ഹരിയാനയില്‍ നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കെ മുഖ്യമന്ത്രി കസേരയ്ക്കായുള്ള കോണ്‍ഗ്രസിനുള്ളിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പോര് അണികളെ വരെ ആശങ്കപ്പെടുത്തി പുറത്തുവരുന്നുണ്ട്. എക്സിറ്റ് പോള്‍ ഫലപ്രവചനങ്ങളെല്ലാം സംസ്ഥാനത്ത് കോണ്‍ഗ്രസ് ജയിക്കുമെന്ന പ്രവചനം നടത്തിയതോടെ അണിയറയില്‍ ചരടുവലികള്‍ തകൃതയിലാണ്. ഹാട്രിക് അവസരം ഇല്ലാതെ ബിജെപി സംസ്ഥാനത്ത് തകര്‍ന്നടിയുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഏകദേശം വ്യക്തമായിരുന്നു. എന്നാല്‍ എക്സിറ്റ് പോളുകളും കോണ്‍ഗ്രസിന് കേവലഭൂരിപക്ഷത്തിന് മേലുള്ള സുരക്ഷിത വിജയം പ്രഖ്യാപിച്ചതോടെ ഹരിയാനയില്‍ കസേരയ്ക്ക് അവകാശം ഉന്നയിച്ച് നേതാക്കള്‍ പതുക്കെ പൊതുമധ്യത്തിലിറങ്ങി തുടങ്ങി.
ഹരിയാനയിലെ കോണ്‍ഗ്രസിന്റെ അമരക്കാരനും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ തലത്തിലെ തന്നെ തന്ത്രജ്ഞനുമായ മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യ പേരുകാരന്. ഹൂഡയുടെ നേതൃത്വത്തിലും കയ്യടക്കത്തിലും തന്ത്രങ്ങളിലുമാണ് ഹരിയാന കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേറ്റത്. അതിനാല്‍ ഹൂഡ തന്നെ മുഖ്യമന്ത്രിയാകാനാണ് സാധ്യത. പക്ഷേ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഹൂഡ ക്യാമ്പിനെതിരായി നിന്ന കുമാരി സെല്‍ജയും കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും എഐസിസി കോര്‍ ഗ്രൂപ്പ് കമ്മിറ്റി അംഗവും പാര്‍ട്ടി വക്താവുമായ രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ഹരിയാനയിലെ മുഖ്യമന്ത്രി കസേര നോട്ടമിട്ടിട്ടുണ്ട്.
മുതിര്‍ന്ന കോണ്‍ഗ്രസ് മുഖങ്ങള്‍ ആര്‍ക്കും സംശയം ഒന്നും തോന്നാത്ത തരത്തില്‍ മുഖ്യമന്ത്രി കസേരയ്ക്ക് അവകാശമുന്നയിച്ച് പറയുന്ന സ്ഥിരം പല്ലവി ഇതാണ്, പാര്‍ട്ടി ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്ന്. അതായത് തങ്ങളെല്ലാവരും മുഖ്യമന്ത്രി കസേര എന്ന ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് ഹൈക്കമാന്‍ഡ് പക്ഷേ തീരുമാനിച്ചിട്ട് വേണം കസേര ഉറപ്പിക്കാനെന്ന്. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേക്കും ശനിയാഴ്ച വോട്ടെടുപ്പ് നടക്കുമ്പോഴും പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന ഉറപ്പില്‍ തന്നെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കസേരയ്ക്ക് അവകാശവാദമുന്നയിക്കാന്‍ തുടങ്ങിയത്. 2005 മുതല്‍ 2014 വരെ ഹരിയാനയില്‍ മുഖ്യമന്ത്രിയായിരുന്ന ഭൂപീന്ദര്‍ സിംഗ് ഹൂഡയെ പ്രായത്തിന്റെ പേര് പറഞ്ഞു വീഴ്ത്താനാണ് കുമാരി സെല്ജയടക്കം എതിര്‍പക്ഷം കരുക്കള്‍ നീക്കുന്നത്. ഇതിന് ശക്തമായ രീതിയില്‍ പരോക്ഷമായി പ്രതികരിച്ചാണ് 77 വയസുകാരനായ ഹുഡ മറുപടി നല്‍കിയിട്ടുള്ളത്.
ഞാന്‍ ഇതുവരെ വിരമിച്ചിട്ടില്ല. ഇവിടെ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് സര്‍ക്കാര്‍ രൂപീകരിക്കുക. മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കും.
മുന്‍ കേന്ദ്രമന്ത്രിയും സിര്‍സ എംപിയുമായ കുമാരി സെല്‍ജയെ ലക്ഷ്യമിട്ടാണ് ഹൂഡ ഈ പ്രയോഗം നടത്തിയത്. ഗാന്ധി കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്ന കുമാരി സെല്‍ജ ഒരു ദളിത് മുഖമെന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ താനുണ്ടെന്ന് ഒരു മറയുമില്ലാതെ സെല്‍ജ വ്യക്തമാക്കിയിട്ടുമുണ്ട്.
എന്റെ അനുഭവസമ്പത്തും ആര്‍ക്കും ചോദ്യം ചെയ്യാനാവാത്ത പാര്‍ട്ടിയോടുള്ള വിശ്വസ്തതയും കോണ്‍ഗ്രസിന് തള്ളിക്കളയാനാവില്ലെന്ന് എനിക്കുറപ്പാണ്. കോണ്‍ഗ്രസിന്റെ വിശ്വസ്ത പോരാളിയാണ് സെല്‍ജ. എന്നും കോണ്‍ഗ്രസിനൊപ്പം തന്നെ തുടരും. കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡാണ് എപ്പോഴും തീരുമാനമെടുക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം.
സെല്ജയുടേയും രണ്‍ദീപ് സിങ് സുര്‍ജേവാലയുടേയും എല്ലാം പേര് ഉയരുമ്പോഴും ഭൂപേന്ദര്‍ സിംഗ് ഹൂഡ മാറേണ്ടി വന്നാല്‍ മുഖ്യമന്ത്രി കസേരയിലേക്ക് മകനും രോഹ്താഗ് എംപിയുമായ ദീപേന്ദര്‍ ഹൂഡ എത്തുമെന്ന ശ്രുതിയുമുണ്ട്. പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ജയിച്ച എംഎല്‍എമാരെല്ലാം ചേര്‍ന്ന് നിര്‍ദേശിക്കുന്ന ഒരാളെ ഹൈക്കമാന്‍ഡ് പരിഗണിക്കുമെന്നാണ് കരുതുന്നതെന്ന് ദീപേന്ദര്‍ സിംഗ് ഹൂഡ പറഞ്ഞിട്ടുമുണ്ട്. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ തന്റെ പിതാവിനും തനിക്കുമുള്ള അനിഷേധ്യ സ്ഥാനത്തിന്റെ ഉറപ്പിലാണ് ഹൂഡ ജൂനിയറിന്റെ ഈ പ്രതികരണം. ഇതിനെല്ലാം അപ്പുറം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ദളിത് നേതാവും ഹൂഡയുടെ വിശ്വസ്തനുമായ ഉദയ് ഭാനും മുഖ്യമന്ത്രി മോഹികളില്‍ ഒരാളാണ്. ഡല്‍ഹിയില്‍ എഐസിസി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചകളിലൊന്നില്‍ ദലിത് മുഖത്തെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം ഭാന്‍ മുന്നോട്ട് വെച്ചിരുന്നു. സിഎം ആഗ്രഹം തെറ്റല്ലെന്ന് പറഞ്ഞു ഹൈക്കമാന്‍ഡിന് ഏറ്റവും അടുത്തുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല കൂടി എത്തിയതോടെ ഹരിയാനയില്‍ കോറം തികഞ്ഞ മട്ടാണ്.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സെല്‍ജയും സുര്‍ജേവാലയും ആഗ്രഹിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതൃത്വം അവരെ അതിന് അനുവദിച്ചിരുന്നില്ല. പാര്‍ട്ടി മല്‍സരത്തിനുള്ള ടിക്കറ്റ് വിതരണത്തിലും ഹൂഡയ്ക്ക് സിംഹഭാഗവും നല്‍കിയായിരുന്നു ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാവിന് മേലുള്ള വിശ്വാസം തുറന്നു കാട്ടിയത്. 72 സീറ്റുകളില്‍ തനിക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികളെ തന്നെ നിയോഗിക്കാന്‍ കഴിഞ്ഞ ഹൂഡയ്ക്ക് എംഎല്‍എമാരുടെ പിന്തുണ കൂടുമെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണ് എംഎല്‍എമാര്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ആരുവരുമെന്ന് അഭിപ്രായം പറയട്ടേയെന്ന് ഹൂഡ ജൂനിയര്‍ പറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ ഭൂപീന്ദര്‍ ഹൂഡയെ പിണക്കി ഹരിയാനയിലെ മുന്‍തൂക്കം കളയാന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തയ്യാറാവില്ല. അതിനാല്‍ കടിപിടികള്ക്കൊടുവില് നാളത്തെ ഫലം കോണ്‍ഗ്രസിനെ തുണച്ചാല്‍ ഹരിയാനയില്‍ ഹൂഡ തന്നെ സിഎമ്മാകും.