തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും വ്യക്തമാക്കുന്ന എല്ലാ കണക്കുകളും കേന്ദ്ര ഗവണ്‍മെന്റ് പൂഴ്ത്തിവെക്കുന്നു; വാട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റികളുടെ ഗീബല്‍സിയന്‍ കണക്കുകളില്‍ അതിജീവനം കാണുന്ന ഒരു സര്‍ക്കാരിന് വസ്തുതക്ക് നിരക്കുന്ന ഏതൊരു ഡാറ്റയും ഭീഷണിയാണ്

യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ (യുഎൻഎഫ്പിഎ) റിപ്പോർട്ട് പ്രകാരം ഇന്ത്യ ലോക ജനസംഖ്യയിൽ ചൈനയെ പിന്തള്ളി ഒന്നാമതെത്തിയിരിക്കുന്നു . ബാഹ്യ ലോകത്തു നിന്നുള്ള കാഴ്ചയിൽ മാനവ വിഭവശേഷിയുടെ വലുപ്പത്തിൽ ഈ രാജ്യം ബഹുദൂരം മുന്നിലായിരിക്കുമ്പോൾ തന്നെ അതിൻറെ ശരിയായ വിനിയോഗത്തിന് യാതൊരു തരത്തിലുള്ള സ്ഥിതിവിവര കണക്കുകളും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. പതിനഞ്ചാമത് സെൻസസ് 2011 ൽ പൂർത്തിയായതിനുശേഷം ശാസ്ത്രീയമായ രീതിയിൽ ഒരു കാനേഷുമാരി ഈ രാജ്യത്ത് നടന്നിട്ടില്ല. 1948ലെ സെന്‍സസ് ആക്ട് പ്രകാരം ഇന്ത്യയിൽ ഓരോ പത്തുവർഷം കൂടുമ്പോഴും സെൻസസ് നടക്കേണ്ടതാണ്.

ഒരു വികസ്വര രാജ്യത്തിൻറെ ക്രമാനുഗതമായ പുരോഗതി ശരിയായ സ്ഥിതിവിവരക്കണക്കിൻ്റെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തെ ആശ്രയിച്ചിരിക്കെ സെൻസസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് ചില രഹസ്യ അജണ്ടയുടെ ഭാഗമായി തന്നെയാണ്. 2021 ൽ പൂർത്തിയാവേണ്ട കാനേഷുമാരി നടപടിക്രമങ്ങൾ കോവിഡ് മഹാമാരിയുടെ പേരിൽ നിർത്തിവെച്ച ലോകത്തെ അപൂർവ്വം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2020 മുതൽ സെൻസസ് പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമായ ഹൗസ് ലിസ്റ്റിംഗ് ആരംഭിച്ചതിന് ശേഷമാണ് പെട്ടന്നുള്ള നിർത്തി വെക്കൽ തീരുമാനം . 1872 ൽ മേയോ പ്രഭു തുടക്കമിട്ട ജനസംഖ്യ സ്ഥിതി വിവരക്കണക്കെടുപ്പ് 1881 മുതൽ ഓരോ 10 വർഷംതോറും ശാസ്ത്രീയമായ രീതിയിൽ മുടക്കം ഇല്ലാതെ തുടർന്നു വന്നിട്ടുണ്ട്.

1880 ലെ XIV നിയമം സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റകളുടെ സമാഹരണത്തിന് ഒരു രീതി ശാസ്ത്രം തന്നെ നൽകിയിരുന്നു . രാജ്യത്ത് ശക്തമായ രീതിയിൽ നിസ്സഹകരണ സമരവും നിയമലംഘന സമരവും നടക്കുമ്പോഴും ലോകത്തെ തന്നെ നിശ്ചലമാക്കിയ രണ്ടാം ലോകമഹായുദ്ധവും തുടർന്നുള്ള സാമ്പത്തിക മാന്ദ്യവും പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും വിട്ടുവീഴ്ച ഇല്ലാതെ തന്നെ സെൻസസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ക്ഷാമവും പട്ടിണി മരണങ്ങളും പകർച്ചവ്യാധി മരണങ്ങളും വ്യാപകമായിരിക്കെ കൃത്യമായി ഓരോ പത്തുവർഷം ഇടവേളകളിലെടുത്ത സെൻസസ് ഡാറ്റകൾ ജനസംഖ്യയുടെ ഘടനാപരവും ഉപയുക്തതാപരവുമായ മാറ്റങ്ങൾ ചരിത്രപരമായി തന്നെ വിലയിരുത്താൻ സഹായിക്കുന്നുണ്ട്.

രാജ്യത്ത് ദീർഘകാലം മികച്ച ഭരണം കാഴ്ചവെച്ച സാമ്രാജ്യങ്ങൾ എല്ലാം സെൻസസിനെ പറ്റി ബോധവാന്മാരായിരുന്നു. കൗടല്യൻ തന്റെ അർത്ഥശാസ്ത്രത്തിൽ ജനസംഖ്യ കണക്കെടുപ്പിൻ്റെ പ്രാധാന്യത്തെ പറ്റി പറയുന്നുണ്ട് . മൗര്യ സാമ്രാജ്യ കാലഘട്ടത്തിൽ ഇത്തരത്തിൽ കാനേഷുമാരി നടത്തിയിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. മധ്യകാലത്ത് മുഗൾ ഭരണാധികാരികളും ജനസംഖ്യ കണക്കെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഐൻ ഇ അക്ബരിയിൽ ജനസംഖ്യയും സാമ്പത്തിക പ്രവർത്തനങ്ങളും തമ്മിലുള്ള താരതമ്യ പഠനത്തിന് സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റകൾ ഉപയോഗപ്പെടുത്തിയതായി പറയുന്നുണ്ട് .1820 ന് ശേഷമാണ് ബ്രിട്ടീഷുകാർ അലഹബാദിലും ബനാറസിലുമായി ഇന്ത്യൻ നഗരങ്ങളിൽ സെൻസസുകൾക്ക് തുടക്കമിടുന്നത് . പത്ത് വർഷങ്ങൾക്കപ്പുറം ഹെൻ്റ്രി വാള്‍ട്ടര്‍ ധാക്കയില്‍ ഒരു ഇന്ത്യൻ നഗരത്തിൻ്റെ ആദ്യ സമ്പൂർണ്ണ സെൻസസ് പൂർത്തിയാക്കി.

കേവലമായ ജനങ്ങളുടെ എണ്ണമെടുപ്പ് മാത്രമല്ല ധാക്കയിൽ നടന്നത് പകരം സാമൂഹിക സാമ്പത്തിക സാംസ്കാരിക പശ്ചാത്തലം ഉറപ്പാക്കുന്ന 17 ചോദ്യങ്ങളുടെ ശരിയായ പ്രയോഗമാണ് . രാജ്യത്ത് സിൻക്രണൈസ്ഡ് സെൻസസ് ആരംഭിച്ചതിനുശേഷം 1931 വരെ ജാതി അടിസ്ഥാനമാക്കി വിവരശേഖരണം നടത്തിയിരുന്നു. സ്വതന്ത്ര ഭാരതത്തിൽ ദേശീയ ഐക്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഈ രീതി അവസാനിപ്പിക്കുകയാണ് ഉണ്ടായത്. 1951 ൽ 13 ചോദ്യങ്ങൾ അടങ്ങിയ ഒരു വ്യക്തിഗത സ്ലിപ്പിലൂടെ ആയിരുന്നു വിവര ശേഖരണം നടത്തിയത് . വ്യക്തിയുടെ പേര്, പ്രായം, ബന്ധം , മതം, ലിംഗം, സാമ്പത്തിക നില, പ്രധാന ഉപജീവന മാര്‍ഗങ്ങള്‍, മാതൃഭാഷ, സാക്ഷരത തുടങ്ങിയ ചോദ്യങ്ങൾ ഒക്കെ ഉൾപ്പെടുത്തിയിരുന്നു . ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിനുശേഷം നടന്ന കണക്കെടുപ്പ് ആയതിനാൽ ഇന്ത്യയുടെ ഭാവി വികസന പദ്ധതികളെല്ലാം നിർണയിക്കുന്നതിൽ ഈ സെൻസസിന് വലിയ പ്രാധാന്യവുമുണ്ടായിരുന്നു . സമന്വയിക്കപ്പെട്ട രീതിയിൽ തയ്യാറാക്കപ്പെടുന്ന സ്ഥിതിവിവര കണക്കുകൾ ഗവേഷണ വിധേയമാക്കി മികച്ച ആസൂത്രണം ഉറപ്പാക്കിയിരുന്നു . കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും വ്യാപ്തി ഇന്നും ചരിത്രപരമായി വിലയിരുത്തുന്നത് 1951 ലെ ഡാറ്റകൾ വെച്ചാണ് .

രാജ്യത്തെ മാനവ വിഭവ ശേഷി ലഭ്യതയുടെ തോത് അറിയാതെ ഒരു ഗവൺമെൻ്റിനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ എന്താണെന്നും , ആവശ്യമായ സാധന സേവനങ്ങൾ എത്രയാണെന്നും തിട്ടപ്പെടുത്താൻ പറ്റില്ല . ഇതിലൂടെ സാമൂഹിക സാമ്പത്തിക വികസന നയങ്ങൾ രൂപീകരിക്കുന്നതിലും ഭരണകൂടങ്ങൾ പരാജയപ്പെടും. ഏറ്റവും അടിസ്ഥാനമായി തൊഴിൽ പങ്കാളിത്ത നിരക്കും ആശ്രയത്വ നിരക്കും അറിയാത്ത ഒരു ഗവൺമെന്റിന് എങ്ങനെയാണ് ഈ രാജ്യത്തെ അതിവിശാലമായ മാനവ വിഭവത്തെ ഫലപ്രദമായി മെച്ചപ്പെടുത്താൻ കഴിയുക.

വൈജാത്യങ്ങൾ ഏറെയുള്ള ഒരു രാജ്യത്ത് പത്ത് വർഷത്തിലൊരിക്കലെങ്കിലും സെൻസസ് നടന്നില്ലെങ്കിൽ സാമൂഹിക സാമ്പത്തിക സാംസ്കാരിക അന്തരങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കും . 2011ലെ സെൻസസ് പ്രകാരം 121 കോടി ആയിരുന്ന ജനസംഖ്യ ഇന്ന് 145 കോടിയും കടന്നിരിക്കുന്നു എന്ന് യുഎൻഎഫ്പിഎ വ്യക്തമാക്കുന്നു . അതായത് വർദ്ധനവ് 24 കോടിയിലേറെയാണ് . നിലവിലെ ഒരു വികസന നയത്തിലും ഈ 24 കോടി ജനങ്ങളെ പരിഗണിക്കാൻ സാധ്യതയില്ല എന്ന് സാരം . ഇവരിൽ ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കാൻ ഇടയില്ലല്ലോ.

ഗ്രാമീണ ജനതയുടെ 70 ശതമാനവും നഗര ജനതയുടെ 50 ശതമാനവും ഭക്ഷ്യ സുരക്ഷ നിയമത്തിൻ്റെ പരിധിയിൽ വരുന്നവരാണ് . അങ്ങനെ നോക്കുമ്പോൾ 24 കോടിയിൽ 60 ശതമാനം പേർക്ക് സബ്സിഡിയോ സൗജന്യമായി ധാന്യങ്ങളോ ലഭിക്കുന്നില്ല എന്നത് വ്യക്തമാണ് . ദീർഘകാലത്തിനുശേഷം ഇനി വരുന്ന ഒരു കണക്കെടുപ്പിൽ മൊത്തം സാമ്പത്തിക സ്ഥിതി മുൻ ഡാറ്റയെക്കാൾ സ്വാഭാവികമായും ഉയർന്നിരിക്കും പക്ഷെ അത് സാമ്പത്തിക അസമത്വത്തിന്റെ ഒരു ഉൽപ്പന്നം മാത്രമായിരിക്കുമെങ്കിലും ആ ഡാറ്റ പോലും ഭരണപക്ഷം ആഘോഷമാക്കാൻ ആണ് സാധ്യത.

ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകളെ മോദി സർക്കാർ എന്നും ഭയപ്പെടുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ സാമ്പത്തിക അന്തരം ക്രമാതീതമായി വർദ്ധിച്ചു വന്നിട്ടുണ്ട്. വ്യവസായം വ്യാപാരം വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളും കോർപ്പറേറ്റുകൾ കയ്യടക്കിയിരിക്കുന്നു .ആഗോള വിശപ്പ് സൂചികയിൽ ഉൾപ്പെടെ നമ്മൾ വളരെ പിറകിൽ തന്നെ തുടരുന്നു . ഈ സാഹചര്യത്തിൽ ശാസ്ത്രീയമായ ഏതൊരു സ്ഥിതിവിവരക്കണക്കിനെയും കേന്ദ്ര ഗവൺമെൻറ് മറച്ചു പിടിക്കാൻ ശ്രമിക്കും. വാട്സ് ആപ്പ് യൂണിവേഴ്സിറ്റികൾ തയ്യാറാക്കുന്ന ഗീബൽസിയൻ കണക്കുകളിൽ അതിജീവനം കാണുന്ന ഒരു സർക്കാറിനെ സംബന്ധിച്ചിടത്തോളം വസ്തുതക്ക് നിരക്കുന്ന ഏതൊരു ഡാറ്റയും ഭീഷണി തന്നെയാണ് .അശാസ്ത്രീയതയെ പ്രോത്സാഹിപ്പിക്കൽ ഒരു യജ്ഞമായി എടുത്ത പ്രധാനമന്ത്രിയാണ് നിലവിൽ കാര്യ നിർവഹണ വിഭാഗത്തെ ചലിപ്പിക്കുന്നത് ‘തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും വ്യക്തമാക്കുന്ന എല്ലാ കണക്കുകളും അടുത്തകാലത്തായി കേന്ദ്ര ഗവൺമെൻറ് പൂഴ്ത്തി വെക്കുകയാണ് ചെയ്തത് . പന്നി പെറ്റു പെരുകും പോലെ മുസ്ലീം ജനസംഖ്യ വർദ്ധിക്കുന്നു തുടങ്ങിയ അപരവൽക്കരണ സിദ്ധാന്തത്തിന് പോലും ഭീഷണിയാവും സെൻസസ് എന്ന് മോദി സർക്കാർ ഭയപ്പെടുന്നുണ്ട് .ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻസിംഗ് വരെ ശാസ്ത്രീയതയെ കൂട്ടുപിടിച്ചപ്പോൾ പ്രാചീന സ്മൃതികളിലും വിശ്വാസങ്ങളിലും അടിയുറച്ച ഒരു ഗവൺമെൻറ് സ്റ്റാറ്റിസ്റ്റിക്കുകളെ ആശ്രയിക്കാൻ സാധ്യതയില്ല .

ചാതുർവാർണ്യത്തിൻ്റെ സൈദ്ധാന്തികതയിൽ വിശ്വസിക്കുന്ന സംഘപരിവാർ നേതൃത്വം നൽകുന്ന ഒരു ഭരണകൂടത്തിന് മുന്നിൽ ഭീഷണിയായി ജാതി സെൻസസിൻ്റെ വാളും തൂങ്ങിയാടുന്നുണ്ട് . ജനസംഖ്യയുടെ ശരിയായ വിവരങ്ങൾ ലഭ്യമായാൽ മാറി വരുന്ന രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വ്യവസ്ഥയിൽ ജാതീയമായ കണക്കെടുപ്പിൻ്റെ പ്രസക്തി വീണ്ടും ഉടലെടുക്കും എന്നത് വ്യക്തമാണ് . ജാതികളിൽ പാർശ്വവൽക്കരിക്കപ്പെട്ടവർ ഉണ്ടെങ്കിൽ ന്യായമായും മുഖ്യധാരയിലേക്ക് നയിക്കപ്പെടണം എന്ന ചിന്ത പ്രസക്തമാണ് . പ്രതിപക്ഷം ശക്തമായി ജാതി സെൻസസ് ചർച്ചയാക്കുന്നുണ്ട് . ആർട്ടിക്കിൾ 340 പ്രകാരം പിന്നോക്ക വിഭാഗങ്ങളെ കണ്ടെത്തി മുന്നണിയിലേക്ക് എത്തിക്കാനുള്ള ഭരണഘടന ബാധ്യത തന്നെ സർക്കാരിനുണ്ട് . വരേണ്യവർഗ അധികാര പുനസ്ഥാപനം ലക്ഷ്യമാക്കുന്ന ഒരു സംഘടന നേതൃത്വം നൽകുന്ന ഭരണകൂടം സ്വാഭാവികമായും ഈ സാഹചര്യത്തെ ഭയപ്പെടുന്നുണ്ടാവും .ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലങ്ങളായി വേരുറപ്പിച്ച ജാതിസ്വത്വ രാഷ്ട്രീയത്തെ തീവ്ര ഹിന്ദുത്വവൽക്കരണത്തിലൂടെ മറികടന്ന് അധികാരത്തിലേറിയ ബി ജെ പി ജാതി രാഷ്ട്രീയത്തിന്റെ ശക്തമായ തിരിച്ചുവരവിനെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു എന്ന് വേണം മനസ്സിലാക്കാൻ.

2011 ലെ സെൻസസ് പ്രകാരമാണ് ഓരോ സംസ്ഥാനത്തിനുമുള്ള കേന്ദ്ര വിഹിതം നിലവിൽ നൽകി വരുന്നത് . ജനസംഖ്യ നിയന്ത്രണത്തിൽ പുരോഗതി നേടിയ കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര വിഹിതം താരതമ്യേനെ കുറവാണ് എന്നാൽ ഉത്തർപ്രദേശ് ബീഹാർ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ജനസംഖ്യ നിയന്ത്രണത്തിൽ പിറകിൽ ആയതിനാൽ ഈ സംവിധാന പ്രകാരം നേട്ടം ഉറപ്പാക്കുന്നുമുണ്ട്. ബി ജെ പി ക്ക് നേട്ടമുള്ള സംസ്ഥാനങ്ങളിൽ ഉയർന്ന കേന്ദ്രവിഹിതം ലഭിക്കാൻ ഈ സാഹചര്യം അനുകൂലമാണ്. ഇനി സെൻസസ് നടന്നാൽ തന്നെ 2011 ലെ സെൻസസ് ഡാറ്റയുമായി കൃത്യമായ താരതമ്യം സാധ്യമല്ല . സർക്കാർ പുറത്തിറക്കുന്ന പല സ്ഥിതിവിവര കണക്കുകളും ആധികാരികമല്ല എന്ന വാദഗതി ശക്തമാണ്. സ്വതന്ത്ര ഭാരതത്തിൽ ഡി ഫാക്ടോ രീതിയിൽ ആരംഭിച്ച സെൻസസ് ഇന്ന് ഏറ്റവും ശാസ്ത്രീയമാക്കാൻ നൂതന സാങ്കേതിക വിദ്യകൾ ഏറെ ലഭ്യമാണ് . ഡാറ്റകളുടെ സമാഹരണവും അപഗ്രഥനവും ഡിജിറ്റലായി തന്നെ ചെയ്യാവുന്നതാണ്. ഇനി അതവാ കാനേഷുമാരി നടന്നില്ലെങ്കിൽ ഒരു ദശാബ്ദകാലത്തെ സ്ഥിതി വിവരക്കണക്കുകൾ അപ്രതീക്ഷിതമായാൽ ഉണ്ടാവാൻ ഇടയുള്ള പ്രത്യാഘാതം വലുതായിരിക്കും എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട് . ത്രിതല പഞ്ചായത്ത് തൊട്ട് യൂണിയൻ തലം വരെയുള്ള സർക്കാർ പദ്ധതികളിൽ കൃത്യമായ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റകളുടെ അഭാവം പ്രകടമാണ് . താഴെ തട്ടുകളിലേക്ക് എത്തുമ്പോൾ ആനുകൂല്യ വിതരണങ്ങളിൽ ഉൾപ്പെടെ കാര്യമായ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട് .നയ രൂപീകരണ വിദഗ്ധരും ഗവേഷകരുമെല്ലാം കാലഹരണപ്പെട്ട ഒരു ഡാറ്റ വെച്ചാണ് പ്രവർത്തിക്കുന്നത്. നിലവിൽ പുരോഗതിയുടെ തോത് വിലയിരുത്തേണ്ടത് 15 വർഷങ്ങൾക്ക് മുമ്പുള്ള സ്റ്റാറ്റിസ്റ്റിക്സ് മാത്രം വെച്ചാണ് സാധാരണഗതിയിൽ സെൻസസ് പൂർത്തിയാക്കാൻ ഒന്നര വർഷത്തിലധികം എടുക്കാറുണ്ട്. നിലവിൽ ഈ വർഷം സെൻസസ് പ്രവർത്തനങ്ങൾ ആരംഭിച്ചാൽ തന്നെ 2026 ൽ മാത്രമാണ് പൂർത്തിയാവാൻ സാധ്യത. അഞ്ചുവർഷത്തെ ഡാറ്റയുടെ അഭാവം തീർച്ചയായും ഭരണനിർവഹണത്തിൽ ഉൾപ്പെടെ സാരമായി ബാധിച്ചു തുടങ്ങിയിരിക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.

Latest Stories

ഒടുക്കത്തെ ബുദ്ധി തന്നെ ബിസിസിഐയുടെ, ആവനാഴിയിൽ പണിയുന്നത് അസ്ത്രത്തെ; ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവനെ കളത്തിൽ ഇറക്കുന്നു

കല്യാണി പ്രിയദർശൻ വിവാഹിതയായി!!! വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം എന്ത്?

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ്: മോദി VS യോഗി, എസ്പി VS കോണ്‍ഗ്രസ്; യുപിയില്‍ 'ഇന്ത്യ'യിലും 'ബാജ്പ'യിലും അടിതന്നെ!

യാക്കോബായ- ഓർത്തഡോക്സ് പള്ളിത്തർക്കം; ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

റാങ്കിംഗില്‍ മാറ്റം, ജനപ്രീതിയില്‍ നാലാമത് മലയാളിയായ ആ നടി; സെപ്റ്റംബറിലെ പട്ടിക പുറത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്ആര്‍ടിസി തര്‍ക്കം; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

റോമയുടെ ഇതിഹാസ താരം ഫ്രാൻസെസ്കോ ടോട്ടി 48-ാം വയസ്സിൽ ഫുട്ബോളിലേക്ക് തിരിച്ചു വരുന്നു

നമ്മുടെ ഇൻഡസ്ട്രി കുറച്ച് കൂടി പ്രൊഫഷണൽ ആകണം; പല തവണ ശമ്പളം കിട്ടാതെ ഇരുന്നിട്ടുണ്ട്: പ്രശാന്ത് അലക്സാണ്ടർ

മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം; ബോംബെ ഹൈക്കോടതി