വിഭജനം നഷ്ടപ്പെടുത്തിയ തെലുങ്ക് ദേശം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; തെക്കേ ഇന്ത്യയില്‍ ഒരു സര്‍ക്കാര്‍ മോഹവുമായി ബിജെപി, ഹാട്രിക് തേടി കെസിആര്‍; തെലങ്കാന നാളെ തിരഞ്ഞെടുപ്പിലേക്ക്

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് നാളെ തെലങ്കാനയിലെ വോട്ടെടുപ്പോട് കൂടി അവസാനമാവുകയാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ പൂര്‍ത്തിയായിരുന്നു. നവംബര്‍ 30ന് തെലങ്കാനയിലെ വോട്ടെടുപ്പ് കഴിയുന്നതോടെ അഞ്ച് സംസ്ഥാനങ്ങളിലേയും പോളിംഗ് ബൂത്തിലെ നടപടിക്രമങ്ങളെല്ലാം കഴിയുകയാണ്. ഡിസംബര്‍ 3ന് അഞ്ചിടങ്ങളിലേയും ഫലപ്രഖ്യാപനം.

തെലങ്കാനയില്‍ വലിയ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസ് മടങ്ങി വരവിന് കളമൊരുക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് തെലങ്കാന സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ വിഭജനത്തോടെ കൈയ്യില്‍ നിന്ന് നഷ്ടമായ തെലുങ്ക് ദേശം തിരിച്ചുപിടിക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കോണ്‍ഗ്രസ്. ഈ തിരഞ്ഞെടുപ്പില്‍ തെലങ്കാന പിടിച്ചെടുക്കാമെന്ന കോണ്‍ഗ്രസ് മോഹത്തിന് പിന്നില്‍ കര്‍ണാടകയിലെ വിജയത്തിന്റെ ഊര്‍ജ്ജവുമുണ്ട്. ആന്ധ്രാപ്രദേശ് വിഭജനമെന്നത് പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ചരിത്ര മണ്ടത്തരമായി വിലയിരുത്തപ്പെടുകയും വിഭജനത്തിന് ശേഷം ഇന്നേവരെ ആന്ധ്രാ പ്രദേശും തെലങ്കാനയും കോണ്‍ഗ്രസിനെ പരിഗണിക്കാത്തതും ആ മണ്ടത്തരത്തിന്റെ തിക്തഫലങ്ങളായിരുന്നു.

തെലങ്കാന വിഭജനത്തിന് വേണ്ടി സമരം ചെയ്ത് വിഭജനം നടത്തിയാല്‍ കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് വാക്ക് നല്‍കിയ കെ ചന്ദ്രശേഖര്‍ റാവു വിഭജന ശേഷം കാലുവാരിയതും കോണ്‍ഗ്രസിനെ വഞ്ചിച്ചതും കുറച്ചൊന്നുമല്ല തെലുങ്ക് നാട്ടില്‍ കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞത്. അവിഭക്ത ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസിനോളം അടിയുറപ്പുള്ള മറ്റൊരു പാര്‍ട്ടി ഇല്ലെന്ന ചരിത്രം മുന്നില്‍ നില്‍ക്കെയാണ് വിഭജന തീരുമാനം കൈകൊണ്ട 2014ന് ശേഷം കോണ്‍ഗ്രസിനെ ആന്ധ്രയോ തെലങ്കാനയോ വകവെച്ചിട്ടില്ലെന്ന വാസ്തവവും മുന്നിലുള്ളത്.

തെലങ്കാന വിഭജനത്തിന് വേണ്ടി മുറവിളി കൂട്ടിയ കെസിആര്‍ തെലങ്കാന നേരിട്ട അവഗണനയുടെ കാര്യക്കാരായി കോണ്‍ഗ്രസിനെ മുദ്രകുത്തിയതോടെ പുതിയതായി രൂപം കൊണ്ട സംസ്ഥാനത്തില്‍ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കാനായില്ല. 2014 മുതല്‍ ഇതുവരെ രണ്ട് തവണയും തെലങ്കാനയില്‍ കെസിആറും അദ്ദേഹത്തിന്റെ പാര്‍ട്ടി ബിആര്‍എസുമാണ് അധികാരത്തില്‍ വന്നത്. അഴിമതിയുടെ വലിയ ആരോപണങ്ങളും ഭരണവിരുദ്ധ വികാരവും തെലങ്കാനയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമമെന്നത് പാര്‍ട്ടിയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

കോണ്‍ഗ്രസും വൈഎസ്ആറിന്റെ മകള്‍ വൈഎസ് ശര്‍മ്മിളയുമായി നടന്ന ലയന ചര്‍ച്ചകള്‍ പാളിയെങ്കിലും ഇക്കുറി നിരുപാധികം കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ശര്‍മ്മിളയുടെ പാര്‍ട്ടി വൈഎസ്ആര്‍ടിപി തീരുമാനിച്ചിട്ടുണ്ട്. കെസിആറിന്റെ ബിആര്‍എസിനെ തോല്‍പ്പിക്കുക എന്നത് മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നുണ്ട്.

തെലങ്കാനയില്‍ ബിജെപി പ്രതീക്ഷകള്‍ വലുതാണെങ്കിലും ഒറ്റയ്ക്ക് ഒരു ജയമൊന്നും അമിത് ഷായും സംഘവും പ്രതീക്ഷിക്കുന്നില്ല. ബിആര്‍എസിനെ ഒപ്പം നിര്‍ത്തി തെലങ്കാന പിടിക്കലാണ് ബിജെപി ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പില്‍ സഖ്യ പോരാട്ടം ഒന്നുമില്ലെങ്കിലും തിരഞ്ഞെടുപ്പിന് ശേഷമുള്ള ഒരു സഖ്യത്തിനാണ് ഇരുകൂട്ടരും പ്രാധാന്യം നല്‍കുന്നത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്ക് അപ്പുറം ഒറ്റയ്ക്ക് ഒരു സംസ്ഥാനത്തില്‍ എന്ത് ചെയ്യാനാകുമെന്ന് കാണിച്ചു കൊടുക്കല്‍ കൂടിയാണ് ഈ തിരഞ്ഞെടുപ്പ് എന്നത് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വെല്ലുവിളിയാണ്.

നരേന്ദ്ര മോദിയും അമിത് ഷായും പ്രാചാരണ റാലികളും പ്രകടനങ്ങളുമായി തെലുങ്ക് നാട്ടിലുണ്ടായിരുന്നു. അതുപോലെ തന്നെ ആദ്യ ഘട്ടത്തില്‍ തന്നെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും തെലങ്കാനയിലെത്തിയതും കര്‍ണാടകയിലെ വിജയത്തിന്റെ ധൈര്യത്തിലാണ്. തെലുങ്ക് ജനതയോട് ഇന്നലെ സോണിയ ഗാന്ധി വോട്ടഭ്യര്‍ത്ഥിച്ചത് ഇങ്ങനെയായിരുന്നു.

‘സോണിയ അമ്മ’ എന്ന് വിളിക്കുക വഴി നിങ്ങളെനിക്ക് വലിയ ബഹുമതിയും ബഹുമാനവുമാണ് നല്‍കിയത്. ഞാന്‍ എല്ലായെപ്പോഴും അത് നന്ദിയോടെ ഓര്‍ക്കും. പ്രചാരണത്തിന് വരാന്‍ ആരോഗ്യം അുവദിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ നിങ്ങളെല്ലാം എന്റെ ഹൃദയത്തോട് ചേര്‍ന്ന് നിന്നവരായതിനാലാണ് വന്നത്.

ഡല്‍ഹിയിലെ വായുമലിനീകരണ തോത് ഉയര്‍ന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള സോണിയ ഗാന്ധി ഇപ്പോള്‍ ജയ്പൂരിലാണ് താമസം. തെലങ്കാന നാളെ പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍ ബിജെപിയ്ക്കും ബിആര്‍എസിനും കോണ്‍ഗ്രസിനുമത് നിര്‍ണായകമാണ്. കെസിആറിന് ഹാട്രിക് നേടി ഭരണത്തുടര്‍ച്ചയ്ക്കാണോ അതോ വിഭജനത്തിന്റെ മുറിവുണക്കി കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനാണോ തെലങ്കാന അവസരമൊരുക്കുക എന്ന് നാളെ ബാലറ്റിലറിയാം. തെലങ്കാന നിയമസഭയിലേക്കുള്ള 119 സീറ്റുകളിലേക്കാണ് നാളെ വോട്ടെടുപ്പ്.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും