ഡിസംബര്‍ 3ന് വന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ താമര വിരിഞ്ഞു നിന്നെങ്കിലും മൂന്നിടങ്ങളിലും മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ബിജെപിക്കുള്ളില്‍ ചര്‍ച്ചകളുടെ മഹാമഹമാണ്. മുമ്പില്ലാത്ത വിധം സംസ്ഥാനങ്ങളില്‍ വിഭാഗീയതയും സ്ഥാനമാനത്തിനുള്ള പിടിവലിയും കനത്തതാണ് മധ്യപ്രദേശിലേയും രാജസ്ഥാനിലേയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കല്‍ പാര്‍ട്ടിക്ക് പ്രതിസന്ധിയാകുന്നത്. ഛത്തീസ്ഗഢിലാവട്ടെ വോട്ട് പിടിക്കാന്‍ ഗോത്രവര്‍ഗ പ്രീണനതന്ത്രവും ഒബിസി പ്രീണനതന്ത്രവും പയറ്റിയ ബിജെപിക്ക് ഗോത്രമേഖലയില്‍ നിന്നോ ഒബിസി വിഭാഗത്തില്‍ നിന്നോ ഉള്ള ഒരു മുഖ്യമന്ത്രിയെ കൊണ്ടുവരണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായതും പ്രതിസന്ധി സൃഷ്ടിച്ചു. പക്ഷേ കാര്യം അത്ര എളുപ്പമല്ലാതായത് കാലങ്ങളായി അവിടെ ബിജെപി മുഖ്യമന്ത്രി കസേരയിലിരിക്കുന്ന മുതിര്‍ന്ന നേതാവ് രമണ്‍ സിങ് മുഖ്യമന്ത്രി കസേരയില്‍ കണ്ണുനട്ടുണ്ടെന്നുള്ളതാണ്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് രമണ്‍ സിങ്. 2003 മുതല്‍ 2018 വരെ ഹാട്രിക് അടിച്ച് ഛത്തീസ്ഗഢ് ഭരിച്ച ബിജെപി മുഖ്യനായിരുന്നു രമണ്‍ സിങ്.
ബിജെപി ഛത്തീസ്ഗഢില്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. 90 അംഗ നിയമസഭയില്‍ 54 ബിജെപി എംഎല്‍എമാരാണ് ഉള്ളത്. ഗോത്രവര്‍ഗ മുഖ്യമന്ത്രിക്കായി ബിജെപി തീരുമാനമെടുത്തതോടെ മുന്‍കേന്ദ്രമന്ത്രി വിഷ്ണു ഡിയോ സായിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന രേണുക സിങ് സരുതയും ഗോത്രവര്‍ഗ മുഖ്യമന്ത്രി സാധ്യത പട്ടികയിലുണ്ടായിരുന്നു. ഒബിസി മുഖ്യമന്ത്രിമാരെന്ന പേരില്‍ ഛത്തീസ്ഗഢ് ബിജെപി ചീഫ് അരുണ്‍ സാവോയോയും മുന്‍ ബ്യൂറോക്രാറ്റ് ഒപി ചൗധരിയും മുഖ്യമന്ത്രി റേസില്‍ ഉണ്ടായിരുന്നു.
രാജസ്ഥാനിലും മധ്യപ്രദേശിലും മുഖ്യമന്ത്രിയാരെന്ന് കാര്യം രണ്ട് ദിവസത്തിനുള്ളില്‍ അറിയാമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രണ്ടു സംസ്ഥാനങ്ങളിലും ബിജെപി നിയമസഭാകക്ഷി യോഗം നാളെ ചേരാനിരിക്കെയാണ് സസ്‌പെന്‍സ് അധികം നീളില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ വര്‍ഗീയ പറയുന്നത്.
രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും കേന്ദ്ര നേതൃത്വവും തമ്മില്‍ സ്വരചേര്‍ച്ച ഇല്ലാത്തത് തിരഞ്ഞെടിപ്പിലടക്കം പ്രതിഫലിച്ചിരുന്നു. ആദ്യും വസുന്ധരയെ ഒഴിവാക്കി നിര്‍ത്തിയെങ്കിലും വസുന്ധര പാലം വലിച്ചാല്‍ കാര്യങ്ങള്‍ കുഴയുമെന്ന് കണ്ട് ദേശീയ നേതൃത്വം വസുന്ധരയെ അുനയിപ്പിച്ചാണ് അവസാനവട്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഊര്‍ജ്ജിതമാക്കിയത്. എംഎല്‍എമാരില്‍ നല്ലൊരു ശതമാനവും വസുന്ധര രാജെ സിന്ധ്യയ്ക്ക് പിന്തുണ അറിയിച്ചു നില്‍ക്കുന്നതിനാല്‍ വസുന്ധരയുടെ തട്ട് താണുതന്നെയാണ്. 199 സീറ്റുകളില്‍ 115ഉം പിടിച്ചാണ് രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ടിന്റെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി താഴെയിറക്കിയത്.
രാജസ്ഥാനിലെ ബിജെപി എംഎല്‍എമാരെ ഓരോരുത്തരായി വിളിച്ച് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പല ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. വസുന്ധര രാജെയ്ക്ക് എംഎല്‍എമാര്‍ക്കിടയില്‍ വലിയ പിന്തുണയുള്ള സാഹചര്യത്തില്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ രാജ്‌നാഥ് സിങ്ങിനെ ഇവിടെ നിരീക്ഷകനായി ബിജെപി നിയോഗിച്ചിട്ടുണ്ട്. വസുന്ധരയ്ക്ക് അപ്പുറത്തേക്ക് ഒരു തീരുമാനത്തിലേക്ക് നരേന്ദ്ര മോദിയും അമിത് ഷായും പോയാല്‍ വസുന്ധരയെ അനുനയിപ്പിക്കാനാണ് രാജ്‌നാഥ് സിങിനെ രാജസ്ഥാനില്‍ ഇറക്കിയതെന്ന സൂചനയുമുണ്ട്.
മഹന്ത് ബാലക് നാഥും രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ സിപി ജോഷിയും കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തും മുഖ്യമന്ത്രി കസേരയ്ക്കായുള്ള പോരാട്ടത്തിലുണ്ട്. അമിത് ഷായുമായി ഉടക്കി നില്‍ക്കുന്ന വസുന്ധരയെ ഒതുക്കാന്‍ ഗജേന്ദ്ര സിങ് ഷെഖാവത്തിനെ രാജസ്ഥാനിലെ കാര്യക്കാരനാക്കാനുള്ള നീക്കത്തിന് പിന്നിലും അമിത് ഷാ തന്നെയായിരുന്നു. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ഷെഖാവത്തിനെ തന്നെയാണ് പ്രിയം. ഇരുവരേയും വകവെയ്ക്കാത്ത വസുന്ധരയുടെ തലപ്പൊക്കത്തില്‍ മോദിക്കും ഷായ്ക്കും കടുത്ത അതൃപ്തിയുണ്ട്. പക്ഷേ രാജസ്ഥാനില്‍ വസുന്ധരയെ പിണക്കിയാല്‍ രക്ഷയില്ലെന്ന് കണ്ടാണ് തിരഞ്ഞെടുപ്പ് വേളയില്‍ ഒന്ന് താഴ്ന്ന് കൊടുത്തത്.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി കസേരയിലെത്തിച്ച പോലെ കാഷായ വേഷധാരിയായ ബാബ ബാലക്‌നാഥിനെ രാജസ്ഥാനില്‍ മുഖ്യനാക്കാനും കേന്ദ്രത്തിന് താല്‍പര്യമുണ്ടത്രേ. ചര്‍ച്ചകള്‍ സജീവമായപ്പോള്‍ താന്‍ മുഖ്യമന്ത്രിപദത്തിനായി രംഗത്തില്ലെന്ന് ബാബാ ബാലക്‌നാഥ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു നല്ല കുട്ടിയാകാന്‍ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന രാജേന്ദ്ര റാത്തോഡും രാജ്യവര്‍ദ്ദന്‍ സിങുല്ലൊം മുഖ്യമന്ത്രി കസേരയ്ക്കായി രംഗത്തുണ്ട്. വസുന്ധരയെ വീഴ്ത്താന്‍ റോയല്‍ മുഖമെന്ന ആയുധം ബിജെപി പുറത്തെടുത്താല്‍ രാജകുമാരി ലേബലില്‍ മല്‍സരിച്ച് ജയിച്ച ദിയാ കുമാരി നെക്‌സ്റ്റ് ചെസ് നമ്പറായി സ്റ്റേജിലുണ്ട്.
മധ്യപ്രദേശില്‍ വമ്പന്‍ വിജയം നേടിയ ബിജെപിയ്ക്ക് പാര്‍ട്ടിയുടെ എക്കാലത്തേയും ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന ശിവ് രാജ് സിങ് ചൗഹാനെ മാറ്റിനിര്‍ത്താനാകുമോയെന്നാണ് ചോദ്യം. ചൗഹാനെ ഒതുക്കാന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ തിരഞ്ഞെടുപ്പ് നേരിടാന്‍ തീരുമാനിച്ച നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പക്ഷേ വന്‍ വിജയം നേടിയ മധ്യപ്രദേശില്‍ കാര്യങ്ങള്‍ ഏകപക്ഷീയമായി തീരുമാനിക്കാനാകുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. എംഎല്‍എമാരുടെ വമ്പിച്ച പിന്തുണയോടെയാണ് ചൗഹാന്റെ നില്‍പ്പെന്നതും പ്രധാനമാണ്. 230 സീറ്റുള്ള മധ്യപ്രദേശില്‍ 163 ഉം ജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.
ശിവ് രാജ് സിങ് ചൗഹാനെ മാറ്റി നിര്‍ത്തിയാല്‍ പ്രഹ്ലാദ് സിങ് പട്ടേലിനും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായ കൈലാഷ് വിജയ വര്‍ഗീയയ്ക്കുമാണ് മുഖ്യമന്ത്രി കസേരയില്‍ കൂടുതല്‍ സാധ്യത. ഇതില്‍ കൈലേഷ് വിജയ് വര്‍ഗീയ മോദി-ഷാ ടീമിന്റെ പ്രിയങ്കരനാണ്. എല്ലാത്തിലുമപ്പുറം ചമ്പരന്‍ മേഖലയില്‍ ബിജെപിയ്ക്ക് വന്‍നേട്ടം കൊയ്യാനായത് സിന്ധ്യ കുടുംബത്തിലെ ഇളമുറക്കാരന്‍ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയ്‌ക്കൊപ്പം ചേര്‍ന്നതിനാലാണെന്ന വസ്തുതയുമുണ്ട്. രാജകുടുംബാംഗമായ പഴയ കോണ്‍ഗ്രസുകാരനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നവരുമുണ്ട്.
Read more
എന്തായാലും മുമ്പില്ലാത്ത വിധം ചര്‍ച്ചകള്‍ ബിജെപിയെന്ന പാര്‍ട്ടിയില്‍ നടക്കുന്നതിന് കാരണം 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതിനാലാണ്. ഏകപക്ഷീയ തീരുമാനം എടുക്കാന്‍ ഒരുമടിയുമില്ലാത്ത മോദി- ഷാ ടീം ഒന്ന് പതുങ്ങുന്നത് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആരും വിഭാഗീയതയുടെ പേരില്‍ തിരിഞ്ഞു കൊത്താതിരിക്കാനാണ്. അതാണ് മുമ്പില്ലാത്ത വിധം അുനയ നീക്കങ്ങളും ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലേക്കുമായി 9 നിരീക്ഷകരെയാണ് ബിജെപി നിയോഗിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍മൂന്നിടത്തേയും ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ, അതിനുള്ള മാരത്തോണ്‍ ചര്‍ച്ചകളാണ് ബിജെപി അണിയറയില്‍ നടക്കുന്നത്.