പാവങ്ങളുടെ പടത്തലവന്‍, കേരളത്തിന്റെ സമരനായകന്‍ എകെജി

എ കെ ജി എന്ന മൂന്നക്ഷരം കേരളത്തിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ ഏറ്റവും ജനകീയമായ പേരാണ്. പാവങ്ങളുടെ പടത്തലവനെന്നും കേരളത്തിന്റെ സമരനായകനെന്നുമെല്ലാം വിളിക്കപ്പെടുന്ന ആയില്യത്ത് കുറ്റിയാരി ഗോപാലന്‍ നമ്പ്യാര്‍ മലയാള നാട്ടില്‍ ഇടതുപക്ഷ കമ്യൂണിസ്റ്റ് ധാരയ്ക്ക് കൃത്യമായ ദിശ നല്‍കിയ നേതാവാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ചയിലെ അനീതിക്കും അടിമത്തത്തിനുമെതിരെ നാടിനെ ഉണര്‍ത്തി വിപ്ലവ സജ്ജരാക്കി സ്വാതന്ത്ര്യ പോരാട്ടങ്ങളില്‍ കരുത്തു പകര്‍ന്ന എകെജി തീച്ചൂളയില്‍ വെന്തെടുത്ത വിപ്ലവത്തിന്റെ ജ്വലിക്കുന്ന ജ്വാലയാണ്. സമരപോരാട്ടങ്ങളിലെ പടത്തലവന് അധികാര കസേരയോട് യാതൊരുവിധ മോഹമോ മമതയോ ഉണ്ടായിരുന്നില്ല. തന്റെ ജീവിതം സമരോജ്ജ്വലമായാണ് എല്ലാ കാലഘട്ടത്തിലും എകെജി മുന്നോട്ട് കൊണ്ടുപോയത്. അധികാര കസേരകളിലെ അടിച്ചമര്‍ത്തലിനും മാടമ്പി ഭരണങ്ങളിലെ മര്‍ദ്ദന മുറയ്ക്ക് മുന്നില്‍ തളരാതെ കരുത്തുകൊണ്ടും വിപ്ലവ ആവേശം കൊണ്ടും രാജ്യത്തെ തൊഴിലാളി സമരങ്ങളുടെ പോരാട്ട വീഥിയില്‍ ചെങ്കൊടിയേന്തി നയിച്ച എകെജിയ്ക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചെന്താരകത്തിന്റെ ചോരചുവപ്പാണ്. ഒരു തലമുറയെ മാത്രമല്ല വരും തലമുറകളെയെല്ലാം ചെങ്കൊടിയേന്തി അഭിമാനത്തോടെ പോരാട്ട വീഥികളില്‍ സമരസപ്പെടാതെ പോരാടാന്‍ പകര്‍ന്നു നല്‍കിയ വിപ്ലവവീര്യമാണ് എകെജി എന്ന പേര്. രാജ്യത്തിന്റെ ആദ്യ പ്രതിപക്ഷ നേതാവ് കൂടിയായിരുന്നു എകെജി എന്ന ചുരുക്കപ്പേര്.

ചൂഷിത സമൂഹത്തിന്റെ ചൂഷണം ചെയ്യപ്പെടുന്ന ജനവിഭാഗങ്ങളുടെ മോചനത്തിലൂടെ മാത്രമേ യഥാര്‍ത്ഥ രാഷ്ട്രീയ സ്വാതന്ത്ര്യം നേടാനാകൂവെന്ന് കരുതിയ ക്രാന്തദര്‍ശിയായ സ്വാതന്ത്ര്യസമര സേനാനിയാണ് എകെജി. ബ്രിട്ടീഷ് ഭരണകാലത്തെ രാജവാഴ്ചയില്‍ നിന്ന വ്യവസ്ഥാപിതമായ ഓരോ അനീതിയോടും പോരാടാന്‍ എകെജി മടിച്ചുനിന്നില്ല. ജാതിവ്യവസ്ഥയും അയിത്തവുമെല്ലാം ചോദ്യം ചെയ്ത് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളെ സമൂഹത്തിന് മുന്നില്‍ വരച്ചുകാട്ടി എകെജി. ആയില്യത്ത് കുട്ട്യാരി ഗോപാലന്റെ ദീപ്തമായ സമരപോരാട്ട ചരിത്രത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹവും പാലിയം സമരവും കണ്ടോത്ത് സമരവും പട്ടിണി ജാഥയുമെല്ലാം ആ സമരോല്‍സുക ജീവിതത്തിലെ പ്രധാന ഏടുകളാണ്. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ചൂഷണത്തിനെതിരെ പൊരുതലാണ് തന്റെ വഴിയെന്ന് എകെജി എന്നേ തിരിച്ചറിഞ്ഞിരുന്നു.

ഒരു ജന്മി കുടുംബത്തില്‍ ജനിച്ചിട്ടും അതെല്ലാ വിട്ടു സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ന്ന് തന്റെ കൗമാര കാലഘട്ടം തൊട്ടെ പ്രവര്‍ത്തിച്ച് തുടങ്ങുകയായിരുന്നു എകെജി. കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേതാവുമായി തുടങ്ങി പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എത്തിചേര്‍ന്നതായിരുന്നു സമരതീക്ഷ്ണമായ എകെജിയുടെ യൗവ്വനം. തീക്ഷ്ണ സാമ്രാജ്യത്വവിരുദ്ധ സ്വാതന്ത്ര്യ സമരാനുഭവങ്ങളും സാമൂഹ്യനീതിയിലും സമത്വത്തിലുമുള്ള വിശ്വാസവും മൂലം താന്‍ ഉള്‍പ്പെടെയുള്ള ഒരു തലമുറ എങ്ങനെയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്ന് എകെജി തന്റെ ആത്മകഥയായ ‘എന്റെ അഗ്നിപരീക്ഷകളില്‍’ പറഞ്ഞുവെയ്ക്കുന്നുണ്ട്. ഇന്ത്യ പോലൊരു ബ്രിട്ടീഷ് കോളണി രാജ്യത്തെ സാമ്രാജ്യത്വവിരുദ്ധ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ അനുഭവങ്ങളിലൂടെ എങ്ങനെ ഒരു വിപ്ലവകാരി സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമായി വളരുന്നു എന്നതാണ് 1946ല്‍ പുറത്തിറക്കിയ ഈ ആത്മകഥയില്‍ എകെജി പറഞ്ഞുവെയ്ക്കുന്നത്.

ബ്രിട്ടീഷുകാരെ കെട്ടുകെട്ടിക്കാന്‍ അയിത്തവും ജാതിഭ്രഷ്ടും ചൂഷണവും അവസാനിപ്പിച്ച് ജനങ്ങളെ ഒന്നിപ്പിക്കണം എന്ന ആശയധാരയായിരുന്നു എ കെ ജിയ്ക്ക് ഉണ്ടായിരുന്നത്. സമരം തന്നെ ജീവിതമാക്കി മാറ്റിയ സമരനായകനായിരുന്നു എകെജി. ഇന്ത്യന്‍ കോഫി ഹൗസ് ശൃംഖലയടക്കം എകെജിയുടെ പേരിനോട് ചേര്‍ത്ത് കൊത്തിവെയ്ക്കപ്പെട്ട ഒരുപാട് തൊഴിലാളി ജീവിതങ്ങളുണ്ട്. അയിത്തവും തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും മാറ്റിയെടുത്ത സത്യാഗ്രഹ സമരങ്ങളുടെ ചൂരും ചൂടും എകെജിയുടെ ജീവിത സമരങ്ങളുടെ ഭാഗമാണ്. മര്‍ദ്ദിത ജനവിഭാഗത്തിന്റെ വാള്‍ത്തലമായി മലയാള നാട്ടിലൊന്നടങ്കം ഓടിനടന്ന് വിപ്ലവപോരാട്ടങ്ങളുടെ മുന്നില്‍ നിന്ന എകെജിയോളം ജനകീയനായ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ചരിത്രത്തില്‍ തന്നെ വിരളമാണ്. ആ ജീവിതയാത്രയിലേക്ക് നോക്കിയാല്‍ 1904 ഒക്ടോബര്‍ ഒന്നാം തിയതി വടക്കന്‍ കേരളത്തിലെ കണ്ണൂരില്‍ മാവിലായി ഗ്രാമത്തിലെ ആയില്യത്ത് കുറ്റ്യേരി എന്ന ജന്മി തറവാട്ടിലായിരുന്നു എകെജിയുടെ ജനനം. വെള്ളുവക്കണ്ണോത്ത് രൈരുനായരുടേയും ആയില്യത്ത് കുറ്റിയേരി മാധവിയമ്മയുടേയും മകനായി ജനിച്ച ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍ അന്നത്തെ കാലത്തുള്ളതില്‍ വെച്ച് മികച്ച വിദ്യാഭ്യാസം നേടിയാണ് വളര്‍ന്നുവന്നത്. പിതാവിന്റെ ഇംഗ്ലീഷ് വിദ്യാലയത്തിലെ പഠനവും ഗോപാലനെ എത്തിച്ചത് അധ്യാപനത്തിലേക്കായിരുന്നു.

യാഥാസ്ഥിതികത്വത്തിനും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ നിരന്തരമായി പോരാടിയ തന്റെ പിതാവിലൂടെയാണ് ആധുനിക ആശയങ്ങളും ലോകബോധവും തന്നിലേക്കെത്തിയതെന്ന് എകെജി പലപ്പോഴും പറഞ്ഞിരുന്നു. അധ്യാപന കാലത്ത് തന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി എകെജി. വിദേശ വസ്ത്രബഹിഷ്‌കരണവും ഖാദിയുടെ പ്രചരണവുമെല്ലാം ദേശീയ പ്രസ്ഥാനത്തിലേക്ക് എകെ ഗോപാലന്റെ ശ്രദ്ധയാകര്‍ഷിച്ചു. സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായ കെ കേളപ്പന്റെ പയ്യന്നൂരിലേക്കുള്ള ജാഥയും പ്രസംഗവുമാണ് രാഷ്ട്രീയത്തിലേക്ക് എകെജിയെ എത്തിച്ചത്.

രണ്ടു ചിന്താധാരകള്‍ തമ്മില്‍ മനസ്സില്‍ സംഘട്ടനം ആരംഭിച്ചതിനാല്‍ അന്നു രാത്രി എനിക്കുറങ്ങാന്‍ സാധിച്ചില്ല.

കേളപ്പന്റെ പ്രസംഗമുണ്ടാക്കിയ ആത്മസംഘര്‍ഷം എകെജി ഈ വാക്കുകളിലാണ് എഴുതി ചേര്‍ത്തത്. പക്ഷേ ഒരു നാടുവാഴി കുടുംബത്തില്‍ ജനിച്ചതിന്റെ ചങ്ങലകെട്ടുകളും കെട്ടുപാടും എകെജിയെ ആദ്യ കാലഘട്ടങ്ങളില്‍ ചുറ്റിച്ചിരുന്നു. അധ്യാപന ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അച്ഛന്റെ കടുംപിടുത്തത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടി വന്നു. പൗരബോധമുള്ള വിദ്യാര്‍ത്ഥി സമൂഹത്തെയുണ്ടാക്കാന്‍ അദ്ദേഹം പ്രയത്‌നിച്ചു. 1924ലെ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിട്ടും കുടുംബത്തിന്റെ എതിര്‍പ്പില്‍ അദ്ദേഹത്തിന് ആ ശ്രമം വേണ്ടെന്ന് വെയ്‌ക്കേണ്ടി വന്നു. രാജ്യം സ്വാതന്ത്ര്യപോരാട്ടത്തില്‍ എരിയുമ്പോള്‍ ഗാന്ധിജിയുടെ ആദര്‍ശം ഉള്‍ക്കൊണ്ട് 1927ല്‍ എകെജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെ കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂരിലേക്ക് നടന്ന 1930ലെ ദണ്ഡിയാത്ര എകെജിയുടെ ക്ഷുഭിത യൗവ്വനത്തെ തീഷ്ണമാക്കി. ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ അദ്ദേഹം ഇറങ്ങി. ഇക്കുറി വീട്ടിലെ പിന്‍വിളികള്‍ അദ്ദേഹത്തെ അലട്ടിയില്ല, ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുത്ത് തടവിലാക്കപ്പെട്ടു എകെജി.

വടകരയിലെ കോണ്‍ഗ്രസ് സമ്മേളനം എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും ഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കണമെന്ന് തീരുമാനിച്ചതോടെ ഗാന്ധിജിയുടെ അനുമതിയോടെ കെ കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹത്തിന് അരങ്ങൊരുങ്ങി. വോളണ്ടിയര്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത് എകെ ഗോപാലനായിരുന്നു. പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ജാതിവ്യവസ്ഥ മൂര്‍ച്ഛിച്ചു നിന്ന വടക്കന്‍ മലബാറില്‍ എകെജിയുടെ നേതൃത്വത്തില്‍ നടന്ന കണ്ടോത്ത് സമരം ജാതീയതയ്‌ക്കെതിരെ നടന്ന ശക്തമായ പോരാട്ടമായിരുന്നു. പയ്യന്നൂരിലെ കണ്ടോത്തെ പൊതുനിരത്തിലൂടെ നടക്കാന്‍ തീയ്യര്‍ പ്രമാണിമാര്‍ താഴ്ന്ന ജാതിക്കാരെ അനുവദിക്കാതിരുന്ന കാലം. എ കെ ഗോപാലനും കേരളീയനും ചേര്‍ന്ന് കണ്ടോത്ത് തിയ്യരുടെ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള പൊതുവഴിയില്‍കൂടി ഹരിജനങ്ങളെ സംഘടിപ്പിച്ചു നടത്തിയ ജാഥയാണ് കണ്ടോത്ത് സമരമെന്ന പേരില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ പ്രചാരണാര്‍ഥം കേളപ്പനും ഗോപാലനും മുന്‍കൈയ്യെടുത്ത് നടത്തിയ ഈ സമരം ആക്രമണത്തിലാണ് അവസാനിച്ചത്. ഹരിജനങ്ങളുടെ ജാഥയില്‍ ചെറുപ്പക്കാരും സ്ത്രീകളും അടക്കം 200 ഓളം വരുന്ന ആളുകളുണ്ടായിരുന്നു. തീയ്യര്‍ പ്രമാണികള്‍ ജാഥയില്‍ പങ്കെടുത്തവരെ അതിക്രൂരമായി മര്‍ദ്ദിച്ചതാണ് കണ്ടോത്ത് ആക്രമണം എന്നറിയപ്പെടുന്നത്. കണ്ടോത്തെ കുറുവടി’ എന്ന പ്രയോഗംതന്നെ ഇതിന്റെ ഭാഗമായാണ് ഉണ്ടായത്. മര്‍ദനമേറ്റ എകെജി അടക്കം ആശുപത്രിയിലായി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ആദ്യ മര്‍ദനമായാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. എന്തായാലും വലിയ ചരിത്ര പ്രാധാന്യമുണ്ട് എകെജി സംഘടിപ്പിച്ച ഈ സമരജാഥയ്ക്ക്. മലബാര്‍ ജില്ലാ ബോര്‍ഡ് അധികാരി കണ്ടോത്ത് എത്തുകയും എല്ലാവര്‍ക്കും യാത്രചെയ്യാന്‍ അധികാരമുണ്ടെന്ന് എഴുതിയ ബോര്‍ഡ് വഴിയില്‍ സ്ഥാപിക്കുകയും ചെയ്തത് ഈ സമരത്തിന്റെ വിജയമാണ.

പിന്നീട് ഗുരുവായൂര്‍ സത്യാഗ്രഹ നാള്‍ വഴികള്‍. വാളണ്ടിയര്‍ ക്യാപ്റ്റനായ എകെജിയെ ക്ഷേത്രഭാരവാഹികള്‍ ക്രൂരമായി മര്‍ദ്ദിച്ചതോടെ സത്യാഗ്രഹസമരം അക്രമാസക്തമായി. സമരനായകനെ ആക്രമിച്ചതിന്റെ പ്രതിഷേധത്തില്‍ ജനം ക്ഷേത്രത്തിന് ചുറ്റുമുള്ള വേലി പൊളിച്ചുനീക്കി. ഗോപുരം വരെ ആര്‍ക്കുമെത്താമെന്നതായതോടെ ഗുരുവായൂര്‍ ക്ഷേത്രം ഭാരവാഹികള്‍ അടച്ചിട്ടു. പിന്നീട് തുറന്നപ്പോഴും സത്യാഗ്രഹചൂടില്‍ വെന്തുരുകി ആചാരങ്ങള്‍. എകെജി ജയിലലിടയ്ക്കപ്പെട്ടു. 1933ല്‍ ജയില്‍ മോചിതനായപ്പോഴേക്കും ക്ഷേത്രപ്രവേശനത്തെ കുറിച്ച് എകെജി കൂടുതല്‍ കാര്യമായി ചിന്തിച്ചു തുടങ്ങി. സ്വാതന്ത്ര്യസമരത്തിന് സാമ്പത്തികമായ ഉളളടക്കംകൂടി വേണ്ടേ എന്ന ബോധത്തിലേക്ക് ആ സമരനായകനെത്തി. കോണ്‍ഗ്രസിനുള്ളില്‍ മിതവാദി ഗ്രൂപ്പുമായി ഇടത് സോഷ്യലിസ്റ്റ് ചായ്‌വുള്ളവര്‍ കൊമ്പുകോര്‍ത്തു തുടങ്ങി. കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച് മുന്നേറുകയായിരുന്നു ലക്ഷ്യം. മികച്ച സംഘാടകനായ പി കൃഷ്ണപിള്ളയും ഗോപാലനും ചേര്‍ന്ന് തൊഴിലാളികളെ സംഘടിപ്പിച്ച് കാലിക്കറ്റ് ലേബര്‍ യൂണിയന്‍ സ്ഥാപിച്ചതും ഈ കാലഘട്ടത്തിലാണ്.

1936 എകെജി പട്ടിണി ജാഥയ്ക്ക് നേതൃത്വം നല്‍കി. കര്‍ഷക തൊഴിലാളികളുടെ പട്ടിണി അധികാരികളുടെയും ശ്രദ്ധയില്‍ എത്തിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ 32 പേര്‍ അടങ്ങുന്ന ജാഥ കണ്ണൂര്‍ നിന്ന് തുടങ്ങി. 80 മൈല്‍ താണ്ടി രണ്ടുമാസം കൊണ്ട് ജാഥ മദിരാശിയില്‍ എത്തിയെങ്കിലും സര്‍ക്കാര്‍ നിവേദനം സ്വീകരിക്കാന്‍ തയ്യാറായില്ല. എകെജി, ചന്ദ്രോത്ത് കുഞ്ഞിരാമന്‍ നായര്‍ എന്നിവരെ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ചെയ്തത്. പിന്നീട് പുറത്തുവന്ന് 1938 കോഴിക്കോട് നിന്ന് തിരുവിതാംകൂറിലേക്ക് മലബാര്‍ ജാഥയ്ക്ക് എകെജി നേതൃത്വം നല്‍കി. തുടര്‍ന്ന് തിരുവിതാംകൂറിലെ ഉത്തരവാദഭരണ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് 1938ല്‍ അറസ്റ്റ് വരിച്ചു.

ഫറോക്കിലെ ഓട്ടുകമ്പനിയിലെ തൊഴിലാളികളെ സംഘടിപ്പിക്കാനാണ് ജയില്‍വാസശേഷം അദ്ദേഹം ഒരുങ്ങിയത്. കെ.കേളപ്പന്റെ നേതൃത്വത്തില്‍ ഓട്ടുകമ്പനി തൊഴിലാളി യൂണിയന്‍ രൂപീകരിക്കപ്പെട്ടു. തിരുവണ്ണൂരിലെ സമരത്തിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശം ഫറോക്കിലും ആവര്‍ത്തിക്കണം എന്നതായിരുന്നു കൃഷ്ണപിള്ളയുടേയും എകെജിയുടേയും ആഗ്രഹം. മുതലാളിമാര്‍ തൊഴിലാളികളെ ഉപദ്രവിക്കാന്‍ തുടങ്ങുകയും കാരണമില്ലാതെ പിരിച്ചുവിടാനും തുടങ്ങി. തുടര്‍ന്ന് ഫാറൂഖിലെ തൊഴിലാളികള്‍ പണിമുടക്കാരംഭിക്കുകയാണെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. ഇടത് ചിന്താധാര ശക്തമായതോടെ എകെജി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് ചുവടുമാറ്റി. പി കൃഷ്ണപിള്ളയും ഇഎംസുമെല്ലാം ഒപ്പമുണ്ടായി. 1939ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ രൂപം കൊണ്ടപ്പോള്‍ അതില്‍ അംഗമായി എകെജി ഉണ്ടായിരുന്നു. 1939ല്‍ അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിനെതിരായി കൊടുമ്പിരി കൊണ്ട സമരത്തിനിടയില്‍ ജയിലിലായി. 1942ല്‍ തടവില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവ് ജീവിതം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധം അവസാനിക്കും വരെ ഈ ഒളിവ് ജീവിതം തുടര്‍ന്നു.

ബ്രിട്ടീഷ് ഭരണത്തിലും പില്‍ക്കാലത്തെ കേന്ദ്ര സര്‍ക്കാര്‍ ഭരണങ്ങളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ജനകീയസമരങ്ങളില്‍ എ കെ ജി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഫറൂക്ക് ഓട്ടുതൊഴിലാളി സമരം, തലശ്ശേരിയിലെ ബീഡി തൊഴിലാളി സമരം, കണ്ണൂര്‍ കോട്ടണ്‍മില്ലിലെ സമരം, നെയ്ത്ത് തൊഴിലാളി സമരം, കുടിയിറക്കലിനെതിരെ നടന്ന സമരങ്ങള്‍ തുടങ്ങി എവിടെയും ചൂഷിതര്‍ക്കൊപ്പം എകെജിയുണ്ടായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സമരനായകന്‍ കണ്ണൂരിലെ സെന്‍ട്രല്‍ ജയിലില്‍ ഇരുട്ടുമുറിയിലായിരുന്നു. ദേശീയപതാകയേന്തി ജയില്‍ വളപ്പില്‍ അദ്ദേഹം നടന്നു. എല്ലാ തടവുകാരെയും വിളിച്ചുകൂട്ടി ജയില്‍ കെട്ടിടത്തിന്റെ മുകളില്‍ കൊടികെട്ടി. സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണവും നടത്തി. രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ എകെജി വീണ്ടും ഒളിവില്‍പ്പോയി. ഈ ഒളിവ് ജീവിതത്തിനിടയിലാണ് എകെജിയുടെ ജീവിതത്തിലേയ്ക്ക് സുശീല കടന്നുവരുന്നത്. 1952ല്‍ തന്റെ 48ാം വയസില്‍ എകെജി തന്റെ രണ്ടാം വിവാഹത്തില്‍ സുശീലയെ ജീവിതസഖിയാക്കി.

കോഫി ബോര്‍ഡ് തൊഴിലാളികളെ സംരക്ഷിക്കാന്‍ പടപൊരുതിയ എകെജി കോഫിഹൗസുകളുടെ ചുവരില്‍ ഇപ്പോഴും പഴയ പോരാട്ടവീര്യത്താല്‍ തൊഴിലാളികളെ ഉണര്‍ത്തുന്നുണ്ട്. 1940 ല്‍ രൂപീകൃതമായ കോഫീബോര്‍ഡ്, രാജ്യത്തൊട്ടാകെ ഇന്ത്യന്‍ കോഫീ ഹൗസ് ആരംഭിച്ചിരുന്നെങ്കിലും 1950 കളില്‍ ഇതില്‍ പലതും യാതൊരു കാരണങ്ങളുമില്ലാതെ അടച്ചുപൂട്ടുകയും, തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു. അന്ന് എകെജി തൊഴിലാളികളുടെ നേതൃത്വം ഏറ്റെടുക്കുകയും, അവരെ സംഘടിപ്പിച്ച് ഇന്ത്യ കോഫീ ബോര്‍ഡ് വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി സ്ഥാപിക്കുകയും ചെയ്തു. 19 ഓഗസ്റ്റ് 1957 ന് ബംഗളൂരിലാണ് ആദ്യത്തെ സൊസൈറ്റി സ്ഥാപിച്ചത്, ആദ്യത്തെ കോഫീ ഹൗസ് സ്ഥാപിക്കപ്പെട്ടത് ഡല്‍ഹിയിലും. ഇന്ത്യയൊട്ടാകെ 400 ഓളം കോഫീ ഹൗസുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെയുള്ള തൊഴിലാളികളിലൂടെ എകെജിയുടെ സമരചരിത്രവും ഓര്‍മ്മിക്കപ്പെടുന്നുണ്ട്.

1952ലെ ഒന്നാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജി പിന്നീട് 1977 വരെ സഭയിലെ പ്രതിപക്ഷശബ്ദമായി. അഞ്ച് തവണയാണ് ലോക്‌സഭാംഗമായത്. പാര്‍ലമെന്ററി സംവിധാനത്തിലൂടെ ഇന്ത്യയില്‍ നിലവില്‍ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴും അധികാര കസേരയിലേക്ക് എകെജി എത്തിയില്ല.്1957ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇഎംഎസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി ആദ്യത്തെ മന്ത്രിസഭ നിലവില്‍ വന്നത്. സമരപോരാട്ടങ്ങളിലെ അമരക്കാരന്‍ സെക്രട്ടറിയേറ്റിലെ അധികാര കസേരയിലേക്ക് നോക്കാതെ വീണ്ടും ജനങ്ങള്‍ക്ക് ഇടയിലേക്ക് പോരാടാനിറങ്ങി. 1964 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ എകെജി സിപിഎമ്മിന്റെ തുടക്കക്കാരില്‍ ഒരാളായി.

സ്വാതന്ത്ര്യസമരത്തിനുമുമ്പും ശേഷവുമായി 20 തവണയാണ് തടവറയില്‍ അടച്ചത്. ജയില്‍വാസം 17 വര്‍ഷം നീണ്ടതാണ്. ഇന്ത്യയില്‍ ആദ്യമായി കരുതല്‍ തടങ്കല്‍ നിയമപ്രകാരം തടവിലാക്കപ്പെട്ട വ്യക്തി എ.കെ. ഗോപാലനാണ്. അടിയന്തരാവസ്ഥയെ എതിര്‍ത്തതിന്റെ പേരില്‍ ചൈന ചാരനെന്ന് ആരോപിച്ച് എകെജിയെ ജയിലിലടച്ചതും ചരിത്രം. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ കരിനിയമം ലംഘിച്ച് പ്രകടനം നടത്തിയതിന് എറണാകുളത്ത് എ കെ ജിയെ അറസ്റ്റുചെയ്യുകയും ആഴ്ചകള്‍ക്കുശേഷം വിട്ടയയ്ക്കുകയും ചെയ്തു. അന്ന് പാര്‍ലമെന്റില്‍ എത്തി ഏകാധിപത്യഭരണത്തിന് താക്കീതുനല്‍കിയ എകെജിയെ വിസ്മരിക്കാനാവില്ല. ഇന്ദിര ഗാന്ധി പെണ്‍ഹിറ്റ്ലര്‍ ആകരുതെന്നാണ് എകെജി പറഞ്ഞത്.

‘എന്നെയും ഇ എം എസിനെയും വിട്ടശേഷം എന്റെ 3000 സഖാക്കളെ എന്തുകൊണ്ട് ജയിലില്‍നിന്നു വിടുന്നില്ല. മാര്‍ക്‌സിസ്റ്റുകാരെയും ഇടതുപക്ഷക്കാരെയും അറസ്റ്റുചെയ്തിട്ടില്ലെന്ന് ലോകത്തെ ധരിപ്പിക്കാനല്ലേ എന്നെയും ഇ എം എസിനെയുംമാത്രം മോചിപ്പിച്ചത്.

ഇന്ദിരയോട് ഈ ചോദ്യം എകെജി ശക്തമായി തന്നെ ചോദിച്ചിരുന്നു. ജാതിബ്രാഹ്‌മണ്യവും ബ്രിട്ടീഷ് പട്ടാളവും ഒരുപോലെ ബുദ്ധിമുട്ടിച്ചിരുന്ന കീഴാളവര്‍ഗം എകെജിയില്‍ അവരുടെ പടത്തലവനെ കണ്ടെത്തിയതോടെയാണ് കേരളത്തിലെ സമരചരിത്രത്തിന്റെ ദിശമാറിയത്. ഏറാന്‍ മൂളേണ്ട ജീവിതത്തിലേക്ക് തളയ്ക്കപ്പെട്ടവരെ സമരചെയ്യാന്‍ ആവേശം പകര്‍ന്നു നല്‍കി മുന്നില്‍ നിന്ന് ഉശിരോടെ നയിച്ചതോടെയാണ് എകെജിക്ക് പിന്നില്‍ മലയാളി അണിനിരന്നത്. 1977 മാര്‍ച്ച് 22ന് സമരപോരാട്ടങ്ങള്‍ അവസാനിപ്പിച്ച് എകെജി കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞെങ്കിലും വരാനിരിക്കുന്ന ആയിരം സമരങ്ങള്‍ക്ക് കരുത്തുപകര്‍ന്നാണ് വിടവാങ്ങിയത്.

അധികാരം മനുഷ്യനെ ദുഷിപ്പിക്കുമെന്ന് അറിഞ്ഞ നേതാവാണ് എകെജി. അധികാരത്തിന്റെ ഇടനാഴികളില്‍ നിങ്ങളിലുള്ള കമ്മ്യൂണിസ്റ്റുകാരന്‍ ഇല്ലാതാകുന്ന അവസ്ഥയുണ്ടാകരുതെന്ന് കണിശതയോടെ കമ്മ്യൂണിസ്റ്റുകാരെ പഠിപ്പിച്ച നേതാവ്. അധികാരത്തിന്റെ ദല്ലാളായി മാറാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്ന് ഓരോ സഖാവിനേയും ഓര്‍മ്മിപ്പിച്ച് അധികാര കസേരകളില്‍ നിന്ന് മാറി നിന്ന് ജനനേതാവായി തുടര്‍ന്ന കമ്മ്യൂണിസ്റ്റുകാരന്‍. തന്റെ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചപ്പോഴും എകെജി സ്വയം വിമര്‍ശനമെന്ന കമ്മ്യൂണിസ്റ്റ് ആശയത്തെ മുറുകെ പിടിച്ചു സദാജാഗരൂകനായിരുന്നു.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്