രാഹുലിന്റെ വയനാടന്‍ വരവോടെ മാറിയ കേരളം, ആവര്‍ത്തന സാധ്യത ഉണ്ടോ?

സര്‍പ്രൈസ് എന്‍ട്രിയായി വയനാട്ടിലേക്ക് നെഹ്‌റു കുടുംബത്തില്‍ നിന്നൊരാള്‍ എത്തിയതോടെ തലവര മാറി ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായ വയനാട്. അത്ര പ്രായമൊന്നുമില്ലാത്ത വയനാടന്‍ മണ്ഡല ചരിത്രം പക്ഷേ രാഹുല്‍ ഗാന്ധിയെന്ന പേരോടെ ചര്‍ച്ചയായതും കേരളത്തിന്റെ പാര്‍ലമെന്റ് ചരിത്രത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം എഴുതി ചേര്‍ത്തതും 2019ലാണ്. 431,770 എന്ന റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് സിപിഐയുടെ പി പി സുനീറിനെ കോണ്‍ഗ്രസിന്റെ അതികായന്‍ വീഴ്ത്തിയത്. അന്നത്തെ രാഹുല്‍ ഗാന്ധിയുടെ കേരള വരവില്‍ 20 മണ്ഡലങ്ങളില്‍ 19ഉം യുഡിഎഫിന് വീണതും ചരിത്രം.

ഇക്കുറി രാഹുല്‍ ഗാന്ധിയെ വീഴ്ത്താന്‍ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ആളെ ഇറക്കിയാണ് ഇടതുപക്ഷം കരുക്കള്‍ നീക്കിയത്. അങ്ങ് ഉത്തര്‍പ്രദേശിലോ മറ്റോ ബിജെപിയുമായി നേര്‍ക്ക് നേര്‍ പോരാടി ജയിക്കേണ്ടതിന് പകരം വയനാട്ടിലേക്കെത്തിയ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇടത് നേതാക്കള്‍ ആ പേരില്‍ ആക്ഷേപിക്കുമ്പോഴും അമേഠിയും റായ് ബറേലിയും ഒഴിഞ്ഞു കിടക്കുകയാണ്. കോണ്‍ഗ്രസിന്റെ ഘടാഘടിയന്‍ കോട്ടയായ റായ്ബറേലി മാത്രമാണ് ഉത്തര്‍പ്രദേശില്‍ നിലവില്‍ കോണ്‍ഗ്രസിന് ബാക്കിയുണ്ടായിരുന്നത്. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് എത്തിയതോടെ രാഹുലോ പ്രിയങ്കയോ എന്ന ചോദ്യം അവിടെ ബാക്കിയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് അവിടെ സ്ഥാനാര്‍ത്ഥിയെ നോക്കാമെന്ന മെല്ലെപ്പോക്കില്‍ കോണ്‍ഗ്രസ് കാര്യങ്ങള്‍ നീക്കുമ്പോള്‍ ഇവിടെ ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷിയെ നേരിടാന്‍ രാഹുല്‍ ഗാന്ധി ഇറങ്ങുന്നതിന്റെ അമര്‍ഷമാണ് ഇടത് പക്ഷത്തിനുള്ളത്. രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് ഒരു കണ്ണൂരുകാരിയെ ഇറക്കിയാണ് സിപിഐ തുടക്കത്തിലെ കളംപിടിക്കാന്‍ ഇറങ്ങിയത്. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ ആനി രാജ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ ജനറല്‍ സെക്രട്ടറിയാണ്. സി പി ഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എഐഎസ്എഫിലൂടെയായിരുന്നു ആനി രാജരാഷ്ട്രീയത്തിലേക്ക് എത്തിയത്. കൃത്യമായ രീതിയില്‍ രാഷ്ട്രീയം പറയുകയും സ്ത്രീപക്ഷ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയും മുന്നണിയും നോക്കാതെ കൃത്യമായ നിലപാടെടുക്കുകയും ചെയ്ത ആനി രാജ ഇടത് പക്ഷത്തിന്റെ പ്രസ്റ്റീജ് സ്ഥാനാര്‍ത്ഥി കൂടിയാണ്. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ആനി രാജ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ ഭാര്യയും കൂടിയാണ്.

ബിജെപിയാകട്ടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കി രാഹുല്‍ ഗാന്ധിയെ നേരിടാന്‍ ഇറക്കിയത്. താമസിച്ചാണ് മോദി- ഷാ തീരുമാനത്തില്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയതെങ്കിലും പ്രചാരണരംഗത്ത് മുന്നേറ്റമുണ്ടാക്കുന്നുണ്ട്. രാഹുലിനെ അമേഠിയില്‍ വീഴ്ത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് സുരേന്ദ്രനുവേണ്ടി ആദ്യം രംഗത്തിറങ്ങിയ ദേശീയനേതാവെന്ന് കൂടി പറയേണ്ടതുണ്ട്.

ഇന്ത്യ മുന്നണിയില്‍ ഒന്നിച്ച് നില്‍ക്കുന്ന രണ്ടുപേരാണ് കേരളത്തില്‍ ഒന്നാകെ മണ്ഡലങ്ങളിലെല്ലാം പര്‌സപരം പോരടിക്കുന്നതെങ്കിലും ദേശീയ രാഷ്ട്രീയത്തിലൊന്നടങ്കം വയനാട് വിഐപി മണ്ഡലമാണ്. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രം 2009ലാണ് തുടങ്ങുന്നത് അന്നുതൊട്ട് കോണ്‍ഗ്രസിന്റെ കോട്ടയാണ് വയനാട്. കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസ് സിപിഐ നേതാവ് എം റഹ്‌മത്തുള്ളയെ 2009ല്‍ വീഴ്ത്തി മണ്ഡലം ആദ്യമായി സ്വന്തം പേരിലാക്കി. ആദ്യ തിരഞ്ഞെടുപ്പില്‍ എം ഐ ഷാനവാസ് നേടിയത് 1,53,439 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷം, സിപിഐയുടെ അഡ്വ എം റഹ്‌മത്തുള്ള 31.2% വോട്ട് ഷെയര്‍ അന്ന് നേടിയപ്പോള്‍ കോണ്‍ഗ്രസിന് 50 ശതമാനത്തിനടുത്തായിരുന്നു വോട്ട് ഷെയര് ബിജെപിയുടെ സി വാസുദേവന്‍ നേടിയത് 3.8% വോട്ട് മാത്രം. 2014ലും മണ്ഡലം ഷാനവാസിനൊപ്പം, പക്ഷേ എതിരാളിയായി സിപിഐയുടെ സത്യന്‍ മൊകേരി വന്നപ്പോള്‍ ഭൂരിപക്ഷം 20,870 ആയി കുറഞ്ഞു. 2019ല്‍ രാഹുല്‍ ഗാന്ധിയെത്തി, 64.7% വോട്ട് ഷെയര്‍ രാഹുലിന് കിട്ടിയപ്പോള്‍ സിപിഐയുടെ പിപി സുനീറിന് കിട്ടിയത് 25.1% വോട്ട് ഷെയര്‍. ബിജെപിയ്‌ക്കൊപ്പം നിന്ന ബിഡിജെഎസിന്റെ തുഷാര്‍ വെള്ളാപ്പള്ളി നേടിയത് 78,816 വോട്ടും. നാലേകാല്‍ ലക്ഷത്തിന് മേലെയാണ് രാഹുല്‍ ഗാന്ധിയ്ക്ക് കിട്ടിയ ഭൂരിപക്ഷം.

കോണ്‍ഗ്രസിനപ്പുറം മുസ്ലീം ലീഗ് രാഹുല്‍ ഗാന്ധിയ്ക്കായി പ്രചരണത്തിനിറങ്ങിയ ചരിത്രമാണ് വയനാടിന് പറയാനുള്ളത്. അതില്‍ ലീഗിന്റെ കൊടി കണ്ട് പാകിസ്ഥാനെന്ന് പറഞ്ഞു ഉത്തരേന്ത്യയില്‍ ബിജെപി കുളം കലക്കിയപ്പോള്‍ അമേഠിയിലെ വീഴ്ചയടക്കം കോണ്‍ഗ്രസിന് തളര്‍ച്ചപറ്റിയെന്ന് വിലയിരുത്തല്‍. ഇക്കുറി രാഹുലിന്റെ പ്രചരണത്തിന് ലീഗ് കൊടിവേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ കാര്യങ്ങളുടെ കിടപ്പു വശം കുറച്ചുകൂടി വ്യക്തമായി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ലെന്ന് കെ പി സി സി ആക്ടിംഗ് പ്രസിഡന്റും യു ഡി എഫ് കണ്‍വീനറുമായ എം എം ഹസന്‍ പറഞ്ഞത് ലീഗിനെ പിണക്കാതെ ഒപ്പം നിര്‍ത്താനാണ്. ഈ തീരുമാനത്തിലേത്ത് എത്തിയ സാഹചര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ ആവില്ലെന്നും മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ പതാകകള്‍ ഉപയോഗിക്കാമെന്നും ഹസന്‍ പറഞ്ഞത് ഉത്തരേന്ത്യയിലെ ചലനങ്ങളെ കോണ്‍ഗ്രസ് ഭയക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. പതാക വേണ്ട ചിഹ്നം മാത്രം മതിയെന്ന് പറഞ്ഞു ലീഗിന്റെ പച്ച പതാകയ്‌ക്കൊപ്പം കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാകയും വേണ്ടെന്ന് വെച്ചു വയനാട്ടില്‍. അങ്ങനെ കലങ്ങി മറിഞ്ഞും സ്ഥാനാര്‍ത്ഥിയില്ലാതെയും വയനാട്ടിലെ പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നോട്ട് പോവുകയാണ്.

മൂന്നു ജില്ലകളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നു. വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ഇവിടങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായതിനാല്‍ മുസ്ലീം ലീഗിന്റെ കോണ്‍ഗ്രസ് സ്‌നേഹത്തിനപ്പുറം രാഹുല്‍ സ്‌നേഹം വോട്ടായി തന്നെ മാറും. രാഹുല്‍ ഗാന്ധിയ്ക്ക് ഒരു വയനാടന്‍ ഷോക്കിന് സാധ്യതയില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരടക്കം കരുതുന്നത്. നിയമസഭയില്‍ ഇടത്തേക്ക് ചായുവുള്ള മാനന്തവാടി, തിരുവമ്പാടി, നിലമ്പൂര്‍ മണ്ഡലങ്ങളെല്ലാം രാഹുലിന്റെ വരവില്‍ അങ്ങോട്ട് ചാഞ്ഞത് ഇക്കുറിയും മാറുമെന്ന് കരുതുന്നില്ല.

സിഎഎ, ഏക സിവില്‍ കോഡ്, ഇസ്രയേല്‍ പലസ്തീന്‍ വിഷയം തുടങ്ങിയവയെല്ലാം ന്യൂനപക്ഷ സ്വാധീനമുള്ള മേഖലയില്‍ ചര്‍ച്ചയാണ്. ഇതിലെ കോണ്‍ഗ്രസ് നിലപാടും ഇടത് നിലപാടും സൂക്ഷ്മ ചര്‍ച്ചയായിട്ടുണ്ട് വയനാട്ടില്‍. ന്യൂനപക്ഷ വിഷയങ്ങളില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധങ്ങളും മുസ്ലിം ലീഗ് ഇടത് സമീപനത്തെ സ്വാഗതം ചെയ്തതും വയനാടിനെ സ്വാധീനിച്ചിട്ടുണ്ട്. ഇതെങ്ങനെ വയനാട്ടില്‍ വോട്ടാകുമെന്നാണ് ഇനി അറിയാനുള്ളത്. രാഹുല്‍ ഗാന്ധിയെന്ന ഇന്ദിരയുടെ പേരക്കുട്ടിയ്ക്ക് കോണ്‍ഗ്രസ് നേതാവ് എന്നതിനപ്പുറം പരിഗണന നല്‍കുന്ന കേരളത്തില്‍ രാഹുലിന് ഒരു അട്ടിമറി തോല്‍വിയൊന്നും ആരും ചിന്തിക്കുന്നു കൂടിയില്ല. മണ്ഡലത്തില്‍ ഇല്ലാത്ത എംപിയെന്ന ഇടത് കുത്തലുകളും രാഹുല്‍ ഗാന്ധിയുടെ പ്രത്യേക സാഹചര്യത്തില്‍ വോട്ടര്‍മാരെ തുലോം ചിന്തിപ്പിക്കില്ലെന്നതും വസ്തുതയാണ്. കഴിഞ്ഞ കുറി നേടിയ മാമത്ത് വിജയം ഇക്കുറി രാഹുലിന് ആവര്‍ത്തിക്കാനാകുമോ എന്നത് മാത്രമാണ് ചോദ്യം. ആനി രാജ ഇടത് വോട്ടുകള്‍ മുഴുവന്‍ സമീകരിക്കുമോ എന്നും കെ സുരേന്ദ്രന്‍ വയനാട്ടില്‍ എത്ര വോട്ട് പിടിക്കുമെന്നും.

Latest Stories

വയനാട് ഉരുൾപൊട്ടൽ; ദുരന്ത ബാധിതരുടെ കടം എഴുതിത്തളളാൻ നിർദേശിക്കാനാകില്ലെന്ന് റിസർവ് ബാങ്ക്

സൂപ്പര്‍ താരങ്ങള്‍ പുറത്ത്!, പെര്‍ത്ത് ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍

എന്നെ നൈസായി ഒഴിവാക്കി, പ്രത്യേകിച്ച് അപ്ഡേറ്റുകൾ ഒന്നും ഗംഭീർ തന്നിട്ടില്ല; തുറന്നടിച്ച് ശാർദുൽ താക്കൂർ

ഇത് പകപോക്കല്‍, ധനുഷ് നീചനായ വ്യക്തി.. 3 സെക്കന്‍ഡ് രംഗത്തിന് 10 കോടി ആവശ്യപ്പെട്ടു; ആഞ്ഞടിച്ച് നയന്‍താര

മുട്ടാന്‍ മാത്രമല്ല, വേണ്ടി വന്നാല്‍ ആഞ്ഞടിക്കാനും അറിയാം; 'കലിപ്പന്‍' രാഹുല്‍

സംസ്ഥാനത്തെ ഭരണ രംഗത്ത് ഇനി മുതൽ 'ടിയാരി' വേണ്ട; സർക്കുലർ ഇറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്

ഇസ്രായേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു; ഗാസയില്‍ വംശഹത്യ തുടരുന്നവരുമായി ഇനി ചര്‍ച്ചയുമില്ല; ഭാവിയിലും മാറ്റമുണ്ടാകില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍

എന്റെ പൊന്ന് മോനെ നിന്നെ ഇന്ത്യക്ക് വേണം, പെട്ടെന്ന് വാടാ ടീമിലോട്ട്; സൂപ്പർ താരത്തിനോട് അഭ്യർത്ഥനയുമായി രവി ശാസ്ത്രി; പോസ്റ്റ് നോക്കാം

'സ്നേഹത്തിന്റെ കടയിൽ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ്.. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തതാണ് എന്റെ തെറ്റ്'; സന്ദീപ് വാര്യര്‍

സഞ്ജുവിനെ തഴഞ്ഞ് അവനെ വളർത്താൻ ഇന്ത്യക്ക് എങ്ങനെ തോന്നി, മലയാളി താരത്തെ വാഴ്ത്തിയും സൂപ്പർ താരത്തെ കൊട്ടിയും ഷോൺ പൊള്ളോക്ക്