കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ കേരളം ഒരു പാട് മാറിയെന്ന കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ പ്രസ്താവന വിവാദമായത് സ്വാഭാവികമാണ്. മുമ്പ് പിന്തിരിഞ്ഞ് നിന്നിരുന്ന വ്യാവസായിക-സാങ്കേതിക മേഖലകളിലടക്കം ഇടത് സര്‍ക്കാര്‍ ഒരുപാട് മാറിയിരിക്കുന്നു എന്നാണ് തരൂര്‍ തന്റെ ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖനത്തിലൂടെ ഓര്‍മിപ്പിക്കുന്നത്.
കേരളം മുമ്പേ പല കാര്യങ്ങളിലും ലോകത്തിന് തന്നെ മാതൃകയായിരുന്നു. ഇപ്പോ, ഏതേത് കാര്യങ്ങളിലായിരുന്നോ പിന്നാക്കം നിന്നിരുന്നത് ആ മേഖലയില്‍ കാര്യമായ കുതിച്ച് ചാട്ടം നടത്തിയിരിക്കുന്നുവെന്ന് ഡാറ്റയുടെ പിന്‍ബലത്തിലാണ് അദേഹം പറയുന്നത്. മുമ്പ് നയപരമായ മാറ്റങ്ങളിലാണ് പാര്‍ട്ടി ശ്രദ്ധിച്ചിരുന്നതെങ്കില്‍ മനുഷ്യന് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാനും ബോധ്യപ്പെടാനും പാകത്തില്‍ അടിസ്ഥാന സൗകര്യമേഖലകളിലെ കുതിപ്പിലേക്കാണ് ഇന്ന് ഈ മാറ്റം ദൃശ്യമാകുന്നത്്. ഒരിക്കലും സാധ്യമാകില്ല എന്ന് കരുതിയിരുന്ന നാഷണനല്‍ ഹൈവേകള്‍, സംസ്ഥാന-ജില്ലാ- റോഡുകള്‍, നഗരങ്ങളുടെ ശ്വാസം മുട്ടല്‍ പരിഹരിച്ച ഫ്‌ളൈ ഓവറുകള്‍, പാലങ്ങള്‍, തുറമുഖം, ഇതെല്ലാം കൂടിയുള്ള സമഗ്ര വികസനം എന്ന നിലയിലേക്ക് ആര്‍ക്കും ബോധ്യപ്പെടാവുന്ന തരത്തിലാണ് ആ മാറ്റം. ആധുനികമായ സ്‌കൂള്‍ കെട്ടിടങ്ങള്‍, താലൂക്ക്, ജില്ലാ ആശുപത്രികള്‍, വൃത്തിയുള്ള പൊതു ശുചിമുറികള്‍ ഇതെല്ലാം ഇക്കാലയളവില്‍ വന്ന മാറ്റങ്ങളാണ്.
മാലിന്യം കുന്നുകൂടി കിടിന്നിരുന്ന, മൂക്ക് പൊത്തി മാത്രം പോകാമായിരുന്ന നിരത്തുകളില്‍ പാറി കിടക്കുന്ന പ്ലാസ്റ്റിക്ക് സഞ്ചികള്‍ ഇപ്പോള്‍ കാണാനില്ല എന്ന് പറയാം. മാലിന്യക്കൂമ്പാരങ്ങള്‍ ഒട്ടൊക്കെ അപ്രത്യക്ഷമായി. എന്തിനും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് നോക്കി മൂക്കത്ത് വിരല്‍ വച്ചിരുന്ന മലയാളിക്ക് ഇത്തരം അടിസ്ഥാന മാറ്റങ്ങള്‍ തിരിച്ചറിയാനാകുന്നുണ്ട്.
മുതലാളിമാരെ ബഹുമാനിക്കടോ…
ഈ തിരിച്ചറിവില്‍ നിന്നാണ് ഇന്ന് ആഗോള പൗരന്‍ എന്ന് വിളിക്കാവുന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയ നേതാവ് ഇത്തരം ഒരഭിപ്രായം പറഞ്ഞത്. ‘മുതലാളിമാരെ ബഹുമാനിക്കാന്‍ പഠിക്കാത്ത’ കമ്മ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന ഏക ഇന്ത്യന്‍ സംസ്ഥാനത്തില്‍ മുതലാളിമാര്‍ ഒന്നടങ്കം പറയുന്നു കേരളത്തെ പോലെ നിക്ഷേപിക്കാന്‍ പറ്റിയ മണ്ണില്ലെന്ന്. സ്റ്റാര്‍ട്ട് അപ്പുകളുടെ കാര്യത്തിലൊക്കെ അമേരിക്കയെക്കാളും എത്രയോ മുന്നിലെത്തിയിരിക്കുന്നു കേരളം!
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമ്പോള്‍ മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ചാണ് കോണ്‍ഗ്രസില്‍ ചര്‍ച്ച. തരൂര്‍ നല്ല രാഷ്ട്രീയകാരനല്ല. മുഖ്യമന്ത്രികസേരയില്‍ നോട്ടമിട്ടിരിക്കുന്ന സുധാകര-ചെന്നിത്തല-സതീശന്‍- വേണു പോരില്‍ ആരും അത്ര കണ്ട് നിഗളിക്കേണ്ടതില്ലെന്നും ഇക്കണക്കിന് പോയാല്‍ പണി പാളും എന്നുമുള്ള മുന്നറിയിപ്പ് നല്‍കിയാതാകാം തരൂര്‍ എന്നുള്ള രാഷ്ട്രീയ വിശകലനത്തിന് അതുകൊണ്ട് പ്രസക്തിയില്ല. തരൂരിന്റെ സ്വഭാവം വച്ച് കണ്ടത് പറഞ്ഞതാവാനേ വഴിയുള്ളൂ. കേരളത്തിന്റെ ഭാവി ഗൗരവതരമായി കാണുന്നുവെങ്കില്‍ രാഷ്ട്രീയത്തിനതീതമായ ചിന്തിക്കണമെന്ന നിലപാടാണ് തരൂരിന്.
മനോരമയുടെ പരിലാളന
മനോരമ ലീഡ് ചെയ്യുന്ന പത്രമാധ്യമ പരിലാളനയുടെ മടിത്തട്ടിലാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ കോണ്‍്ഗ്രസ് നേതൃത്വം. സത്യത്തില്‍ അവരെ വളര്‍ത്തി വഷളാക്കിയത്് മനോരമയും മറ്റ്് സമാന മാധ്യമങ്ങളുമാണ്. ലക്ഷ്യം ഇടുത് വിരുദ്ധതയാണെങ്കിലും ആ ലക്ഷ്യത്തിലേക്ക് ആ പാര്‍ട്ടിയെ എത്തിക്കണമെങ്കില്‍ ക്വാളിറ്റിയുള്ള നേതാക്കള്‍ ഉയര്‍ന്ന് വരേണ്ടതുണ്ട്. ഒപ്പം ക്രെഡിബിലിറ്റിയും വേണം. ഇത് രണ്ടും ആവശ്യമില്ലെന്നും എന്തിനെയും എതിര്‍ത്തോളൂ ബാക്കി ഞങ്ങള്‍ ഏറ്റു എന്നുമാണ് മനോരമ ദിവസവും പത്രവാര്‍ത്തകളിലൂടെ കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തെയും മാത്യു കുഴല്‍ നാടനെയുമെല്ലാം ചൊവ്വെ നേരെ ‘നര്‍ച്ചര്‍’ ചെയ്‌തെടുക്കാതെ, എന്തും ചെയ്‌തോ ഞങ്ങളുണ്ട് കൂടെ എന്ന നിലയില്‍ കയറൂരി വിടുമ്പോള്‍ ഇത്തരം മാധ്യമങ്ങള്‍ പുതുതലമുറ നേതാക്കള്‍ക്ക് സ്വയം കറക്ഷനുള്ള അവസരമാണ് നിഷേധിക്കുന്നത്. കാലക്രമേണ ക്രെഡിബിലിറ്റി ലോസിന്റെ ഇരകളായി മാറുന്നു ഇവരും. തട്ടിപ്പ് രാഷ്ട്രീയം കളിച്ച് പെട്ടന്ന് ശ്രദ്ധിക്കപ്പെട്ട് തന്‍കാര്യം നേടാമെന്ന് കരുതുന്ന ആളുകള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരാനും ഇത് ഇടയാക്കുന്നു.
ഇതോടൊപ്പം തന്നെ ചേര്‍ത്ത് നിര്‍ത്തേണ്ട മറ്റൊരു കാര്യമുണ്ട.് അത്യാവശ്യം ബോധവും തിരിച്ചറിവുമുള്ള, സത്യസന്ധമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണം എന്നാഗ്രഹിക്കുന്ന പുതുനിര യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നു തന്നെയും അകന്ന് മാറുകയും ചെയ്യുന്നു. കാരണം അവര്‍ ചിന്തിക്കുന്ന രീതിയിലല്ല നിലവിലെ രാഷ്ട്രീയ പ്രവര്‍ത്തനം എന്നും പത്രമാധ്യമ ശ്രദ്ധ ഇത്തരം ഉഡായിപ്പ് രാഷ്ട്രീയത്തിനാണെന്നും അവര്‍ തിരിച്ചറിയുന്നു. അതായത് കുളിപ്പിച്ച് കുളിപ്പിച്ച് പിള്ളയെ ഇല്ലാതാക്കുന്ന ഏര്‍പ്പാട്.
അതേ സമയം, ഇടത് പാര്‍ട്ടികളുമായി ബന്ധപ്പെട്ട അഴിമതിയോ, അപവാദമോ, കൃത്യവിലോപമോ, ക്രമക്കേടോ ഇതിനെല്ലാം അമിത പ്രാധാന്യവും ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയും നടത്തുന്നു.(അത് കൊടുക്കാതിരിക്കണമെന്നോ അമിത പ്രാധാന്യം വേണ്ടെന്നു പോലുമോ അല്ല പറഞ്ഞതിനര്‍ഥം. അവിടെ ശുദ്ധീകരണം നടക്കേണ്ടതുമുണ്ട്). ഇതും അപ്പുറത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മരതി നല്‍കുന്നു. ഇതിന്റെ ഫലമായി ഉത്തരവാദിത്വ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ബന്ധമില്ല എന്ന അയഞ്ഞ നിലപാടിലേക്ക് യുവാക്കള്‍, നേതൃത്വം എത്തി ചേരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫെയ്‌സ് ബുക്ക് , വാട്ട്‌സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ അല്‍ഗോരിതങ്ങള്‍ ഇടത് കേരളാ- കമ്മ്യൂണിസ്റ്റ്- ഇടത്- പിണറായി വിരുദ്ധ വാര്‍ത്തകള്‍ക്ക് വലിയ പ്രചാരം ലഭിക്കുന്ന രീതിയില്‍ സെറ്റ് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ റീച്ച് കിട്ടാന്‍ ഇത്തരം വാര്‍ത്തകളാണ് പത്ര-ദൃശ്യ- ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും യൂ ടുബര്‍മാര്‍ക്കും പഥ്യം. അവര്‍ ട്രെനന്റിംഗാക്കുക അത്തരം കണ്ടന്റുകളാകും. അതാവുമ്പോള്‍ തെറ്റിയാലും, ഡാറ്റ കറക്ടല്ലെങ്കിലും, വിദ്വേഷകരമാണെങ്കിലും രാജ്യമെമ്പാടും പ്രചരിക്കപ്പെടും. കാരണം ബിജെപി, ആര്‍ എസ് എസ് പൊഫൈലുകള്‍ക്കും ഇത്തരം കണ്ടന്റുകളാണ് താത്പര്യം
കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുന്ന മാധ്യമങ്ങള്‍
ഇക്കാര്യത്തെ കുറിച്ച് കഴിഞ്ഞ ദിവസം മനോരമയിലെ പ്രമുഖനായ ഒരു എഡിറ്റോറിയല്‍ സുഹൃത്തുമായി സംസാരിച്ചപ്പോള്‍ അങ്ങനെ ഒന്നില്ലെന്നും എല്ലാം ബാലന്‍സ്ഡ് ആയിട്ടാണ് നല്‍കുന്നതെന്നുമാണ് അവന്‍ പറഞ്ഞത്. അത് ആത്മാര്‍ഥമായി പറഞ്ഞതുമാണ്. അതുകൊണ്ട് തന്നെ തിരുത്തപ്പെടാന്‍ സാധ്യതയില്ലാത്ത നിലപാടാണ് അതെന്ന് വ്യക്തം. (ഒരു നാള്‍ അറിയാതെ തന്നെ ആസക്തിയിലേക്ക് വഴുതി വീഴുന്ന, വല്ലപ്പോഴും മാത്രം മദ്യപിച്ചിരുന്ന ഒരു സോഷ്യല്‍ ഡ്രിങ്കറുടെ പിന്നീടുള്ള ഒരോ പ്രഭാതങ്ങളും അവന്റെ ഹാല്യുസിനേഷനെ ന്യായീകരിക്കുന്നതായിരിക്കും. അയാളും ആത്മാര്‍ഥതയോടെ മദ്യത്തിന്റെ ഗുണത്തേ കുറിച്ച് പറയും, ലിവര്‍ അടിച്ച് പോകുന്നതു വരെ മാത്രം).
മേലനങ്ങാതെ നടത്തുന്ന രാഷ്ട്രീയ ഉമ്മാക്കികള്‍ക്ക് അമിതപ്രാധാന്യം നല്‍കിയും, വീണ്ടുവിചാരമില്ലാത്ത മൂന്നാം കിട പ്രസ്താവനകള്‍ക്ക് വെണ്ടക്ക നിരത്തിയും അവരെ തൊട്ടിലാട്ടി വഷളാക്കി കളയുകയാണ് സത്യത്തില്‍ ഈ മാധ്യമങ്ങള്‍ ചെയ്യുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് നടത്തി വിജയിപ്പിച്ച് ഏതെങ്കില്‍ ഒരു സമരം ഓര്‍മയില്‍ വരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് പക്വതയുള്ള ഏത് പ്രസ്താവനയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വന്നിട്ടുള്ളത്? ഡസന്‍ കണക്കിന് ഉദാഹരണങ്ങളുണ്ടെങ്കിലും ഒറ്റ കാര്യം മാത്രം ഇവിടെ സൂചിപ്പിക്കാം.
വാളയാറിലെ അമ്മ
വാളയാര്‍ പെണ്‍കുട്ടികളുടെ വിഷയം. അമ്മയാണ് ഒന്നാം പ്രതി എന്ന കോമണ്‍സെന്‍സുള്ള ആര്‍ക്കും ബോധ്യപ്പെടാവുന്ന ഒരു കേസില്‍, എന്തുകൊണ്ട് പതിറ്റാണ്ടുകളായി ജനങ്ങളുടെ ഇടയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ചെന്നിത്തലയ്ക്കും സുധാകരനും രമേശിനുമൊന്നും ഇക്കാര്യം മനസിലായില്ല. തലയില്‍ ആള്‍താമസുള്ള ഏതൊരു റിപ്പോര്‍ട്ടര്‍ക്കും പ്രഥമദൃഷ്ട്യാ മനസിലാകുന്ന കാര്യം എന്തുകൊണ്ട് മനോരമ, മാതൃഭൂമി പോലുള്ള പത്രങ്ങള്‍ നിരന്തരം അച്ച് നിരത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ, രാഹുല്‍ ഗാന്ധിയെ വരെ വഴി തെറ്റിച്ചു.
എന്നിട്ട് തെറ്റ് തിരിച്ചറിഞ്ഞപ്പോള്‍ ഈ പത്രങ്ങള്‍ എന്തു ചെയ്തു? ക്രെഡിബിലിറ്റിയുളള ഏതെങ്കിലും നേതാക്കള്‍ ആ പാര്‍ട്ടിയിലുണ്ടെങ്കില്‍ പത്രസമ്മേളനം വിളിച്ച് തെറ്റ് പറ്റിയെന്ന് പറയേണ്ടതല്ലേ?. അത് മാത്രമല്ല, പ്രതിയായ സ്ത്രീയെ, അതും കുട്ടികളുടെ അമ്മയെ കെട്ടുകാഴ്ചയായി കൊണ്ട് നടന്ന് സമൂഹത്തിന,് വളര്‍ന്നു വരുന്ന തലമുറയ്ക്ക് എന്ത് മെസേജ് ആണ് ഇവര്‍ നല്‍കിയത്? യുവമനസുകളില്‍ ഉണ്ടാക്കിയ ആശയക്കുഴപ്പത്തിന് മനോരമയടക്കമുള്ള പത്രങ്ങള്‍ ജനങ്ങളോട് മാപ്പ് പറയേണ്ടതല്ലേ? ഉത്തരവാദിത്വ രാഷ്ട്രീയ പ്രവര്‍ത്തനം പോലെ തന്നെയാണ് ഉത്തരവാദിത്വ മാധ്യമ പ്രവര്‍ത്തനവും. ഇതില്ലെങ്കില്‍ വളര്‍ന്ന് വരുന്ന തലമുറയ്ക്ക് ധര്‍മ ബോധം, നീതി ബോധം എന്നിവയില്‍ ആശയക്കുഴപ്പം ഉണ്ടാകും. അത് ഒരു സമൂഹത്തെ അപ്പാടെയാകും ബാധിക്കുക.
എന്തിനും ഏതിനും അഴിമിതി ആരോപണവുമായി രംഗത്തു വരുമ്പോള്‍ കഴമ്പുള്ളത് മാത്രം പറയുകയും അല്ലാത്ത വികസന കാര്യത്തില്‍ കൂടെ നില്‍ക്കുകയുമാണ് തിരിച്ചറിവുള്ള പാര്‍ട്ടിയും നേതൃത്വവും ചെയ്യേണ്ടത്. ചെന്നിത്തലയോ, രമേശോ, മുരളിയോ, സുധാകരനോ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുമ്പോഴുള്ള അവസ്ഥയിലല്ല ഇന്നത്തെ യുവ തലമുറ. അവര്‍ നിരന്തരം ലോകവുമായി സംവദിച്ചുകൊണ്ടിരിക്കുന്നവരാണ്. തോന്ന്യാസത്തിന് അച്ച് നിരത്താനും ചര്‍ച്ചിക്കാനും മാധ്യമങ്ങള്‍ കൂടെയുണ്ടെന്ന് കരുതി യുവതയെ കാണാതെ പോകരുത്.
ആക്രമണം അവസരമാക്കിയവരുടെ നേട്ടം
വിരോധം നിറച്ച് മാധ്യമങ്ങള്‍ മത്സരിക്കുമ്പോള്‍ അതില്‍ പതറിപോകുന്നില്ല എന്നതാണ് ഇടതു പക്ഷത്തിന്റെ മെറിറ്റ്. അവര്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച് നഗ്നനേത്രങ്ങള്‍ക്ക് കാണാനാകും വിധം ജനങ്ങളുടെ വികസന ആവശ്യവുമായി മത്സരിക്കുന്നു. കാറിലും കോളിലും ഒരുമിച്ച് തുഴഞ്ഞ് അവര്‍ വികസന വിരോധികളെന്ന കമ്മ്യൂണിസ്റ്റ് പേരുദോഷത്തെ മുന്‍കാല പ്രാബല്യത്തോടെ ഇല്ലാതാക്കുന്നു. നിനച്ചിരിക്കുന്ന നേരത്ത് ഹൈവേ വരുന്നു. എല്‍എന്‍ജി വരുന്നു. തുറമുഖം വരുന്നു. പാലങ്ങളും റോഡുകളും വരുന്നു. വിമാനത്താവളം വരുന്നു. മനുഷ്യര്‍ക്ക് ബോധ്യപ്പെടും വിധം കേരളത്തെ മാറ്റി മറിച്ച് മാധ്യമങ്ങളുടെ കള്ളകഥകള്‍ പൊളിച്ചടക്കുന്നു. ഇടത് പക്ഷത്തെ കുറിച്ച് മാധ്യമങ്ങള്‍ നല്ലത് പറഞ്ഞാല്‍ മാത്രം വാര്‍ത്തയാകുന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നു. ഇക്കാലമത്രയും മാധ്യമങ്ങളുടെ പരിലാളനയില്‍ മയങ്ങി കിടന്ന കോണ്‍ഗ്രസ് ഉറക്കം വിട്ട് എഴുന്നേറ്റപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോകുന്നു.
നിങ്ങള്‍ക്ക് രാഷ്ട്രീയമാകാം. പക്ഷെ, യുവാക്കളിലേക്ക് വലിയ കാറുകളോടിക്കാന്‍ വീതിയുള്ള റോഡു വേണം. നിങ്ങള്‍ക്ക് തമ്മിലടിക്കാം. പക്ഷെ, അവരുടെ ഇന്റര്‍നെറ്റ് കറങ്ങി നില്‍ക്കാന്‍ പാടില്ല.
ഹരിത കര്‍മസേനയ്ക്ക് 50 രൂപ നല്‍കില്ലാ എന്ന് പറയുമ്പോള്‍, വൃത്തിയുള്ള നിരത്താണ് അവരുടെ ലോക കാഴ്ചകള്‍ എന്ന കാര്യം നിങ്ങള്‍ മറക്കരുത്. (ലോകത്ത് മുഴുവന്‍ വീട്ടുകാരുടെ പണം പിരിച്ചാണ് അവരുടെ വേസ്റ്റ് ഡിസ്‌പോസല്‍ നടത്തുന്നത്. അമേരിക്കയിലും അതു തന്നെ). റോഡ് വേണ്ട എന്ന് പറയുമ്പോള്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി കിടക്കാനുള്ള ക്ഷമയുള്ള പിള്ളേരൊന്നും ഇന്നില്ല എന്നും മനസിലാക്കണം… അല്ലെങ്കില്‍ നിങ്ങളുടെ വീട്ടിലെ കുട്ടികളോടൊപ്പം പത്ത് ദിവസം ഒന്നിച്ച് ചെലവഴിക്കുക. നിങ്ങള്‍ പഠിക്കാത്ത പാടം അവര്‍ പഠിപ്പിച്ച് തരും.
കോണ്‍ഗ്രസ് നിലനില്‍ക്കണം
കേരളത്തിന് അര്‍ഹമായത് ഒന്നും നല്‍കാതെ ഒരു കേന്ദ്ര സര്‍ക്കാര്‍ ഞെക്കി പിഴിയുമ്പോള്‍, ഫെഡറല്‍ സംവിധാനങ്ങളെ അപ്പാടെ കാറ്റില്‍ പറത്തി കേരളത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍, നിങ്ങള്‍ പ്രതികരിക്കണം. കാരണം മലയാളികള്‍, കേരളീയരാണ് അതിന് ഇരകളാകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍ അതും കൂടിയാണ്.
പ്രളയം വന്നപ്പോള്‍ പരസ്യമായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ സഹായം നിഷേധിച്ച് പോസ്റ്റിടുമ്പോള്‍, വയനാട് ദുരന്തത്തില്‍ സഹായം ചെയ്യില്ല എന്നു പ്രഖ്യാപിക്കുമ്പോള്‍, ഒരു സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് മുച്ചൂടും വിലങ്ങിടുന്ന പ്രതിരകണങ്ങള്‍ നടത്തുമ്പോള്‍ കമ്മ്യൂണിസ്റ്റ് വിരോധം തലക്ക് പിടിച്ച പത്രമാധ്യങ്ങള്‍ അതിന് അമിത പ്രാധാനം കൊടുക്കുമ്പോള്‍ നിങ്ങള്‍ തിരുത്തണം. നിങ്ങള്‍ ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് കൈത്താങ്ങാകണം. അതാണ് രാഷ്ട്രീയ പ്രവര്‍ത്തനം. കാരണം കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. കേരളത്തിന് നിങ്ങളെ ആവശ്യമാണ്. ഉത്തരവാദിത്വ രാഷ്ട്രീയ പ്രവര്‍ത്തനം ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് അവസാനിപ്പിച്ചതാണ് ഇന്നത്തെ ഇന്ത്യന്‍ ദുരവസ്ഥയ്ക്ക് കാരണം.
(കേരളത്തിലെ സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം ശരിയാണെന്നോ, തിരുത്തപ്പെടേണ്ടതല്ലെന്നോ ഇപ്പറഞ്ഞതിന് അര്‍ഥമില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ഈ നിലയ്ക്ക് കോണ്‍ഗ്രസിന് ബുദ്ധിമുട്ടാണ്. ക്രെഡിബിലിറ്റി ലോസ് ആണ് പ്രധാന പ്രശ്‌നം. അത് പരഹരിച്ച് മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസിനും കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്കും കേരളത്തിനും ഇന്ത്യയ്ക്കും നല്ലത്.-കമ്പ്യൂട്ടര്‍-ട്രാക്ടര്‍ കഥകളുമായി ചങ്ങാതിമാരെ വരരുത്……..