തരുണ്‍ തേജ്പാലും തെഹല്‍ക്കയും പിന്നെ വിശാല പൊതുതാത്പര്യ മാധ്യമ സംസ്‌കാരത്തിന്റെ ഭാവിയും

കെ. എ ഷാജി

വിശാല പൊതുതാത്പര്യം മുന്‍നിര്‍ത്തിയുള്ളതും മതേതര ബഹുസ്വര മൂല്യങ്ങളില്‍ ഊന്നിയുള്ളതുമായ മാധ്യമ പ്രവര്‍ത്തനത്തില്‍ ഗുരുവും വഴികാട്ടിയുമായിരുന്ന ഒരാള്‍ പെട്ടെന്നൊരു ദിവസം ബലാത്സംഗ കേസില്‍ പ്രതിയാവുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുക. കുറ്റാരോപിതനെ പോലെ തന്നെ പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തകയും നേരിയിട്ടറിയുന്ന ഒരാളായിരിക്കുക. പഴയ സഹപ്രവര്‍ത്തകരും സഹയാത്രികരും ഇരുപക്ഷങ്ങളിലുമായി വിഭജിക്കപ്പെടുകയും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയും ചെയ്യുക. അനന്തരഫലമെന്നോണം ഇന്ത്യന്‍ മാധ്യമരംഗത്തെ എക്കാലത്തെയും ധീരമായ ചുവടുവെയ്പുകളില്‍ ഒന്നായിരുന്ന പ്രസിദ്ധീകരണം ഉടമസ്ഥത കൈമറിഞ്ഞ് അതിന്റെ സ്ഥാപിത മൂല്യങ്ങള്‍ക്ക് എതിരായ ദിശയില്‍ സഞ്ചരിക്കുക. രണ്ടായിരത്തി പതിമൂന്ന് നവംബര്‍ മാസത്തിലെ ആദ്യവാരം സമ്മാനിച്ചത് വലിയൊരു ഷോക്ക് ആയിരുന്നു. അതിന് ഏതാണ്ട് മൂന്നു വര്‍ഷം മുമ്പ് തന്നെ ഞാന്‍ തെഹല്‍ക്ക വിട്ടിരുന്നു. മാഗസിന്‍ ജേര്‍ണലിസത്തില്‍ നിന്നും ദിനപത്രത്തിലേക്ക് മടങ്ങിയിരുന്നു. പക്ഷെ അപ്പോഴും മനസ്സില്‍ തെഹല്‍കയിലെ ബോസ് ആയിരുന്ന തരുണ്‍ തേജ്പാല്‍ ആയിരുന്നു താരം. മുഖ്യപത്രാധിപര്‍ എന്ന നിലയില്‍ ഒരു തരത്തിലുള്ള ഇടപെടലുകളും നടത്താത്ത, സഹപ്രവര്‍ത്തകരെ തുല്യരായി കണ്ടിരുന്ന, അനാവശ്യമായി അധികാരവും ബലവും പ്രകടിപ്പിക്കാത്ത, പ്രതിസന്ധികളില്‍ കൂടെ നില്‍ക്കുന്ന, തെറ്റുകള്‍ വന്നാല്‍ സൗമ്യമായി തിരുത്തുന്ന ഒരു പത്രാധിപരായിരുന്നു തരുണ്‍. പത്രാധിപരോട് തമാശ പറയാം, അദ്ദേഹത്തിന്റെ വാഹനം കടം വാങ്ങാം, അങ്ങോട്ടു പോയി കാണേണ്ട കാര്യമില്ല, അടുത്ത് വന്നു കസേര വലിച്ചിട്ടിരുന്നു സംസാരിക്കും, ചിരിയോടെയല്ലാതെ അപ്രിയമായ കാര്യങ്ങള്‍ പോലും പറയില്ല. സ്ത്രീകള്‍, ആദിവാസികള്‍, ദളിതര്‍, ഇതര പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, ദരിദ്രര്‍ എന്നിവരുടെ പക്ഷം ചേര്‍ന്ന് വാര്‍ത്തകള്‍ എഴുതണം എന്നും ഒരുക്കലും ഒരു മതവര്‍ഗീയവാദി ആകരുതെന്നും സാമൂഹിക സൗഹാര്‍ദ്ദവും മതേതരത്വവും തകര്‍ക്കുന്ന ഒന്നും എഴുതരുതെന്നും പറഞ്ഞിരുന്ന പത്രാധിപര്‍. അങ്ങനെയൊരാളാണ് ബലാത്സംഗ കേസില്‍ പ്രതിയായിരിക്കുന്നത്. പരാതിക്കാരിയുടെ വിശ്വാസ്യതയിലും അല്പം പോലും സംശയം ഉണ്ടായിരുന്നില്ല. അവര്‍ക്കൊപ്പം ചുവടുറപ്പിച്ച തെഹല്‍ക്കയിലെ പഴയ സഹപ്രവര്‍ത്തകരിലൊരാള്‍ വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം വലിയൊരു ഷോക്ക് ആയിരുന്നു. അദ്ദേഹം കുറ്റം ചെയ്തുവോ എന്ന സന്ദേഹത്തിന് അടിസ്ഥാനമില്ല എന്ന് മനസ്സ് പറഞ്ഞു. പ്രമുഖനായ മറ്റൊരാളാണ് പ്രതിയായി വന്നിരുന്നതെങ്കില്‍ തെഹല്‍ക്കയും തരുണും അതെങ്ങിനെ കവര്‍ ചെയ്യുമായിരുന്നു എന്ന് ചിന്തിച്ചു. സമാനമായ പല സംഭവങ്ങളിലും തെഹല്‍ക്കയെടുത്ത ധീരമായ നിലപാടുകള്‍ ഓര്‍മ്മിച്ചു. ആരോപണം തെറ്റെന്ന് തെളിയിക്കപ്പെടാത്തിടത്തോളം കാലം പരാതിക്കാരിയുടെ കൂടെ ഉറച്ചു നില്‍ക്കുക.

നീണ്ട എട്ടുവര്‍ഷം കടന്നു പോയി. ഇന്ത്യന്‍ മാധ്യമ രംഗത്തെ ഏറ്റവും മികച്ച ബ്രാന്‍ഡുകളില്‍ ഒന്നായിരുന്ന തരുണ്‍ തേജ്പാല്‍ ഇല്ലാതെയായി. ഗുജറാത്ത് വംശഹത്യ മുതല്‍ നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കും എതിരായ നിരവധിയായ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച തെഹല്‍ക മരിച്ചു. പരാതിക്കാരിയടക്കം തെഹല്‍ക്ക ഉയര്‍ത്തിക്കൊണ്ടുവന്ന നിരവധിയായ നല്ല മാധ്യമ പ്രവര്‍ത്തകര്‍ പ്രവര്‍ത്തന മേഖല മാറി. ഒടുവില്‍ അപ്രതീക്ഷിതമായി ആ വാര്‍ത്തയെത്തുന്നു: തരുണിനെ ഗോവയിലെ വിചാരണ കോടതി എല്ലാ ആരോപണങ്ങളിലും കുറ്റവിമുക്തനാക്കി.

കോടതി അങ്ങനെ ഒരു നിഗമനത്തില്‍ എത്തിയതിനു പിന്നിലെ കാരണങ്ങള്‍ പുറത്ത് വരാന്‍ ഇരിക്കുന്നതേയുള്ളു. വിധിയുടെ പൂര്‍ണരൂപം പുറത്തു വന്നിട്ടില്ല. ആരോപണത്തിന് അടിസ്ഥാനമായ കാര്യങ്ങള്‍ തരുണ്‍ നിഷേധിച്ചിരുന്നില്ല. സംഭവിച്ച കാര്യങ്ങള്‍ക്ക് മാപ്പു പറഞ്ഞുകൊണ്ട് ആ പെണ്‍കുട്ടിക്ക് അയച്ച മെയില്‍ പ്രോസിക്യൂഷന്‍ പ്രധാന തെളിവായി കൊണ്ടുവന്നതുമാണ്. നടന്നത് ബലാത്സംഗം അല്ലായിരുന്നുവെന്നും പരസ്പര സമ്മതത്തില്‍ ആയിരുന്നുവെന്നും മാത്രമായിരുന്നു തരുണിന്റെ അഭിഭാഷകരുടെ വാദം. പീഡനശ്രമം നടന്നു എന്ന് ആരോപിക്കപ്പെടുന്ന ഹോട്ടല്‍ ലിഫ്റ്റിന്റെ പരിസരത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ വെച്ചുകൊണ്ട് ബലാത്സംഗ ശ്രമം നടന്നിട്ടില്ല എന്ന മട്ടില്‍ കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞിരിക്കണം. മുന്നില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാകുമല്ലോ കോടതികള്‍ വിധി പറയുന്നതും.

കോടതിയുടെ പുറത്ത് നില്‍ക്കുന്ന അന്‍പത്തിയെട്ടു വയസ്സുള്ള തരുണിന്റെ ചിത്രം ടിവിയില്‍ കണ്ടു. നീണ്ടവര്‍ഷങ്ങളിലെ കേസും വ്യവഹാരങ്ങളും അദ്ദേഹത്തെ ക്ഷീണിതനാക്കിയിരിക്കുന്നു. കാഴ്ചയില്‍ കൂടുതല്‍ പ്രായം തോന്നിപ്പിക്കുന്നു. ഇനിയൊരു തിരിച്ചുവരവ് തരുണ്‍ എന്ന നോവലിസ്റ്റിനും സംരംഭകനും ഉണ്ടായേക്കാം. എന്നാല്‍ തരുണിലെ പഴയ ആദര്‍ശശാലിയായ പത്രപ്രവര്‍ത്തകനും പത്രാധിപരും പുനര്‍ജനിക്കുമോ എന്നത് സംശയമാണ്.

ഒരു തലമുറയെ പത്രപ്രവര്‍ത്തനത്തിന്റെ മൂല്യബോധം പഠിപ്പിച്ച ഒരാളായിരുന്നു തരുണ്‍. പത്രപ്രവര്‍ത്തകന്റെ ദൗത്യം സ്റ്റെനോഗ്രാഫറുടെ പണിയല്ലെന്നും സമൂഹത്തിലെ തീക്ഷണമായ പ്രശ്നങ്ങളില്‍ ഇടപെടുന്നതാണെന്നും പഠിപ്പിച്ച ഒരാളുമാണ്. സ്വയം നിശ്ചയിച്ചു വച്ച മൂല്യങ്ങളുടെ നിലവാരത്തിലേക്കുയരാന്‍ ഏതു കോടതിയുടെ വിധിയും അദ്ദേഹത്തെ സഹായിച്ചു എന്ന് വരില്ല. ആത്യന്തികമായി മാധ്യമ പ്രവര്‍ത്തനം മനുഷ്യപ്പറ്റും മനഃസാക്ഷിയുമാണ് എന്ന് പറയുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ഒരാളെന്ന നിലയില്‍ വിശേഷിച്ചും.

പരാതിക്കാരി തെഹല്‍കയില്‍ അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്തിരുന്നയാളാണ്. മകളുടെ സുഹൃത്തായിരുന്നു. ആ കുട്ടിയുടെ അച്ഛന്റെ സഹപ്രവര്‍ത്തകനുമായിരുന്നു തരുണ്‍. അതുകൊണ്ട് തന്നെ ഒരുപാട് ഉയരത്തിലായിരുന്നു ആ പെണ്‍കുട്ടി തരുണ്‍ തേജ്പാലിനെ കണ്ടിരുന്നത്. ലെജിസ്‌ളേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും പരാജയപ്പെടുത്തുന്ന സാധാരണ മനുഷ്യരുടെ വേദനകളും നിസ്സഹായതകളും പകര്‍ത്തിവെയ്ക്കപ്പെടാന്‍ ഉള്ള ഒടുവിലത്തെ അഭയകേന്ദ്രങ്ങള്‍ ആകണം മാധ്യമങ്ങള്‍ എന്ന് സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചുരുന്ന ആളായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മാധ്യമ മേഖലയെ വളരെ പുരോഗനാത്മകമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ഒരു വ്യക്തിയായിരുന്നു തരുണ്‍. തെഹല്‍ക്കയുടെ തകര്‍ച്ച മോദി കാലഘട്ടത്തിലെ ഓച്ഛാനിച്ചു നില്‍ക്കല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ നാടിന്റെ മൊത്തം പരാജയവുമായി മാറി. ഇന്ത്യന്‍ മാധ്യമ രംഗത്ത് വലിയ തോതില്‍ ഉണര്‍വുണ്ടാക്കുകയും ബദല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ സാദ്ധ്യതകള്‍ പഠിപ്പിക്കുകയും ചെയ്ത ആളായിരുന്നു തരുണ്‍.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാകട്ടെ, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രശ്നങ്ങളാകട്ടെ അല്ലെങ്കില്‍ ഏറ്റവും താഴെ തട്ടിലുള്ളവരുടെ പ്രശ്നങ്ങളാവട്ടെ,, അവിടെയെല്ലാം സമൂഹമനഃസാക്ഷിയുടെ ഒപ്പം നിന്ന ഒരു മനുഷ്യന്‍ ആണ് ഇത്ര ഗുരുതരമായ ഒരു കുറ്റാരോപണം നേരിട്ടത്. .

തരുണ്‍ എന്ന വ്യക്തി ആദ്യമായി മനസിലേക്ക് വരുന്നത് ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡില്‍ കൂടിയാണ്. ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ വലിയൊരു സാദ്ധ്യതയാണ് ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡിലൂടെ പുറത്ത് വന്നത്. പ്രതികാര ദാഹിയായ ബിജെപി തെഹല്‍ക്ക ഡോട്ട് കോം അടച്ചുപൂട്ടാന്‍ ആയതെല്ലാം ചെയ്തു. തരുണ്‍ തേജ്പാല്‍ അടക്കമുള്ളവര്‍ കള്ളക്കേസുകളില്‍ പ്രതിയാക്കപ്പെട്ടിട്ടും അവര്‍ തുടര്‍ച്ചയായിട്ട് നിയമ പോരാട്ടങ്ങള്‍ നടത്തി. ഒടുവില്‍ തെഹല്‍ക്ക ഒരു വീക്കിലി ന്യൂസ്പേപ്പറായി പുനര്‍ജ്ജനിച്ചു. പിന്നീട് ഒരു സമഗ്ര വാര്‍ത്താ വാരിക ആയി മാറി. ജീവല്‍ പ്രശ്നങ്ങളെ അത് ഏറ്റെടുത്തു. ജനകീയ പത്രപ്രവര്‍ത്തനത്തിനു പുതുജീവന്‍ നല്‍കി. രണ്ടായിരത്തിയാറില്‍ തെഹല്‍കയില്‍ ജോലിക്കപേക്ഷിച്ചപ്പോള്‍ കിട്ടുമെന്ന് ഉറപ്പൊന്നുമുണ്ടായിരുന്നില്ല. അവിചാരിതമായാണ് തെഹല്‍ക്കയുടെ പ്രധാന ചുമതലക്കാരില്‍ ഒരാളായിരുന്ന ഷങ്കര്‍ഷന്‍ താക്കൂര്‍ വിളിച്ച് ഡല്‍ഹിയില്‍ വന്ന് തരുണ്‍ തേജ്പാലിനെ കാണാനാവശ്യപ്പെട്ടത്. ജീവിതത്തില്‍ വലിയ സന്തോഷം തോന്നിയ നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. ജോലി കിട്ടുക രണ്ടാമത്തെ കാര്യമായിരുന്നു. തരുണിനെപ്പോലെ വലിയൊരു മനുഷ്യനെ നേരിട്ട് കാണാം, അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാം എന്നതിലായിരുന്നു വലിയ ത്രില്‍.

ഡല്‍ഹിയില്‍ തരുണിനെയും സഹോദരിയും തെഹല്‍ക പബ്ലിഷറുമായിരുന്ന നീന തേജ്പാലിനേയും കണ്ടു. ഒരു തരത്തിലുള്ള ജാഡയും ഇല്ലാത്ത ഒരു തരത്തിലുള്ള മറയും ഇല്ലാത്ത അധികാരത്തിന്റേതായ അഹങ്കാരങ്ങള്‍ ഒന്നും ഇല്ലാത്ത മനുഷ്യര്‍. ഒരു ഔപചാരിക ഇന്റര്‍വ്യൂവിന്റെ മട്ടും ഭാവവും ഇല്ലാതെ അവര്‍ ഇരുവരും സംസാരിച്ചു. അദ്ദേഹം തന്റെ മലയാളി സുഹൃത്തുക്കളായ പോള്‍ സക്കറിയയെയും വി.കെ മാധവന്‍ കുട്ടിയെയും കുറിച്ച് കുറയധികം സംസാരിച്ചു. ഇഷ്ടമുള്ള ദിവസം ജോയിന്‍ ചെയ്‌തോളു എന്ന് പറഞ്ഞു അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു. ആ ഒരു സൗഹൃദസംഭാഷണമല്ലാതെ മറ്റൊന്നും ഇന്റര്‍വ്യൂവിന്റെ പേരില്‍ നടന്നിരുന്നില്ല. ശമ്പളം എത്ര തരും എന്ന് ചോദിച്ചില്ല.. പറഞ്ഞുമില്ല. ഓഫര്‍ ലെറ്റര്‍ കിട്ടിയപ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ തുക. പിന്നെ അവിടുന്നങ്ങോട്ട് ഒന്നൊന്നര വര്‍ഷത്തോളം ഡല്‍ഹി തെഹല്‍ക്ക ഓഫീസില്‍ ജോലി ചെയ്തു. അക്കാലത്തൊന്നും ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അനുഭവിച്ചിട്ടില്ല. എഴുത്തിനെ നിയന്ത്രിക്കുന്ന ഇടപെടലുകള്‍ ഒന്നും തരുണിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.ഇടയ്ക്ക് തരുണ്‍ പറയും- നാട്ടിലൊക്കെ പോകുമ്പോള്‍ അവിടുന്ന് കുറച്ച് നല്ല വാര്‍ത്തകള്‍ കണ്ടുപിടിച്ച് വരണം, നമുക്ക് പബ്ലിഷ് ചെയ്യാം. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരത്ത് പോയി അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാനാവശ്യപ്പെട്ടു. അതുപോലെ സി കെ ജാനുവുമായിട്ടുള്ള ഒരു വിശദ അഭിമുഖം വേണമെന്ന് പറഞ്ഞു.
തിരുവനന്തപുരത്ത് തെഹല്‍ക്കയുടെ പ്രതിനിധിയായി ഒരാളെ വെയ്ക്കാമെന്ന തീരുമാനം വന്നപ്പോള്‍ അദ്ദേഹം തന്നെയാണ് എന്നെ നിര്‍ദേശിച്ചത്.. മൂന്നു വര്‍ഷം തെഹല്‍ക്കയ്ക്കു വേണ്ടി തിരുവനന്തപുരത്ത് ജോലി ചെയ്തു. ആ കാലഘട്ടത്തില്‍ ആറ് മാസത്തിലൊരിക്കലൊക്കെയാണ് എഡിറ്ററെ നേരിട്ടു കാണാനായിരുന്നത്. ഞാന്‍ എഴുതിയ ഒരു വാര്‍ത്ത പോലും തെഹല്‍ക്കയില്‍ കൊടുക്കാതിരുന്നിട്ടില്ല. ഒരു പത്രാധിപര്‍ എന്ന നിലയില്‍ വലിയ പ്രോത്സാഹനവും സപ്പോര്‍ട്ടും ആയിരുന്നു തരുണ്‍.

ഒന്നിനോടും കോംപ്രമൈസ് ചെയ്യരുത്, ക്രെഡിബിലിറ്റി ഉണ്ടാകണം, എല്ലാത്തിനോടും ഫൈറ്റ് ചെയ്യണം എന്നെല്ലാം തെഹല്‍ക്ക അവിടെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്ന ഓഫര്‍ ലെറ്ററില്‍ ഉണ്ടായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ചില വലിയ ഒത്തുതീര്‍പ്പുകളും അവിടെ കണ്ടു. മുഖ്യധാരയുടെ ഭാഗമാകാനുള്ള ശ്രമങ്ങളും ഉണ്ടായി. തുടക്കം മുതല്‍ തെഹല്‍ക്കയുടെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്ന ശങ്കര്‍ഷന്‍ താക്കൂര്‍, ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍ ഹരീന്ദര്‍ ബവേജ, സീനിയര്‍ എഡിറ്റര്‍ അമിത് സെന്‍ ഗുപ്ത തുടങ്ങിയവരെല്ലാം സ്ഥാപനം വിട്ടതോടെ വലിയ നിലപാട് മാറ്റങ്ങള്‍ പലതും അവിടെ ഉണ്ടായി. എങ്കിലും മൊത്തത്തില്‍ തെഹല്‍ക്ക ചില വലിയ ശരികളുടെ കൂടെ നിന്നു.

എല്ലാ ലക്കത്തിലും ഒരു പേജ്- “”ദളിത് വിന്‍ഡോ”” എന്ന പേരില്‍ മാറ്റി വെച്ചു. ഇന്ത്യയില്‍ എവിടെയെങ്കിലുമുള്ള ഏതെങ്കിലും ഒരു ദളിതന്‍ തന്റെ കാഴ്ചപ്പാടുകള്‍ വിശദമാക്കുന്ന ആ പംക്തി ഒരു അപൂര്‍വതയായിരുന്നു. കേരളത്തില്‍ നിന്ന് എം ഗീതാനന്ദന്‍, ളാഹ ഗോപാലന്‍, പൊക്കുടന്‍ എന്നിവരുടെയെല്ലാം കാഴ്ചപ്പാടുകള്‍ അതില്‍ വന്നിട്ടുണ്ട്. “”ദോ ബികാസ് സമീന്‍”” എന്നൊരു കോളം തെഹല്‍ക്കയില്‍ ഉണ്ടായിരുന്നു. കിടപ്പാടമില്ലായ്മ, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ എന്നീ വിഷയങ്ങളോടൊപ്പം ഭൂമി കൊള്ളയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന പോരാട്ടങ്ങളുടേയും ചെറുത്തുനില്‍പ്പുകളുടേയും ഒരു സാക്ഷ്യപത്രമായിരുന്നു ആ കോളം. “”വാട്ടീസ് റൈറ്റ് എബൗട്ട് ഇന്ത്യ”” എന്നൊരു കോളവും ഉണ്ടായിരുന്നു. വായിക്കുന്ന ആളുകള്‍ക്ക് പോസിറ്റീവായ ഒരു ഊര്‍ജ്ജം കൊടുക്കാനായി യഥാര്‍ത്ഥ വിജയങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍, യഥാര്‍ത്ഥ മാറ്റങ്ങളുണ്ടാക്കിയ ആളുകള്‍, വ്യത്യസ്ത മേഖലകളില്‍ അസാധാരണമായ ഇടപെടലുകള്‍ നടത്തി വിജയമുണ്ടാക്കിയവര്‍ എന്നിവരെ ഇതില്‍ അവതരിപ്പിച്ചിരുന്നു. സ്ത്രീകളുടെ പ്രശ്നം കൈകാര്യം ചെയ്ത കോളം, ട്രൈബല്‍സിന്റെ പ്രശ്നം കൈകാര്യം ചെയ്ത കോളം എന്നിങ്ങനെ വ്യത്യസ്ത കോളങ്ങളിലൂടെ ഈ മാഗസിന് തനതായ ഒരു വ്യക്തിത്വം ഉണ്ടായിരുന്നു. ഇങ്ങനെ പ്രഗത്ഭരായ, കൃത്യമായ ദിശാബോധമുള്ള ഒരു ജേണലിസ്റ്റ് ടീമിനെ ഉണ്ടാക്കിയ ഒരു സ്ഥാപത്തിന്റെ ചീഫ് എഡിറ്ററായിരുന്നു തരുണ്‍ തേജ്പാല്‍. . മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ നിരന്തരം പേനയെടുക്കുന്ന ഒരു പ്രസിദ്ധീകരണത്തിനുള്ളില്‍ നിന്നു തന്നെയാണ് പത്രാധിപര്‍ക്കെതിരായി ആരോപണം വന്നത്. സ്വാഭാവികമായും ശത്രുപക്ഷത്തുള്ള ഹിന്ദുത്വ ശക്തികള്‍ അത് ഉപയോഗപ്പെടുത്തുകയും ചെയ്തു.

ഒടുവില്‍ മറ്റൊരു ഇന്ത്യാ ടുഡേ ആകാനോ ഔട്ട് ലുക്ക് ആകാനോ, വീക്ക് ആകാനോ ഒക്കെ ഉള്ള ശ്രമത്തിലേക്ക്മാ തെഹല്‍ക്ക വഴിമാറിയ സമയത്താണ് മുഖ്യപത്രാധിപര്‍ കേസില്‍ പെടുന്നത്.

തെഹല്‍ക്കയില്‍ വന്ന മുഴുവന്‍ ജേണലിസ്റ്റുകളും പണം മാത്രം നോക്കി വന്നവരായിരുന്നില്ല. കൂടുതല്‍ പണവും പ്രതാപവും സൗകര്യവുമെല്ലാം മാറ്റിവെച്ച് തെഹല്‍ക്ക ഷെയര്‍ ചെയ്യുന്ന തെഹല്‍ക്കയുടെ അടിസ്ഥാനപരമായ വിശ്വാസ പ്രമാണങ്ങളെ വിശ്വസിച്ചു വന്നവരായിരുന്നു. ഈ ആളുകളെയെല്ലാം നിരാശപ്പെടുത്തുന്ന വിധത്തിലേക്ക് അവര്‍ മാറിപ്പോയി. തെഹല്‍ക്കയെ മാധ്യമ ധാർമ്മികതയിലെ അവസാനത്തെ അഭയമായി കണ്ട ആളുകളെ അത് വഞ്ചിച്ചു തുടങ്ങി വൈകാതെ തരുണ്‍ ബലാത്സംഗ ആരോപണവും നേരിട്ടു.

തെഹല്‍ക്ക തീര്‍ച്ചയായും ഇന്ത്യന്‍ ജേണലിസത്തിന്റെ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത പേരാണ്. ഇന്‍വെസ്റ്റിഗേഷന്‍ ജേണലിസത്തിനും സ്റ്റിംഗ് ഓപ്പറേഷനും പുതിയ മാനങ്ങള്‍ നല്‍കിയ ഒരു പ്രസിദ്ധീകരണം. ഇന്ത്യന്‍ മാധ്യമരംഗത്ത്, പകര്‍ത്തിയെഴുത്തിന്റേയോ കെട്ടെഴുത്തിന്റെയോ കോര്‍പ്പറേറ്റ് താത്പര്യമെഴുത്തിന്റയോ മാധ്യമലോകത്ത് ഒരു മാറ്റമുണ്ടാക്കിയത് തെഹല്‍ക്കയായിരുന്നു. പക്ഷേ ആ മാറ്റം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കാതെ ആ മാറ്റം ഉണ്ടാക്കിയ ആളുകള്‍ തന്നെ അവര്‍ എതിര്‍ത്തതിന്റെയെല്ലാം ഭാഗമാകാന്‍ തുടങ്ങിയതാണ് തെഹല്‍ക്കയുടെ പരാജയം.

തരുണ്‍ തേജ് പാലിനെതിരെ ലൈംഗിക ആരോപണം വന്നതിന് ശേഷം, പണ്ട് തരുണിന്റെ കൂടെ ഇന്ത്യാ ടുഡേയില്‍ ജോലി ചെയ്തിരുന്ന ബിനു കെ ജോണ്‍ ഒരു ലേഖനം അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതുകയുണ്ടായി. ആ ലേഖനം അദ്ദേഹം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാല്-എണ്‍പത്തിയഞ്ചു കാലം. തരുണും ബിനുവും ഇന്ത്യാ ടുഡേയില്‍ ജോലി ചെയ്യുന്നു. ഒരു ലക്കത്തിന്റെ വര്‍ക്ക് മുഴുവന്‍ തീര്‍ത്ത് രാത്രി പുറത്തേക്ക് ഇറങ്ങുമ്പോള്‍, തരുണിന്റെ പഴഞ്ചന്‍ സ്‌കൂട്ടര്‍ ചവിട്ടി സ്റ്റാര്‍ട്ടാക്കാന്‍ അവര്‍ ഇരുവരും ബുദ്ധിമുട്ടുമ്പോള്‍ അവിടെ നിയമവിരുദ്ധമായി പാര്‍ക്കിംഗ് ഫീസ് ചോദിക്കുന്ന ഒരാള്‍ അടുത്തു വന്നിട്ട് പാര്‍ക്കിംഗ് ഫീസ് ചോദിച്ചു. അപ്പോള്‍ തരുണ്‍ കീശയില്‍ ആകെ ഉണ്ടായിരുന്ന അഞ്ച് രൂപയെടുത്ത് അയാള്‍ക്ക് കൊടുക്കുകയാണ്. അപ്പോള്‍ ബിനു എന്തിനാണ് നീ ആ കാശ് അയാള്‍ക്ക് കൊടുത്തതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്കും ജീവിക്കണ്ടേ എന്നാണ് തരുണ്‍ പറഞ്ഞത്. അഞ്ച് രൂപയുടേയും ചവിട്ടിയാല്‍ സ്റ്റാര്‍ട് ആവാത്ത സ്‌കൂട്ടറിന്റേയും കാലഘട്ടത്തില്‍ നിന്ന് തരുണിനെ പോലെ ഒരാള്‍ വളരുന്നത് ഒരുപാട് പണത്തിന്റെയും സ്വാധീനത്തിന്റേയും ഒക്കെ ഒരു വലിയ ലോകത്തേക്കായിരുന്നു. അങ്ങനെ മാറിപ്പോവുമ്പോള്‍ ചുറ്റുപാടുമുള്ള ആളുകള്‍ തനിക്ക് വിധേയരായി മാറും. അല്ലെങ്കില്‍ തനിക്ക് ആവശ്യമുള്ള രീതിയില്‍ അവരെ മിസ് യൂസ് ചെയ്താലും അവര്‍ തനിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടില്ല എന്നുള്ള അഹന്തയിലേക്ക് കൂടി അദ്ദേഹം ചെന്നെത്തി കാണണം..

ഇന്ത്യന്‍ മാധ്യമരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്തിയ വ്യക്തിയാണ് തരുണ്‍ തേജ്പാലെന്ന് ഓര്‍ക്കണം. അദ്ദേഹം തെഹല്‍ക്കയില്‍ വരുന്നതിന് മുമ്പ് തന്നെ ഇന്ത്യാ ടുഡേയിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു. അതിന് ശേഷം അദ്ദേഹം ഔട്ട്ലുക്ക് മാനേജിംഗ് എഡിറ്ററാകുന്നു. ഔട്ട് ലുക്കിന്റെ തുടക്കം തന്നെ ഈ രാജ്യത്തെ ഇരുത്തിച്ചിന്തിക്കുന്ന കണ്ടന്റുകളുമായാണ്. ഇന്ത്യന്‍ മാധ്യമ രംഗത്ത് ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഒരാളാണ് അദ്ദേഹം. അവിടെ അദ്ദേഹം നീതിബോധത്തോടെ ഉറച്ചു നിന്നിരുന്നെങ്കില്‍ ഇന്ത്യന്‍ മാധ്യമരംഗം ഇനിയും ഒരുപാട് മാറിപ്പോകുമായിരുന്നു.

വാക്കുകള്‍ പന്താടുന്ന നന്നായി എഴുതാന്‍ അറിയുന്ന എഴുത്തുകാരനാണ് തരുണ്‍ തേജ്പാല്‍. ജയില്‍ അനുഭവങ്ങള്‍ എഴുതി അതൊരു നോവലോ പുസ്തകമോ ആക്കാന്‍ അദ്ദേഹത്തിന് ഇനിയും കഴിയും. പക്ഷെ, തരുണ്‍ തേജ്പാല്‍ തെഹല്‍ക്കയിലൂടെ ഉയര്‍ത്തി കൊണ്ടുവന്ന പബ്ലിക്ക് ഇന്ററസ്റ്റ് ജേണലിസത്തിന് ഭാവിയുണ്ടോ എന്ന് പറയാന്‍ ബുദ്ധിമുട്ടാണ്.
ജനപക്ഷത്തു നില്‍ക്കുന്ന പ്രസിദ്ധീകരണങ്ങള്‍ ഇനിയും നമുക്കാവശ്യമുണ്ട്. അവ ജനങ്ങളുടെ ഭാഷ സംസാരിക്കണം. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കൊപ്പം നില്‍ക്കണം. അവയുടെ പത്രാധിപന്‍മാര്‍ സ്ത്രീകളുടെ അന്തസ്സും മാന്യതയും സംരക്ഷിക്കണം. അവര്‍ ദുര്‍ബലരുടെ വാക്കുകള്‍ കേള്‍ക്കണം. മാധ്യമങ്ങള്‍ വിശുദ്ധ പശുക്കളല്ല. പക്ഷേ ജനങ്ങളുടെ അവസാനത്തെ ആശ്രയമാണ്. ജുഡീഷ്യറിയും ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും നിങ്ങളെ പരാജയപ്പെടുത്തുമ്പോള്‍ നിങ്ങള്‍ക്ക് അഭയം തേടാന്‍ അവ മാത്രമേയുള്ളൂ.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി