സ്ത്രീകള്‍ക്ക് ആരുടേയും ഔദാര്യം വേണ്ട, സര്‍ക്കാര്‍ സ്വന്തം പണിയെടുക്കെന്ന് സുപ്രീം കോടതി

സിനിമ സ്റ്റൈല്‍ ഡയലോഗുമായി ഒരിക്കല്‍ കൂടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പൊതുമധ്യത്തില്‍ ചില പുഴുക്കുത്തലുകളെ ചോദ്യം ചെയ്യുകയാണ്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലെ ഒരു വിജ്ഞാപനം കണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇക്കുറി ശബ്ദം ഉയര്‍ത്തിയത്. 31 വയസുള്ള ഒരു യുവ ഡോക്ടര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രാത്രി ഡ്യൂട്ടിയ്ക്കിടെ ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വലിയ വിമര്‍ശനങ്ങളെ നേരിടാന്‍ മമത സര്‍ക്കാര്‍ കാണിച്ചുകൂട്ടുന്ന മുട്ടാപ്പോക്കാണ് ചീഫ് ജസ്റ്റിസിന്റെ രോഷത്തിനിടയാക്കിയത്. ബംഗാളില്‍ മാത്രമല്ല രാജ്യമെമ്പാടും വലിയ പ്രതിഷേധത്തിനിടയാക്കിയ യുവഡോക്ടറുടെ കൊലപാതകത്തില്‍ ബംഗാള്‍ സര്‍ക്കാരിന്റേയും പൊലീസിന്റേയും നടപടികളെല്ലാം വലിയ ചര്‍ച്ചയ്ക്കും പ്രതിഷേധത്തിനും ഇടയാക്കിയപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മമത സര്‍ക്കാര്‍ കണ്ടുപിടിച്ച ഉപായമാണ് ഇപ്പോള്‍ ഇരുട്ട് കൊണ്ട് ഓട്ടയടക്കല്‍ ശ്രമമാകുന്നത്.

കൊല്‍ക്കത്തയിലെ ആര്‍ജി മെഡിക്കല്‍ കോളേജിലെ സംഭവത്തെ തുടര്‍ന്ന് സ്ത്രീകളുടെ സുരക്ഷയ്‌ക്കെന്നും പറഞ്ഞു ബംഗാള്‍ സര്‍ക്കാരെടുത്ത തീരുമാനം നൈറ്റ് ഡ്യൂട്ടിയ്ക്ക് സ്ത്രീകള്‍ വേണ്ടെന്നതാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രികളിലെല്ലാം വനിത ഡോക്ടര്‍മാരെ രാത്രി ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുതെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. അതായത് രാത്രി സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് പറയുന്നത് പോലെ രാത്രി ഷിഫ്റ്റുകളില്‍ ഇനി ജോലിക്കും പോകരുതെന്ന്. പൗരന്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കുകയെന്ന സര്‍ക്കാരിന്റെ പ്രഥമ കര്‍ത്തവ്യങ്ങളിലൊന്നിനെ മറന്നിട്ടാണ് രാത്രി ഷിഫ്റ്റുകളില്‍ വനിത ഡോക്ടര്‍മാര്‍ വേണ്ടെന്ന തീര്‍ത്തും വൈകാരിക പ്രകടനങ്ങളിലേക്ക് ഒരു സര്‍ക്കാര്‍ കടന്നിരിക്കുന്നത്.

ഈ തീരുമാനത്തെ ചോദ്യം ചെയ്തും തിരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ടുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്ത് പിന്തിരിപ്പന്‍ നയമാണിതെന്ന് ചോദിച്ചിരിക്കുന്നത്. സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ വയ്യാത്തവര്‍ വനിതകളുടെ സ്വാതന്ത്ര്യം കൂച്ചുവിലങ്ങിടുകയാണോ വേണ്ടതെന്ന ചോദ്യമാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ഉന്നയിച്ചത്. സ്‌റ്റേറ്റിന്റെ ചുമതലയാണ് സുരക്ഷ ഉറപ്പാക്കുക എന്നത് ആവര്‍ത്തിച്ച് പറയാനും ചീഫ് ജസ്റ്റിസ് മടിച്ചില്ല.

എങ്ങനെയാണ് സ്ത്രീകള്‍ രാത്രി ജോലി ചെയ്യേണ്ടെന്ന് നിങ്ങള്‍ക്ക് പറയാനാവുക? എന്തുകൊണ്ടാണ് വനിത ഡോക്ടര്‍മാര്‍ക്ക് മാത്രം പരിധി നിശ്ചയിക്കുന്നത്?, സ്ത്രീകള്‍ക്ക് ആരുടേയും ഇളവ് ആവശ്യമില്ല. ആണുങ്ങളെ പോലെ തന്നെ എല്ലാ ഷിഫ്റ്റിലും ജോലി ചെയ്യാന്‍ സ്ത്രീകള്‍ സന്നദ്ധരാണ്.

മമത ബാനര്‍ജി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനെ പേരെടുത്തു വിളിച്ചാണ് ബംഗാള്‍ സര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ മാറ്റം വരുത്തണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചത്. സ്ത്രീകളുടെ തൊഴില്‍ സമയത്തില്‍ മാറ്റം വരുത്തുകയല്ല പകരം ഏത് സമയത്തും സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവസ്ഥയുണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശക്തമായ സുരക്ഷയും ക്രമസമാധാന പാലലവും സര്‍ക്കാരിന്റെ ചുമതലയാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.

പൈലറ്റുമാര്‍, സൈന്യം തുടങ്ങി എല്ലാ മേഖലയിലുള്ളവരും രാത്രി ജോലിയെടുക്കുന്നുണ്ട്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥ വനിതാ ഡോക്ടര്‍മാരുടെ കരിയറിനെ ദോഷകരമായി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഉടന്‍ വനിത ഡോക്ടര്‍മാര്‍ക്ക് രാത്രി ഡ്യൂട്ടി വേണ്ടയെന്ന വിജ്ഞാപനം തിരുത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കോടതി ചോദ്യം ചെയ്ത വിജ്ഞാപനത്തിലെ വ്യവസ്ഥ ഉടന്‍ തിരുത്തുമെന്ന് മമത സര്‍ക്കാരിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ സുപ്രീം കോടതിയെ അറിയിച്ചു.

ആര്‍ജി കാര്‍ ആശുപത്രി ബലാത്സംഗ-കൊലപാതക സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ, സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടിയും നേരിട്ടതോടെ വനിതാ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രധാന ഉപദേഷ്ടാവ് അലപന്‍ ബന്ദ്യോപാധ്യായ പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും സ്ത്രീ സൗഹൃദ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് ബന്ദ്യോപാധ്യായ പറയുന്നത്. മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും ലോക്കല്‍ പോലീസിന്റെ സ്ഥിരം രാത്രി പട്രോളിംഗിന് സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. രാത്രി ഡ്യൂട്ടിയുടെ കാര്യത്തില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് രണ്ടോ അതിലധികമോ ആയി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തില്‍ ഷിഫ്റ്റുകള്‍ ക്രമീകരിക്കുമെന്നും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സ്വകാര്യ ഹെല്‍ത്ത് കെയര്‍ സെന്ററുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബംഗാള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് വ്യക്തമാക്കി.

Read more