നും പശ്ചാത്തലത്തിന്റെ റിഥം ഒരുക്കുവാന്‍ ഭദ്രനും, ഏറ്റവും നേരിയ തോതില്‍ സംഗീതം കൊണ്ട് മാനിപ്പുലേറ്റ് ചെയ്യുവാന്‍ സംഗീതസംവിധായകന്‍ എസ്.പി.വെങ്കിടേഷും ശ്രമിക്കുന്നുണ്ട്. സന്ദര്‍ഭം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് സീനിനെ സംഗീതം carry ചെയ്യുന്നതെന്ന് പറയുവാന്‍ കഴിയും. (തുളസിയും തോമയും വീണ്ടും കണ്ടുമുട്ടുന്നത്, മേരിയമ്മ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുന്നത് എന്നിങ്ങനെ.) അല്ലാത്തിടത്തൊക്കെ സീനിന്റെ റിയാലിറ്റിയില്‍ നിന്ന് പശ്ചാത്തലസംഗീതം ഒരുക്കുവാന്‍ ഭദ്രന് കഴിയുന്നുണ്ട്. നായകന്റെ എന്‍ട്രിയില്‍ പോലും exaggerated ആയ ഒരു മ്യൂസിക് പീസ് ഉപയോഗിക്കാതെ, തൊഴിലാളികളുടെ ഏറ്റുപാട്ടും സൈക്കിള്‍ ചക്രത്തിന്റെ കറക്കവും ഒക്കെയാണ് അകമ്പടി വരുന്നത്. ഷൂസുകളുടെ ശബ്ദം, വിലങ്ങിന്റെ ശബ്ദം തുടങ്ങി ഇത്തരത്തിലുള്ള ചെറിയ ചെറിയ എഫക്ടുകള്‍ കൊണ്ട് ചിത്രത്തിന്റെ മ്യൂസിക് സ്‌ക്കെപിനെ റിയല്‍ ആക്കി നിര്‍ത്തുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ ഹീറോയ്ക് ഫിഗറിനെ ഇത്തരത്തിലുള്ള ഒരു മ്യൂസിക്‌സ്‌ക്കെപില്‍ പ്രതിഷ്ഠിക്കുവാനുള്ള സന്നദ്ധത മാത്രം മതി ഭദ്രന്റെ വിരുത് ബോധ്യമാകുവാന്‍.

മലയാളസിനിമ ജീവിക്കുവോളം, മറ്റേത് വിജയചിത്രങ്ങള്‍ക്കുമെന്നതുപോലെ, സ്ഫടികത്തിനും രണ്ടാംഭാഗ മുറവിളികളും നിഷേധങ്ങളും സ്വാഭാവികമാണ്. എന്നാല്‍ ഏതൊരു ചിത്രത്തേയും വീണ്ടും ജനിപ്പിക്കുമ്പോള്‍ ആ ചിത്രത്തിന്റെ ഫുള്‍ പൊട്ടന്‍ഷ്യല്‍ തിരിച്ചറിയപ്പെടുകതന്നെ വേണം. സ്ഫടികം പോലെ ഒരു കള്‍ച്ചറല്‍ ഫിഗറിനെ സംഭാവന ചെയ്ത സിനിമയുടെ രണ്ടാം ജീവനെ നിര്‍മ്മിക്കുക എന്നത് മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ ആത്മഹത്യാപരം എന്നുമാത്രമേ വിശേഷിപ്പിക്കുവാന്‍ കഴിയുകയുള്ളു. അവതരിപ്പിക്കപ്പെട്ട കാലത്തിന്റെ നാഡിയായിരുന്ന, ഒരു മനുഷ്യവിഭാഗത്തിന്റെ ‘aspiration’ ആയി എഴുന്നുനിന്ന ഒന്നിനെ മറ്റൊരു കാലത്ത്, മറ്റൊരു തരം പ്രേക്ഷകര്‍ക്ക് മുമ്പില്‍ അതേ ലക്ഷണങ്ങളോടെ പോലും അവതരിപ്പിക്കുക എന്നത് കോലം കെട്ടലായി തീരുമെന്നുറപ്പാണ്.

േേമല്‍പ്പറഞ്ഞത് ആവര്‍ത്തിക്കുകയെങ്കില്‍ സ്ഫടികം എല്ലാ അര്‍ത്ഥത്തിലും പരിപൂര്‍ണ്ണമായ ഒന്നാണ്. സ്ഫടികം പ്രതിനിധീകരിച്ച യുവത്വത്തിന് കലാഭേദം സംഭവിക്കുകയും മറ്റൊരു പിരീഡ് ജനിക്കുകയും ചെയ്തിട്ടുണ്ട്. കാലാനുവര്‍ത്തിയായി ഒരു elagence-ല്‍ ഇന്നും ഒരു നൊസ്റ്റാള്‍ജിയ ആയി നിലകൊള്ളുന്ന ഒന്നായി സ്ഫടികവും തോമയുമെല്ലാം മാറിക്കഴിഞ്ഞു. സ്ഫടികം ഒന്നേ ഉള്ളു എന്ന തിരിച്ചറിവിന്മേല്‍ ആ ചിത്രത്തെ ആസ്വദിക്കുക എന്നതില്‍ കവിഞ്ഞ് സ്ഫടികം എന്ന വിത്തില്‍ നിന്നും പൂര്‍ണ്ണതയോടെ ഇനിയൊരു ചിത്രം ജനിപ്പിക്കുക എന്നത് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ പിന്‍നടക്കുന്നതോളം അര്‍ത്ഥശൂന്യമാണെന്നെ പറയുവാന്‍ ആവുകയുള്ളു.

ഹെയ്ന്‍സ്, മൂവീസ്ട്രീറ്റ്

Advertisement