ചാടിപ്പോയി ശിവസേനയിലെത്തിയ കോണ്‍ഗ്രസുകാരന്റെ അങ്കം; വര്‍ലിയിലെ വമ്പന്‍ പോര്, 'കുട്ടി താക്കറെ'യെ വീഴ്ത്താന്‍ ശിവസേന!

സൗത്ത് മുംബൈ പിടിക്കാന്‍ ശിവസേനക്കാരുടെ പോരാണ്. ബോളിവുഡിന്റെ ശക്തികേന്ദ്രം കയ്യില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ താക്കറെയുണ്ടാക്കിയ പാര്‍ട്ടിയും താക്കറേയുടെ കൊച്ചുമോനും തമ്മിലാണ് പോരാട്ടം. ദക്ഷിണ മുംബൈയിലെ വര്‍ലി ഉറപ്പിച്ചു പിടിച്ചു നിര്‍ത്താന്‍ ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ മകന്റെ മകന്‍ ആദിത്യ താക്കറെ ഇറങ്ങുമ്പോള്‍ ബാല്‍ താക്കറെ രൂപീകരിച്ച ശിവസേനയുടെ ചിഹ്നവും പാര്‍ട്ടിപേരുമെല്ലാം ഉപയോഗിക്കുന്ന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗമാണ് എതിരാളികള്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ശിവസേനകളുടെ പോരാട്ടമാണ് വര്‍ലിയില്‍ ഉണ്ടാവുക. ഒപ്പം ബാല്‍താക്കറെയുടെ അനന്തരവന്‍ രാജ് താക്കറയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയും കളത്തിലുണ്ട്.

ഒരു ബ്ലോക്ക് ബസ്റ്റര്‍ സിനിമ ക്ലൈമാക്‌സ് തന്നെയാണ് ബോളിവുഡ് ആസ്ഥാനത്ത് അരങ്ങേറാന്‍ ഒരുങ്ങുന്നത്. ശിവസേന യുബിടി തലവന്‍ ഉദ്ദവ് താക്കറെ മകന്‍ ആദിത്യ താക്കറെയെ വര്‍ലിയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ്. നിലവില്‍ വര്‍ലി മണ്ഡലത്തിലെ എംഎല്‍എയാണ് താക്കറെ കുടുംബത്തിലെ ഇളമുറക്കാരന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഒറ്റ ശിവസേനയേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഇക്കുറിയത് രണ്ടായി പിളര്‍ന്നാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.

ബാല്‍ താക്കറെ മറാത്താവാദം ഉയര്‍ത്തി ഉണ്ടാക്കിയെടുത്ത പാര്‍ട്ടിയും അമ്പും വില്ലും ചിഹ്നവുമെല്ലാം സാമാജികരുടെ എണ്ണം വെച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീര്‍പ്പിലൂടെ ബിജെപിയ്‌ക്കൊപ്പം പോയ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം കൊണ്ടുപോയി. ബാല്‍ താക്കറെയുടെ മകന്‍ ഉദ്ദവ് താക്കറെ പിന്നാലെ ഒരു ടോര്‍ച്ച് ചിഹ്നത്തില്‍ ഒതുങ്ങിയാണ് ശിവസേന യുബിടി ഉണ്ടാക്കിയത്. പാര്‍ട്ടിയുടെ രണ്ടു വിഭാഗവും ഇപ്പോഴും അലറുന്ന പഴയ കടുവയുടെ ചിത്രം നിര്‍ലോഭം ഉപയോഗിക്കുന്നുണ്ട്. ശിവസേന ബാല്‍ താക്കറെ സ്ഥാപിച്ചപ്പോള്‍ അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയായിരുന്നില്ല മറിച്ച് ഒരു സംഘടനയായിരുന്നു. അന്നാണ് ‘ഗര്‍ജ്ജിക്കുന്ന കടുവ’ അതിന്റെ ലോഗോ ആയിരുന്നത്. രാഷ്ട്രീയ പാര്‍ട്ടിയായപ്പോഴും എല്ലാ പാര്‍ട്ടി ഓഫീസുകളിലും പോസ്റ്ററുകളിലും ഔദ്യോഗിക രേഖകളിലും ‘ശിവസൈനികര്‍’ എന്ന് വിളിക്കപ്പെടുന്ന സേനക്കാര്‍ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു.

ചിഹ്നങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഒക്കെ അവസാനിച്ചെങ്കിലും ശിവസേന തങ്ങളാണെന്ന് ഉറപ്പിച്ചു നിര്‍ത്താനുള്ള വ്യഗ്രതയിലാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് നേരിടുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉദ്ദവ് താക്കറെയുടെ ശിവസേന കരുത്തുകാട്ടിയതോടെ നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപിയ്‌ക്കൊപ്പം നിന്ന് മുഖ്യമന്ത്രി കസേരയിലിരിക്കുന്ന ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് നിര്‍ണായകമാണ്. ആ സാഹചര്യത്തിലാണ് ബലാബലം നിര്‍ണയിക്കാന്‍ വര്‍ലിയിലെ മല്‍സരം നിര്‍ണായകമാവുക.

വര്‍ലിയിലെ മല്‍സരത്തില്‍ ആദിത്യ താക്കറെയ്ക്ക് എതിരാളിയാവുക കോണ്‍ഗ്രസില്‍ നിന്ന് ചാടിപ്പോയ മുന്‍ എംപി മിലിന്ദ് ഡിയോറയാണ്. ഈ വര്‍ഷാദ്യം ജനുവരിയിലാണ് മിലിന്ദ് ഡിയോറ ഏക്‌നാഥ് ഷിന്‍ഡേയുടെ പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ മഹാരാഷ്ട്രയില്‍ തള്ളിപ്പറഞ്ഞത്. പക്ഷേ പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ വിന്നര്‍ കോണ്‍ഗ്രസായിരുന്നു. 2019ലെ ഒന്നില്‍ നിന്ന് കോണ്‍ഗ്രസ് 13ലേക്ക് കുതിച്ചുകയറി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ശിവസേന ഉദ്ദവ് താക്കറെ പക്ഷം 9 സീറ്റ് നേടി ബിജെപിയ്‌ക്കൊപ്പം രണ്ടാം സ്ഥാനം നേടി. ഷിന്‍ഡേ വിഭാഗമാകട്ടെ 7ലേക്ക് ഒതുങ്ങുകയും ചെയ്തു.

ഇതോടെ എന്‍ഡിഎയില്‍ ശക്തി ക്ഷയിച്ച ശിവസേന ഷിന്‍ഡേ വിഭാഗത്തിന് മഹാരാഷ്ട്രയില്‍ കരുത്തു തെളിയിച്ചേ മതിയാകൂ. ആദിത്യ താക്കറെ വര്‍ലി സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങുന്നുവെന്ന് ഉദ്ദവ് ടീം ഉറപ്പിച്ചതോടെ മിലിന്ദ് ഡിയോറയെ ഇറക്കി മണ്ഡലം പിടിച്ചു കരുത്തുകാട്ടാനാണ് ഷിന്‍ഡേ വിഭാഗം കോപ്പുകൂട്ടുന്നത്. താക്കറേയുടെ കസിനായ സന്ദീപ് ദേശ് പാണ്ഡേയാണ് ഇരുവരുടേയും മറ്റൊരു എതിരാളി. രാജ് താക്കറേയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയാണ് താക്കറെ കുടുംബത്തില്‍ തന്നെ പെട്ട സന്ദീപ്.

നവംബര്‍ 20ന് മഹാരാഷ്ട്രയിലെ 287 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ ശിവസേനയുടെ ശക്തി കേന്ദ്രമായ വര്‍ലിയില്‍ സേനകളുടെ പോരാട്ടമാണ്. ശിവസേന VS ശിവസേന യുബിടിയും പിന്നെ മഹാരാഷ്ട്ര നവനിര്‍മ്മാണ സേനയും. മിലിന്ദ് ഡിയോറയുടെ കുടുംബം വര്‍ലി ഉള്‍പ്പെടുന്ന മുംബൈ സൗത്ത് ലോക്‌സഭ മണ്ഡലത്തിലെ നിര്‍ണായക സ്വാധീനമാണ്. ഡിയോറ കുടുംബത്തിന് ഈ മണ്ഡലങ്ങളില്‍ പലകുറി വിജയം നേടാനായതുമാണ്. മിലിന്ദ് ഡിയോറയുടെ അച്ഛന്‍ മുര്‍ളി ഡിയോറ ഹാട്രിക്കോടെ നാല് തവണ ഇവിടെ എംപിയായിരുന്നു, 1984 മുതല്‍ 1991 വരെ. മിലിന്ദ് ഡിയോറയാവട്ടെ 2004ലും 2009ലും ഇവിടെ ജയിച്ചു കയറി. ഈ സാധ്യത ഉപയോഗപ്പെടുത്തി താക്കറെ കുടുംബത്തിലെ ഇളമുറക്കാരനെ വീഴ്ത്താനാണ് ബാല്‍ താക്കറെ ഉണ്ടാക്കിയ പാര്‍ട്ടി ചിഹ്നവും കൊടിയുമായി ഷിന്‍ഡേ വിഭാഗം കളത്തിലിറങ്ങുന്നത്. എന്തായാലും നിലവില്‍ ഉദ്ദവ് താക്കറെയുടെ കൂടെയുള്ള അര്‍വിന്ദ് സാവന്താണ് മുംബൈ സൗത്തില്‍ ഹാട്രിക് വിജയം നേടി ലോക്‌സഭാ മണ്ഡലത്തിന്റെ എംപിയായുള്ളത്. ലോക്‌സഭയില്‍ കോണ്‍ഗ്രസ്, ശിവസേന യുബിടി. എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെ മഹാവികാസ് അഘാഡി സഖ്യം വിജയിച്ചു കയറിയതിന്റെ ആവേശത്തിലാണ് താക്കറെ ഇളമുറക്കാരന്‍ വര്‍ലിയില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.

Latest Stories

പണി നല്‍കിയത് എട്ടിന്റെ പണി; എയറിലായത് ഗതികേടെന്ന് ജോജു ജോര്‍ജ്ജ്

പിപി ദിവ്യയുടെ സെനറ്റ് അംഗത്വം; കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍

കള്ളപ്പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം; ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

'ബിജെപിയുടെ ചിഹ്നം താമരയിൽ നിന്ന് മാറ്റി ചാക്ക് ആക്കണം'; പരിഹസിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്നു; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

ഖാലിസ്ഥാന്‍ ഭീകരന്റെ കൊലയ്ക്ക് പിന്നില്‍ അമിത്ഷാ; കനേഡിയന്‍ ആരോപണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ബിജെപി ടിക്കറ്റ് കിട്ടാതെ ശിവസേനയിലും എന്‍സിപിയിലും കുടിയേറിയ 'താമര വിമതന്മാര്‍'; മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ ചാടിക്കളി

ടോപ് ഗിയറിട്ട് ഇന്ത്യന്‍ കാര്‍ വിപണി; ഇന്ത്യക്കാരുടെ പ്രിയ കാറുകള്‍ ഏതെല്ലാം?

'ഇനി നിൻ്റെ കൈ ഒരാണിന് നേരെയും ഉയരരുത്'; മമ്മൂക്കയുടെ ഡയലോഗ്, അതിന് ശേഷമാണ് ശരിക്കും എന്റെ കൈ ഉയർന്നത്: വാണി വിശ്വനാഥ്

IND VS NZ: അപ്പോ ഇന്ത്യയ്ക്ക് ഇങ്ങനെയും കളിക്കാൻ അറിയാം; വൻ ബാറ്റിംഗ് തകർച്ചയിൽ ന്യുസിലാൻഡ്