തെലങ്കാന വിജയം പിന്നാലെ പ്രമേയം, ഹൈക്കമാന്റിന്റെ തെക്കന്‍ സ്‌നേഹം

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി തെലങ്കാനയില്‍ നിന്ന് മല്‍സരിക്കുമോ?. കര്‍ണാടക, തെലങ്കാന എന്നിങ്ങനെ തെക്കേ ഇന്ത്യയിലെ വിജയത്തുടര്‍ച്ചയ്ക്ക് ശേഷം ആകെ അടിപതറിയിരിക്കുന്ന ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഒരു പറിച്ചുനടലിന് ആഗ്രഹിക്കുന്നുണ്ടോ?. ഉത്തര്‍പ്രദേശില്‍ ആകെ ഒറ്റ സീറ്റ് മാത്രമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടിയത്. സോണിയ ഗാന്ധി മല്‍സരിച്ച നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റായ റായ്ബറേലി മാത്രം. സ്ഥിരം കോണ്‍ഗ്രസിനെ തുണച്ച രണ്ട് സീറ്റുകളില്‍ ഒന്നായ അമേഠി പോലും കോണ്‍ഗ്രസിന് കൈമോശം വന്നിരുന്നു. രാഹുല്‍ ഗാന്ധിയെ ബിജെപിയുടെ സ്മൃതി ഇറാനി തോല്‍പ്പിച്ചെങ്കിലും ഇങ്ങ് മലയാള നാട്ടില്‍ വയനാട്ടില്‍ നിന്ന് ജയിച്ചത് കൊണ്ടാണ് രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റില്‍ കഴിഞ്ഞ കുറി എത്താനായത്.

യുപിയില്‍ തന്ത്രങ്ങളാകെ പാളിയ കോണ്‍ഗ്രസിന് കഴിഞ്ഞ പത്തു മുപ്പത് വര്‍ഷമായി ഉത്തര്‍പ്രദേശ് കിട്ടാക്കനിയാണ്. 1989ല്‍ കോണ്‍ഗ്രസിന്റെ നാരായണ്‍ ദത്ത് തിവാരി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഇറങ്ങിയതിന് ശേഷം ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി സംസ്ഥാനത്തുണ്ടായിട്ടില്ല. ജനതാദളും ബിജെപിയും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയുമെല്ലാം ഉത്തര്‍പ്രദേശ് ഭരിച്ചു. ഒരിടയ്ക്ക് പ്രാദേശിക പാര്‍ട്ടികള്‍ ഭരിച്ച യുപി ബിജെപി തിരിച്ചു പിടിച്ചതിന് ശേഷം തുടര്‍ഭരണം നിലനിര്‍ത്തി. നിയമസഭയില്‍ തോറ്റമ്പിയ കോണ്‍ഗ്രസിന് ലോക്‌സഭയിലെ രണ്ട്് സീറ്റുകളായിരുന്നു ലോക്‌സഭയില്‍ എന്നും ഉറപ്പായും കൈയ്യിലുണ്ടായിരുന്നത്. അതിലൊന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൈമോശം വന്നത്. നിലവിലെ യുപിയിലെ കോണ്‍ഗ്രസിന്റെ ഏക കച്ചിത്തുരുമ്പായ റായ്ബറേലിയും കൊമോശം വരുമോയെന്ന് കോണ്‍ഗ്രസ് പേടിക്കുന്നുവോ എന്ന ചോദ്യം ഉയരുന്നുണ്ട്.

സോണിയ ഗാന്ധിയെ തെലങ്കാനയില്‍ മല്‍സരിക്കാന്‍ അവിടുത്തെ കോണ്‍ഗ്രസുകാര്‍ ക്ഷണിക്കുന്നത് ആന്ധ്രാ വിഭജന ശേഷം പാര്‍ട്ടി തെലുങ്ക് നാട്ടില്‍ തിരിച്ചുവന്നതിന്റെ ആവേശത്തിലാണ്. പക്ഷേ കോണ്‍ഗ്രസ് ഹിന്ദി ഹൃദയഭൂമിയിലെ പാര്‍ട്ടിയുടെ കോട്ടയില്‍ നെഹ്‌റു കുടുംബത്തിന്റെ അവസാന സീറ്റിലെ പരാജയം പേടിച്ചാണോ ഇത്തരത്തിലൊരു ആവശ്യം പ്രമേയ രൂപത്തില്‍ അവതരിപ്പിച്ചതെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്.

തെലങ്കാന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതിയിലാണ് സോണിയ ഗാന്ധി തെലങ്കാനയില്‍ 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. തെലങ്കാന കോണ്‍ഗ്രസിന്റെ ഹെഡ് കോര്‍ട്ടേഴ്‌സായ ഗാന്ധി ഭവനില്‍ നടന്ന രാഷ്ട്രീയ കാര്യ സമിതിയില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുത്തിരുന്നു. ഉപമുഖ്യമന്ത്രി ഭാട്ടി വിക്രമാര്‍ക്ക സമിതി അംഗങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിവരിച്ചു നല്‍കി. ഇതിന് ശേഷം മുന്‍മന്ത്രി ശബീര്‍ അലിയാണ് വാര്‍ത്ത സമ്മേളനത്തില്‍ രാഷ്ട്രീയകാര്യ സമിതി പാസാക്കിയ പ്രമേയത്തെ കുറിച്ച് പറഞ്ഞത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണ രംഗത്തിറങ്ങിയ മുതിര്‍ന്ന നേതാക്കളെ അഭിനന്ദിച്ച് സമിതി പ്രമേയം പാസിക്കി. എഐസിസി മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധി സംസ്ഥാനത്ത് നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ആവശ്യവും പ്രമേയമായി കോണ്‍ഗ്രസുകാര്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. തങ്ങള്‍ സോണിയ ഗാന്ധിക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തയക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയ്ക്കും ആവശ്യം ഉന്നയിച്ച് കത്തയയ്ക്കുമെന്നും തെലങ്കാന കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

ഇതിന് മുമ്പ് സോണിയ ഗാന്ധി ദക്ഷിണേന്ത്യയില്‍ മല്‍സരിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നാണ് സോണിയ മല്‍സരിച്ചതും ജയിച്ചതും. 1999 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയിലും ബെല്ലാരിയിലും മല്‍സരിച്ച സോണിയ രണ്ടിടത്തും ജയിച്ചിരുന്നു. അന്ന് സോണിയയ്ക്ക് പിറകേ മല്‍സരബുദ്ധിയോടേയും വിദേശ വനിത വിളികളോടെയും ബിജെപിയുടെ സുഷമ സ്വരാജും ബെല്ലാരിയില്‍ മല്‍സരിച്ചിരുന്നു. എന്നാല്‍ 56100 വോട്ടുകള്‍ക്ക് സോണിയ സുഷമയെ തോല്‍പ്പിച്ചു. ഇന്ദിരാ ഗാന്ധിയും ദക്ഷിണേന്ത്യയില്‍ നിന്ന് മല്‍സരിച്ചിട്ടുണ്ട്. കര്‍ണാടകയിലെ ചികമംഗലൂര് നിന്ന് 1978ലെ ഉപതിരഞ്ഞെടുപ്പില്‍.

ഇതിനെല്ലാം അപ്പുറത്ത് ആന്ധ്രപ്രദേശില്‍ നിന്നും വന്‍ഭൂരിപക്ഷത്തില്‍ ഇന്ദിര ജയിച്ചു കയറിയിട്ടുണ്ട്. ആന്ധ്രപ്രദേശിലെ മേടകില്‍ നിന്ന് 1980ല്‍ ഇന്ദിര മൂന്ന് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ഇത് ഓര്‍മ്മിപ്പിച്ചാണ് തെലങ്കാനയിലെ കോണ്‍ഗ്രസുകാര്‍ സോണിയ ഗാന്ധിയോട് തെലങ്കാനയില്‍ നിന്ന് മല്‍സരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത്. എല്ലാ മന്ത്രിമാരും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഓരോ മണ്ഡലങ്ങളിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും തെലങ്കാന കോണ്‍ഗ്രസ് വ്യക്തമാക്കുന്നുണ്ട്. നിയമസഭയിലെ ഗംഭീര വിജയം ലോക്‌സഭയിലും ആവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണ് തെലങ്കാനയിലെ കോണ്‍ഗ്രസുകാര്‍. അതിനുള്ള തീക്കനലായാണ് സോണിയ ഗാന്ധിയെ അവര്‍ സംസ്ഥാനത്തേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ യുപിയിലെ അവസാന തുരുത്തും കളഞ്ഞ് സോണിയ തെന്നിന്ത്യയിലേക്ക് ചേക്കേറുമോ അതോ വര്‍ധിത വീര്യത്തോടെ യുപിയിലെ ഏക കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്താനും കൈവിട്ടു പോയ നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റായ അമേഠി തിരിച്ചുപിടിക്കാനും ശ്രമിക്കുമോ?.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ