തെലങ്കാന പിടിച്ച ധൈര്യം, ആന്ധ്രയില്‍ വീണ്ടും ചിറക് വിരിക്കാന്‍ കോണ്‍ഗ്രസ് നീക്കം

പാര്‍ട്ടിയെന്ന നിലയില്‍ ആന്ധ്രപ്രദേശ് വിഭജനമെന്നത് കോണ്‍ഗ്രസിന്റെ ചരിത്രപരമായ മണ്ടത്തരമായിരുന്നു. അതുവരെ അവിഭക്ത ആന്ധ്രപ്രദേശ് കോണ്‍ഗ്രസിനെ കൈവെള്ളയിലാണ് കൊണ്ടുനടന്നതെങ്കില്‍ പിന്നീടങ്ങോട്ട് ചവിട്ടി പുറത്താക്കുകയായിരുന്നു. മുറിച്ചു മാറ്റപ്പെട്ട തെലങ്കാന കുറച്ചെങ്കിലും മയം കാണിച്ചെങ്കിലും വിഭജനത്തിന്റെ 10 വര്‍ഷക്കാലം ആന്ധ്രപ്രദേശ് ഒരൊറ്റ സീറ്റ് കോണ്‍ഗ്രസിന് കൊടുത്തില്ല, നിയമസഭയിലും ലോക്‌സഭയിലും. ഇക്കുറി തെലങ്കാനയില്‍ ഭരണം പിടിച്ച് കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ ആന്ധ്രയിലും കോണ്‍ഗ്രസ് പ്രതീക്ഷകള്‍ ചിറക് വിരിച്ചിട്ടുണ്ട്. വിഭജന ചൂടിനപ്പുറം പഴയ കോണ്‍ഗ്രസ് പ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ ആന്ധ്രയില്‍ കോണ്‍ഗ്രസിനാകുമോ എന്നതൊരു ചോദ്യമാണ്.

കോണ്‍ഗ്രസിനെ ഐക്യ ആന്ധ്രപ്രദേശില്‍ എതിരില്ലാതെ ഉയര്‍ത്തി നിര്‍ത്തിയ വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനായ ജഗനെ വീഴ്ത്തി കോണ്‍ഗ്രസിന് ആന്ധ്രയില്‍ തിരിച്ചെത്താനാകുമോ എന്ന ചോദ്യമാണ് അതിലും ശക്തമായി ഉയരുക. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം മാറുന്ന സമയത്ത് തന്നെയാണ് ആന്ധ്രപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പും. 2014ലെ ഐക്യ ആന്ധ്ര വിഭജന ശേഷം 10 കൊല്ലം തെലങ്കാനയില്‍ കാര്യമായ മേല്‍ക്കൈ ഇല്ലായിരുന്ന കോണ്‍ഗ്രസ് ഇക്കുറി തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയത് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. 119 സീറ്റില്‍ 64ലും ജയിച്ചാണ് രേവന്ത് റെഡ്ഡി സര്‍ക്കാര്‍ തെലങ്കാനയില്‍ ബിആര്‍എസിനെ വീഴ്ത്തി വിജയക്കൊടി പാറിച്ചത്. തെലങ്കാന രൂപപ്പെട്ടതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ജയിച്ച കെ ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയെ മലര്‍ത്തിയടിച്ചാണ് ഹാട്രിക് മുന്നേറ്റം തടഞ്ഞു കോണ്‍ഗ്രസ് തെലങ്കാന പിടിച്ചത്.

തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനായ രേവന്ത് റെഡ്ഡിയുടെ കരുത്തിലായിരുന്നു തെലങ്കാനയിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം. കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വവും കലാശപ്പോരിലടക്കം തെലങ്കാനയില്‍ ഇറങ്ങി കളിച്ചു. അതിന്റെ ഫലം കിട്ടിയതോടെ ആന്ധ്രയില്‍ ഉണര്‍ന്നിറങ്ങാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് ആന്ധ്ര അധ്യക്ഷനായ ഗിഡുഗു രുദ്ര രാജു സംസ്ഥാന വ്യാപകമായി ഒരു ക്യാമ്പെയ്‌നിംഗിന് തുടക്കം കുറിക്കുകയാണ്. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കളമൊരുക്കുന്നത് ലക്ഷ്യമിട്ട് ജനുവരി 20 മുതല്‍ പ്രചാരണ പരിപാടി തുടങ്ങാനാണ് സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ തലപ്പത്തുള്ള ആന്ധ്രാ മുഖ്യമന്ത്രിയായ ജഗന്‍ മോഹന്‍ റെഡ്ഡിയെ നേരിടുകയെന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള കടമ്പ. ആന്ധ്രാ വിഭജനത്തിന് ശേഷം എന്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടിയാണ് ആന്ധ്രയില്‍ അധികാരത്തില്‍ വന്നത്, പിന്നീട് അടുത്ത തിരഞ്ഞെടുപ്പില്‍ ജഗന്‍ തരംഗത്തില്‍ നായിഡു വീണു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് ഉയരുന്ന ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും തെലങ്കാനയിലെ വിജയം ആന്ധ്രയില്‍ ആവര്‍ത്തിക്കാനാകുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷ വെയ്ക്കുന്നു.

തെലങ്കാനയില്‍ കെസിആറിനെതിരായ ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിന്റെ ചിട്ടയായ പാര്‍ട്ടി നീക്കങ്ങളും പ്രചാരണവും രേവന്ത് റെഡ്ഡിയുടെ നേതൃത്വവുമാണ് മന്ത്രിസഭ രൂപീകരണത്തിലേക്ക് എത്തിച്ചത്. ആന്ധ്രയിലും വിജയം ആവര്‍ത്തിക്കാന്‍ ഗിഡുഗു രുദ്ര രാജുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്.

ഇതില്‍ മറ്റൊരു കാര്യം 2014ലെ വിഭജന ശേഷം ഇരു സംസ്ഥാനങ്ങളുടേയും തലസ്ഥാനമായി നിന്നിരുന്നത് ഹൈദരാബാദായിരുന്നു. 10 വര്‍ഷത്തിന് ശേഷം ഈ തലസ്ഥാന നഗരം മാറ്റുമെന്നും ആന്ധ്ര അമരാവതി തലസ്ഥാനമാക്കി മുന്നോട്ട് നീങ്ങുമെന്നുമായിരുന്നു തീര്‍പ്പ്. 2024ല്‍ ഇത് പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്, 10 വര്‍ഷ കാലാവധി കഴിയുകയാണ്. എന്നാല്‍ ടിഡിപി അമരാവതിയെ തലസ്ഥാന നഗരമാക്കി മാറ്റിക്കൊണ്ട് കൊണ്ടുവന്ന പദ്ധതികളെല്ലാം 2014- 19 എന്ന നായിഡു കാലത്തിന് ശേഷം ഇഴച്ചിലിലാണ്. 2019ല്‍ അധികാരത്തില്‍ വന്ന ശേഷം തന്റെ എതിരാളി മുന്നോട്ടുവെച്ച അണരാവതി തലസ്ഥാന നഗരമാക്കാന്‍ മടിച്ചുകൊണ്ടാണ് ജഗന്‍ പദ്ധതികള്‍ മുന്നോട്ട് നീക്കിയത്. അമരാവതി ലെജിസ്ലേറ്റീവ്- എക്‌സിക്യൂട്ടീവ് മേഖലയില്‍ തലസ്ഥാനമാണെന്നിരിക്കിലും വിശാഖപട്ടണത്തെ ഭരണസിരാകേന്ദ്രമാക്കി ഉയര്‍ത്തിക്കാണിക്കുകയാണ് മുഖ്യമന്ത്രി ജഗന്‍ ചെയ്തത്. പക്ഷേ ഈ പദ്ധതിയും ജഗന്‍ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോയിട്ടില്ലെന്നതിനാല്‍ അനിശ്ചിതാവസ്ഥയിലാണ് കാര്യങ്ങള്‍. ഇത്തരത്തില്‍ ഒട്ടനവധി ഭരണവിരുദ്ധ വികാരം ആന്ധ്രയില്‍ ഉയരുന്നുണ്ട്. ഈ സാഹചര്യം മുതലാക്കി ജഗനെ തോല്‍പ്പിച്ച് ആന്ധ്രയില്‍ ഉയരാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

അഴിമതിയാരോപണവും അറസ്റ്റുമെല്ലാമായി ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി തളര്‍ച്ചയിലാണ്. പവര്‍സ്റ്റാര്‍ പവന്‍ കല്യാണിന്റെ ജെഎസ്പി ബിജെപിയുമായി കൈകോര്‍ത്ത് പലതും ചെയ്യുന്നുണ്ടെങ്കിലും ഭീഷണിയാകുമെന്ന പേടി കോണ്‍ഗ്രസിനില്ല. തെലങ്കാനയില്‍ വീശിയ മാറ്റത്തിന്റെ കാറ്റ് ആന്ധ്രയിലും വീശുമെന്നും വിഭജനത്തിന്റെ കനല്‍ അണയുമെന്നും കോണ്‍ഗ്രസ് കരുതുന്നു. തെക്കേ ഇന്ത്യയില്‍ കര്‍ണാടകയിലും തെലങ്കാനയിലുമുണ്ടായ വിജയം ബൂസ്റ്റപ്പാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളില്‍ ഒന്നു പോലും കൈയില്‍ ഇല്ലാത്ത കോണ്‍ഗ്രസ് ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി