Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

കൊണ്ടും കൊടുത്തും ജഡ്ജിമാര്‍

, 6:34 pm

സെബാസ്റ്റ്യൻ പോൾ

കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ അനഭിമതരായ കാലത്ത് നഷ്ടപ്പെട്ട മീഡിയ സ്‌പേസ് ജസ്റ്റിസ് കെമാല്‍ പാഷ അതിസമര്‍ത്ഥമായി തിരിച്ചുപിടിച്ചു. തമസ്‌കരണകാലത്ത് ജഡ്ജിമാര്‍ പലരും വരികയും പോവുകയും ചെയ്തു. ആരും അറിഞ്ഞില്ല. അക്കാലത്ത് ചീഫ് ജസ്റ്റിസ് ആരെന്നുപോലും പല അഭിഭാഷകര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ആന്റണി ഡൊമിനിക്കും പി എന്‍ രവീന്ദ്രനും കെമാല്‍ പാഷയും ഹൈക്കോടതിയില്‍നിന്ന് പിരിഞ്ഞത് സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടാണ്. മാധ്യമങ്ങളെ അവ അറിയാതെ കീഴ്‌പെടുത്തിയ തന്ത്രമായിരുന്നു കെമാല്‍ പാഷയുടേത്. നല്ല വാര്‍ത്ത കണ്ടാല്‍ മറ്റെല്ലാം മറക്കുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍.


മാധ്യമങ്ങളില്‍ നിരന്തരം നിറഞ്ഞു നിന്നിരുന്നയാളാണ് കെമാല്‍ പാഷ. പക്ഷേ അഭിഭാഷകരുടെ ഉപരോധകാലത്ത് അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നിന്നില്ല. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ ഉപദ്രവിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെയുള്ള എഫ്‌ഐആര്‍ കെമാല്‍ പാഷ റദ്ദാക്കി. നൂറ് അഭിഭാഷകരാണ് പൊലീസുകാരനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. ജസ്റ്റിസ് മുഹമ്മദ് കമ്മീഷനു മുമ്പാകെ പൊലീസിനു വേണ്ടി ഹാജരാകാന്‍ ഒരു വക്കീലിനെപ്പോലും കിട്ടുന്നില്ല. സാധാരണഗതിയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളോട് ആനുകൂല്യം കാണിക്കാത്ത പാഷ അന്ന് പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. അഭിഭാഷകരുടെ സമ്മര്‍ദം ശക്തമായിരുന്നു. അഭിഭാഷക അസോസിയേഷന്‍ ഹാളില്‍ സംഘര്‍ഷകാലത്ത് നേരിട്ടെത്തി കെമാല്‍ പാഷ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

 

അസാധാരണമായ ഈ സാഹചര്യത്തെക്കുറിച്ച് കോഴിക്കോട് പ്രസ് ക്‌ളബ്ബിലെ പ്രസംഗത്തില്‍ ഞാന്‍ പരാമര്‍ശിച്ചു. ജഡ്ജിയെ അധിക്ഷേപിക്കുന്ന ഒരു പരാമര്‍ശവും ഞാന്‍ നടത്തിയില്ല. എന്നിട്ടും എനിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കി. ജസ്റ്റിസ് കെമാല്‍ പാഷയെ അല്‍പന്‍ എന്നാണ് ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ വിശേഷിപ്പിച്ചത്. അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി ഉണ്ടാകുമോ എന്നറിയാന്‍ കൗതുകമുണ്ട്. ജഡ്ജിയെ ശുംഭന്‍ എന്നു വിളിച്ചതിന് എം വി ജയരാജന്‍ ശിക്ഷിക്കപ്പെട്ടു. ശുംഭനാണോ അല്‍പനാണോ കൂടുതല്‍ അലക്ഷ്യത്തിനു കാരണമാകുന്നതെന്ന് ഹൈക്കോടതിക്ക് വിശദീകരിക്കേണ്ടിവരും.

കെമാല്‍ പാഷയുടെ ആക്രമണം ചീഫ് ജസ്റ്റിസിനെതിരെ ആയിരുന്നില്ല. തനിക്ക് ഭ്രഷ്ട് കല്‍പിച്ച മാധ്യമങ്ങളോടുള്ള കലിപ്പായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗം. മാധ്യമങ്ങള്‍ ആ കെണിയില്‍ വീണു. ചാനലുകളും പത്രങ്ങളും ലഭ്യമായ ഇടമത്രയും പാഷയ്ക്കു നല്‍കി പ്രായശ്ചിത്തം ചെയ്തു. സീസറിന്റെ ഭാര്യയാണ് സമീപകാലത്ത് കെമാല്‍ പാഷയെ പ്രശസ്തനാക്കിയത്. പക്ഷേ വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്ന രീതിയില്‍ തെറ്റായ ഉദ്ധരണിയാണ് പാഷ നല്‍കിയത്. പ്‌ളൂട്ടാര്‍ക്കിനെ അദ്ദേഹം ഷേക്‌സ്പിയറാക്കി. സീസറിന്റെ ഭാര്യയും കെ എം മാണിയും തമ്മിലുള്ള ബന്ധവും വ്യക്തമാക്കപ്പെട്ടില്ല. മാണി അകപ്പെട്ട കുരുക്ക് മുറുകുന്നതിന് പാഷയുടെ ഉദ്ധരണി കാരണമായി.

സീറോ മലബാര്‍ സഭാംഗമായ ആന്റണി ഡൊമിനിക്, കര്‍ദിനാള്‍ പ്രതിയായ കേസ് കേള്‍ക്കരുതായിരുന്നുവെന്നാണ് പാഷ പറഞ്ഞത്. പാഷ ഇപ്പോഴും ആ കേസിനെയോര്‍ത്ത് പതം പറയുന്നത് ആ കേസില്‍ അദ്ദേഹത്തിന് നിക്ഷിപ്ത താത്പര്യമുള്ളതു കൊണ്ടാണ്. ക്രിമിനല്‍ കേസുകളുടെ പരിഗണനയില്‍ നിന്ന് പാഷയെ ഒഴിവാക്കിയത് കര്‍ദിനാളിന്റെ കേസ് നിമിത്തമാണെന്ന് ഞാന്‍ കരുതുന്നില്ല. അതിനേക്കാള്‍ ഗൗരവമുള്ളതായിരുന്നു കരുനാഗപ്പള്ളി സബ് ജഡ്ജിയുടെ ഉത്തരവില്‍ അദ്ദേഹം നടത്തിയ ഇടപെടല്‍. സിവില്‍ കോടതിയുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജി ക്രിമിനല്‍ കേസ് കേള്‍ക്കുന്ന കോടതിയിലേക്ക് ജുഡീഷ്യല്‍ ഉത്തരവിലൂടെ അദ്ദേഹം വരുത്തുകയായിരുന്നു. അറബിയുടെ വാര്‍ത്താ സമ്മേളനം തടഞ്ഞ ഉത്തരവ് നീക്കം ചെയ്ത നടപടി ഞാന്‍ ശരിവയ്ക്കുന്നു. എന്നാല്‍ അതിന് അദ്ദേഹം സ്വീകരിച്ച മാര്‍ഗം ശരിയായിരുന്നില്ല. ഇത്തരം ശരികേടുകള്‍ വേറെയും ഉണ്ടായിക്കാണും. അവ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. സുപ്രീം കോടതിയില്‍നിന്ന് വിഭിന്നമായി റോസ്റ്റര്‍ സിസ്റ്റം ന്യൂനതയില്ലാതെ പ്രവര്‍ത്തിക്കുന്ന കോടതിയാണ് കേരള ഹൈക്കോടതി. അവിടെയാണ് താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അവിഹിതമായ ഇടപെടല്‍ പാഷ നടത്തിയത്.

കൊളീജിയം സിസ്റ്റത്തില്‍ ദോഷം കാണാതെ കൊളീജിയം തീരുമാനത്തില്‍ ദോഷം കാണുകയാണ് കെമാല്‍ പാഷ. ജഡ്ജിയാകാന്‍ ശുപാര്‍ശ ചെയ്യപ്പെട്ടവരെ താന്‍ കണ്ടിട്ടില്ലെന്ന് പാഷ പറയുന്നത് ശരിയായിരിക്കാം. പക്ഷേ അത് അവരുടെ അയോഗ്യതയാകുന്നതെങ്ങനെ? ജഡ്ജിമാരുടെ തിരഞ്ഞെടുപ്പ് കൊളീജിയത്തെ ഏല്‍പിക്കാതെ മുഴുവന്‍ ജഡ്ജിമാരുടെയും കൂട്ടായ തീരുമാനമാക്കണമെന്ന പാഷയുടെ നിര്‍ദേശത്തില്‍ യുക്തിയുണ്ട്. സീനിയര്‍ അഭിഭാഷകപദവി നല്‍കുന്നതുപോലും ജഡ്ജിമാരുടെ സമ്പൂര്‍ണ യോഗത്തിലായിരിക്കേ ജഡ്ജിമാരുടെ നിയമനം മൂന്ന് ജഡ്ജിമാരുടെ മാത്രം തീരുമാനത്തിനു വിടുന്നത് ശരിയല്ല. അത്രയും പാഷ പറഞ്ഞത് ശരി.
ജഡ്ജി ആയിരുന്നപ്പോഴും വിരമിച്ചപ്പോഴും പാഷയ്ക്ക് വേണ്ടിയിരുന്നത് പ്രശസ്തിയാണ്. വാര്‍ത്തയാണ് അദ്ദേഹത്തിന്റെ പ്രശസ്തിക്ക് ആധാരം. മാധ്യമങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ പ്രാണവായു കിട്ടാത്ത അവസ്ഥയിലായി അദ്ദേഹം. ആവുന്നത്ര പ്രാണവായു ഉള്‍ക്കൊള്ളുന്നതിനുള്ള ആക്രാന്തമായിരുന്നു അദ്ദേഹത്തിന്റെ വിടവാങ്ങല്‍ പ്രസംഗം. വിരമിക്കുന്ന ജഡ്ജിക്ക് മുഴുവന്‍ ജഡ്ജിമാരും അഭിഭാഷകരും ചേര്‍ന്ന് നല്‍കുന്ന യാത്രയയപ്പ് അത്യന്തം വികാരനിര്‍ഭരവും പവിത്രവുമാണ്. കെമാല്‍ പാഷയുടെ റഫറന്‍സില്‍ പവിത്രത ലംഘിക്കപ്പെട്ടു. രവീന്ദ്രന്‍ നല്ല നിലയില്‍ സംയമനം പാലിച്ചു. അദ്ദേഹത്തില്‍നിന്ന് പ്രതീക്ഷിച്ചിരുന്ന പ്രതികരണം ഉണ്ടായില്ല.

വിശ്വാസ്യതയില്‍ അധിഷ്ഠിതമായ സ്ഥാപനത്തിന്റെ വിശ്വാസ്യത ഏതു രീതിയിലും സംരക്ഷിക്കപ്പെടണം. അതിനു വിരുദ്ധമായ നടപടികള്‍ തടയപ്പെടണം. അതിനു വേണ്ടിയുള്ളതാണ് കോടതിയലക്ഷ്യനിയമം. വിശ്വാസ്യത നിലനിര്‍ത്തുന്നതില്‍ പ്രാഥമികമായ ഉത്തരവാദിത്വം ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമാണുള്ളത്. അതുകൊണ്ടാണ് ജസ്റ്റിസ് കര്‍ണന്‍ ശിക്ഷിക്കപ്പെട്ടത്. അതുകൊണ്ടാണ് ജസ്റ്റിസ് രവീന്ദ്രന്‍ പ്രശംസനീയമായ സംയമനം പാലിച്ചത്.
മറുപടിക്കുള്ള അവസരമില്ലാത്തതു കൊണ്ടാണ് ജഡ്ജിമാരെ വിമര്‍ശിക്കുന്നതിന് വിലക്കുള്ളത്. മറുപടിക്കും വിശദീകരണത്തിനുമുള്ള അവസരം ജഡ്ജിമാര്‍ ആവശ്യമുള്ളപ്പോഴൊക്കെ സൃഷ്ടിക്കുന്നു. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നാമത് കണ്ടു. അതൊരു പൊതുരീതി ആവുകയാണെങ്കില്‍ കോടതിയലക്ഷ്യ നിയമത്തിന്റെ കാഠിന്യം കുറയ്ക്കാവുന്നതാണ്. വാക്കുകള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ഫാസിസത്തിന്റെ സാമീപ്യം നാമറിയുന്നു. കോടതിയലക്ഷ്യത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്.

Advertisement