ബിബിത്ത് കെ. കെ
ദാരിദ്ര്യത്തിന്റെ ഒരുതരം “വാടനാറ്റ” ത്തെ കുറിച്ച് പറയുന്നുണ്ട് ഇക്കഴിഞ്ഞ ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച “പാരസൈറ്റ്” എന്ന സിനിമയില്‍.
നഗരമാലിന്യങ്ങളുടെ അഴുക്കുകള്‍ക്കടുത്തു ജീവിക്കുന്നവര്‍ എക്കാലവും നഗരവത്കരണത്തിന്റെ ഇരകള്‍ തന്നെയാണ്. വടകരയിലെ ട്രഞ്ചിംഗ് ഗ്രൗണ്ട്, പുതിയാപ്പെന്ന സ്ഥലത്താണ്. വടകര ടൗണില്‍ നിന്നും കുറച്ച് കിഴക്കോട്ടു മാറി, മുമ്പ് അധികം ആള്‍ത്താമസമില്ലാതിരുന്നൊരു മലമ്പ്രദേശം. വടകര സര്‍ക്കാര്‍ ആശുപത്രിയുടേയും പടിഞ്ഞാറുഭാഗം. ആശുപത്രിയും ജനവാസ കേന്ദ്രത്തില്‍ നിന്നും മാറിയാണ് ആദ്യകാലത്ത് സ്ഥാപിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് അടക്കം നോക്കുക.
നഗരം വളരുന്നതിന് അനുസരിച്ച്, ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ നാറ്റം പരമാവധി കുറച്ചുമാത്രം സഹിക്കാവുന്ന സ്ഥലങ്ങളിലേക്ക്, നഗരവത്കരണത്തിന്റെ ഭാഗമായി കുടിയൊഴിക്കപ്പെടുന്നവര്‍ താമസിക്കേണ്ടി വരുന്നു. ഇവിടെ സ്ഥലത്തിന് വില കുറവായിരിക്കും. നഗരം വളരുന്നതനുസരിച്ച് ഈ പ്രക്രിയ കൂടിക്കൂടി അവസാനം ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ തൊട്ടടുത്തു വരെ ആളുകള്‍ താമസിക്കുന്ന അവസ്ഥയായി. പിന്നീട് ജനങ്ങളുടെ ആവശ്യം ട്രഞ്ചിംഗ് ഗ്രൗണ്ട് അവിടെ നിന്നും മാറ്റുക എന്നതായി മാറി. പരിസരപ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിലെ വെള്ളം കുടിവെള്ളയോഗ്യമല്ലാതാകുന്നു, മാലിന്യംചീഞ്ഞ ഗന്ധം സഹിക്കാന്‍ വയ്യാതാകുന്നു. നഗരവത്കരണത്തിന്റെ മാലിന്യങ്ങളില്‍ ചീഞ്ഞ ഗന്ധമില്ലാതെ അഴുകുന്നത് പുറന്തള്ളപ്പെടുന്ന മനുഷ്യരാണ്.
ഇതൊരു സാമൂഹിക പ്രശ്‌നമാണെന്നുപറയേണ്ടതില്ലല്ലോ. എല്ലായിടത്തും ഇതൊക്കെ തന്നെയാണ് അവസ്ഥ. മാലിന്യസംസ്‌കരണത്തിന് ആധുനിക സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍ പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ല. പൊതുതോടുകളും കനാലുകളും പുഴകളും ഇന്ന് മാലിന്യം പുറന്തള്ളുന്ന എളുപ്പമാര്‍ഗങ്ങളില്‍ ഒന്നാണ്.
നഗരവത്കരണത്തിന്റെയും മുതലാളിത്തത്തിന്റെയും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ദരിദ്രവത്കരിക്കപ്പെടുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥ. ഇവരത്രയും വന്നു ചേരുന്നയിടമായി സ്വാഭാവികമായും നഗരങ്ങള്‍ മാറുന്നുണ്ടെന്നത് ക്ലാസിക്കല്‍ അര്‍ത്ഥശാസ്ത്രത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രാഥമിക പാഠങ്ങളില്‍ ഒന്നുമാത്രമാണ്. ഭൂമിയുടേയും പാര്‍പ്പിടത്തിന്റേയും പ്രശ്‌നങ്ങള്‍ അതുസംബന്ധിച്ച് തന്നെയാണ് ഉയരുന്നത്. പാര്‍പ്പിടരഹിതരുടെ എണ്ണം വളരുന്നൊരു ലോകം കൂടിയാണിത്. ഇന്നത്, പക്ഷേ, മുഖ്യമായ വിഷയം പോലുമല്ലെന്നതാണ് കൗതുകകരം.
ലോകത്താകെ എത്ര മൊട്ടുസൂചികള്‍ ഉണ്ട്, എത്ര കടലാസുകള്‍ ഉത്പാദിപ്പിക്കുന്നു, എത്ര തീവണ്ടികള്‍ ഓടുന്നു, എത്ര കടകള്‍, ഓഫീസുകള്‍ ഇങ്ങനെ സകലമാന കണക്കുകളും സൂക്ഷിക്കുന്ന സര്‍ക്കാരിന്റെ കൈയില്‍ ഇല്ലാത്ത ഒരേയൊരു കണക്ക്, വികസനത്തിന്റെപേരില്‍ കുടിയിറക്കപ്പെടുന്നവരുടേതാണെന്ന് അരുന്ധതിറോയി എഴുതുകയുണ്ടായി.
അരുന്ധതിറോയി എഴുതുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഇത്തരം വര്‍ഗങ്ങള്‍ എങ്ങനെയാണ് സമൂഹത്തില്‍ ഉടലെടുക്കുന്നതെന്ന് മാര്‍ക്‌സ് അദ്ദേഹത്തിന്റെ മൂലധനത്തിലും ഇന്ത്യയെ കുറിച്ചുള്ള കുറിപ്പുകളിലും രേഖപ്പെടുത്തുന്നുണ്ട്.
ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മസ്ലിന്‍ തുണിയുടെ കയറ്റുമതി 1824- ല്‍ കഷ്ടിച്ച് ഒരു ദശലക്ഷം വാര മാത്രമായിരുന്നത് 1837ൃല്‍ 64 ദശലക്ഷമായി വര്‍ദ്ധിച്ചപ്പോള്‍ ധാക്കയിലെ ജനസംഖ്യ ഒന്നരലക്ഷത്തില്‍ നിന്ന് ഇരുപതിനായിരമായി ചുരുങ്ങിയ കാര്യവും “”നെയ്ത്തുകാരുടെ അസ്ഥികള്‍ ഇന്ത്യന്‍ സമതലങ്ങളെ ബ്ലീച്ച് ചെയ്യുകയാണെ””ന്നുള്ള ഗവര്‍ണര്‍ ജനറലിന്റെ റിപ്പോര്‍ട്ടും ഫാക്ടറിജില്ലകളിലേക്കുള്ള കര്‍ഷകരുടെ കുടിയേറ്റവും ഗ്രാമങ്ങളില്‍ കുട്ടികളേ ഇല്ലാതാകുന്ന അത്യന്തം അസ്ഥിയുറച്ചു പോകുന്ന വിവരണങ്ങളും നല്‍കുന്നുണ്ട് മാര്‍ക്‌സ്.
നര്‍മ്മദാപദ്ധതി പ്രദേശത്തു നിന്നു മാത്രം ഈയിടെ കുടിയിറക്കപ്പെട്ടത് 65 ലക്ഷം കുടുംബങ്ങളെയാണ്. ഇതില്‍ ആദിവാസികളും ദളിതുകളുമാണ് ഭൂരിഭാഗവും. ഇവരൊക്കെ എവിടെപ്പോയാണ് മരിക്കുന്നത് എന്ന് നാം ആലോചിക്കാറില്ല. റെയില്‍വേ പ്ലാറ്റ്ഫോമില്‍ മരിച്ചുവീണ അമ്മയുടെ മുലപ്പാല്‍ കുടിക്കുന്ന കുട്ടികളാല്‍ നിറയുകയാണ് ഇന്ത്യ.
കോട്ടയത്ത് നടന്ന സംഭവമായതു കൊണ്ട് കേരളീയന്റെ പതിവുശൈലികള്‍ രംഗപ്രവേശം ചെയ്യുകയായി. “അക്ഷരനഗരം” “സാംസ്‌കാരിക കേരളം” തുടങ്ങിയ ക്ലീഷേകള്‍ പുറത്തു വരികയുണ്ടായി. മൊബൈല്‍ ടവറിനെതിരെ വ്യാപകമായി സമരം നടക്കുന്ന സ്ഥലം കൂടിയാണ് ഈ കേരളം. മതവിശ്വാസമടക്കമുള്ള അന്ധവിശ്വാസികളാല്‍ നിറയുന്ന ഒരു സമൂഹത്തില്‍ കോട്ടയത്തെ ആ ദേശത്തുള്ളവര്‍ മാത്രം എന്തോ വലിയ അനീതി നടത്തിയെന്ന പ്രതീതി അത്ര ഗുണകരമല്ല. കേരളമാകെ കൊറോണ വൈറസിനെതിരായ ഭീതി നിരന്തരം വളര്‍ന്നു വരുന്ന പശ്ചാത്തലത്തില്‍, അഭ്യസ്ഥവിദ്യരും നഗരവത്കൃത ജീവിതത്തില്‍ ഉള്ളവരടക്കം രോഗഭീതിയില്‍ മുഴുകുമ്പോള്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ മാത്രം വസിക്കുന്നവരും തമിഴ് തൊഴിലാളികളും ഏറെയുള്ള ഒരു സ്ഥലത്തെ പ്രതികരണത്തില്‍ വലിയ അതിശയോക്തിയില്ലെന്നു തോന്നുന്നു. അവര്‍ കാണിക്കുന്നത്, കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ നിന്നും ഉയരുന്ന ഭീതിയെയാണ്. അത് കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോകാനാകില്ല. അവര്‍ പറയുന്നത്, ഇവിടെ ഇപ്പോള്‍ ദഹിപ്പിച്ചാല്‍ ഭാവിയില്‍ എല്ലാ ശവശരീരങ്ങളും ഇവിടേക്ക് വരുമെന്നാണ്. ഇത്തരത്തിലുള്ള ഒരുപാട് ഉല്‍ക്കണ്ഠകള്‍ ഗ്രാമനഗര ഭേദമെന്യേ കേരളത്തില്‍ ഇപ്പോള്‍ പതിവുമാണ്.
സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരായ ആളുകള്‍ക്കു നേരെ മാത്രമേ എക്കാലത്തും പൊലീസിന്റെ ശക്തിയും ലാത്തിയും ഭീഷണിയും ഉയരൂ. ഉദാഹരണങ്ങള്‍ നിരത്തി അത് വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഈ മഴക്കാലത്ത് മിക്ക ശ്മശാനങ്ങളിലും മൃതദേഹം അടക്കം ചെയ്യാന്‍ കഴിയാത്ത വര്‍ത്തമാനത്തില്‍ കൂടുതല്‍ക്കൂടുതല്‍ വൈദ്യുത ശ്മശാനങ്ങളും മൊബൈല്‍ ശ്മശാനങ്ങളും നിര്‍മ്മിക്കപ്പെടേണ്ടതുണ്ട്. പലവട്ടം മുമ്പ് തീരുമാനിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള വൈദ്യുതി ശ്മശാനമെന്ന പദ്ധതി എത്രയും പെട്ടെന്ന് സ്ഥാപിക്കുകയാണ് വേണ്ടത്.
ശവമടക്ക് സംബന്ധിച്ച ഏത് കാര്യവും മതവുമായി ബന്ധപ്പെട്ടതാണ്. അത്തരം മതാചാരങ്ങള്‍ ഇന്ത്യയിലും ഈ കേരളത്തിലും എക്കാലത്തും വിശുദ്ധപശുക്കള്‍ തന്നെയാണ്. അത് അന്ധവിശ്വാസത്തില്‍ പെടുന്ന കാര്യവുമല്ല.
സമൂഹത്തിലെ അടിത്തട്ടുവിഭാഗം താമസിക്കുന്നയിടത്തെ ജനപ്രതിനിധി ഹിംസാത്മക ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ എക്കാലത്തേയും വലിയ പ്രതിനിധിയായ ബി.ജെ.പിക്കാരനാണെന്ന ചിന്തയാണ് എവിടേയും ഉയരാതെ പോകുന്നത്.