14 കൊല്ലം മുമ്പത്തെ കേസും യുഎപിഎയും അരുന്ധതിയും പതിപക്ഷ ഉണര്‍വും; ഇവിടെ 'ഞങ്ങള്‍' തന്നെ എന്ന് അറിയിക്കാന്‍ വെമ്പുന്ന ബിജെപി!

സെഡിഷന്‍ അഥവാ രാജ്യദ്രോഹ കേസുകളെ സുപ്രീം കോടതി ചവറ്റുകുട്ടയിലേക്ക് തള്ളുന്ന നിലപാട് സ്വീകരിച്ചതോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ എതിരാളികള്‍ക്കെതിരെ എടുത്തുപയോഗിക്കുന്ന ഒരു കിരാത നിയമത്തിന് അറുതി വന്നിരുന്നു. മോദിയ്‌ക്കെതിരെ പറഞ്ഞാല്‍ ബിജെപിയ്‌ക്കെതിരെ പറഞ്ഞാല്‍ സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ രാജ്യദ്രോഹമാകുന്ന കാലത്ത് നിന്ന് 2022 മേയ് 11ന് സുപ്രീം കോടതിയെടുത്ത ചരിത്ര തീരുമാനം രാജ്യത്തെ പുത്തന്‍പ്രതീക്ഷകളിലേക്കാണ് നയിച്ചത്. ഇനിയൊരു കേസും ഐപിസി സെക്ഷന്‍ 124- എ പ്രകാരം ചാര്‍ത്തി നല്‍കേണ്ടെന്നും നിലവിലെ കേസുകള്‍ എല്ലാം വിചാരണ പോലും നിര്‍ത്തിവെയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. മൃഗീയ ഭൂരിപക്ഷത്തില്‍ മേഞ്ഞുനടന്ന ഒരു ഫാസിസ്റ്റ് സര്‍ക്കാരിനെ ജനാധിപത്യം ജൂഡീഷ്യല്‍ പവറില്‍ കുരുക്കിട്ടു നിര്‍ത്തിയ കാഴ്ചയായിരുന്നു അത്. എന്നാല്‍ രാജ്യദ്രോഹം മാറി യുഎപിഎ തല്‍സ്ഥാനത്തേക്ക് എതിരാളികളെ വീഴ്ത്താനുള്ള കരുത്തുള്ള ആയുധമായി കേന്ദ്രം ഭരിക്കുന്നവര്‍ കണ്ടു. ഇന്ന് ആ യുഎപിഎ അരുന്ധതി റോയ് എന്ന രാജ്യത്തെ ഏറ്റവും പ്രഗല്‍ഭയായ വിശ്വപ്രസിദ്ധയായ എഴുത്തുകാരിക്ക് നേര്‍ക്ക് വാളോങ്ങി നില്‍ക്കുമ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയുടെ ജനാധിപത്യം വീണ്ടും ചര്‍ച്ചയാവുകയാണ്.

തല്‍ക്കാലത്തേക്ക് ഒന്ന് ഒതുങ്ങി പോയെങ്കിലും തങ്ങള്‍ തന്നെയാണ് അധികാരത്തിലെന്ന് കാണിക്കാനുള്ള ഫാസിസ്റ്റ് സര്‍ക്കാരിന്റെ വ്യഗ്രതയായേ അരുന്ധതി റോയ്‌ക്കെതിരായ 14 വര്‍ഷം മുമ്പത്തെ കേസിന്റെ ഉണര്‍ന്നെഴുന്നേല്‍ക്കലിനെ കാണാനാകൂ. രാജ്യദ്രോഹം സുപ്രീം കോടതി തന്നെ തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഇപ്പോള്‍ ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപാധി യുഎപിഎ കേസുകളാണ്. സാധാരണ ക്രിമിനല്‍ നിയമങ്ങളേക്കാള്‍ ഒരാളെ അടിച്ചമര്‍ത്താനും വിചാരണ ഇല്ലാ തടവുകാരനാക്കാനും ജാമ്യം പോലും നിഷേധിക്കാനും ഭരണകൂടത്തിന് കൂടുതല്‍ അധികാരം നല്‍കുന്നത് കൂടിയായത് കൊണ്ടാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യുഎപിഎ കേസുകളോട് ഇത്രയും മമത. രാജ്യ ദ്രോഹം വിലപ്പോവില്ലെന്ന് കണ്ടാണ് അരുന്ധതി റോയിക്കെതിരെ ഇപ്പോള്‍ യുഎപിഎ പ്രകാരം 14 കൊല്ലം മുമ്പത്തെ കേസില്‍ ബിജെപി സര്‍ക്കാര്‍ പ്രോസിക്യൂഷനൊരുങ്ങുന്നത്. 2010ല്‍ അരുന്ധതി റോയ്ക്കെതിരെ ഫയല്‍ ചെയ്ത എഫ്ഐആറില്‍ രാജ്യദ്രോഹകുറ്റം ചുമത്തുന്ന ഐപിസി സെക്ഷന്‍ 124 ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 2022ല്‍ ഈ വകുപ്പ് പുനപരിശോധിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് നിലവില്‍ വന്നതോടെ കോടതികള്‍ ഈ കേസ് പരിഗണിക്കില്ലെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് പഴയ കേസില്‍ പുത്തന്‍ സാധ്യതയായ യുഎപിഎ പോലൊരു വകുപ്പ് ഉള്‍പ്പെടുത്തിയാല്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്ന് ഫാസിസ്റ്റ് സര്‍ക്കാരിന് തോന്നിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അരുന്ധതിയ്ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ, 153 ബി, 505 വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനുമതി നല്‍കിയെങ്കിലും അന്ന് യുഎപിഎ ഉള്‍പ്പെടുത്തിയിരുന്നില്ല. പരമാവധി മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ചുമത്തിയിരുന്നത്. പക്ഷേ അനാവശ്യ കാലതാമസത്തിനോ നിശ്ചിത കാലയളവ് അവസാനിച്ചതിന് ശേഷമോ ആണ് കേസില്‍ കുറ്റകൃത്യങ്ങള്‍ ചുമത്തുന്നതെങ്കില്‍ അവ പരിഗണിക്കാന്‍ കോടതിയ്ക്ക് കഴിയില്ലെന്ന് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 468ല്‍ ഉള്ളതിനാല്‍ ഈ വകുപ്പ് 10-13 കൊല്ലം മുമ്പത്തെ കേസില്‍ വിലപ്പോവില്ലെന്ന് ഭരണകൂടത്തിന് മനസിലായി. കുറ്റം ചുമത്തിയെങ്കിലും നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെ കോടതി കേസ് പരിഗണിക്കുന്നതിനായി യുഎപിഎ വകുപ്പ് ചുമത്തുക എന്ന സാധ്യത ഭരണകൂടം കൃത്യമായി ഉപയോഗപ്പെടുത്തി എന്നതാണ് നിലവിലെ ഡല്‍ഹി ലഫ്റ്റനെന്റ് ഗവര്‍ണറുടെ ഉത്തരവിലൂടെ വ്യക്തമാകുന്നത്.

2010ല്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് അരുന്ധതി റോയിയെയും കശ്മീര്‍ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഡല്‍ഹി ലഫ്നന്റ് ഗവര്‍ണര്‍ വി കെ സെ്കസേന അനുമതി നല്‍കിയിരിക്കുന്നത്. 2010 ഒക്ടോബര്‍ 21ന് രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന സംഘടന, ആസാദി ദ ഓണ്‍ലി വേ എന്ന പേരില്‍ നടത്തിയ കോണ്‍ഫറന്‍സിലെ പരാമര്‍ശത്തിലാണ് അരുന്ധതി റോയ്ക്കും ഒപ്പം പരുപാടിയില്‍ പങ്കെടുത്ത ഷൗക്കത്ത് ഹുസൈനും എതിരെ പരാതിയുയര്‍ന്നത്. തുഫൈല്‍ അഹമ്മദ് മട്ടൂ എന്ന 17 വയസ്സുകാരന്‍ കണ്ണീര്‍വാതക ആക്രമണത്തില്‍ മരിച്ചതിനെ തുടര്‍ന്ന് കശ്മീര്‍ അശാന്തമായ പശ്ചാത്തലത്തിലായിരുന്നു ഈ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ന്യൂഡല്‍ഹിയിലെ കോപ്പര്‍നിക്കസ് മാര്‍ഗിലുള്ള എല്‍.ടി.ജി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സയ്യിദ് അലി ഷാ ഗീലാനി, അരുന്ധതി റോയ്, ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്‍, വരവര റാവു തുടങ്ങിയവരായിരുന്നു പ്രഭാഷകരായി പങ്കെടുത്തത്. പിന്നാലെ ഒക്ടോബര്‍ 28-ന് സാമൂഹിക പ്രവര്‍ത്തകനായ സുശീല്‍ പണ്ഡിറ്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നവംബര്‍ 27ന് തിലക് മാര്‍ഗ് പോലീസ് സ്റ്റേഷനിലാണ് സംഭവുമായി ബന്ധപ്പെട്ട് ആദ്യ കേസെടുക്കുന്നത്. അരുന്ധതി റോയ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രസംഗങ്ങള്‍ ‘പൊതു സമാധാനവും സുരക്ഷയും അപകടത്തിലാക്കി’ എന്നായിരുന്നു പരാതി. കശ്മീരിനെ ഇന്ത്യയില്‍നിന്ന് വേര്‍പെടുത്തുന്നതിനെ കുറിച്ച് അവര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചുവെന്ന ആരോപണവും ഉയര്‍ന്നു.

മോദി ഗോഥി മീഡിയയ്ക്കപ്പുറം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ തുറന്നുകാട്ടുന്നവരെയെല്ലാം ഒതുക്കാനുള്ള ഭരണകൂട ശ്രമങ്ങളെ കൃത്യമായി എതിര്‍ത്തവരില്‍ ഒരാളാണ് അരുന്ധതി റോയ്. 2023 ഒക്ടോബറില്‍ ബിജെപി വിരുദ്ധ വാര്‍ത്തകള്‍ മടിയില്ലാതെ ചെയ്യുന്ന ന്യൂസ്‌ക്ലിക്ക് വെബ്‌സൈറ്റ് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്ഥയെ ഇതേ യുഎപിഎ നിയമപ്രകാരം ബിജെപി സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുകയും ഇതിനെതിരായി രാജ്യത്ത് വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. രാജ്യത്തെ പത്രസ്വാതന്ത്രത്തിനെതിരെ നടക്കുന്ന കടന്നുകയറ്റത്തിനെതിരെ ന്യൂഡല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ പ്രതിഷേധ യോഗത്തില്‍ അരുന്ധതി റോയ് പങ്കെടുത്തതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായ ഡല്‍ഹി ലഫ്റ്റനന്റെ ഗവര്‍ണര്‍ അതേ യുഎപിഎ അനുസരിച്ച് അരുന്ധതിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കിയതെന്നതും ചേര്‍ത്ത് വായിക്കണം.

14 വര്‍ഷം മുന്‍പുള്ള കേസ് അരുന്ധതി റോയ്ക്കെതിരെ ഉയര്‍ന്നുവന്നതോടെ പ്രതിപക്ഷം ശക്തമായ ഭാഷയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. ഫാസിസ്റ്റല്ലാത്ത എല്ലാവരും ഇതിന്റെ യുക്തിയെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നാണ് സിപിഎം പ്രതികരിച്ചത്. അഭിഭാഷകരെപ്പോലെ കോടതികളും അവധിയിലായതിനാല്‍ കേസിന്റെ ഈ സമയം സംശയാസ്പദമാണ്. ലജ്ജാകരവും അപലപനീയവുമാണ് ഈ നീക്കമെന്ന് സിപിഎം വ്യക്തമാക്കി. കോണ്‍ഗ്രസും ശക്തമായ ഭാഷയില്‍ രംഗത്തുവന്നു.

ബുദ്ധിജീവികള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍, കവികള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരില്‍ നിന്നുള്ള വിയോജിപ്പുകളെ തകര്‍ത്താണ് ഫാസിസം വളരുന്നത്. തങ്ങളുടെ പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനും വിമര്‍ശകരുടെ ശ്രദ്ധ തിരിക്കാനും അടിച്ചമര്‍ത്താനും ബിജെപി ദിനംപ്രതി പ്രത്യേക വിഷയങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും നേരെയുള്ള ഈ ആക്രമണം അംഗീകരിക്കാനാവില്ല.

കോണ്‍ഗ്രസ് നേതാവ് ഹരിപ്രസാദ് ബികെയാണ് ഈ വാക്കുകള്‍ പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മോയ്ത്രയുടെ വാക്കുകളാണ് ഇതില്‍ ഏറ്റവും പ്രസക്തമായത്.

യുഎപിഎ പ്രകാരം അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിലൂടെ ബിജെപി തങ്ങള്‍ തിരിച്ചെത്തിയെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെയവര്‍ ശ്രമിച്ചാല്‍, അത് തിരിച്ചെത്തിയെന്നാവില്ല. അവര്‍ ഒരിക്കലും പഴയതുപോലെ ആവില്ല, ഇനി അത്തരമൊരു തിരിച്ചുവരവുണ്ടാവുകയുമില്ല. ഇത്തരത്തിലുള്ള ഫാസിസത്തിനെതിരെയാണ് ഇന്ത്യക്കാര്‍ വോട്ട് ചെയ്തതെന്ന് ബിജെപി മറക്കരുത്.

ബിജെപി പഴയ മൃഗീയ ഭൂരിപക്ഷ സര്‍ക്കാരല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മഹുവ മോയ്ത്ര. അതുപോലെ തന്നെയാണ് ശക്തമായ താക്കീതോടെ ഉയരുന്ന പ്രതിപക്ഷ സ്വരവും. തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ സഖ്യവും മോദിയുടെ ഗ്യാരന്റിയ്ക്കപ്പുറം എന്‍ഡിഎ സര്‍ക്കാരായി മാറിയ ഭരണപക്ഷവും തമ്മിലുള്ള ആദ്യ കൊമ്പുകോര്‍ക്കലാവുകയാണ് അരുന്ധതി റോയിയും യുഎപിഎ വിഷയവും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം