നസറുള്ളയുടെ കൊലയും ഇസ്രയേലും, ഹിസബുള്ളയ്ക്കും ഇറാനും മുന്നിലെന്ത്?

ഹിസബുള്ളയെ തച്ചുതകര്‍ക്കാതെ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ഇസ്രയേല്‍ നിലപാട് കടുപ്പിക്കുമ്പോള്‍ ലെബനനിന്റെ ആകാശം വ്യോമാക്രമണത്തില്‍ പ്രകമ്പനം കൊള്ളുകയാണ്. അമേരിക്കയടക്കം വെടിനിര്‍ത്തല്‍ ആവശ്യവുമായി മുന്നോട്ട് വന്നിട്ടും ഹിസബുള്ളയുടെ തലവന്‍ ഹസന്‍ നസ്‌റുള്ളയെ കൊലപ്പെടുത്തി ഇസ്രയേല്‍ നയം വ്യക്തമാക്കിയതാണ്. ഹിസബുള്ളയെ പിന്തുണച്ച് ഇസ്രയേലിനെതിരെ പിന്നില്‍ നിന്ന് യുദ്ധം നയിച്ച ഇറാന് ഇപ്പോള്‍ സമാധാന ഉടമ്പടിയ്ക്ക് നില്‍ക്കാതെയുള്ള ഇസ്രയേല്‍ മുന്നേറ്റം കടുത്ത ഭയാശങ്കയ്ക്ക് ഇടനല്‍കി കഴിഞ്ഞു. ഹമാസ് രാഷ്ട്രീയ തലവന്‍ ഇസ്‌മെല്‍ ഹനിയായെ ഇറാന്റെ തലസ്ഥാന നഗരിയില്‍ വെച്ച് കൊന്ന ഇസ്രയേലിനെ തിരിച്ചടിക്കുമെന്ന് വെല്ലുവിളിച്ചിട്ട് പോലും നടക്കാത്ത സാഹചര്യത്തില്‍ നിന്നാണ് ഹിസ്ബുള്ള തലവന്റെ കൊലയിലേക്ക് കാര്യങ്ങളെത്തി നില്‍ക്കുന്നത്. ഇറാനെ സംബന്ധിച്ചും വല്ലാത്ത തിരിച്ചടിയില്‍ പതറി നില്‍ക്കുന്ന അവസ്ഥയിലേക്ക് ഇസ്രയേലിന്റെ നീക്കങ്ങള്‍ എത്തിച്ചു കഴിഞ്ഞിരിക്കുന്നു.

ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ള കൊല്ലപ്പെട്ടതോടെ ഇറാന്‍ തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള ഖമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നസറുള്ളയുടെ കൊലപാതകത്തില്‍ ‘പ്രതികാരം ചെയ്യാതെ പോകില്ല’ എന്ന് നേരത്തെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ശപഥമെടുത്തിരുന്നു. എന്നാല്‍ ഇസ്രയേല്‍ തിരിച്ചടിയില്‍ ഹിസ്ബുള്ളയേക്കാള്‍ ഉലഞ്ഞ ഇറാന്‍ നേതാവിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ഒരു ചുവട് പിന്നോട്ട്‌വെച്ചിരിക്കുകയാണ്. ഇറാന്‍ ഭരണകൂടം നേരിട്ട് ഇടപെട്ടാണ് ഖമൈനിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇബ്രഹാം റൈസി ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെ ഇറാന്‍ പ്രസിഡന്റായ മസൂദ് പെസെഷ്‌കിയാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഇസ്രയേലിനോട് മുന്നില്‍ നിന്ന് പോരാടാന്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. പലസ്തീന്‍ വിഷയത്തില്‍ പലകുറി ഹമാസിനൊപ്പം നിന്ന് എതിരിട്ടിട്ടും ഗാസയില്‍ പിന്‍വാങ്ങാതിരുന്ന ഇസ്രയേലിനെ ഹിസ്ബുള്ളയെ മുന്നില്‍ നിര്‍ത്തി ആക്രമിക്കുകയായിരുന്നു ഇറാന്‍ ചെയ്തത്.

റഷ്യയുമായുള്ള വാണിജ്യ- നയതന്ത്ര ബന്ധവും പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്റെ പിന്തുണയും ഇറാനെ പല ഘട്ടങ്ങളിലും ഇസ്രയേലിനെതിരെ യുദ്ധകാഹളം മുഴക്കാന്‍ ധൈര്യം നല്‍കിയ കാരണങ്ങളായിരുന്നു. ഇപ്പോഴും ഇസ്രയേലിനെതിരെ റഷ്യ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും കൈവിട്ടൊരു കളിയ്ക്ക് തയ്യാറാവാതെ നില്‍ക്കുന്നത് നിലവില്‍ യുക്രെയ്ന്‍ പ്രശ്‌നം വല്ലാതെ രാജ്യത്തെ കലുശിതമാക്കിയതിനാലാണ്. പാശ്ചാത്യരാജ്യങ്ങള്‍ യുക്രെയ്‌ന് നല്‍കുന്ന പിന്തുണ കണ്ടു ആണവായുധ ഭീഷണി വരെ മുഴക്കി റഷ്യയെ പ്രതിരോധിക്കാന്‍ കയ്യിലുള്ള എല്ലാ അസ്ത്രങ്ങളും പ്രയോഗിക്കുന്ന പുടിന് ഇറാന്റെ ഭയാശങ്കകള്‍ കൂടി കണക്കിലെടുക്കാനുള്ള ആവതില്ലന്നതാണ് ഒരു കാര്യം.

മറ്റിടത്ത് ഇസ്രയേല്‍ ഹമാസിനെ അടിച്ച അടിയില്‍ നിന്നും ഹിസ്ബുള്ളയിലേക്കെത്തി തച്ചുതകര്‍ത്ത് മുന്നോട്ട് പോകുന്ന യുദ്ധവെറിയിലാണ്. നയതന്ത്ര ലോകത്ത് തങ്ങളെ പിന്തുണയ്ക്കുന്ന യുഎസിന്റേയും ഫ്രാന്‍സിന്റേയുമെല്ലാം സമാധാന ഉടമ്പടി ശ്രമങ്ങളേയും റഷ്യയുടെ ഭീഷണിയേയും തള്ളിക്കളഞ്ഞു ഹിസ്ബുള്ളയെ വേരോടെ പിഴുതെറിയുമെന്ന് പറഞ്ഞുള്ള ആക്രമണത്തിലാണ്. തങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെ 12 രാജ്യങ്ങള്‍ നിര്‍ദ്ദേശിച്ച 21 ദിവസത്തെ വെടിനിര്‍ത്തലിനായുള്ള സമാധാന ഉടമ്പടി അംഗീകരിച്ച് തങ്ങളുടെ സൈനിക നീക്കം താല്‍ക്കാലികമായി നിര്‍ത്താന്‍ ഇസ്രായേലിന് ഉദ്ദേശിച്ചിട്ടില്ല. തങ്ങളുടെ സൈന്യം ഇപ്പോള്‍ ഹിസ്ബുള്ളയെ അസ്ഥിരമായ അവസ്ഥയിലാക്കിയെന്നും ഈ നിമിഷം അവിടെ നിന്നും ഇനി വരാനുള്ള മിസൈലുകളുടെ ഭീഷണിയ്ക്ക് അവസാനമുണ്ടാക്കണമെന്നും ഇസ്രയേല്‍ ചിന്തിക്കുന്നു. ചുരുക്കത്തില്‍ ഒരു തിരിച്ചടിയ്ക്ക് ഇനി ഹിസ്ബുള്ളയ്ക്ക് അവസരം നല്‍കാതെ കീഴടക്കണം ഈ സന്ദര്‍ഭത്തിലെന്നതാണ് ഇസ്രയേലിന്റെ യുദ്ധതന്ത്രം.

ഹിസ്ബുള്ളയുടെ കീഴടങ്ങലിനെ സാധ്യതയില്ലെന്നിരിക്കെ സൈന്യത്തെ യുദ്ധഭൂമിയിലേക്ക് അയക്കാതെ ഹിസ്ബുള്ള ആക്രമണങ്ങളുടെ ഭീഷണി അവസാനിപ്പിക്കുക എന്ന യുദ്ധലക്ഷ്യം ഇസ്രായേലിന് എങ്ങനെ കൈവരിക്കാനാകുമെന്ന ചോദ്യം ശക്തമാണ്. ഇസ്രായേല്‍ പ്രതിരോധ സേന അതിര്‍ത്തിയോട് ചേര്‍ന്ന് സൈനികാഭ്യാസം നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നുകഴിഞ്ഞു. ഐഡിഎഫിനെ സംബന്ധിച്ചിടത്തോളം ലെബനനിലേക്ക് പോകുന്നത് താരതമ്യേന എളുപ്പമായിരിക്കുമെന്നിരിക്കെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നുണ്ട്. ഇത് എത്രത്തോളം വിനാശകരമാകുമെന്ന പേടി ലോകരാജ്യങ്ങള്‍ക്കുമുണ്ട്.

തന്റെ മരണത്തിന് മുമ്പുള്ള അവസാന പൊതു പ്രസംഗത്തില്‍ ഹിസ്ബുള്ള തലവന്‍ നസ്റുള്ള തന്റെ അനുയായികളോട് പറഞ്ഞത് തെക്കന്‍ ലെബനനിലേക്കുള്ള ഒരു ഇസ്രായേല്‍ നുഴഞ്ഞുകയറ്റം ‘ചരിത്രപരമായ ഒരു അവസരം’ ആയിരിക്കുമെന്നായിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തിന് ഒരു ശിക്ഷ നല്‍കുമെന്ന് പ്രസംഗിച്ചു പോയ സയ്യദ് ഹസന്‍ നസ്‌റുള്ളയെ പിന്നീട് ബെയ്റൂട്ട് വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ കൊല്ലുകയായിരുന്നു. നസ്‌റുള്ളയ്‌ക്കൊപ്പം ഹിസ്ബുള്ളയുടെ ആസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തില്‍ സീനിയര്‍ കമാന്‍ഡര്‍ ഇബ്രാഹിം ആഖിലിനേയും ഇസ്രയേല്‍ കൊലപ്പെടുത്തി.

‘ലോകത്തെ ഭീകരവാദവല്‍ക്കരിക്കാന്‍ ഇനി ഹസന്‍ നസറുള്ളയ്ക്ക് സാധിക്കില്ല’

എന്ന ട്വീറ്റിലൂടെയാണ് ഇസ്രയേല്‍ സൈന്യം ഹിസ്ബുള്ള തലവനെ വധിച്ചത് ലോകത്തെ അറിയിച്ചത്. ഇസ്രയേല്‍ ഇതിന് പിന്നാലെ ഹിസ്ബുള്ളയുടെ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ഉപമേധാവിയായിരുന്ന നബീല്‍ കൗക്കിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രയേലിന്റെ നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാകൗണ്‍സില്‍ അടിയന്തര യോഗം വിളിച്ചുചേര്‍ക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ഇറാനില്‍ നസറുള്ളയുടെ കൊലയില്‍ പ്രതിഷേധിച്ച് ഇസ്രയേലിനും യുഎസിനുമെതിരെ വലിയ പ്രകടനം നടക്കുന്നുണ്ട്. ‘എക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്’ എന്ന് വിളിക്കപ്പെടുന്ന സായുധ സായുധ സേനകളുടെ വലിയൊരു വ്യൂഹം മിഡില്‍ ഈസ്റ്റിന് ചുറ്റും ഇറാനുണ്ട്. ഹിസ്ബുള്ളയ്ക്ക് പുറമേ, യെമനിലെ ഹൂതികളും സിറിയയിലും ഇറാഖിലേയും നിരവധി ഗ്രൂപ്പുകളും ഇറാന്റെ വാക്കുകള്‍ കേള്‍ക്കാന്‍ കാതോര്‍ത്തു നില്‍ക്കുന്നുണ്ട്. മേഖലയിലെ ഇസ്രയേലിന്റെയും യുഎസ്സിന്റെയും താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കാന്‍ ഇറാന് ഈ സന്നാഹങ്ങളാല്‍ സാധ്യമാകുമെന്നതും ലോകത്തെ വലിയ യുദ്ധസാഹചര്യത്തിലേക്ക് തള്ളിവിടുന്നുണ്ട്. പക്ഷേ ഈ സായുധസംഘങ്ങളെ കൊണ്ടൊരു യുദ്ധ വിജയം ഇസ്രായേലിന് പിന്നില്‍ അമേരിക്ക കൂടി വന്നാല്‍ സാധ്യമാകില്ലെന്ന ബോധം ഇറാനുണ്ട്. നിലവില്‍ യുക്രെയ്‌നിന്റെ തിരിച്ചടിയില്‍ ഇടറി പോകുന്ന റഷ്യയ്ക്ക് നിര്‍ബാധ പിന്തുണ തരാനാവില്ലെന്ന വിഷമഘട്ടവും ഇറാന്റെ മുന്നിലുണ്ട്. അതിനാല്‍ ഇറാന്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് മുമ്പില്‍ തന്നെയാണ്. നേരത്തേത് പോലെ ഭീഷണി തുടര്‍ന്ന് ഹിസ്ബുള്ളയെ മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്ന് കളിക്കാന്‍ ശ്രമിച്ചത് പോലെ ആരെ മുന്നിലേക്ക് തള്ളിവിടുമെന്ന ചോദ്യവുമുണ്ട്. ഇസ്രയേലാകട്ടെ ലോകരാഷ്ട്രങ്ങളുടേയും ഐക്യരാഷ്ട്രസഭയുടേയും സമ്മര്‍ദ്ദങ്ങളുണ്ടായിട്ടും പിന്തിരിയാന്‍ തയ്യാറാവാത്ത വിധം യുദ്ധവെറിയിലുമാണ്. രാഷ്ട്രങ്ങള്‍ ചേരികളില്‍ നിലയുറപ്പിച്ചാല്‍ പശ്ചിമേഷ്യ എന്ന യുദ്ധക്കളം മൂന്നാമതൊരു ലോകയുദ്ധമെന്ന വിനാശത്തിലേക്ക് എത്തുമോയെന്ന ഭയം പടര്‍ന്നു പന്തലിക്കുകയാണ്.