'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

അയോധ്യ രാം മന്ദിര്‍ എന്നും മിഷണ്‍ 400 എന്നൊക്കെ പറഞ്ഞും ആവേശത്തോടെ 2024ലെ തിരഞ്ഞെടുപ്പിന് തയ്യാറായ ബിജെപിയ്ക്ക് ആദ്യ രണ്ട് ഘട്ടത്തിന് മുമ്പ് തന്നെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ ഗുജറാത്ത് മോഡല്‍ ചതിയെന്ന പുത്തന്‍ കലാരൂപം ബിജെപി കോണ്‍ഗ്രസിന് മേല്‍ പരീക്ഷിക്കുകയും വിജയിക്കുകയുമാണ്. തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്ത് നിര്‍ത്തിയിട്ട് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയമാകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ ചാടിപ്പോകുന്നത് കണ്ട് അന്തം വിട്ടിരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥിയെ ചാടിച്ച് സ്വന്തം പാളയത്തിലെത്തിച്ച് തിരഞ്ഞെടുപ്പിന് പോലും ജനങ്ങള്‍ക്ക് അവസരം നല്‍കാത്ത ഗുജറാത്തിലെ സൂററ്റ് മോഡല്‍ ഇന്ന് മധ്യപ്രദേശിലും പയറ്റിയിരിക്കുകയാണ് ബിജെപി. സൂററ്റിലെ നിലേഷ് കുംഭാനിയെന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളലും പിന്നാലെയുള്ള അയാളുടെ ബിജെപി ചാട്ടത്തിനും പിന്നാലെ ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ബിജെപി പാളയത്തിലെത്തിയിരിക്കുന്നത്.

ഇന്‍ഡോര്‍ ലോക്സഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാമാണ് നാമനിര്‍ദ്ദേശക പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. ബിജെപി നേതാക്കളോടൊപ്പം എത്തിയാണ് കോണ്‍ഗ്രസുകാരനായിരുന്ന സ്ഥാനാര്‍ത്ഥി അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ചത്. ഒപ്പം മധ്യപ്രദേശിലെ ബിജെപി മന്ത്രിയുടെ ഒപ്പം കാറില്‍ ചിരിച്ചിരിക്കുന്ന ഫോട്ടോയും പിന്നാലെയെത്തി. നരേന്ദ്ര മോദിയും അമിത് ഷായും ജെപി നഡ്ഡയും നയിക്കുന്ന ബിജെപിയിലേക്ക് അണിയായി വീണ്ടും ഒരു കോണ്‍ഗ്രസുകാരന്‍ എത്തിയതിന്റെ വിജയ ചിരി മോദി പരിവാറുകാരനായ കൈലാഷ് വിജയവര്‍ഗീയ ആ ചിത്രത്തിലൂടെ പുറത്തുവിടുന്നുണ്ട്. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കവെയാണ് അക്ഷയ് കാന്തി ബാമിന്റെ താമരചാട്ടം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്.

മെയ് 13 ന് വോട്ടെടുപ്പ് നടക്കുന്ന ഇന്‍ഡോര്‍ ലോക്സഭാ സീറ്റില്‍ സിറ്റിംഗ് എംപി ശങ്കര്‍ ലാല്‍വാനിനെതിരെയാണ് കോണ്‍ഗ്രസ് അക്ഷയ് കാന്തി ബാമിനെ കളത്തിലിറക്കിയത്. അയാളെ ബിജെപി സ്വന്തമാക്കുമ്പോള്‍ തിരഞ്ഞെടുപ്പിനുള്ള ജനങ്ങളുടെ സ്വാഭാവിക അവകാശവും ഹനിക്കപ്പെടുന്നുണ്ട്. എതിരാളികളില്ലാതെ സീറ്റ് പിടിക്കാനുള്ള ബിജെപിയുടെ കുതന്ത്രം പലയിടങ്ങളിലും അവര്‍ പ്രാവര്‍ത്തികമാക്കുകയാണ്.

ഒരാള്‍ക്ക് ഒരു പാര്‍ട്ടി വിട്ടു മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിന് തടസങ്ങളൊന്നുമില്ല. പക്ഷേ തന്നെ സ്ഥാനാര്‍ത്ഥിയാക്കി നിശ്ചയിച്ച പാര്‍ട്ടിയേയും അണികളേയും വഞ്ചിച്ച് പിന്നീട് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള അവസരം പോലും ഇല്ലാതാക്കി അവസാന നിമിഷം കളം മാറ്റി ചവിട്ടുന്നവര്‍ രാഷ്ട്രീയത്തെ അപഹസിക്കുകയാണ്. ഗുജറാത്തിലെ നിലേഷ് കുഭാംനിയുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോകാന്‍ കാരണമുണ്ടാക്കിയതായി തന്നെ വ്യക്തമാണ്. അയാളുടെ ഒപ്പമുണ്ടായിരുന്ന ഡമ്മി സ്ഥാനാര്‍ത്ഥി അടക്കം ബിജെപിയിലേക്ക് പോവുകയും ചെയ്തതോടെ സൂററ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് ദലാല്‍ എതിരാളി ഇല്ലാതെ വിജയം ഉറപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനി ബിജെപിയ്‌ക്കൊപ്പം ചേര്‍ന്നതോടെ പുത്തന്‍ ചതിയുടെ തന്ത്രം ലോകത്തിന് മനസിലായി. ബിഎസ്പി അടക്കം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും സ്വതന്ത്രന്മാരും സൂററ്റില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പത്രിക നല്‍കിയിട്ടും അവസാന ദിവസം ഇവര്‍ ഒന്നടങ്കം പത്രിക പിന്‍വലിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് വിജയം ഉറപ്പാക്കിയപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം ഒരു പുത്തന്‍ ചതിയുടെ തന്ത്രത്തെ പരിചയപ്പെടുകയായിരുന്നു.

ഇന്ന് മധ്യപ്രദേശിലും ബിജെപി ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുന്ന ഈ തന്ത്രം കോണ്‍ഗ്രസുകാരെ വിലയ്‌ക്കെടുത്ത് ആവര്‍ത്തിച്ചതോടെ ഒന്നില്‍ ഇത് നില്‍ക്കില്ലെന്ന് കൂടി വ്യക്തമായി. തിരഞ്ഞെടുപ്പ് വരെ കാത്തുനിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പണവും കഴിഞ്ഞ് പിന്‍വലിക്കാനുള്ള അവസാന ദിവസമെത്തുമ്പോഴേക്കും പ്രയോഗിക്കുന്ന ബിജെപി കുതന്ത്രം കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിന്റെ ദുരന്താവസ്ഥ കൂടിയാണ് എടുത്തുകാട്ടുന്നത്. കൂടെ നിന്ന് കാലുവാരുന്നവനെ സംസ്ഥാന ഘടകങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയാുന്നില്ലെ. പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കാതെ മറുകണ്ടം ചാടാന്‍ നില്‍ക്കുന്നവന്മാരെങ്ങനെയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടുന്നത്. എന്തിന്റെ മാനദണ്ഡത്തിലാണ് സ്ഥാനാര്‍ത്ഥികളെ രാജ്യത്തിന്റെ മുത്തശ്ശി പാര്‍ട്ടി നിശ്ചയിക്കുന്നത്.

ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്താതെ തന്നെ വിജയിക്കാനുള്ള ഫാസിസ്റ്റ് തന്ത്രങ്ങള്‍ വിജയകരമായി താമരപാര്‍ട്ടി നടപ്പാക്കുമ്പോള്‍ ജയ് ജയ് വിളിക്കുന്നവര്‍ തങ്ങളുടെ വോട്ടെടുപ്പിനുള്ള അവകാശം കൂടിയാണ് ചിലര്‍ക്ക് പണയം വെയ്ക്കുന്നതെന്ന് ഓര്‍ക്കണം. അപ്പുറത്തുള്ള സ്ഥാനാര്‍ത്ഥിയെ വിലയ്ക്ക് വാങ്ങി എതിരാളികളില്ലാതെ മല്‍സരം നടക്കാതെ, ജനങ്ങള്‍ തിരഞ്ഞെടുക്കാതെ തന്നെ ചിലര്‍ പാര്‍ലമെന്റിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്ന് ബിജെപി പറയുക മാത്രമല്ല ചെയ്തു കാണിക്കുകയാണ്. അവസാന നിമിഷം തങ്ങളുടെ സ്ഥാനാര്‍ത്ഥി ചാടി പോകുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനും പത്രിക സമര്‍പ്പിക്കാനും കഴിയാതെ തളര്‍ന്നു പോകുകയാണ് രാജ്യത്തിന്റെ പ്രതിപക്ഷ സംവിധാനം. കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്കാണ് ബിജെപി നീക്കങ്ങളെന്ന് അവര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണെങ്കിലും ജനാധിപത്യ മുക്ത ഭാരതമെന്ന സ്വപ്‌നം ഒരു ഫാസിസ്റ്റ് സംവിധാനം ഉണ്ടാക്കിയെടുക്കുന്നതിന്റെ കാഴ്ചയുടെ അങ്ങേത്തലമാണ് ഈ ഗുജറാത്ത് മോഡല്‍ ചതി. വോട്ടര്‍മാര്‍ ബെഞ്ചിലാവുകയും ബിജെപിയുടെ മണി- മസില്‍ പവര്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയും ചെയ്യുന്ന കാഴ്ച 2024 തിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുകയാണ്. സൂററ്റ്, ഇന്‍ഡോര്‍…ഇതിന് പിന്നാലെയൊരു തുടര്‍ച്ചയായി ഇന്ത്യയുടെ മറ്റുഭാഗങ്ങളും ബിജെപിയ്ക്ക് മുന്നില്‍ വീണാല്‍ പോരാടി നേടിയ വോട്ടവകാശം ഉത്തരത്തിലും വോട്ടര്‍മാര്‍ ബെഞ്ചിലുമാകും.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍