ധനമന്ത്രിമാർ ദീപാളി കുളിക്കുന്ന പഴയ തറവാട്ട് കാരണവന്മാർ

കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ച് ചില ആശങ്കകൾ ഏതാനും വർഷങ്ങളായി പല തലങ്ങളിൽ പങ്ക് വയ്ക്കപ്പെടുന്നുണ്ട്. ഇടക്കിടെ ഇത് ഉയർന്ന് മാധ്യമങ്ങളിൽ ചർച്ച ആകാറുണ്ടെങ്കിലും കടം വാങ്ങിയും മറ്റു ചില വരുമാന മാർഗ്ഗങ്ങൾ പെട്ടെന്ന് ടാപ്പ് ചെയ്തും താത്കാലികമായി പ്രതിസന്ധി മറികടക്കാൻ ധനമന്ത്രിമാർ വിരുത് കാണിക്കും. അതോടെ പ്രതിസന്ധിക്ക് അടിസ്ഥാനപരമായ പരിഹാരം കാണാതെ പ്രശ്നങ്ങൾ തത്കാലത്തേക്ക് മൂടി വക്കപ്പെടും. ഇത് ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി കണ്ടു വരുന്ന പ്രവണതയാണ്. ഇതിനു രാഷ്ട്രീയപരമായ വകഭേദമില്ല. തങ്ങളുടെ കാലം വലിയ പരിക്കില്ലാതെ, പേര് ദോഷം കേൾപ്പിക്കാതെ മുന്നോട്ട് പോകണമെന്നാണ് ധനമന്ത്രിമാർ ചിന്തിക്കുന്നത്. അതുകൊണ്ട് അനതിവിദൂര ഭാവിയിൽ സംസ്ഥാനം നേരിടാൻ പോകുന്ന സാമ്പത്തിക ദുരന്തത്തിന് നേർക്ക് ധനമന്ത്രിമാർ പൊതുവെ കണ്ണടക്കാറാണ് പതിവ്.

ഇപ്പോൾ ഇക്കാര്യം വീണ്ടും പ്രസക്തമാകുന്നത് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ഈയിടെയുണ്ടായ ഒരു പ്രതികരണമാണ്. വരുമാനത്തിലെ, പ്രധാനമായും നികുതി ഇനത്തിലെ ഇടിവ് കാരണം ഇക്കുറി ക്രിസ്മസിന് പതിവുള്ള മുൻ‌കൂർ ശമ്പളം നല്കാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനു ജി എസ് ടി നടപ്പാക്കിയത് മൂലം താൽകാലികമായി നികുതി വരുമാനത്തിലുണ്ടായ ഇടിവ് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം തടിതപ്പുന്നത്. പക്ഷെ ഇത് സംസ്ഥാനത്തിന്റെ ഗുരുതരമായ സാമ്പത്തിക സ്ഥിതിയുടെ ചിത്രം നമ്മെ ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ്.

സംസ്ഥാനത്തിന്റെ പൊതുകടം 2015 -16 ലെ കണക്ക് പ്രകാരം 157,370 കോടി രൂപയാണ്. ഇത്രയും ഭീമമായി കടം പെരുകിയത് എങ്ങനെയെന്ന് ഒരു വ്യക്തതയില്ല. മാത്രവുമല്ല, ഉല്പാദനക്ഷമമായ മേഖലകളിൽ സർക്കാരിന്റെ നിക്ഷേപം കുറെ വർഷങ്ങളായി പൊതുവെ കുറഞ്ഞു വരുന്നുവെന്നാണ് വിവിധ പഠനങ്ങൾ വെളിവാക്കുന്നത്. അടിസ്ഥാന സൗകര്യ രംഗങ്ങളിലും മൂലധന നിക്ഷേപത്തിലും സർക്കാരിന്റെ വിഹിതം പൊതുവെ കുറയുന്ന പ്രവണതയാണുള്ളത്. ഇത്തരം കാര്യങ്ങൾ എന്തെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നടന്നിട്ടുണ്ടെങ്കിൽ അത് കേന്ദ്ര സഹായം കൊണ്ടും വലിയ തുക വിദേശ ധനകാര്യ സഥാപനങ്ങളിൽ നിന്ന് കടമെടുത്തുമാണ്. അടുത്ത കാലത്തെ പ്രധാന ഉദാഹരണം കൊച്ചി മെട്രോയാണ്. പണത്തിന്റെ അപര്യാപ്തത മൂലം റോഡുകളുടെ അറ്റകുറ്റപണികൾ പോലും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുന്നില്ല. ഇത് ടൂറിസം പോലുള്ള സംസ്ഥാനത്തിന്റെ ജീവൽ വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. അപ്പോൾ കടം വാങ്ങുന്ന തുക എങ്ങനെ ചെലവഴിക്കപ്പെടുന്നു എന്ന വളരെ പ്രസക്തമായ ചോദ്യം ഉയരുന്നു.

https://www.facebook.com/SouthLiveNews/videos/1752920204739788/

റവന്യു ചെലവിൽ വരുന്ന ഭീമമായ വർധനയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. സംസ്ഥാനത്തിന്റെ മൊത്തം റവന്യുവിനെക്കാൾ അധികം ഭരണ നിർവഹണ ചെലവിന് വേണ്ടി വരുന്ന ദാരുണമായ അവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ മറ്റു ചെലവുകൾക്ക് വായ്പ എടുക്കുക മാത്രമാണ് കരണീയമായ മാർഗം. നിലവിലെ കണക്കുകൾ കാണിക്കുന്നത് മൊത്തം വരുമാനത്തിന്റെ 64 -65 ശതമാനം ശമ്പളം, പെൻഷൻ തുടങ്ങിയ നിത്യനിദാന ചെലവുകൾ എന്ന വിഭാഗത്തിലേക്ക് വേണ്ടി വരുന്നു എന്നാണ് . പൊതുകടത്തിന്റെ തിരിച്ചടവ് ബാധ്യത കൂടി ചേർക്കുമ്പോൾ ഇത് 72 ശതമാനത്തോളം എത്തുന്നു. വരുമാനം കുറയുന്ന മാസങ്ങളിൽ കാര്യങ്ങൾ നടത്താൻ റിസർവ് ബാങ്കിനെ ആശ്രയിച്ചു കടം വാങ്ങുന്നു. പൊതുവെ നോക്കുമ്പോൾ മാസം തോറും ശരാശരി 1000 കോടി രൂപ ഇങ്ങനെ കടം എടുക്കുന്നുണ്ട്. ജി. ഡി. പിയുടെ അടിസ്ഥാനത്തിൽ നടപ്പു സാമ്പത്തിക വർഷം എടുക്കാവുന്ന കടത്തിന്റെ പരിധി 20400 കോടിയാണ്. ഇതിൽ 14000 കോടി ഇതിനകം എടുത്തു കഴിഞ്ഞു. കഴിഞ്ഞ ഓണക്കാലത്തു ക്ഷേമ പെൻഷൻ കുടിശിക തീർത്തു നൽകാനും മറ്റുമായി 8500 കോടി കടമെടുത്തു. സ്ഥലങ്ങൾ വിറ്റും കടം വാങ്ങിയും കല്യാണവും അടിയന്തിരവും നടത്തി ദീപാളി കുളിക്കുന്ന പഴയ തറവാട്ട് കരണവന്മാരെയാണ് സംസ്ഥാന സർക്കാർ ഓർമിപ്പിക്കുന്നത്.

എന്നിരുന്നാലും ഓരോ അഞ്ചു വർഷം കൂടുമ്പോഴും ശമ്പളം പരിഷ്കരിക്കുന്നതിനു മുടക്കമില്ല. സംസ്ഥാന ജനസംഖ്യയുടെ ചെറിയ ശതമാനം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി സമ്പത് ധൂർത്തു എന്നോണം ചെലവഴിക്കപ്പെടുന്നു. പൊതു സമ്പത്തിന്റെ വിതരണത്തിലെ ഇത്രക്ക് ക്രൂരമായ അനീതി കേരളത്തിലെ പോലെ മറ്റെങ്ങും കാണാൻ കഴിയില്ല തന്നെ. വാസ്തവത്തിൽ 5000 രൂപ മാസശമ്പളത്തിൽ എല്ലാ അസൗകര്യങ്ങളുടെയും നടുവിൽ ലക്ഷക്കണക്കിനാളുകൾ, പ്രത്യേകിച്ച് സ്ത്രീകൾ പണിയെടുക്കുന്ന സംസ്ഥാനത്തു സർക്കാർ ജീവനക്കാരായിരുന്ന ഭാര്യയും ഭർത്താവും വാങ്ങുന്ന മാസ പെൻഷൻ 50000 രൂപക്ക് മുകളിലാണെന്നതാണ് കൗതുകകരം. നൂറുകണക്കിന് ആദിവാസി സ്ത്രീകൾ പ്രസവത്തിനു സർക്കാർ ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത സാഹചര്യം വാർത്തകളിൽ നിറയുമ്പോൾ ഭാര്യക്കും ഭർത്താവിനുമായി ഏഴു മാസത്തെ ശമ്പളം സൗജന്യമായി നൽകി സർക്കാർ ജീവനക്കാരിയുടെ പ്രസവം സർക്കാർ എടുക്കുന്നു. ഈ സാമ്പത്തിക അനീതി, രാഷ്ട്രീയത്തിന്റെയും സംഘടിത ശക്തിയുടെ സംഘബലത്തിലും അനുസ്യൂതം തുടരുകയാണ്. മന്ത്രിസഭയും ധനമന്ത്രിമാരും ഇടക്കിടെ മാറുന്നു എന്ന് മാത്രം.

എണ്ണമറ്റ വൈക്കോൽ, മണ്ണിര കോർപറേഷനുകൾക്കായി കോടികൾ വേറെയും വെള്ളത്തിൽ കലക്കുന്നു. ഇങ്ങനെ പോയാൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി വലിയ താമസം കൂടാതെ കെ എസ് ആർ ടി സിയുടെ അവസ്ഥയിലാകും എന്നത് ആർക്കും വ്യക്തമാകും. അതുകൊണ്ട് രാഷ്ട്രീയത്തെയും മറ്റു സങ്കുചിത, സംഘടിത താല്പര്യങ്ങളെയും മറി കടക്കാനുള്ള ഇച്ഛാശക്തി തോമസ് ഐസക് എങ്കിലും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊതു സമ്പത്ത് വിതരണത്തിലെ ഇന്നത്തെ അനീതി അധികകാലം തുടർന്ന് പോവുക അസാധ്യം തന്നെയാകും.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ