ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഹിന്ദി ഹൃദയഭൂമി എന്നൊക്കെ വിളിപ്പേരുള്ള യുപി, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകാന്‍ കാരണം 80 സീറ്റെന്ന സംഖ്യയാണ്. 543ല്‍ 80ഉം ഒരൊറ്റ സംസ്ഥാനത്തിന്റെ പള്‍സില്‍ നിന്ന്. അതിനാല്‍ തന്നെ ഉത്തര്‍പ്രദേശ് പിടിക്കുന്നവര്‍ക്ക് ഇന്ത്യ ഭരിക്കാനാകുമെന്നൊരു ചൊല്ലുപോലുമുണ്ട്. ആ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ട് നീണ്ട ആധിപത്യം ഉണ്ട് ബിജെപിക്ക്. 2014 നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചതില്‍ യുപിയുടെ പങ്ക് വളരെ വലുതായിരുന്നു. അയോധ്യ രാമക്ഷേത്രം ഉയര്‍ത്തി ബിജെപി നടത്തിയ പ്രചാരണത്തില്‍ പ്രാദേശിക പാര്‍ട്ടികളെ തച്ചുടച്ച് ഉത്തര്‍പ്രദേശില്‍ ബിജെപി അപ്രമാദിത്വം തുടങ്ങി. ലോകസഭാ സീറ്റുകളില്‍ 80ല്‍ 71 ഉം ബിജെപിയ്ക്കായി യുപി നല്‍കി.
ഉത്തര്‍പ്രദേശിലെ കാവിവല്‍ക്കരണത്തില്‍ സംസ്ഥാനത്ത് ഇല്ലാതായത് കോണ്‍ഗ്രസാണ്. 85 സീറ്റില്‍ 83ഉം പിടിച്ച് ഒരു കാലത്ത് ഉത്തര്‍പ്രദേശിനെ കൈവെള്ളയില്‍ വെച്ച കോണ്‍ഗ്രസിന് ഇന്ന് സോണിയ ഗാന്ധിയുടെ റായ് ബറേലി മാത്രമാണ് പേരിനുള്ളത്. ഇന്ദിര ഗാന്ധിയുടെ വധത്തിന് പിന്നാലെ നടന്ന 1984ലെ തിരഞ്ഞെടുപ്പിലാണ് 85 സീറ്റില്‍ 83ഉം കോണ്‍ഗ്രസ് പിടിച്ചെടുത്തത്. പക്ഷേ അതിന് പിന്നീട് അദ്വാനിയുടെ രാം രഥ് യാത്രയും ബിജെപി ഉയര്‍ത്തിയ റിസര്‍വേഷന്‍ ബില്ലിനെതിരായ മണ്ഡല്‍- മന്ദിര്‍ രാഷ്ട്രീയവും കൊണ്ട് പിന്നീട് ഇങ്ങോട്ട് നിലം തൊട്ടിട്ടില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍..
പൊതുതിരഞ്ഞെടുപ്പില്‍ 84 കിട്ടിയ വിജയവും സംസ്ഥാന തിരഞ്ഞെടുപ്പില്‍ 1985ല്‍ കിട്ടിയ 425 സീറ്റില്‍ 269 സീറ്റ് വിജയവും കൊണ്ട് യുപിയിലെ കോണ്‍ഗ്രസ് വളര്‍ച്ച മുരടിച്ചു. 2019ല്‍ നെഹ്‌റു കുടുംബത്തിന്റെ കുത്തക സീറ്റായിരുന്ന അമേഠി പോലും കയ്യില്‍ നിന്ന് പോയി, 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടേ രണ്ട് സീറ്റാണ് ഹിന്ദി ഹൃദയഭൂമി രാജ്യത്തിന്റെ മുത്തശ്ശി പാര്‍ട്ടിക്ക് നല്‍കിയത്.
എസ്പിയും ബിഎസ്പിയുമെല്ലാം കോണ്‍ഗ്രസ് വോട്ടുകള്‍ പിടിച്ചെടുത്ത് ഒരു കാലഘട്ടത്തില്‍ തഴച്ചു വളര്‍ന്നെങ്കിലും ബിജെപിയുടെ കാവി പ്രഭയില്‍ 2014ലും 19ലും പൊതു തിരഞ്ഞെടുപ്പില്‍ നിഷ്പ്രഭമായി. 80ല്‍ 71 സീറ്റ് 2019ല്‍ പിടിച്ച ബിജെപി 2019ല്‍ 64 സീറ്റ് പിടിച്ചു യുപിയില്‍. 90ലെ എല്‍കെ അദ്വാനിയുടെ രാം രഥ് യാത്രയും പിന്നീട് നടന്ന ബാബ്‌റി മസ്ജിദ് തകര്‍ക്കലുമാണ് ആര്‍എസ്എസിന്റേയും ബിജെപിയുടേയും കയ്യില്‍ യുപിയെ കൊണ്ടിരുത്തിയത്. അന്ന് ഗുജറാത്തില്‍ അദ്വാനിയുടെ രഥയാത്രയ്ക്ക് സഹായിയായ 40കാരന്‍ നരേന്ദ്ര മോദിയാണ് 2014ല്‍ പൊതു തിരഞ്ഞെടുപ്പില്‍ അടപടലം യുപിയെ ബിജെപി രഥത്തിലാക്കിയത്.
90ലെ ആ രഥയാത്രയ്ക്ക് പിന്നാലെ 91 മുതല്‍ നിയമസഭകളില്‍ യുപി കാവിപാര്‍ട്ടിക്ക് താമരവിജയം നല്‍കി. കല്യാണ്‍ സിങ് 91ല്‍ ബിജെപി മുഖ്യമന്ത്രിയായതിന് പിന്നാലെ 92ല്‍ ബാബ്‌റി മസ്ജിദ് കര്‍സേവകരാല്‍ തകര്‍ന്നുവീണു. സെക്കുലിറസത്തെ രക്ഷിക്കാന്‍ ഒന്നിച്ച് നിന്നൊരു തിരഞ്ഞെടുപ്പ് 93ല്‍ യുപി കണ്ടു. എസ്പിയുടെ മുലായവും ബിഎസ്പിയുടെ കാന്‍ഷി റാമും ബിജെപിയെ ഒന്നിച്ചിറങ്ങി ഒരു സെക്കുലര്‍ ഇന്ത്യക്കായി നേരിട്ടു. ഏറ്റവും വലിയ ഒറ്റ കക്ഷിയാകാന്‍ ബിജെപിക്ക് കഴിഞ്ഞെങ്കിലും എസ്പി- ബിഎസ്പി സഖ്യത്തിന് കോണ്‍ഗ്രസിന്റേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടേയും പിന്തുണ കിട്ടിയതോടെ ബിജെപിയെ തള്ളി ഉത്തര്‍പ്രദേശ് സംസ്ഥാനം ഭരിക്കാനായി.
പക്ഷേ പിന്നീടിങ്ങോട്ട് രാഷ്ട്രീയ അസ്ഥിരതകളുടെ പല സഖ്യം ഉത്തര്‍പ്രദേശ് നിയമസഭയില്‍ ഉണ്ടായെങ്കിലും കോണ്‍ഗ്രസിന്റെ വളര്‍ച്ച കീഴോട്ടായിരുന്നു. 96ല്‍ യുപി ഭരണം കിട്ടിയതിന് ശേഷം ബിജെപിയ്ക്ക് 2002 തിരഞ്ഞെടുപ്പ് മുതല്‍ 100ന് മുകളില്‍ സീറ്റ് കിട്ടിയിരുന്നില്ലെന്നതും യുപിയുടെ മാറിയ മനസിന്റെ നേര്‍ക്കാഴ്ചയായിരുന്നു. 2002ല്‍ 403 നിയമസഭ സീറ്റില്‍ 88ഉം, 2007ല്‍ 51ഉം 2012ല്‍ 47ഉം ആയിരുന്നു ബിജെപിയുടെ സീറ്റ് നില.
എന്നാല്‍ 90കളില്‍ അദ്വാനിയുടെ കാവിരഥത്തിന്റെ സൈഡ് അലങ്കരിച്ചിരുന്ന നരേന്ദ്ര മോദി 2014 ഇന്ത്യയുടെ പ്രധാനമന്ത്രിയായ ശേഷം ഉത്തര്‍പ്രദേശില്‍ ആ കാവിരഥത്തിന്റെ ചക്രം ഒന്നൂടി ആഴ്ന്നിറങ്ങി. യുപിയിലെ മണ്ണില്‍ 403ല്‍ 312 എന്ന മൃഗീയ ഭൂരിപക്ഷത്തില്‍ 2017ലെ മോദി തരംഗത്തില്‍ ബിജെപി ഭരണം തിരിച്ചു പിടിച്ചു. 2022ല്‍ യോഗി ആദിത്യനാഥ് എന്ന ബിജെപി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ബിജെപി അധികാരത്തില്‍. സീറ്റ് 255 ആയി കുറഞ്ഞു.
ഇന്ന് ഉത്തര്‍പ്രദേശില്‍ ഒന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസ് പെടാപ്പാട് പെടുമ്പോള്‍ രാമക്ഷേത്രവും സനാതനവും പറഞ്ഞ് ബിജെപി 2024 കൂടി പിടിക്കാനുള്ള ശ്രമത്തിലാണ്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിച്ച് നിന്ന് ബിജെപിയെ നേരിടാന്‍ ഇന്ത്യ സഖ്യമായി ഒരുമിച്ച് ഇറങ്ങുമ്പോള്‍ 1993ലെ മുലായം – കാന്‍ഷി റാം സഖ്യത്തിന്റെ സെക്കുലര്‍ ഇന്ത്യ പ്രതീക്ഷയാണ് ഉത്തര്‍പ്രദേശിലുമുള്ളത്. ഇന്ത്യ സഖ്യത്തിന് പ്രതീക്ഷ നല്‍കി ഈ മാസാദ്യം നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുപിയിലെ ഖോസിയില്‍ ഇന്ത്യ മുന്നണിയുടെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുധാകര്‍ സിങ് ബിജെപിയെ 42,000ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചത് മുന്നണിയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അപ്പോഴും അങ്കത്തിന് ഒരു മുഴം മുമ്പേ എറിഞ്ഞ് ബിജെപി അങ്കത്തട്ട് ഒരുക്കുകയാണ്.
ഉത്തര്‍പ്രദേശില്‍ അടിത്തട്ടിലെ പാര്‍ട്ടി പ്രവര്‍ത്തനം കരുത്താക്കാന്‍ 71% ജില്ലാ പ്രസിഡന്റുമാരേയും മാറ്റി പുതിയ ആളെ നിയമിച്ച് ബിജെപി തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. സമാജ് വാദി പാര്‍ട്ടിയുടേയും ആര്‍എല്‍ഡിയുടേയും ബെല്‍റ്റായ പശ്ചിമ യുപിയിലാണ് ബിജെപി ഇക്കുറി തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2019ല്‍ പടിഞ്ഞാറന്‍ യുപിയില്‍ തങ്ങളുടെ സീറ്റ് കുറഞ്ഞതിലെ പാര്‍ട്ടി തലപ്പത്തെ അമര്‍ഷം ബിജെപി പ്രവര്‍ത്തകരും നേതാക്കളും നേരിട്ടതാണ്. ഇവിടെ കൂടുതല്‍ മാറ്റത്തിനാണ് താഴേത്തട്ടിലുള്ള നേതാക്കളെ മാറ്റിയുള്ള ബിജെപിയുടെ പരീക്ഷണം.
Read more
98 പുതിയ പ്രസിഡന്റുമാരേ ജില്ലാതലത്തില്‍ നിയമിച്ച് വെള്ളിയാഴ്ചയാണ് ബിജെപി പട്ടിക വന്നത്. 2014ല്‍ പശ്ചിമ യുപി ബെല്‍റ്റിലെ 14 ലോക്‌സഭാ മണ്ഡലങ്ങളില്‍ 14ലും ജയിച്ച ബിജെപിക്ക് 2019ല്‍ എസ്പിയും ബിഎസ്പിയും ആര്‍എല്‍ഡിയും ഒന്നിച്ച് അണിനിന്നപ്പോള്‍ 14ല്‍ 7 സീറ്റ് നഷ്ടമായിരുന്നു. ഈ ഒന്നിച്ചു നില്‍പ്പിനെ ഭയന്നാണ് ബിജെപി ഇന്ത്യ മുന്നണിക്കെതിരെ ശക്തമായ ആക്രമണം രാഷ്ട്രീയമായും അല്ലാതെ ഭരണസംവിധാനങ്ങള്‍ ഉപയോഗിച്ചും പുറത്തെടുക്കുന്നത്. ബിഎസ്പി ഇന്ത്യ സഖ്യത്തിനൊപ്പം ഇല്ലെങ്കിലും മറ്റെല്ലാരും ഒന്നിച്ച് യുപിയില്‍ ഇറങ്ങുന്നത് വോട്ട് ഷെയര്‍ കണക്കില്‍ കഷ്ടിച്ച് കടന്നു കൂടിയ ഇടങ്ങളില്‍ തിരിച്ചടിക്കുമെന്ന് ബിജെപിക്ക് പേടിയുണ്ട്. നിലവിലെ എംപിമാരില്‍ പലരേയും വീണ്ടും ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇറക്കിയാല്‍ യുപി കൈമോശം വരുമെന്ന പേടി പോലും ബിജെപിയ്ക്കുണ്ട്. അതിനാല്‍ നാലില്‍ ഒന്ന് സിറ്റിങ് എംപിമാരെ ഒഴിവാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരിടാനാണ് ബിജെപി ആലോചിക്കുന്നത്. ഒപ്പം വീണ്ടും അയോധ്യ രാമക്ഷേത്രവും ജയ് ശ്രീറാം വിളികളുമായി ഉത്തര്‍പ്രദേശിനെ വീണ്ടും കാവി പുതപ്പിക്കാനായി ധ്രുവീകരണ തന്ത്രങ്ങള്‍ ഒന്നുകൂടി പയറ്റാന്‍.