Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

spot light

അവര്‍ അല്‍പനേരം അവിടെ നില്‍ക്കട്ടെ

, 1:12 pm

സെബാസ്റ്റിയന്‍ പോള്‍

മതിലുകള്‍ പൊളിക്കുകയും പാലങ്ങള്‍ പണിയുകയും ചെയ്യുകയെന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രിയപ്പെട്ട ആശയമാണ്. അദ്ദേഹത്തിന്റെ ക്രിസ്മസ് സന്ദേശങ്ങളില്‍ ഇത് ആവര്‍ത്തിക്കാറുണ്ട്. അതിരുകളില്ലാത്ത ഏകലോകം സ്വപ്‌നം കാണുന്നവരെല്ലാം അതാഗ്രഹിക്കുന്നുണ്ട്. അതിനര്‍ത്ഥം മതിലുകള്‍ പാടില്ലെന്നല്ല. പ്രതിരോധത്തിന്റെ പ്രതീകമാണ് മതില്‍. നേടിയത് സംരക്ഷിക്കുന്നതിനും സംഹാരകരെ തടയുന്നതിനും മതില്‍ വേണം. സുശക്തമായ കോട്ടകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. നവോത്ഥാനത്തിന്റെ മൂല്യങ്ങളെ നിരസിക്കുകയും നേട്ടങ്ങളെ അപഹസിക്കുകയും ചെയ്യുന്ന ക്ഷുദ്രശക്തികള്‍ക്കെതിരെയുള്ള വെല്ലുവിളിയുടെ മതിലാണ് കേരളത്തിലെ വനിതകള്‍ നവവത്സരദിനത്തില്‍ തീര്‍ക്കാനൊരുങ്ങുന്നത്. മതിലാകാന്‍ ചേരുന്നവര്‍ പിരിയുമ്പോഴും മതിലിന്നാധാരമായ ആശയം നിലനില്‍ക്കും.

മനുഷ്യമതിലും മനുഷ്യച്ചങ്ങലയും കേരളത്തിന് പുതുമയുള്ള കാര്യങ്ങളല്ല. ഡിവൈഎഫ്‌ഐ വിജയകരമായി ആസൂത്രണം ചെയ്യുകയും സിപിഐ എം ഏറ്റെടുക്കുകയും ചെയ്ത ആശയങ്ങളാണത്. ചങ്ങല മതിലാവുകയും മതില്‍ കോട്ടയാവുകയും ചെയ്യുന്ന അനുഭവമാണ് ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സാഹോദര്യത്തിന്റെ കൈകോര്‍ക്കലില്‍ വിടവുകള്‍ കണ്ടെത്തി വാര്‍ത്തയാക്കാന്‍ ശ്രമിച്ചിട്ടുള്ളവര്‍ നിരാശരായിട്ടേയുള്ളു. രാഷ്ട്രീയഭേദമില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്നതും പങ്കെടുക്കേണ്ടതുമായ പരിപാടിയായതിനാല്‍ നവോത്ഥാന സംരക്ഷണ മതില്‍ വമ്പിച്ച വിജയമാകാനാണ് സാധ്യത.

മതിലിനോട് വിയോജിപ്പുള്ളവര്‍ ചങ്ങല എന്ന പദത്തോട് യോജിക്കുമോ എന്ന ചോദ്യമുണ്ട്. അവരുടെ വിയോജിപ്പ് ഏതെങ്കിലും വാക്കിനോടല്ല. മതിലുകള്‍ പൊളിക്കാനുള്ളതാണെങ്കില്‍ ചങ്ങലകള്‍ അഴിക്കാനുള്ളതാണ്. അത് മാര്‍ക്‌സിസത്തിന്റെ വാഗ്ദാനമാണ്. മനുഷ്യര്‍ സാഹോദര്യത്തിന്റെ കണ്ണികളായി ഒരുമിക്കുന്ന അവസ്ഥയാണ് അന്തിമമായി മാര്‍ക്‌സിസം വിഭാവന ചെയ്യുന്ന സ്വര്‍ഗം. ചങ്ങലകള്‍ ബന്ധിക്കാന്‍ മാത്രമുള്ളതല്ല; യോജിപ്പിക്കാന്‍ വേണ്ടിക്കൂടിയുള്ളതാണ്. മതിലുകള്‍ അകറ്റാന്‍ മാത്രമുള്ളതല്ല; അകത്താക്കാന്‍വേണ്ടിക്കൂടിയുള്ളതാണ്.

വനിതാമതിലിനോട് വിയോജിപ്പുള്ളവര്‍ വിയോജിപ്പിന്റെ കാരണം വ്യക്തമാക്കണം. മതിലിനു പ്രേരകമായ ആശയങ്ങളോടാണോ അവര്‍ക്ക് വിയോജിപ്പുള്ളത്? അതാരും പറയുന്നില്ല. ഇതുകൊണ്ട് നവോത്ഥാനം സാധ്യമാകുമോ എന്ന പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്നു തോന്നിക്കുന്ന ചോദ്യം െഫയ്‌സ്ബുക്കില്‍ ധാരാളമായി കാണുന്നുണ്ട്. ചരിത്രത്തില്‍ എക്കാലവും കേള്‍ക്കുന്ന ചോദ്യമാണിത്. സോക്രട്ടീസ് വിഷം കുടിച്ചപ്പോഴും ജീസസ് കുരിശിലേറിയപ്പോഴും ഈ ചോദ്യം ഉണ്ടായിട്ടുണ്ട്. ഗാന്ധിയുടെ ദണ്ഡി യാത്രയും മാവോയുടെ മഹായാത്രയും പ്രയോജനരഹിരമായ വ്യായാമങ്ങളായി കണ്ടവരുണ്ട്. അര്‍ത്ഥമില്ലായ്മയില്‍നിന്നാണ് കാലം അര്‍ത്ഥങ്ങള്‍ കണ്ടെത്തുന്നത്. മുല മുറിച്ചതും മുല മറച്ചതും അര്‍ത്ഥമില്ലായ്മ ആയിരുന്നില്ല. നവോത്ഥാനം മഹാപ്രളയംപോലെ ഒരു ദിവസം പൊടുന്നനെ സംഭവിച്ച പ്രതിഭാസമല്ല.

മഹാപ്രാകാരങ്ങളുടെ കഥയാണ് ചരിത്രം. ചില മതിലുകള്‍ തകര്‍ക്കുന്നതിനുവേണ്ടിയുള്ളതാണ്. ബര്‍ലിന്‍ ഭിത്തി അത്തരത്തില്‍പ്പെട്ടതായിരുന്നു. ചില മതിലുകള്‍ നിര്‍മിക്കാനേ പാടില്ല. മെക്‌സിക്കോ അതിര്‍ത്തിയില്‍ ഡോണള്‍ഡ് ട്രംപ് നിര്‍മിക്കാനുദ്ദേശിക്കുന്ന മതില്‍ അത്തരത്തിലുള്ളതാണ്. ചൈനയിലെ വന്‍മതില്‍ നിലനിര്‍ത്താനുള്ളതായിരുന്നു. ഒരു ജനതയുടെ രക്ഷാബോധത്തിന്റെയും പ്രൗഢിയുടെയും പ്രതീകമായി അത് നിലനില്‍ക്കുന്നു. ബഹിരാകാശത്തുനിന്ന് നീല്‍ ആംസ്‌ട്രോങ് കണ്ട ഭൂമിയിലെ കാഴ്ച ആ മതിലായിരുന്നു. മതിലുകള്‍ നിര്‍മിക്കേണ്ടയിടങ്ങളിലും നിര്‍മിക്കേണ്ട സന്ദര്‍ഭങ്ങളിലും അവ നിര്‍മിക്കുന്നില്ലെങ്കില്‍, ജറുസലേമിലെപ്പോലെ, വിലപിക്കുന്നതിനുവേണ്ടി നമുക്ക് മതിലുകള്‍ നിര്‍മിക്കേണ്ടിവരും. അത് ചരിത്രത്തിന്റെ ശിക്ഷയാണ്.

Advertisement