നാലാമങ്കത്തിന് കേരളത്തിന്റെ വിശ്വ പൗരന്‍, തന്റെ തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിന് ബിജെപിയുടെ കേന്ദ്രമന്ത്രി, മണ്ഡലം തിരിച്ചുപിടിയ്ക്കാന്‍ സിപിഐയുടെ പരിചയ സമ്പത്തിന്റെ ജനകീയ മുഖം. ആകെ മൊത്തം കേരളത്തിന്റെ തലസ്ഥാന നഗരം തീ പാറുന്ന ത്രികോണ പോരാട്ടത്തിലാണ്. കേന്ദ്രമന്ത്രിയെ ഇറക്കി പോരാട്ടത്തിന് ബിജെപി കളമൊരുക്കുന്നത് മിഷന്‍ 400 പ്രഖ്യാപനത്തില്‍ കേരളത്തിന്റെ വിഹിതം കൂടി ഒപ്പിക്കണമെന്ന ആശയുടെ പുറത്താണ്. ഒരിക്കല്‍ നിയമസഭയില്‍ താമര വിരിയിച്ച നേമം മണ്ഡലം ഉള്‍പ്പെടുന്ന തിരുവനന്തപുരത്ത് ബിജെപി പോരാട്ടം കനപ്പിച്ചത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം കിട്ടിയതിന്റെ പകിട്ടില്‍ കൂടിയാണ്. മലയാളിയായ കേന്ദ്രമന്ത്രി ഇമേജില്‍ ഏഷ്യാനെറ്റ് മുതലാളിയെ തിരുവനന്തപുരത്തേക്ക് നൂലില്‍ കെട്ടിയിറക്കിയത് വിശ്വ പൗരന്‍ ഇമേജില്‍ നില്‍ക്കുന്ന ശശി തരൂരിനെ വെട്ടാനുള്ള ഉറച്ച ആഗ്രഹത്തിന്റെ പേര്‍ക്കാണ്. കഴിഞ്ഞ കുറി മൂന്നാം സ്ഥാനത്തായ ഇടത് പക്ഷം സിപിഐയുടെ പന്ന്യന്‍ രവീന്ദ്രനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത് കഴിഞ്ഞ കുറി സി ദിവാകരനിലൂടെ മൂന്നാം സ്ഥാനത്തായി പോയതിന്റെ നാണക്കേട് തീര്‍ക്കാന്‍ കൂടിയാണ്. നരേന്ദ്ര മോദി വരെ ഇറങ്ങിയ പ്രചാരണത്തിന്റെ ചൂടില്‍ നില്‍ക്കുന്ന തിരുവനന്തപുരത്തെ കേരളത്തിലെ മറ്റേതൊരു മണ്ഡലങ്ങളേക്കാളപ്പുറം ത്രികോണ മല്‍സരം നടക്കുന്ന മണ്ഡലമെന്ന് ഉറപ്പിച്ചു പറയാം.
തെക്ക് കണ്ണുവെയ്ക്കുന്ന ബിജെപിയ്ക്ക് കേരളത്തില്‍ പ്രതീക്ഷയോടെ ഉറ്റുനോക്കന്ന ലോക്‌സഭാ മണ്ഡലമാണ് തിരുവനന്തപുരം. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ നഗരവും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുന്ന മണ്ഡലം ഏഴ് നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് വ്യാപിച്ചു കിടക്കുന്നത്. തിരുവനന്തപുരം, നേമം, കഴക്കൂട്ടം, വെഞ്ഞാറമൂട്, പാറശാല, കോവളം, നെയ്യാറ്റിന്‍കര നിയമസഭാ മണ്ഡലങ്ങളാണ് ലോക്‌സഭാ മണ്ഡലത്തിന്റെ ഉള്ളിലുള്ളത്. ശശി തരൂര്‍ തിരുവനന്തപുരത്തേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇറങ്ങിയതില്‍ പിന്നെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കേരളത്തിന്റെ വിശ്വപൗരന്‍ ഇമേജില്‍ തങ്ങള്‍ക്ക് വേണ്ടി ലോക്‌സഭയില്‍ എന്നല്ല എവിടേയും ശബ്ദിക്കാന്‍ ഇത്രയും പ്രഗത്ഭനായ നിരവധി ഭാഷാ പ്രാവീണ്യമുള്ള ഇംഗ്ലീഷുകാരേക്കാള്‍ നന്നായി ഇംഗ്ലീഷ് സംസാരിക്കുകയും കടിച്ചാല്‍ പൊട്ടാത്ത വാക്യങ്ങള്‍ പ്രയോഗിക്കുകയും ചെയ്യുന്ന വ്യക്തി എംപിയായി ഉണ്ടെന്നുള്ള മലയാളികളുടെ സ്ഥിരം ഗര്‍വ് ഭാവം കൂടിയാണ് തിരുവനന്തപുരത്തുകാര്‍ തരൂരിന് പിന്നില്‍ അണിനിരക്കുന്നതിന്റെ പ്രധാന കാര്യങ്ങളില്‍ ഒന്ന്. രാഷ്ട്രീയത്തിനപ്പുറം തരൂരിന് തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിലെവിടേയും ഒരു വോട്ട് ബാങ്കിനുള്ള വകയുമുണ്ട്. ഏതു മണ്ഡലത്തില്‍ നിര്‍ത്തിയാലും ജയിക്കുന്ന സ്ഥാനാര്‍ഥിയാണു ശശി തരൂര്‍ എന്നു യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞതിന്റെ പിന്നിലും മലയാളികളുടെ പൊതുബോധത്തിന്റെ ലാഞ്ഛനയുണ്ട്.
ഇത് മനസിലാക്കി കൂടിയാണ് എന്‍ഡിഎ തങ്ങളുടെ സ്ഥാനാര്‍ത്ഥിയാക്കി രാജീവ് ചന്ദ്രശേഖരനെ ഇറക്കിയത്. ഇംഗ്ലീഷ് പറയുന്ന മലയാളി തന്നെ തരൂരിനെ പ്രതിരോധിക്കാന്‍ ഇറങ്ങട്ടെയെന്ന അപ്പര്‍ മിഡില്‍ ക്ലാസ് ബോധ്യവും ബിജെപി സ്ഥാനാര്‍ത്ഥിത്വത്തിലുണ്ട്. എയിംസ് കേരളത്തില്‍ തിരുവനന്തപുരത്ത് കൊണ്ടുവരുമെന്നതടക്കം വമ്പന്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളും രാജീവ് ചന്ദ്രശേഖരന്റെ പ്രചാരണത്തിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സര്‍ക്കാരിന് എന്തും ചെയ്ത് നാടിന്റെ മുഖം മാറ്റാനാ
സിപിഐ ആകട്ടെ കഴിഞ്ഞ കുറി സി ദിവാകരന്‍ സ്ഥാനാര്‍ത്ഥിയായിട്ടും ശശി തരൂരിനും കുമ്മനം രാജശേഖരനും ശേഷം മൂന്നാമതെത്തിയതിന്റെ ക്ഷീണം തീര്‍ക്കാനാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇനിയില്ലെന്ന് പറഞ്ഞ പന്ന്യനെ നിര്‍ബന്ധിപ്പിച്ച് അനുനയിപ്പിച്ച് കളത്തിലിറക്കിയത്. പ്രചാരണം മുന്നോട്ട് നീങ്ങുമ്പോള്‍ മുമ്പൊരിക്കല്‍ തിരുവനന്തപുരം തിരഞ്ഞെടുത്ത പന്ന്യനെന്ന ജനപ്രീയ മുഖത്തിലൂടെ തിരിച്ചുവരവിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്റെ ചരിത്രം കേരള രൂപീകരണത്തിന് മുമ്പ് തുടങ്ങുന്നതാണ്. മലയാള നാടിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ആനി മസ്‌ക്രീനാണ് 1952ല്‍ തിരുവനന്തപുരത്ത് നിന്ന് ആദ്യമായി പാര്‍ലമെന്റിലെത്തിയത്. കേരളത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ ആദ്യ വനിതയാണ് ആനി മസ്‌ക്രീന്‍. പിന്നീട് സംസ്ഥാന രൂപീകരണത്തിന് ശേഷം സ്വതന്ത്രനായി മല്‍സരിച്ച ഈശ്വര അയ്യര്‍ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലെത്തി. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പി വിശ്വംഭരനും സ്വതന്ത്രനായി നയതന്ത്രജ്ഞനായ വികെ കൃഷ്ണമേനോനും തിരുവനന്തപുരത്ത് ജയിച്ചുകയറിയിട്ടുണ്ട്. പിന്നീടങ്ങോട്ട് സിപിഐയും കോണ്‍ഗ്രസും മണ്ഡലത്തില്‍ മാറി മാറി വന്നെങ്കിലും പലപ്പോഴും കോണ്‍ഗ്രസിന് തുടര്‍ച്ച കിട്ടിയിരുന്നു. വികെ കൃഷ്ണമേനോന് ശേഷം സിപിഐയുടെ അനിഷേധ്യ നേതാവ് എംഎന്‍ എന്ന എംഎന്‍ ഗോവിന്ദന്‍ നായരാണ് 1977ല്‍ മണ്ഡലം സിപിഐയ്ക്കായി ആദ്യം നേടിയത്. പിന്നീട് 80ല്‍ കോണ്‍ഗ്രസിനായി നിലലോഹിതദാസന്‍ നാടാരും 84 മുതല്‍ 91 വരെ എ ചാള്‍സും മണ്ഡലം കോണ്‍ഗ്രസിന്റെ കയ്യില്‍ തന്നെ നിലനിര്‍ത്തി. പിന്നീട് സിപിഐയുടെ കെ വി സുരേന്ദ്രനാഥും 98ല്‍ കെ കരുണാകരനും മണ്ഡലം അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചെടുത്തു. 1999ല്‍ വി എസ് ശിവകുമാര്‍ കോണ്‍ഗ്രസ് എംപിയായി. 2004 പികെ വാസുദേവന്‍ നായരാണ് സിപിഐയ്ക്ക് വേണ്ടി മണ്ഡലം പിടിച്ചെടുത്തതെങ്കിലും 2005ല്‍ അദ്ദേഹത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ മണ്ഡലം പാര്‍ട്ടിക്കായി കാത്തു. 2009 മുതല്‍ ഇങ്ങോട്ട് തിരുവനന്തപുരത്തിന് പറയാന്‍ ശശി തരൂര്‍ എന്ന ഒറ്റ പേരാണുണ്ടായത്. കന്നിയങ്കത്തിനിറങ്ങിയത് മുതല്‍ മൂന്ന് വട്ടം തുടര്‍ച്ചയായി കോണ്‍ഗ്രസിനായി തരൂര്‍ മണ്ഡലം കാത്തു.
രാജ്യം വിട്ടുപോയി പഠിച്ചു വലിയ അക്കാദമിക് നിലവാരത്തോടേയും വമ്പന്‍ സ്ഥാനമാനങ്ങള്‍ വഹിച്ചും എത്തുന്നവരോടുമുള്ള തിരുവനന്തപുരത്തിന്റെ ഭ്രമം വികെ കൃഷ്ണമേനോനിലൂടെ തന്നെ തുടങ്ങിയെന്ന് പറയാം. അതിന്റെ പിന്തുടര്‍ച്ചയായാണ്് തരൂരിന്റെ വിജയങ്ങളും. 2009ല്‍ മണ്ഡലത്തില്‍ 44.29 ശതമാനം വോട്ട് ഷെയര്‍ നേടിയാണ് തരൂരിന്റെ വിജയം, 2014 ഇത് 34.09 ശതമാനമായി കുറഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടും മണ്ഡലം പിടിച്ചു കൊണ്ടിരുന്ന സിപിഐ- കോണ്‍ഗ്രസ് മല്‍സരങ്ങളിലേക്ക് ബിജെപിയുടെ ശക്തമായ വരവ് ഈ കാലത്താണ്. രണ്ടാം സ്ഥാനത്തേക്ക് ഒ രാജഗോപാലിലൂടെ ബിജെപിയെത്തിയപ്പോള്‍ സിപിഐ മൂന്നാം സ്ഥാനത്തായി തിരുവനന്തപുരത്ത്. 2019ല്‍ തരൂരിന്റെ വോട്ട് ശതമാനം 41.19ലേക്ക് കുതിച്ചു. പക്ഷേ കുമ്മനം രാജശേഖരനിലൂടെ ബിജെപി രണ്ടാം സ്ഥാനത്തേക്ക് തുടര്‍ന്നപ്പോള്‍ സിപിഐ മൂന്നാം സ്ഥാനത്തേക്ക് വീണ്ടും പിന്തള്ളപ്പെട്ടു.
ത്രികോണ മല്‍സരമെന്ന് പറയുമ്പോഴും ബിജെപി തിരുവനന്തപുരത്ത് കണ്ണുവെയ്ക്കുന്നത് കോണ്‍ഗ്രസിനെ അട്ടിമറിച്ച് ഒന്നാമതെത്താമെന്ന ലക്ഷ്യമാണ്. പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിക്കപ്പുറമുള്ള തരൂരിന്റെ ജനപ്രീതിയാണ് ബിജെപിയേയും സിപിഐയേയും വലയ്ക്കുന്നത്. ബിജെപിയാകട്ടെ നാള്‍ക്ക് നാള്‍ മെച്ചപ്പെടുകയാണെന്നത് അവരുടെ വോട്ട് ഷെയറില്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാണുന്നുണ്ടെങ്കിലും അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വോട്ടുകളുടെ കൊഴിഞ്ഞുപോക്ക് പാര്‍ട്ടി സംവിധാനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
ശശി തരൂരിന്റെ വോട്ടുകള്‍ കന്നിയങ്കത്തില്‍ കിട്ടിയത് പോലെ 2019ലും വീണുവെന്നത് കോണ്‍ഗ്രസിന് പ്രതീക്ഷയാണ്. കാരണം 15 കൊല്ലം എംപി എന്ത് വികസനം നടത്തിയെന്ന ചോദ്യത്തിന് ഹാട്രിക് നേടിയ തരൂരിന്റെ ഭൂരിപക്ഷത്തിന്റെ കണക്ക് വെച്ച് കോണ്‍ഗ്രസിന് തിരിച്ചടിയ്ക്കാം. 2009ല്‍ തന്റെ കന്നിയങ്കത്തില്‍ ഒരു ലക്ഷത്തിന് രണ്ട് വോട്ട് കുറവെന്നതായിരുന്നു തരൂരിന്റെ ഭൂരിപക്ഷം. 2014ല്‍ രാജ്യമെമ്പാടും അലയടിച്ച മോദി തരംഗത്തില്‍ തിരുവനന്തപുരവും ഇളകിയിരുന്നു. ഒ രാജഗോപാല്‍ എതിരാളിയായ ആ പൊതുതിരഞ്ഞെടുപ്പില്‍ 15,470 എന്നതായി കുറഞ്ഞു തരൂരിന്റെ ഭൂരിപക്ഷം. ഇനിയൊരങ്കത്തില്‍ തിരുവനന്തപുരം തരൂരിനെ കൈവിടുമെന്ന് പ്രവചിച്ചവര്‍ക്ക് മുന്നില്‍ തുടക്കത്തിലേ പോലുള്ള ഭൂരിപക്ഷവുമായി 2019ല്‍ തരൂര്‍ ഹാട്രിക് നേടുകയായിരുന്നു. ഒരു ലക്ഷത്തിന് 11 വോട്ടുകളുടെ മാത്രം കുറവിലാണ് രണ്ടാമതെത്തിയ കുമ്മനത്തെ തരൂര്‍ വീഴ്ത്തിയത്.
Read more
തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഒരാഴ്ചയാകുമ്പോള്‍ പ്രചരണ ചൂടില്‍ തിരുവനന്തപുരവും ഉരുകകയാണ്. തരൂര്‍ നാലാമങ്കത്തിലും പൂട്ടി ഉറപ്പിക്കുമോ അനന്തപുരിയുടെ നിലവറ താക്കോല്‍?അതോ പന്ന്യന്റെ ജനപ്രീയത ഇടത് പക്ഷത്തിന്റെ ചെങ്കനലാകുമോ ഇപ്പോഴും രാജപ്രൗഢി മാറാത്ത തലസ്ഥാന വീഥികളില്‍. അതോ കേരളത്തിന്റെ ചരിത്രത്തിലൊപു താമര പൂക്കാന്‍ ഇടയാക്കിയ തിരുവനന്തപുരം ജില്ല പാര്‍ലമെന്റിലും താമര വിരിയിക്കാന്‍ കാരണമാകുമോ?