യെച്ചൂരിയെന്ന കെടാത്ത വിപ്ലവ ചരിത്രം; കാവിരാഷ്ട്രീയത്തെ പടിക്ക് പുറത്താക്കാന്‍ അടവുനയം സ്വീകരിച്ച സഖാവ്

സിപിഎമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി 9 കൊല്ലം, ആരോപണങ്ങളും വ്യക്താധിക്ഷേപങ്ങള്‍ക്കും ഇടനല്‍കാത്ത യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്. സീതാറാം യെച്ചൂരിയെന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഓര്‍മ്മിക്കപ്പെടുക സംശുദ്ധമായ വ്യക്തി ജീവിതത്തിനപ്പുറം ആദര്‍ശം ഒരു ഘട്ടത്തിലും വിട്ടുകളയാത്ത യഥാര്‍ത്ഥ കോമ്രേഡ് എന്നാവും. നിലവില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കുമ്പോഴും ചില കേഡറുകള്‍ മാത്രമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശുഷ്‌കിക്കുമ്പോഴും സീതാറാം യെച്ചൂരിയെന്ന പേര് അണികള്‍ക്ക് പ്രതീക്ഷയുടേതായിരുന്നു. ബംഗാളിലും ത്രിപുരയിലുമടക്കം ക്ഷയിച്ച തറവാടു പോലായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിലെ സഖാക്കളുടെ സമ്മര്‍ദ്ദ തന്ത്രത്തില്‍ കുടുങ്ങി കിടക്കുമ്പോഴും യെച്ചൂരിയെന്ന പേരിന് പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും പ്രത്യയശാസ്ത്രത്തിന്റെ യഥാര്‍ത്ഥ കാവല്‍ക്കാരന്‍ എന്ന പേരായിരുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ബംഗാള്‍ ഘടകം നിര്‍ജീവമാകുകയും ത്രിപുരയിലടക്കം പാര്‍ട്ടി പിന്നോട്ട് പോവുകയും ചെയ്തതോടെ പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും കേരള ഘടകത്തിന്റെ അപ്രമാദിത്യം പ്രകടമായിരുന്നു. പലപ്പോഴും ആശയ സംഘട്ടനം നടക്കുകയും കേരള – ബംഗാള്‍ ഘടകങ്ങള്‍ തമ്മില്‍ ശക്തമായ ചര്‍ച്ച നടക്കുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ നിന്ന് സിപിഎം കേരള ഘടകത്തിന്റെ തീരുമാനത്തിലേക്ക് ഏകപക്ഷീയമായി എത്തുന്ന സ്ഥിതിവിശേഷ പോലും ഉണ്ടായി. ഈ കാലഘട്ടത്തിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടിയെ ഏകോപിപ്പിച്ചു നിര്‍ത്തി കൊണ്ടുപോകുന്നതിനും കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും കഠിന പ്രയ്തനം ചെയ്തത്. ഇതിനെല്ലാം അപ്പുറം കേന്ദ്രത്തില്‍ ബിജെപിയെന്ന തീവ്രവലതുപക്ഷ രാഷ്ട്രീയം പേറുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയായിരുന്നു യെച്ചൂരി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായതെന്നതും അദ്ദേഹം നേരിട്ട വെല്ലുവിളികള്‍ ഇരട്ടിപ്പിച്ചു. കാവി ഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷ നിരയില്‍ ഒപ്പം നില്‍ക്കാനുള്ള യെച്ചൂരിയുടെ അടവുനയവും പാര്‍ട്ടിയ്ക്കുള്ളില്‍ കേരളഘടകം ഉയര്‍ത്തിയ എതിര്‍പ്പിനപ്പുറം ഇന്ത്യയെന്ന രാജ്യത്തെ മുഴുവനായി കണ്ടുകൊണ്ടായിരുന്നു. ജനാധിപത്യം എന്നത് വോട്ട് ചെയ്യാനുള്ള അവകാശം മാത്രമല്ലെന്നും അതു പോരാട്ടങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്നതാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പലകുറി ഓര്‍മ്മിപ്പിച്ചു.

ഇന്ത്യയെ ഭിന്നിപ്പിച്ച് നിര്‍ത്താനുള്ള ആര്‍എസ്എസ് തന്ത്രങ്ങള്‍ക്കും സംഘപരിവാര്‍ ശ്രമങ്ങള്‍ക്കും തടയിടാന്‍ പ്രതിപക്ഷം ഒന്നിച്ചു നില്‍ക്കണമെന്ന് സീതാറാം യെച്ചൂരി ആവര്‍ത്തിച്ചത് രാജ്യം ഫാസിസ്റ്റ് വിരുദ്ധമാകാന്‍ എല്ലാവരും ഒറ്റക്കെട്ടാകണമെന്ന് ചിന്ത കൊണ്ടാണ്. ഓരോരുത്തരെയായി ഇല്ലാതാക്കി ഒരു ഏകാധിപത്യ ഭരണം ഇന്ത്യയെ മുച്ചൂടും മുടിക്കാതിരിക്കാനാണ്. പണ്ടൊരു കാലത്ത് അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിയെ നേരിട്ട യുവ യെച്ചൂരി തന്നെയാണ് നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിക്ക് മുന്നിലും ബിജെപിയുടെ വര്‍ഗീയ അജണ്ടകളെ പ്രതിരോധിക്കാന്‍ നിന്നത്.

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ കാലത്ത് ജെഎന്‍യുവിലെത്തിയെന്നും പൊലീസിനെ കൊണ്ട് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്തിയെന്നും യെച്ചൂരിയെ കൊണ്ട് മാപ്പ് പറയിച്ചെന്നും പറഞ്ഞൊരു വ്യാജ പ്രചാരണം പണ്ടേ മുതല്‍ വലതുപക്ഷ തീവ്ര ഗ്രൂപ്പുകള്‍ നടത്തുന്നുണ്ട്. ജെഎന്‍യു സ്റ്റുഡന്‍സ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെപ്പിച്ചുവെന്നും ഇന്ദിരയുടെ മുന്നില്‍ അമിത് ഷാ പാവമെന്നുമുള്ള തരത്തിലാണ് സംഘപരിവാരത്തിന്റെ പ്രചാരണം ഉണ്ടായിരുന്നത്. ഒപ്പം കൈകെട്ടി നില്‍ക്കുന്ന ഇന്ദിരയുടെ സമീപം നിന്ന് യെച്ചൂരി എന്തോ വായിക്കുന്ന ഫോട്ടോയും പ്രചരിപ്പിച്ചായിരുന്നു ഇത്തരം വ്യാജ പ്രചാരണം. ഇതിലെ സത്യാവസ്ഥ ഇങ്ങനെയാണ്.

ഇന്ദിര ഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്നില്ല, 1977 ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ചിത്രമാണിത്. 1977 സെപ്തംബര്‍ അഞ്ചിന് നടന്ന സംഭവം ജെഎന്‍യുവില്‍ വെച്ചല്ല, പകരം ഇന്ദിരയുടെ വസതിയ്ക്ക് പുറത്തുവെച്ചാണ് നടന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ നിന്ന് പുറത്തായി. അധികാരത്തില്‍ നിന്ന് പുറത്തായിട്ടും ഇന്ദിരാഗാന്ധി ജെഎന്‍യു വൈസ് ചാന്‍സലറായി തുടര്‍ന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് ഇന്ദിര ഗാന്ധിയുടെ വസതിയിലേക്ക് ഉണ്ടായത്. ഇന്ദിരയുടെ മുന്നില്‍ മാപ്പപേക്ഷയല്ല പക്ഷേ മെമ്മൊറാണ്ടം വായിക്കുകയാണ് യെച്ചൂരി ചെയ്തത്. നിവേദനം എല്‍പ്പിച്ച് പോയ്ക്കോളൂ എന്ന് വസതിയിലെ ഇന്ദിരയുടെ ജീവനക്കാര്‍ അറിയിച്ചിട്ടും അവരെ നേരില്‍ കാണണമെന്ന് പറഞ്ഞ് സമരക്കാര്‍ വസതിയ്ക്ക് മുന്നില്‍ നിലയുറപ്പിച്ചു. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ പുറത്ത് കൂടി നില്‍ക്കുന്നത് കണ്ട ഇന്ദിരാഗാന്ധി പുറത്തേക്ക് വരുകയും ചെയ്തു. ഇതോടെ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായ യെച്ചൂരി യെച്ചൂരി തങ്ങളുടെ ആവശ്യങ്ങള്‍ ഇന്ദിരയെ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. അതായത് ഇന്ദിരയെ പിടിച്ചു നിര്‍ത്താന്‍ പാകത്തിന് ഒരു വിദ്യാര്‍ത്ഥി നേതാവിന്റെ ആവശ്യം അവര്‍ക്ക് മുന്നിലെത്തിയെന്ന്. കൈകെട്ടി നിന്ന് ഇന്ദിര പ്രസംഗം കേള്‍ക്കുന്നത് വ്യക്തവുമാണ്. ഇന്ദിരാ സര്‍ക്കാര്‍ അടിയന്തരാവസ്ഥ കാലത്ത് നടത്തിയ ക്രൂരതകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മെമ്മോറാണ്ടം യെച്ചൂരി ഇന്ദിരയെ മുന്നില്‍ നിര്‍ത്തി വായിക്കുന്നതാണ് ആ വിപ്ലവചരിത്രത്തെ അടിയാളപ്പെടുത്തുന്ന ചിത്രമായി മാറിയത്.

സംഭവത്തിന്റെ തൊട്ടടുത്ത ദിവസം ഇന്ദിരാ ഗാന്ധി ജെഎന്‍യുവിന്റെ ചാന്‍സലര്‍ പദവി രാജിവയ്ക്കുകയും ചെയ്തുവെന്നതും ചരിത്രമാണ്. അതായത് 1977 ല്‍ ചാന്‍സിലറായിരുന്ന ഇന്ദിരയെ പുറത്താക്കാന്‍ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ സമരം വിജയിച്ചുവെന്ന് ചുരുക്കം.

വിദ്യാര്‍ത്ഥി പ്രസ്ഥാനം മുതല്‍ ഇങ്ങോട്ട് യെച്ചൂരി വഴിവെട്ടി വന്ന പാത ഓരോ സഖാവും വിപ്ലവാവേശമായി കൊണ്ടുനടക്കുന്നതാണ്. 1952 ആഗസ്റ്റ് 12-ന് മദ്രാസിലാണ് യെച്ചൂരിയുടെ ജനനം. ആന്ധ്ര ബ്രാഹ്‌മണദമ്പതികളായ സര്‍വ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കല്‍പ്പാക്കത്തിന്റെയും മകനായി ജനിച്ച യെച്ചൂരി ഹൈദരാബാദിലാണ് വളര്‍ന്നത്. പത്താം ക്ലാസ് വരെ ഹൈദരാബാദിലെ ഓള്‍ സെയിന്റ്‌സ് ഹൈസ്‌കൂളില്‍ പഠിച്ചു, പിന്നീട് 1969 ലെ തെലങ്കാന പ്രക്ഷോഭത്തിനിടെ ഡല്‍ഹിയിലെത്തി. സിബിഎസ്ഇ ഹയര്‍സെക്കന്ററി പരീക്ഷയില്‍ ഡല്‍ഹിയിലെ പ്രസിഡന്റ്‌സ് എസ്റ്റേറ്റ് സ്‌കൂളില്‍ പഠിച്ച യെച്ചൂരി ഓള്‍ ഇന്ത്യ ലെവലില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ഡിഗ്രി കരസ്ഥമാക്കി. 1975-ല്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ നിന്നും ഇക്കണോമിക്‌സില്‍ മാസ്റ്റര്‍ ബിരുദം നേടി. 1975ല്‍ ജെഎന്‍യുവില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നുവെങ്കിലും ‘അടിയന്തരാവസ്ഥ’ കാലത്ത് അറസ്റ്റിലായതോടെ അത് പാതിവഴിയില്‍ അവസാനിച്ചു.

1974ല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ)യില്‍ ചേര്‍ന്ന യെച്ചൂരി ഒരു വര്‍ഷത്തിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റില്‍ അംഗത്വമെടുത്തു. 1970കളില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയോടൊപ്പം അടിയുറപ്പിച്ചു നിര്‍ത്തിയതില്‍ യെച്ചൂരിയുടെ പങ്ക് നിസ്തുലമാണ്. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട യെച്ചൂരി പിന്നീട് പ്രകാശ് കാരാട്ടിനൊപ്പം ജെഎന്‍യുവിനെ ഇടതുപക്ഷ കോട്ടയാക്കി മാറ്റി. 1984-ല്‍ സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മിറ്റിയിലേക്ക് യെച്ചൂരി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകനാകാന്‍ സീതാറാം യെച്ചൂരിക്ക് വളരെ കുറച്ച് സമയമേ വേണ്ടിവന്നുള്ളൂ. 1978 മുതല്‍ 1998 വരെ പാര്‍ട്ടിയില്‍ പടിപടിയായി യെച്ചൂരി വളര്‍ന്നു. 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ് യെച്ചൂരി. യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുന്നതിനും വലതുപക്ഷ തീവ്ര രാഷ്ട്രീയത്തെ അധികാരത്തിന് പുറത്താക്കാനും യെച്ചൂരി നിര്‍ണായക ഇടപെടലുകള്‍ നടത്തി.

വിശാഖപട്ടണത്ത് 2015ന് സിപിഎമ്മിന്റെ 21ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഹൈദരാബാദില്‍ 2018ല്‍ നടന്ന 22ാം പാര്‍ട്ടി കോണ്‍ഗ്രസിലും യെച്ചൂരി തന്നെ സ്ഥാനം നിലനിര്‍ത്തി. 2022ല്‍ കണ്ണൂരില്‍ ചേര്‍ന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

2005ല്‍ രാജ്യസഭയിലേക്ക് പശ്ചിമ ബംഗാളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി മികച്ച സാമാജികനെന്ന പേരെടുത്തു. പാര്‍ലമെന്റില്‍ നിര്‍ണായകമായ ഒത്തിരി വിഷയങ്ങള്‍ സജീവ ചര്‍ച്ചയാക്കിയത് യെച്ചൂരിയെന്ന മികച്ച പ്രാസംഗികനാണ്. വാട്ട് ഈസ് ദിസ് ഹിന്ദു രാഷ്ട്ര?, സീഡോ ഹിന്ദുയിസം എക്‌സ്‌പോസ്ഡ് തുടങ്ങി നിരവധി പുസ്തകങ്ങള്‍ യെച്ചൂരി പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കന്‍ വിദേശനയത്തേയും ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളേയുമെല്ലാം തുറന്നുകാട്ടുന്ന പുസ്തകങ്ങളും യെച്ചൂരിയുടേതായി പുറത്തെത്തിയിട്ടുണ്ട്. ആത്യന്തികമായ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിലെ മുന്നണി പോരാളിയായിരുന്നു യെച്ചൂരി. വിട്ടുവീഴ്ചയില്ലാതെ തന്റെ അവസാന നാളുകളിലും നരേന്ദ്ര മോദിയുടെ കാവിഭരണത്തിനെതിരെ സഖാവ് യെച്ചൂരി പോരാട്ടം നയിച്ചു. വര്‍ഗീയതയെ പടിക്ക് പുറത്ത് നിര്‍ത്തണമെന്ന് നിരന്തരം ജനതയെ ഓര്‍മ്മിപ്പിച്ചു. യെച്ചൂരിയുടെ പോരാട്ടങ്ങളിലെന്നും എതിര്‍ സ്ഥാനത്ത് ഏകാധിപത്യ പ്രവണതയും വര്‍ഗീയശക്തികളും ഉണ്ടായിരുന്നു. കാലം മായ്ക്കാത്ത വലിയൊരു വിപ്ലവ പോരാട്ട ചരിത്രം കൊളുത്തിവെച്ചാണ് യെച്ചൂരി വിടവാങ്ങുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍