താക്കറെ VS ഷിന്‍ഡെ, വീണ്ടും ഇവിഎം അട്ടിമറി തിയറി?; 48 വോട്ടിന്റെ 'അട്ടിമറി'യോ? മുംബൈയില്‍ 'കടുവ പോര്'

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാര്‍ട്ടികള്‍ക്കുള്ളില്‍ ഉണ്ടായ ഞെട്ടലും മുന്നണി ബന്ധത്തിലുണ്ടായ വിള്ളലുകള്‍ക്കും പിന്നാലെ ഇവിഎം അട്ടിമറി കൂടി ചര്‍ച്ചയാവുന്നു. 48 വോട്ടുകള്‍ക്കുള്ള ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന്റെ വിജയമാണ് അട്ടിമറിയുടെ പേരില്‍ വിവാദമായിരിക്കുന്നത്. എന്‍ഡിഎ സഖ്യത്തിലുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന അട്ടിമറിയിലൂടെയാണ് മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റ് പിടിച്ചതെന്നാണ് ഇന്ത്യ സഖ്യത്തിലെ ഉദ്ദവ് താക്കറെ വിഭാഗം ആരോപിക്കുന്നത്. ശിവസേനയുടെ അലറുന്ന കടുവകള്‍ തമ്മില്‍ 48 വോട്ടിന്റെ കണക്കില്‍ മഹാരാഷ്ട്രയില്‍ പൊരിഞ്ഞ പോരാട്ടത്തിന് തിരികൊളുത്തിയതോടെ വീണ്ടും ഇവിഎം അട്ടിമറി സജീവ ചര്‍ച്ചാ വിഷയമാവുകയാണ്.

മുംബൈ നോര്‍ത്ത്-വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍ ഏക്‌നാഥ് ഷിന്‍ഡേ പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി രവീന്ദ്ര വായ്ക്കര്‍ ഉദ്ദവ് താക്കറെയുടെ അമോല്‍ ക്രിതികറോട് വെറും 48 വോട്ടിന് ജയിച്ചത് വോട്ടിംഗ് യന്ത്രത്തിലെ തിരിമറി മൂലമാണെന്ന സംശയം ബലപ്പെട്ടത് വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ചില ഫോണ്‍വിളികളുടെ അടിസ്ഥാനത്തിലാണ്. മണ്ഡലത്തിലെ വോട്ടെണ്ണല്‍ വേളയില്‍ ശിവസേന സ്ഥാനാര്‍ത്ഥിയുടെ സഹായി ഫോണ്‍ ഉപയോഗിച്ചുവെന്നും അത് പോളിംഗ് ഓഫീസിലെ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ ഫോണ്‍ ആണെന്നുമാണ് ആക്ഷേപം ഉയര്‍ന്നത്. ഈ ഫോണ്‍ ഇവിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ളതാണെന്ന് ചില മാധ്യമ വാര്‍ത്തകള്‍ വന്നതോടെ അട്ടിമറി സാധ്യത കൂടുതല്‍ ചര്‍ച്ചയായി.

ഫോണ്‍ വിളി സംബന്ധിച്ച അസ്വാഭാവികതയില്‍ കഹസില്‍ദാറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണവും നടത്തിയതോടെ അട്ടിമറി സാധ്യത വീണ്ടും ബലപ്പെട്ടു. 48 വോട്ടിന് ജയിച്ച വായ്ക്കറുടെ ബന്ധു മങ്കേഷ് പണ്ഡില്‍ക്കര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, സര്‍വിസ് വോട്ടര്‍മാരുടെ പോസ്റ്റല്‍ വോട്ടെണ്ണാന്‍ ഉപയോഗിക്കുന്ന ‘ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പേസ്റ്റല്‍ ബാലറ്റ്‌സിസ്റ്റം’ തുറക്കാനായി ഒ.ടി.പി സ്വീകരിക്കാനുള്ളതാണെന്ന കണ്ടെത്തല്‍ കൂടിയായപ്പോള്‍ 48 വോട്ട് വിജയം സംശയത്തിന്റെ പരിധിയിലായി. തിരഞ്ഞെടുപ്പ് കമീഷന്റെ പോള്‍ പോര്‍ട്ടല്‍ ജീവനക്കാരന്‍ ദിനേശ് ഗുരവിന്റെ ഫോണാണ് വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ബന്ധു ഉപയോഗിച്ച ഒടിപി വരുന്ന ഫോണ്‍. അമോല്‍ കൃതികര്‍ 2000 വോട്ടിന്റെ ലീഡില്‍ നില്‍ക്കുമ്പോഴാണ് സര്‍വ്വീസ് വോട്ടുകള്‍ എണ്ണിതുടങ്ങിയതെന്നും ഇതോടെയാണ് ലീഡ് നില മാറി 48 വോട്ടിന് തോറ്റതെന്നും ശിവസേന ഉദ്ദവ് വിഭാഗം ആരോപിക്കുന്നു.

താക്കറെ വിഭാഗത്തിന് 9 സീറ്റും ഷിന്‍ഡെ വിഭാഗത്തിന് 7 സീറ്റുമാണ് തിരഞ്ഞെടുപ്പില്‍ നേടാനായത്. എന്തായാലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അട്ടിമറി സാധ്യതകളെല്ലാം തള്ളിക്കളയുകയും വാര്‍ത്ത നല്‍കിയ ചില മാധ്യമങ്ങള്‍ക്ക് നോട്ടീസയക്കുകയും ചെയ്തു. ഇവിഎം ഒരു ഒറ്റയ്ക്ക് നിലനില്‍ക്കുന്ന സംവിധാനമാണെന്നും അത് അണ്‍ലോക്ക് ചെയ്യാന്‍ ഒടിപിയുടെ ആവശ്യമില്ലെന്നും മുംബൈ നോര്‍ത്ത് വെസ്റ്റിന്റെ റിട്ടേണിംഗ് ഓഫീസര്‍ വന്ദന സൂര്യവന്‍ഷി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇവിഎം പ്രോഗ്രാമബിള്‍ അല്ലെന്നും വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സാങ്കേതിക ഒന്നും ഇതിന് ഇല്ലെമ്മും വന്ദന പറയുന്നുണ്ട്. പക്ഷേ ജോഗേശ്വരി അസംബ്ലി മണ്ഡലത്തിലെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായ ദിനേശ് ഗുരവിന്റെ സ്വകാര്യ മൊബൈല്‍ ഫോണ്‍, ജയിച്ച സ്ഥാനാര്‍ത്ഥി വായ്ക്കറിന്റെ ഭാര്യാസഹോദരന്‍ മങ്കേഷ് പാണ്ടില്‍ക്കറുടെ പക്കല്‍ നിന്ന് കണ്ടെത്തിയെന്നും നടപടി സ്വീകരിച്ചുവരികയാണെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സമ്മതിച്ചിട്ടുണ്ട്.

‘ഡാറ്റ എന്‍ട്രിയും വോട്ടെണ്ണലും രണ്ട് വ്യത്യസ്ത വശങ്ങളാണ്. ഡാറ്റാ എന്‍ട്രിക്കായി എന്‍കോര്‍ ലോഗിന്‍ സിസ്റ്റം തുറക്കാന്‍ മാത്രമാണ് ഒടിപി വേണ്ടതെന്നും വോട്ടെണ്ണല്‍ പ്രക്രിയ ഇതൊന്നും ബാധിക്കാത്ത വിധം സ്വതന്ത്രമാണെന്നും മൊബൈല്‍ ഫോണിന്റെ ഉപയോഗം കൊണ്ട് ഇതില്‍ അട്ടിമറി സാധ്യമല്ലെന്നും അവര്‍ വിശദീകരിക്കുന്നുണ്ട്. രണ്ട് സ്ഥാനാര്‍ത്ഥികളും റീ വോട്ടിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. പക്ഷേ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവാത്തത് ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ ചോദ്യം ചെയ്യുന്നുണ്ട്.

ഇവിഎമ്മുകളില്‍ കൃത്രിമം കാണിക്കുന്ന ഈ ഭരണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് എപ്പോഴും സംശയമുണ്ട്. ടെക് ജയിന്റ് എലോണ്‍ മസ്‌ക് പോലും എല്ലാം ഹാക്ക് ചെയ്യാമെന്ന് അവകാശപ്പെട്ടു കൊണ്ട് തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതാണ്. നിരവധി അഭ്യര്‍ത്ഥനകള്‍ക്ക് ശേഷവും വോട്ടെണ്ണല്‍ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യമില്ല.

ആദിത്യ താക്കറെയുടെ ഈ വാക്കുകള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രിഥ്വിരാജ് ചവാന്‍ മുംബൈ നോര്‍ത്ത് വെസ്റ്റ് ഫലം സ്റ്റേ ചെയ്യണമെന്ന് പോലും പറഞ്ഞു. ഇലോണ്‍ മസ്‌കിന്റെ വാക്കുകള്‍ എന്തായാലും സോഷ്യല്‍ മീഡിയയിലും തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതകള്‍ വന്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഒഴിവാക്കണം, മനുഷ്യര്‍ അല്ലെങ്കില്‍ എഐ ഉപയോഗിച്ച് ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത ചെറുതാണെങ്കിലും ഇപ്പോഴും വളരെ കൂടുതലാണ് എന്നാണ് മസ്‌ക് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ ഇവിഎമ്മുകള്‍ ഒരു ബ്ലാക്ക് ബോക്സ് സംവിധാനമാണെന്നും അവ സൂക്ഷ്മമായി പരിശോധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരിഹസിച്ചതോടെ വീണ്ടും തിരഞ്ഞെടുപ്പ് തിരിമറി വലിയ തോതില്‍ രാജ്യം ചര്‍ച്ച ചെയ്യുകയാണ്. മുംബൈയിലെ കടുവപോരാട്ടം മറ്റിടങ്ങളിലെ അറ്റപ്പറ്റെയുള്ള ജയങ്ങളെ സംശയത്തിന്റെ ചുഴിയിലാക്കുകയാണ്. ഉത്തര്‍പ്രദേശില്‍ 16 സീറ്റുകളില്‍ ബിജെപി വിജയം 5000 വോട്ടിന് താഴെയാണെന്നതും ചര്‍ച്ചകള്‍ കനക്കുന്നതിന് കാരണമാകുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ