ഇസ്രായേല്‍ - പലസ്തീന്‍: ഏഴര പതിറ്റാണ്ടായി നടന്നതും നടക്കുന്നതും

‘അവരാണിത് തുടങ്ങിവച്ചത്, ഞങ്ങളിത് അവസാനിപ്പിക്കും’ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോകത്തിന് മുന്നില്‍ പറഞ്ഞുവെയ്ക്കുന്നത് ഹമാസുമായുള്ള പോരാട്ടത്തെ കുറിച്ചാണ്. ഹമാസ് തുടങ്ങിവെച്ച ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ലഡിലും ഇസ്രായേലിന്റെ തിരിച്ചടിയായ ഓപ്പറേഷന്‍ സ്വോര്‍ഡ്‌സ് ഓഫ് അയണിലും ഇതിനുള്ളില്‍ 1500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടു കഴിഞ്ഞു. ഇരു ഭാഗത്തും നിരവധിപ്പേര്‍ ബന്ദികളാക്കപ്പെട്ടു, പരുക്കേറ്റ് വീണു. ഏത് യുദ്ധത്തിലും ശാരീരികമായും- ലൈംഗികമായും അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന വലിയൊരു വിഭാഗം സ്ത്രീകളും കുട്ടികളുമാണെന്നത് ഇവിടേയും മാറ്റമില്ലാതെ തുടരുന്നുവെന്നത് ഇസ്രായേല്‍- ഹമാസ് യുദ്ധമുഖത്ത് നിന്നും പുറത്തുവരുന്ന വീഡിയോകള്‍ വെളിവാക്കുന്നുണ്ട്. ഏഴര പതിറ്റാണ്ടിലധികം നീണ്ടു നിന്ന ഒരു പോരാട്ടമാണ് ഇസ്രായേലും- പാലസ്തീനും തമ്മില്‍, അത് ഒരു അധിനിവേശ- വിഭജന- പൈതൃക ഭൂമി വാദ ചരിത്രത്തിന്റെ മുറുവുണങ്ങാത്ത ബാക്കിപത്രമാണ്. ആ അവകാശ വാദങ്ങള്‍ക്കിടയില്‍ 30 വര്‍ഷം മുമ്പ് ഉദയം ചെയ്ത ഹമാസിന്റെ പ്രത്യാക്രമണങ്ങളില്‍, പാശ്ചാത്യ ലോകം കാണുന്ന ഭീകരവാദത്തിന്റെ മുഖം കൂടി വന്നതോടെ ഗാസാ മുനമ്പ് പശ്ചിമേഷ്യയുടെ തീരാകണ്ണീരാവുകയാണ്. ഞെരിഞ്ഞമരുന്ന പലസ്തീന്‍ ജനതയും രാഷ്ട്രീയ ലക്ഷ്യത്തോടെ അവരുടെയെല്ലാം അവകാശികളെന്ന് അവരോധിക്കുന്ന ഹമാസും അധിനിവേശ ചരിത്രത്തില്‍ മറ്റൊരേടാകുന്ന ഇസ്രായേലും മെഡിറ്ററേനിയന്‍ കടലിന്റെ കിഴക്കന്‍ പ്രദേശത്തെ ചോരക്കടലാക്കുകയാണ്. ഇസ്രായേല്‍ – പാലസ്തീന്‍ വിഷയത്തില്‍ ലോകമെല്ലാം ഉറ്റുനോക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം മാത്രമല്ല മതവുമുണ്ട്, അല്ലെങ്കില്‍ ഇതിന്റെയെല്ലാം അടിസ്ഥാന സത്ത പൊളിറ്റിക്കല്‍ ഇസ്ലാമും സയണിസവുമാണ്.

അറബ് വംശജരായ ഇസ്ലാം വിശ്വാസികളായ പലസ്തീന്‍ ജനതയും ജൂതരായ ഇസ്രായേലുകാരും തമ്മിലുണ്ടായ അധിനിവേശ വിഭജന ചരിത്രത്തിന് ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയോളം പഴക്കമുണ്ട്. 19ാം നൂറ്റാണ്ടില്‍ തന്നെ ഒട്ടോമന്‍ നിയന്ത്രിത പലസ്തീന്‍ മേഖലയില്‍ ജൂതന്മാര്‍ക്കായി ഒരു പൈതൃക ദേശമെന്ന ആവശ്യവുമായി സയണിസ്റ്റുകള്‍ മുന്നോട്ട് വന്നിരുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ ഒട്ടോമന്‍ അഥവ ടര്‍ക്കിഷ് അല്ലെങ്കില്‍ തുര്‍ക്കികളുടെ സാമ്രാജ്യം തകര്‍ന്നതോടെ പശ്ചിമേഷ്യയെ ബ്രിട്ടണിന്റെ കൊളോണിയലിസം പിടികൂടി. അന്ന് ജൂതന്മാര്‍ പലസ്തീനില്‍ ന്യൂനപക്ഷവും അറബ് വംശജര്‍ ഭൂരിപക്ഷവുമായിരുന്നു. ജൂതന്മാര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രമെന്ന ആവശ്യം അവര്‍ മുന്നോട്ട് വെച്ചപ്പോള്‍ ഒന്നാം ലോകമഹായുദ്ധത്തിലടക്കം തങ്ങളെ സഹായിച്ച ജൂതന്മാരുടെ ആവശ്യം ബ്രിട്ടണ്‍ അംഗീകരിച്ചു.

പിന്നാലെ 1917ലെ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ബാല്‍ഫര്‍ പ്രഖ്യാപനമാണ് ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിക്കാന്‍ കാരണമായതിന്റെ പ്രധാനഘടം. ഇനി ഇതിലേക്ക് ഹിറ്റ്‌ലര്‍ കാലഘട്ടത്തിന്റേയും നാസികളുടെ ജൂത വംശഹത്യയുടേയും ഭീകരമായ മുഖവും ഇസ്രായേല്‍ എന്ന പൈതൃക ഭൂമി വാദം ശക്തമാക്കി. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം രണ്ടാം ലോക മഹായുദ്ധത്തിലേക്കുള്ള രണ്ട് പതിറ്റാണ്ടിലേറെ സമയവും അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ഉദയവും ജൂതരുടെ നിലനില്‍പ്പിനെ പ്രതിസന്ധിയിലാക്കി. 1920ന് ശേഷം ഏകദേശം 1940 വരെ ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികളുടെ ഹോളോകോസ്റ്റ് അഥവാ വംശഹത്യ ജൂതന്മാരുടെ ജീവിതം നരകതുല്യമാക്കിയപ്പോള്‍ പലസ്തീനിലേക്ക് വലിയ തോതിലുള്ള കുടിയേറ്റമുണ്ടായി. വാഗ്ദത്ത ഭൂമിയെന്ന ആശയം പടര്‍ന്ന് പന്തലിച്ചതോടെ പലസ്തീനില്‍ ജൂതരും അറബികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി. ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധവും ഉയര്‍ന്നതോടെ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സമാധാനത്തിനായി രൂപംകൊണ്ട ഐക്യരാഷ്ട്രസഭ വിഷയത്തിലിടപ്പെട്ടു.

ഒരു പ്രദേശത്തുണ്ടായിരുന്ന രണ്ട് വിഭാഗം ജനങ്ങള്‍ക്കുമായി ഭൂമി വീതം വെയ്ച്ചു. 1947 ല്‍ പലസ്തീനെ രണ്ടായി മുറിക്കാന്‍ ഐക്യരാഷ്ട്രസഭ വോട്ടെടുപ്പിലൂടെയാണ് തീരുമാനിച്ചത്. ജൂതര്‍ക്കും അറബികള്‍ക്കും വ്യത്യസ്ത രാജ്യം എന്ന ആശയത്തിലൂന്നി സമാധാനത്തില്‍ കാര്യം തീര്‍ക്കാന്‍ ഒരു ഉടമ്പടി. അതേസമയം ജൂത – അറബ് – ക്രിസ്ത്യന്‍ വിശ്വാസങ്ങളുടെ വാഗ്ദത്ത ഭൂമിയായ ജെറുസലേം രണ്ട് വിഭാഗത്തിനൊപ്പവുമല്ലാതെ സ്വതന്ത്രമായി അന്താരാഷ്ട്ര നിയന്ത്രണത്തിന് കീഴെ നിലകൊള്ളാമെന്ന തരത്തിലായിരുന്നു ഐക്യരാഷ്ട്ര സഭയുടെ തീരുമാനം. ജൂതനേതൃത്വം യുഎന്നിന്റെ ഈ നീക്കത്തെ അംഗീകരിച്ചെങ്കിലും അറബികള്‍ ഇതിനെ എതിര്‍ത്തു. ഇതോടെ ഈ ആശയം നടപ്പിലാക്കാന്‍ ഏഴര പതിറ്റാണ്ടിനിപ്പുറവും സാധിച്ചില്ല.

1948 ല്‍ ബ്രിട്ടീഷുകാര്‍ പലസ്തീന്‍ വിട്ടതോടെ ജൂതര്‍ ഇസ്രായേല്‍ എന്ന രാജ്യത്തിന്റെ അടിത്തറ രൂപീകരിച്ചു. ഈ തീരുമാനത്തെ പലസ്തീനികള്‍ എതിര്‍ക്കുകയും യുദ്ധമുണ്ടാവുകയും ചെയ്തു. ആയിരക്കണക്കിന് പലസ്തീനികള്‍ക്ക് സ്വന്തം മണ്ണ് നഷ്ടപ്പെട്ട് വീടു വിട്ടിറങ്ങേണ്ടിവന്നു. ഇതിനെ അവര്‍ വിശേഷിപ്പിച്ചത് അല്‍- നകാബ് അഥവാ മഹാവിപത്ത് എന്നാണ്.

പിന്നീടങ്ങോട്ട് ഒരു യുദ്ധക്കാലവും ഇടയ്ക്കിടയ്ക്കുണ്ടാകുന്ന സമാധാന ഉടമ്പടികളും പ്രതീക്ഷകളുമെല്ലാമായി ഇസ്രായേലും പലസ്തീനും ലോകത്തിന് മുന്നില്‍ പലവിധ ചോദ്യങ്ങളും ഉയര്‍ത്തി.
1948 മെയ് 14ന് ഇസ്രായേല്‍ എന്ന രാജ്യം രൂപീകരിക്കപ്പെട്ടതോടെ തന്നെ ഒന്നാം അറബ്-ഇസ്രായേല്‍ യുദ്ധവും ആരംഭിച്ചു. ലെബനന്‍, സിറിയ, ഇറാഖ്, ഈജ്പ്ത്, സൗദി അറേബ്യയില്‍ നിന്നുള്ള സൈന്യമടക്കം അഞ്ച് അറബ് രാഷ്ട്രങ്ങള്‍ പലസ്തീനിലെ ഇസ്രായേല്‍ മേഖലയിലേക്ക് ഇരച്ചെത്തി. 10 മാസം നീണ്ട യുദ്ധം അവസാനിക്കുന്നത് 1949ലാണ്. ഇസ്രായേല്‍ യുദ്ധത്തില്‍ വിജയിക്കുകയും യുഎന്‍ ജൂതന്മാര്‍ക്കായി നിര്‍ദേശിച്ച മേഖല മുഴുവന്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. എന്നാല്‍ ഒന്നാം അറബ് ഇസ്രായേല്‍ യുദ്ധത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഐക്യരാഷ്ട്ര സഭയുടെ വിഭജന അനുരഞ്ജനത്തെ തള്ളിയ അറബ് സമൂഹത്തിന് ആ നിര്‍ദ്ദിഷ്ട ഭൂമിയുടെ 60 ശതമാനവും ഈ യുദ്ധത്തോടെ നഷ്ടപ്പെട്ടുവെന്നതാണ്. 750000 പലസ്തീനികളാണ് അന്ന് പലായനം ചെയ്യപ്പെട്ടത്.

പലസ്തീന്‍ പ്രദേശം മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ സ്റ്റേറ്റ്, വെസ്റ്റ് ബാങ്ക്, ഗാസാ മുനമ്പ് എന്നിവയായിട്ടായിരുന്നു പലസ്തിന്റെ വിഭജനം. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ഈ പ്രദേശത്ത് ഇസ്രായേല്‍-ഈജിപ്റ്റ്, ജോര്‍ദാന്‍, സിറിയ സംഘര്‍ഷങ്ങള്‍ രൂപപ്പെടുകയും പശ്ചിമേഷ്യ യുദ്ധഭൂമിയാവുകയും ചെയ്തു.

1956ലെ സൂയസ് കനാലുമായി ബന്ധപ്പെട്ടുണ്ടായ ഇസ്രായേല്‍ ഈജിപ്ത് പ്രശ്‌നങ്ങളും അറബ് – ഇസ്രായേല്‍ പ്രശ്‌നങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി. പിന്നീടുള്ള വര്‍ഷങ്ങളില്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയും പലസ്തീനികള്‍ക്കായി ആരംഭിക്കപ്പെട്ടു. 1964ലാണ് പിഎല്‍ഒ സ്ഥാപിച്ചത്. ആഗോളതലത്തില്‍ പലസ്തീനെ പ്രതിനിധാനം ചെയ്യുന്ന ഭരണകേന്ദ്രമായി മാറി യാസര്‍ അറഫാത്തിന്റെ പിഎല്‍ഒ. ഇസ്രായേല്‍ രാഷ്ട്രം ഇല്ലാതാക്കി 1920- 48 കാലഘട്ടത്തിലെ പലസ്തീന്‍ പ്രദേശം ഒരുമിച്ച് ചേര്‍ത്ത് അറബ് രാഷ്ട്രം നിലനിര്‍ത്തുക എന്നതായിരുന്നു ആത്യന്തികമായി ഇവരുടെ ലക്ഷ്യം.

1967ല്‍ സിക്‌സ് ഡേ വാര്‍ അറബികള്‍ക്കും ഇസ്രായേലി സൈന്യത്തിനും ഇടയില്‍ പൊട്ടിപ്പുറപ്പെട്ടു. ഗോലാന്‍ മേഖലയില്‍ നിന്ന് സിറിയ ഇസ്രായേലി ഗ്രാമങ്ങള്‍ക്ക് നേരെ ബോംബ് വര്‍ഷിച്ചതാണ് ഈ യുദ്ധത്തിന് വഴിവെച്ചത്. എന്തായാലും ഇസ്രായേലിന്റെ വ്യോമ- കര സേനകളുടെ തിരിച്ചടിയില്‍ സിറിയയും ഈജിപ്തും ജോര്‍ദാനും നിലംപരിശായി. ഗോലന്‍ മേഖലയില്‍ നിന്ന് സിറിയ സേനയെ ഓടിച്ച് ഇസ്രായേല്‍ ഗാസ മുനമ്പിന്റെ നിയന്ത്രണം നേടി, ഒപ്പം ഈജിപ്തില്‍ നിന്ന് സിനായ് പെനിന്‍സുലയും ജോര്‍ദാന്റെ കയ്യില്‍ നിന്ന് വെസ്റ്റ് ബാങ്ക് മേഖലയും തങ്ങളുടെ നിയന്ത്രണത്തിലാക്കി.

സിക്‌സ് ഡേ വാറിന്റെ അരക്ഷിതാവസ്ഥ എത്തിച്ചേര്‍ന്നത് 1973ല്‍ യോം കിപ്പൂര്‍ യുദ്ധത്തിലേക്കാണ്. ജൂതന്മാരുടെ വിശേഷ ദിവസമായ യോം കിപ്പൂര്‍ തിരഞ്ഞെടുത്താണ് അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലിലേക്ക് ആക്രമണം അഴിച്ചുവിട്ടത്. വിശേഷ ദിവസത്തെ ആക്രമണം ഇസ്രായേലിനെ ഞെട്ടിച്ചു. സൂയസ് കനാല്‍ കടന്ന് ഈജിപ്തും ഗോലാന്‍ പ്രദേശത്ത് നിന്ന് സിറിയയും ഇസ്രായേലിനെ വളഞ്ഞാക്രമിച്ചു. മൂന്ന് രാജ്യങ്ങളും പ്രദേശങ്ങളുടെ കാര്യത്തില്‍ ഉടമ്പടിയില്‍ ഒപ്പുവെച്ചാണ് യുദ്ധം അവസാനിച്ചത്. 1979ല്‍ ഒപ്പുവെച്ച ക്യാംമ്പ് ഡേവിഡ് സമാധാന ഉടമ്പടി പ്രകാരം ഇസ്രായേലിന്റെ നിലനില്‍ക്കാനുള്ള അവകാശത്തെ ഈജിപ്ത് അംഗീകരിക്കുകയും ഇസ്രായേല്‍ സിനായി പെനിന്‍സുല ഈജിപ്തിന് കൈമാറുകയും ചെയ്തതോടെ 30 വര്‍ഷത്തെ ഇരുരാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നം അവസാനിച്ചു.

1970 കളില്‍ തന്നെ ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സംഘടനയുടെ ശാഖ പലസ്തീനില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പലസ്തീനിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കകാലത്ത് പ്രാധാന്യം കൊടുത്ത് പലസ്തീനിയന്‍ പുരോഹിതനായ ഷെയ്ഖ് അഹമ്മദ് യാസിന്‍ സംഘടനയ്ക്ക് നേതൃത്വം കൊടുത്തു. യാസിര്‍ അറഫാത്തിന്‍െ പിഎല്‍ഒയെ വകവെയ്ക്കാതെ
1987ല്‍ ഔദ്യോഗികമായി അഹമ്മദ് യാസിന്‍ ‘ഹമാസ്’ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഇസ്രായേലില്‍നിന്ന് പലസ്തീന്‍ മണ്ണ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹമാസ് രംഗത്ത് വന്നത്. ഇസ്ലാമിക പ്രതിരോധ മുന്നേറ്റം എന്നര്‍ത്ഥം വരുന്ന എന്ന അറബി വാക്കിന്റെ ചുരുക്കെഴുത്താണ് ഹമാസ്. ഹമാസ് പിന്നീട് ഗാസാ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് പലസ്തീന്‍- ഇസ്രായേല്‍ പോരാട്ടത്തിന് വല്ലാത്തൊരു രക്തരൂക്ഷിത മുഖം കൂടി വന്നത്.

1987 ഡിസംബറില്‍, വെസ്റ്റ് ബാങ്കിലും ഗാസയിലും താമസിച്ചിരുന്ന പലസ്തീനികള്‍ ഇസ്രായേല്‍ സൈനിക നീക്കത്തിനെതിരെ ആദ്യത്തെ ഇന്‍തിഫാദ അഥവാ പ്രക്ഷോഭം ആരംഭിച്ചു. 1987 മുതല്‍ 1993 വരെ ഇസ്രയേല്‍-ഹമാസ് ഏറ്റുമുട്ടലുകളുടെ പരമ്പരയും 1993 ല്‍ ഹമാസ് ഇസ്രായേലിനെതിരെ ആദ്യമായി ചാവേര്‍ ബോംബാക്രമണവും നടത്തി.

എന്നാല്‍ 93ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി യിത്സാക്ക് റാബിന്റെയും യാസര്‍ അറാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനിലെ നേതാക്കളും ഓസ്ലോ സമാധാന കരാറില്‍ ഒപ്പുവച്ചു. ഇസ്രയേലിന്റെ നിലനില്‍പ്പിനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് യാസര്‍ അറഫാത്ത് കത്ത് നല്‍കുകയും ഇതിനുപകരമായി ഇസ്രായേല്‍ പലസ്തീന്‍ പ്രദേശങ്ങളുടെ നിയന്ത്രണം ക്രമേണ പലസ്തീനുകള്‍ക്ക് കൈമാറുമെന്നതായിരുന്നു ഓസ്ലോ കരാര്‍. വെസ്റ്റ് ബാങ്കിലും ഗാസാ മുനമ്പിലും സമാധാനം ലക്ഷ്യമിട്ടാണ് ആദ്യം പലസ്തീന്‍ രാഷ്ട്രം 1920 കാലഘട്ടത്തിലെ അതിര്‍ത്തിയോടെ വേണമെന്ന ശാഠ്യത്തില്‍ നിന്നും അറാഫാത്തിന്റെ പാര്‍ട്ടി പിന്‍വാങ്ങിയതും സമാധാന ഉടമ്പടി ഒപ്പുവെച്ചതും.

ഓസ്ലോ കരാര്‍ ഹമാസ് അംഗീകരിക്കാതിരിക്കുകയും ഇസ്രായേലിനെതിരെ പോരാട്ടം തുടരുകയും ചെയ്തു ചാവേറാക്രമണം തുടരെ നടത്തുകയും ചെയ്തു. ഇതോടെ 1997 ല്‍ അമേരിക്ക ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു. പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അടക്കം പല രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനായി പ്രഖ്യാപിച്ചു. 2000 ജൂലൈയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ക്യാമ്പ് ഡേവിഡ് ഉച്ചകോടി വിളിച്ച് ചേര്‍ത്തുവെങ്കിലും ഫമുണ്ടായില്ല. 2000നും 2005നും ഇടയില്‍ രണ്ടാം ഇന്‍ദിഫാദ ഉണ്ടാവുന്നു ഒടുവില്‍ ഗാസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുന്നു.

വെസ്റ്റ് ബാങ്ക്, ഗാസാ മുനമ്പ് എന്നിവ മാത്രമുള്‍പ്പെടുത്തി പലസ്തീന്‍ രാജ്യം രൂപീകരിച്ചാല്‍ അംഗീകരിക്കാന്‍ തയ്യാറാണെന്ന് പോലും ഒരുഘട്ടത്തില്‍ ഹമാസിന്റെ സ്ഥാപക നേതാവ് അഹമ്മദ് യാസിന്‍ പറഞ്ഞിരുന്നതാണ്. പക്ഷേ പിന്നീട് യാസിനും തുടര്‍ന്നെത്തയ ഹമാസ് മേധാവിയും ഇസ്രായേല്‍ മിലൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതേ സമയം തന്നെയാണ് സമാധാന ഉടമ്പടിക്ക് മുന്നിട്ടു നിന്ന പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് മരിക്കുന്നത്. ഇതോടെ ഹമാസ് കൂടുതല്‍ കരുത്തരായി രാഷ്ട്രീയത്തില്‍ ഇറങ്ങി.

2006ല്‍ പലസ്തീന്‍ തിരഞ്ഞെടുപ്പില്‍ ഹമാസ് വിജയിക്കുകയും ഗാസയുടെ നിയന്ത്രണമേറ്റെടുക്കുകയും ചെയ്തു. ഹമാസിന്റെ പ്രവര്‍ത്തന കേന്ദ്രം ഗാസയായതിനാലാണ് ഇസ്രായേല്‍ ഗാസ പോരാട്ടമെന്നും ഇസ്രായേല്‍ ഹമസ് യുദ്ധമെന്നുമെല്ലാം പറയുന്നതിന് പിന്നില്‍. 2008ലും പോരാട്ടം കനത്തു 2009ല്‍ വെടിനര്‍ത്തല്‍ കരാറുണ്ടാക്കി ഇരു കൂട്ടരും. 2012ല്‍ വീണ്ടും പോരാട്ടം, അതില്‍ ഹമാസ് മിലിട്ടറി മേധാവിയെ ഇസ്രായേല്‍ കൊന്നു. പിന്നീടങ്ങോട്ട് ഇടവിട്ട് ആക്രമണവും പ്രത്യാക്രമണവും. പതിനായിരക്കണക്കിന് പലസ്തീനികള്‍ മരിച്ചു വീണു.

2021 മെയ് മാസത്തില്‍, ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായ ജറുസലേമിലെ അല്‍ അഖ്‌സ മസ്ജിദില്‍ ഇസ്രായേല്‍ പോലീസ് റെയ്ഡ് നടത്തിയതോടെ ഇസ്രായേലും ഹമാസും തമ്മിലുള്ള 11 ദിവസത്തെ യുദ്ധത്തിന് തുടക്കമിട്ടു. 200 ലധികം പലസ്തീനികളും 10 ല്‍ അധികം ഇസ്രായേലികളും കൊല്ലപ്പെട്ടു.

ഒടുവിലായി ഉണ്ടായതാണ് 1973ലെ യോം കിപ്പൂര്‍ യുദ്ധത്തിന്റെ 50ാം വാര്‍ഷികത്തില്‍ ഹമാസ് ഇസ്രായേലിനെ ആക്രമിച്ച ഇപ്പോള്‍ നടക്കുന്ന യുദ്ധം. ജൂതരുടെ വിശേഷ ദിനമായ യോം കിപ്പൂര്‍ ദിനത്തില്‍ ഇസ്രായേലിന് നേര്‍ക്കുണ്ടായ ഹമാസിന്റെ അല്‍ അഖ്‌സാ ഫ്‌ലഡ് എന്ന് പേരിട്ട ആക്രമണം. പിന്നാലെ ഇസ്രായേലിന്റെ ഓപ്പറേഷന്‍ സോര്‍ഡ്‌സ് ഓഫ് അയണ്‍ എന്ന തിരിച്ചടി. വാഗ്ദത്ത ഭൂമി വാദവും അധിനിവേശവും ഒന്നിച്ച് നിലനില്‍ക്കാനാവില്ലെന്നും പങ്കിടാനാവില്ലെന്നുമുള്ള വംശീയ വാദവും മതവെറിയും പ്രതികാരവും മൂലം പിടഞ്ഞു വീഴുന്നത് മനുഷ്യരാണ്, ഒഴുകുന്നത് ഒരേ നിറത്തിലുള്ള ചോരയും.

Latest Stories

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അവൻ വലിയ ഒരു തടിയനാണ്, ടെസ്റ്റിൽ കളിപ്പിക്കുന്നത് ആത്മഹത്യാപരം; ഇന്ത്യൻ താരത്തെക്കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോ​ഗ്യത? അധികാര വടംവലിയുള്ള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ

അത്ഭുതദ്വീപ് നടന്‍ ശിവന്‍ മൂന്നാര്‍ അന്തരിച്ചു