ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പറയുന്ന പോലെയൊക്കെയാണ് ഹരിയാനയില്‍ ബിജെപിയുടെ കാര്യം. പല സംസ്ഥാനങ്ങളിലും ഓപ്പറേഷന്‍ താമരയുമായി സര്‍ക്കാരുകള്‍ വീഴ്ത്തുകയും പാര്‍ട്ടികളെ പിളര്‍ത്തിയെടുത്ത് ബിജെപി സര്‍ക്കാരുണ്ടാക്കുകയും ചെയ്ത പാര്‍ട്ടിയ്ക്ക് ഹരിയാനയില്‍ പണി കൊടുത്തത് ഒപ്പം നിന്ന സ്വതന്ത്രരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കവെ നിയമസഭയില്‍ കോലാഹലം ഉണ്ടാകാതിരിക്കാനും മന്ത്രിസഭ വീഴാതെ കാവല്‍ നില്‍ക്കേണ്ടതുമായ ഗതികേടിലാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. സാമുദായിക ധ്രൂവീകരണം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനെ സമീപിക്കുന്ന ബിജെപി ഒബിസി വോട്ട് ഏകീകരിക്കാന്‍ മുഖ്യമന്ത്രിയെ മാറ്റിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഹരിയാനയില്‍ ബിജെപി അടിത്തറ ഇളകിയിരിക്കുന്നത്.

ഹരിയാനയിലെ 90 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 അംഗങ്ങളുടെ പിന്തുണയാണ്. 2 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ നിലവില്‍ 88 അംഗങ്ങളാണ് നിയമസഭയിലുള്ളതെന്നതിനാല്‍ 45 ആണ് കേവല ഭൂരിപക്ഷം. ബിജെപിയ്ക്ക് 40 എംഎല്‍എമാരാണ് ഉള്ളത്. മൂന്ന് സ്വതന്ത്രര്‍ ബിജെപിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതിനാല്‍ കേവലഭൂരിപക്ഷത്തിനുള്ള നമ്പര്‍ ബിജെപിയ്ക്കില്ലെന്ന് വ്യക്തമാകും. കാരണം നേരത്തെ 10 സീറ്റുള്ള ജെജെപിയുമായുള്ള സഖ്യത്തിലാണ് ബിജെപി ഹരിയാനയില്‍ അധികാരത്തില്‍ വന്നത്. ശക്തമായ മല്‍സരം നടന്ന ഹരിയാനയില്‍ 31 സീറ്റുകള്‍ കോണ്‍ഗ്രസിനുണ്ട്. 2019ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ നയിച്ച ബിജെപി തുടര്‍ഭരണം നേടുകയായിരുന്നു. അന്ന് ജെജെപി എന്ന ദുഷ്യന്ത് ചൗടാലയുടെ പാര്‍ട്ടിയെ ഒപ്പം നിര്‍ത്തിയാണ് ബിജെപി ഭരണ തുടര്‍ച്ച നേടിയത്. എന്നാല്‍ 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10ല്‍ 10 നേടിയ ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് അടുത്തതോടെ ജെജെപി ഒപ്പമില്ലെങ്കിലും കാര്യങ്ങള്‍ തട്ടുകേടാവില്ലെന്ന അമിതാത്മവിശ്വാസം ഉണ്ടായിരുന്നു. അതിനാല്‍ ലോക്‌സഭാ – നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സഖ്യകക്ഷികള്‍ അടിച്ചു പിരിഞ്ഞത്.

മാര്‍ച്ചില്‍ ചൗടാലയുടെ ജെജെപി വിട്ടു പോന്നതിന് പിന്നാലെ പക്ഷേ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയ്ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് പാര്‍ട്ടി കരുതിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി വരുന്ന ഹരിയാനയില്‍ മാര്‍ച്ചില്‍ ബിസി വോട്ട് ലക്ഷ്യം വെച്ച് മനോഹര്‍ ലാല്‍ ഖട്ടാറിനെ മാറ്റി നായബ് സിങ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കിയത്. ഒപ്പം ലോക്‌സഭയില്‍ 10 പിടിച്ചു നില്‍ക്കുന്ന ബിജെപി സഖ്യത്തിന് വേണ്ടി ഒരു സീറ്റ് പോലും ജെജെപിയ്ക്ക് നല്‍കാന്‍ തയ്യാറുമല്ലായിരുന്നു. ഭരണവിരുദ്ധ വികാരം ഒഴിവാക്കാനുള്ള ബിജെപി തന്ത്രമായും ഖട്ടറിന്റെ രാജിയെ കാണാം. എന്തായാലും സെയ്‌നി സര്‍ക്കാര്‍ വന്നതോടെ പിന്തുണച്ചു നിന്ന സ്വതന്ത്രന്‍മാരും ബിജെപിയില്‍ നിന്ന് അകന്നു.

എം.എല്‍.എമാരായ സോംബിര്‍ സാങ്വാന്‍, രണ്‍ധീര്‍ സിംഗ് ഗൊല്ലെന്‍, ധരംപാല്‍ ഗോന്ദര്‍ എന്നിവര്‍ ഇന്നലെ റോഹ്തക്കില്‍ നടത്തിയ വാര്‍ത്താ മ്മേളനത്തിലാണ് ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഹരിയാന നിയമസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായി ഭൂപീന്ദര്‍ സിംഗ് ഹൂഡയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനും എംഎല്‍എമാരെ അനുഗമിച്ചതോടെ ആര്‍ക്കാണ് സ്വതന്ത്രരുടെ പിന്തുണയെന്നതും വ്യക്തമായി. നേരത്തെ ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കം തടുത്തതില്‍ ഡികെ ശിവകുമാറിനൊപ്പം നിര്‍ണായക സാന്നിധ്യമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ ഹരിയാനയില്‍ അതേ നാണയത്തില്‍ ബിജെപിയ്ക്ക് മറുപടി കൊടുത്തുവെന്നേ പറയാനാകൂ.

ഹരിയാനയിലെ കര്‍ഷക സമരം ഡല്‍ഹിയെ വിറപ്പിക്കുമ്പോള്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ തവണത്തെ പോലെ ഈസി വാക്കോവര്‍ ഒന്നും ബിജെപിയ്ക്ക് സാധിക്കില്ലെന്ന് ഉറപ്പായിരുന്നു. അതിനിടയിലാണ് മേയ് 25ന് പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കുന്ന ഹരിയാനയില്‍ ബിജെപിയ്ക്ക് കിട്ടിയ ഇരുട്ടടി. ഇനി സഖ്യം വിട്ടുപോയ ജെജെപിയുടെ കാലുപിടിച്ചോ മഹാരാഷ്ട്രയിലേത് പോലെ പിളര്‍ത്തി അടര്‍ത്തിയെടുത്ത് തിരഞ്ഞെടുപ്പ് വരെ സര്‍ക്കാര്‍ വീഴാതെ പിടിച്ചു നിര്‍ത്താനാകും ബിജെപി ശ്രമിക്കുക. കാരണം കോണ്‍ഗ്രസിന് താല്‍പര്യമുണ്ടെങ്കില്‍ ബിജെപിയെ വീഴ്ത്താന്‍ തങ്ങള്‍ ഒപ്പം നില്‍ക്കാമെന്ന് ജെജെപി നേതാവ് ദുഷ്യന്ത് ചൗടാല പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വരുംദിനങ്ങളില്‍ ഹരിയാന തിരഞ്ഞെടുപ്പ് ചൂടിനപ്പുറം ബിജെപി സര്‍ക്കാര്‍ വീഴുമോ ഇല്ലയോ എന്ന ചര്‍ച്ചയിലാകും.

ഹരിയാനയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി സഖ്യത്തിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. 9 സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ആംആദ്മി പാര്‍ട്ടിയും മല്‍സരിക്കും. നിലവിലെ സാഹചര്യത്തില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് സാധ്യതതകള്‍ വളരെ വലുതാണ്. 10 വര്‍ഷമായി തുടരുന്ന ബിജെപി ഭരണത്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട്. മേയ് 25ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അസ്ഥിരമാണെന്ന തോന്നലുണ്ടായത് പ്രതിപക്ഷത്തിന് ഗുണം ചെയ്യും. കഴിഞ്ഞ കുറി 10ല്‍ പത്തടിച്ചിട്ടും 10 സ്ഥാനാര്‍ത്ഥികളെ ഇറക്കാന്‍ ബിജെപി തത്രപാടിലായിരുന്നു. കോണ്‍ഗ്രസ് വിട്ടെത്തിയ മൂന്ന് പേര്‍ക്കാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം കിട്ടിയത്. അതിനാല്‍ തന്നെ ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണത്തില്‍ മുന്നില്‍ നിന്ന കോണ്‍ഗ്രസിന് ബൂസ്റ്റായിട്ടുണ്ട് ബിജെപി വിട്ടെത്തിയ സ്വതന്ത്രരും മന്ത്രിസഭയിലുണ്ടായ ആടിയുലയലും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും തങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിലുണ്ടായ ബിജെപി അടിച്ചമര്‍ത്തല്‍ നടപടിയും കോണ്‍ഗ്രസിലേക്ക് കര്‍ഷകരും സാധാരണക്കാരും ചായാന്‍ ഇടയാക്കിയിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ