പാര്‍ട്ടിക്കുള്ളിലെ പോരാണ് അപ്പുറവും ഇപ്പുറവും രാജസ്ഥാനിലെ 'മെയ്ന്‍'

രാജസ്ഥാനില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും നേര്‍ക്ക് നേര്‍ പോരാട്ടത്തിനപ്പുറം പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളിലാണ് കണ്ണ് കഴിഞ്ഞ കുറച്ചുനാളുകളായി. അശോക് ഗെഹ്ലോട്ട് വേഴ്‌സസ് സച്ചിന്‍ പൈലറ്റ് കാലം കുറച്ചായി കോണ്‍ഗ്രസിനെ വലയ്ക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തുള്ള ഗെഹ്ലോട്ടിന് രാജസ്ഥാനില്‍ പാര്‍ട്ടിക്കുള്ളിലെ തന്റെ സ്ഥാനം ഇളക്കം തട്ടാതെ നിര്‍ത്താനായിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍ വലിയ തലവേദന നല്‍കുന്ന രീതിയില്‍ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലാതെ അടുത്ത തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങാനാകുന്നുവെന്നത് ഗെഹ്ലോട്ടിനെ കോണ്‍ഗ്രസിനുള്ളില്‍ ശക്തനാക്കുന്നുണ്ട്. സച്ചിന്‍ പൈലറ്റ് പക്ഷം ശക്തമായി രംഗത്തുണ്ടെങ്കിലും തിരഞ്ഞെടുപ്പിനിടയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നമുണ്ടാകാതിരിക്കാനുള്ള ശ്രമം സംഘടനാതലത്തില്‍ ഇപ്പോള്‍ പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇനി ബിജെപിയിലേക്ക് വന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചത്ര ആശാസ്യകരമല്ല രാജസ്ഥാനില്‍ പാര്‍ട്ടിയുടെ കാര്യം. കോണ്‍ഗ്രസില്‍ തമ്മില്‍തല്ലൊക്കെയുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നില്‍ നിന്ന് അശോക് ഗെഹ്ലോട്ട് നവംബര്‍ 25ന് നടക്കുന്ന തിരഞ്ഞെടുപ്പിനെ നയിക്കുന്നുണ്ട്. പക്ഷേ ബിജെപിയ്ക്കുള്ളില്‍ രാജസ്ഥാനില്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലാത്തത് സംസ്ഥാനത്ത് പാര്‍ട്ടിയുടെ ദൗര്‍ബല്യം തുറന്നുകാട്ടുന്നുണ്ട്. മുന്‍ ബിജെപി മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ ഒതുക്കാന്‍ നരേന്ദ്ര മോദിയും അമിത് ഷായും തീരുമാനിച്ചതോടെയാണ് രാജസ്ഥാനില്‍ ബിജെപി പടലപ്പിണക്കത്തിലായത്. വസുന്ധര ബെല്‍റ്റിലെ നേതാക്കളെല്ലാം തിരഞ്ഞെടുപ്പിനോട് തണുപ്പന്‍ മട്ടിലാണ് പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയായി വസുന്ധരയെ ഉയര്‍ത്തിക്കാട്ടാത്തത് അവരുടെ അനുയായികള്‍ക്ക് ഇടയില്‍ വലിയ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.

പുതിയ ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി കേന്ദ്രനേതൃത്വം വസുന്ധരയെ ഒതുക്കി നിര്‍ത്തി രാജസ്ഥാനില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ക്കൊരുങ്ങുന്നത്. നരേന്ദ്ര മോദിയുടെ കീഴില്‍ താമരചിഹ്നത്തില്‍ വിശ്വാസമര്‍പ്പിച്ച് വോട്ട് ചെയ്യാനാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. സിന്ധ്യ ക്യാമ്പിലെ പലര്‍ക്കും സീറ്റു നല്‍കാതെ 7 എംപിമാരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇറക്കിയാണ് ബിജെപി രാജസ്ഥാന്‍ പിടിക്കാന്‍ ശ്രമം നടത്തുന്നത്. എംപി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനേയും നിയമസഭാ തിരഞ്ഞെടുപ്പിലിറക്കി നേതൃഗുണം പരീക്ഷിക്കുകയാണ് ബിജെപി.

ഹിന്ദു വോട്ടുകള്‍ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മതിയാകുമെന്നാണ് ബിജെപിയുടെ നിലപാട്. വസുന്ധരയെ സൈഡാക്കി പുത്തന്‍ താരോദയത്തിന് രാജസ്ഥാനില്‍ അവസരമൊരുക്കാനായി ബിജെപി കേന്ദ്രനേതൃത്വം കണ്ടുവെച്ചിരിക്കുന്ന പ്രധാനമുഖം കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്താണ്. വസുന്ധരയെ ഒതുക്കി നിര്‍ത്തി പാര്‍ട്ടി രാജസ്ഥാനില്‍ ഷെഖാവത്തിനെ താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നു. ഒപ്പം പ്രതിപക്ഷ നേതാവ് രാജേന്ദ്ര സിങ് റാത്തോഡും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായ സതീഷ് പൂനിയയും ആല്‍വാര്‍ എംപിയായ മഹന്ത് ബാലക് നാഥുമെല്ലാം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത പട്ടികയിലുള്ളവരാണ്. പക്ഷേ ഇവര്‍ക്കാര്‍ക്കും വസുന്ധര രാജെ സിന്ധ്യേക്കുള്ളത് പോലുള്ള ജനകീയ അടിത്തറയും അണികളുടെ ശക്തമായ ബെല്‍റ്റും ഇല്ലെന്നതിനാല്‍ തന്നെ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഇവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടിക്ക് പേടിയാണ്. ഈ ആത്മവിശ്വാസമില്ലായ്മയാണ് പ്രത്യക്ഷത്തില്‍ അശോക് ഗെഹ്ലോട്ടിന് ഒരു എതിരാളി സംസ്ഥാനത്ത് ഇല്ലെന്ന തോന്നലുണ്ടാക്കുന്നത്.

ഇതാണ് ഗെഹ്ലോട്ട് വേഴ്‌സസ് ആരെന്ന ചോദ്യം സംസ്ഥാനത്ത് ഉയര്‍ത്തുന്നതും കോണ്‍ഗ്രസിന് മേല്‍ക്കൈ നല്‍കുന്നതും. രാജസ്ഥാനില്‍ മൊത്തത്തില്‍ വസുന്ധരയെ പിണക്കുന്നത് ശരിയല്ലെന്ന് കണ്ട ബിജെപി പല തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും ആദ്യഘട്ടത്തില്‍ ഒഴിവാക്കുകയും ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പേര് നല്‍കുകയും ചെയ്യാതിരുന്ന വസുന്ധരയ്ക്ക് രണ്ടാം പട്ടികയില്‍ മണ്ഡലം നല്‍കി അനുരഞ്ജന പാതയിലെത്തിയിട്ടുണ്ട്.
33 കൊല്ലം എംപിയായും എംഎല്‍എയായും വിരാജിച്ച രാജസ്ഥിനില്‍ മുഖ്യമന്ത്രിവരെയായ വസുന്ധര തന്നെ പാര്‍ട്ടി കേന്ദ്രനേതൃത്വം ചവിട്ടുന്നുവെന്ന് കണ്ടതോടെ തന്റെ സ്വന്തം തട്ടകമായ ഹഡോടി മേഖലയില്‍ ശക്തമായ പ്രതിരോധം തീര്‍ത്തിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യാത്ര തന്റെ തട്ടകത്തിലെത്തിയപ്പോള്‍ വസുന്ധര രാജെ സിന്ധ്യ വിട്ടുനിന്നതോടെ ആവേശം ചോര്‍ന്നൊരു നനഞ്ഞ പടക്കമായി മാറിയിരുന്നു ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര. പിന്നാലെ വസുന്ധരയെ അനുനയിപ്പിക്കാന്‍ പാര്‍ട്ടി ഇറങ്ങുകയും ചെയ്തു.

എന്തായാലും വസുന്ധര നാലുവട്ടം ജയിച്ചുകയറി ജാല്‍രപകാന്‍ സീറ്റ് തന്നെ അവര്‍ക്ക് നല്‍കി പിണങ്ങി നില്‍ക്കുന്ന അനുയായികളെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഇപ്പുറത്തും കാര്യങ്ങള്‍ അത്ര രസത്തിലല്ലെങ്കിലും സംഘടനാപരമായി പ്രശ്‌നം ലഘൂകരിച്ച് തിരഞ്ഞെടുപ്പിലേക്ക് ഇറങ്ങാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രിയാവുകയും പിന്നീട് സ്ഥാനം ഉപേക്ഷിക്കുകയും ചെയ്ത സച്ചിന്‍ പൈലറ്റും തമ്മിലുള്ള പ്രശ്‌നം കോണ്‍ഗ്രസ് ഭരണത്തില്‍ നിരന്തരം മുഴച്ചുനിന്നിരുന്നു.

200 സീറ്റുകളുള്ള രാജസ്ഥാനില്‍ പല മേഖലകളിലും നേതാക്കളെ പിന്താങ്ങിയാണ് ജനങ്ങളുടെ വോട്ടിംഗ് പാറ്റേണ്‍, അതിനാല്‍ വസുന്ധര പിണങ്ങി നില്‍ക്കുന്നത് ബിജെപിയേയും സച്ചിന്‍ പൈലറ്റ് വലിയ ആവേശം കാണിക്കാത്തത് കോണ്‍ഗ്രസിനും തിരിച്ചടിയാവും. രാജസ്ഥാനിലെ ഗുര്‍ജര്‍- മീനാ മേഖലയില്‍ 24 നിയമസഭാ സീറ്റുകളാണുള്ളത്. 2018 സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ ഈ മേഖല കോണ്‍ഗ്രസിനൊപ്പം ഉറച്ചുനിന്നിരുന്നു. ഗുജ്ജാര്‍ വിഭാഗത്തില്‍പ്പെട്ട സച്ചിന്‍ പൈലറ്റ് കഴിഞ്ഞ 5 വര്‍ഷക്കാലം അരികുവല്‍ക്കരിക്കപ്പെട്ടത് ഈ മേഖലയില്‍ വലിയ അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. ഗുജ്ജാര്‍ വിഭാഗം ബിജെപിയെ തുണച്ചാല്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാകും.

ഇനി കിഴക്കന്‍ രാജസ്ഥാനിലെ കുടിവെള്ള പ്രശ്‌നം ഉയര്‍ത്തിക്കാട്ടി 13 ജില്ലകളില്‍ മേധാവിത്വത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിലാണ് ഈ കുടിവെള്ള പ്രശ്‌നം പരിഹാരമാകാതെ കിടക്കുന്നത്. മോദി സര്‍ക്കാരിനെതിരെ ഈ മേഖലയിലെ ജനവികാരം എതിരാകാന്‍ ഈ വിഷയത്തെ കൂട്ടുപിടിച്ചാണ് കോണ്‍ഗ്രസ് പ്രചരണം. ബിജെപിയാകട്ടെ കോണ്‍ഗ്രസിനുള്ളിലെ ഗെഹ്ലോട്ട്- പൈലറ്റ് പോര് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്ന് ഉയര്‍ത്തിക്കാട്ടിയാണ് മറുപ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. സര്‍ക്കാരിനുള്ളില്‍ രണ്ട് വിഭാഗം ഉണ്ടാവുന്നത് പദ്ധതികളിലടക്കം പ്രകടമാണെന്നും മികച്ച ഭരണം തമ്മില്‍തല്ല് മൂലം ഉണ്ടാവുന്നില്ലെന്നും ബിജെപി സമര്‍ത്ഥിക്കുന്നു. രാജസ്ഥാനിലെ ക്രമസമാധാന നില താറുമാറാണെന്ന് ബിജെപി ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും ഗെഹ്ലോട്ട് സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ഇല്ലാത്തത് ബിജെപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

ഒബിസി വിഭാഗത്തില്‍പ്പെട്ട ജാട്ടുകള്‍ ഗെഹ്ലോട്ട് ഭരണത്തില്‍ അതൃപ്തരാണെന്നതും രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ വലയ്ക്കുന്നുണ്ട്. ഈ ജാട്ട് മേഖലയില്‍ ബനുമാന്‍ ബെനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി കണ്ണുവെയ്ക്കുന്നതും കോണ്‍ഗ്രസു വോട്ടുകളില്‍ വിള്ളലുണ്ടാക്കും. ഭാരതീയ ആദിവാസി പാര്‍ട്ടി എന്ന പുതിയ ഗോത്രവിഭാഗം പാര്‍ട്ടി രൂപീകൃതമായതും കോണ്‍ഗ്രസിന് വെല്ലുവിളിയാണ്, പഴയ ഭാരതീയ ട്രൈബല്‍ പാര്‍ട്ടി 2018ല്‍ രണ്ട് സീറ്റാണ് പിടിച്ചത്. ഒപ്പം മായാവതിയുടെ ബിഎസ്പി കൂടി ദളിത് മേഖലയില്‍ വോട്ട് പിടിക്കുന്നതും കോണ്‍ഗ്രസിനേയും ബിജെപിയേയും വലയ്ക്കും.

Read more

എന്തായാലും കോണ്‍ഗ്രസും ബിജെപിയും പരസ്പരം പോരടിക്കുന്നതിനപ്പുറത്തേക്ക് സ്വന്തം പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ ഒതുക്കാനും പുറത്തറിയാതെ അനുരഞ്ജനത്തിലാണെന്ന് വോട്ടര്‍മാരില്‍ തോന്നലുണ്ടാക്കാനും ശ്രമിക്കുന്നതാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് കാഴ്ചകളില്‍ പ്രധാനം.