മുരളിയുടെ 'സ്ട്രാറ്റജിക്കല്‍ മൂവ്'; 'കെപിസിസി അധ്യക്ഷ സ്ഥാനമെന്ന ചോദ്യത്തിനേ പ്രസക്തിയില്ല, സുധാകരനെ മാറ്റേണ്ട കാര്യമില്ല'; തൃശൂരിലെ തമ്മിലടിയും പോസ്റ്റര്‍ യുദ്ധവും നന്നല്ലെന്ന് കെ മുരളീധരന്‍

തൃശൂരിലെ തോല്‍വി സംബന്ധിച്ച് ഡിസിസിയില്‍ അടക്കം നടന്ന തമ്മിലടി തുടരരുതെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍. തൃശൂരിലെ തന്റെ തോല്‍വിയെ തുടര്‍ന്നുണ്ടായ തമ്മിലടി അവസാനിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആവശ്യപ്പെട്ടത്. തോല്‍വിയില്‍ തന്റെ അതൃപ്തി തുറന്നുപറയുകയും തന്റെ കുരുതി കൊടുത്തെന്ന് പറയുകയും ചെയ്ത് ആദ്യം രംഗത്ത് വന്നത് മുരളീധരന്‍ തന്നെയാണ്. പക്ഷേ കെ മുരളീധരന്റെ തോല്‍വിയില്‍ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും മുന്‍ എമംപി ടിഎന്‍ പ്രതാപനും എതിരെ ശക്തമായ ആരോപണങ്ങളുമായി രംഗത്ത് വന്നതോടെയാണ് പ്രശ്‌നം തമ്മിലടിയിലേക്ക് നീങ്ങിയത്. തൃശൂരില്‍ പ്രശ്‌നം ഗ്രൂപ്പുകളിയിലേക്ക് തിരിഞ്ഞതോടെ കോണ്‍ഗ്രസ് നേതൃത്വം കെ മുരളീധരനെ അനുനയിപ്പിക്കാന്‍ ഫോര്‍മുലകളുമായി രംഗത്ത് വന്നിരുന്നുവെന്ന് സൂചനകളുണ്ടായിരുന്നു. അനുനയ ശ്രമങ്ങള്‍ക്ക് പിന്നാലെയാണ് തമ്മിലടി അവസനാപ്പിക്കണമെന്ന് കെ മുരളീധരന്‍ നേരിട്ട് പറയുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. തമ്മിലടി തുടര്‍ന്നാല്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളെ ബാധിക്കുമെന്നും പ്രത്യേകിച്ച് ചേലക്കരയടക്കം ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണെന്നും മുരളീധരന്‍ ചൂണ്ടിക്കാണിച്ചു. ഇനി പൊതുതിരഞ്ഞെടുപ്പല്‍ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് തന്നെയാണ് കെ മുരളീധരന്‍. തല്‍കാലം പൊതുരംഗത്തേക്കില്ലെന്നും സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടിക്കൊപ്പമുണ്ടാവുമെന്നും പാര്‍ട്ടിയ്ക്കായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടക്കം പ്രവര്‍ത്തിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും തമ്മില്‍ തല്ലിയാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ തോല്‍വിയായിരിക്കും ഫലമെന്നും പറയാനും കോഴിക്കോട് മാധ്യമങ്ങളെ കാണവെ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു മുരളീധരന്‍.

കഴിഞ്ഞത് കഴിഞ്ഞു. അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടാക്കരുത്. പ്രതികരിക്കേണ്ട സമയത്തേ പ്രതികരിക്കാന്‍ പാടുള്ളൂ. എപ്പോഴും പ്രതികരിക്കേണ്ട. അടിയും പോസ്റ്റര്‍ യുദ്ധവും നല്ലതല്ല.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് വിജയിച്ചു നില്‍ക്കുന്ന സമയത്ത് നിലവിലെ അധ്യക്ഷനെ മാറ്റേണ്ട ഒരു കാര്യവുമില്ലെന്ന തന്ത്രപരമായ നിലപാടാണ് മുരളീധരന്‍ കൈകൊണ്ടത്. കെ സുധാകരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റേണ്ട ഒരു കാര്യവുമില്ലെന്നാണ് തന്റെ നിലപാടെന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനം തരേണ്ട ആവശ്യമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിനു ഒരുപാട് നേതാക്കളുണ്ട്. എനിക്ക് പുതിയ പദവി ആവശ്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായുണ്ടാകും. അതുവരെ മാറിനില്‍ക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മൂഡില്ല. രാജ്യസഭയില്‍ ഒരുകാരണവശാലും ഞാന്‍ പോകില്ല. രാജ്യസഭയില്‍ പോകുന്നെങ്കില്‍ എന്റെ ആരോഗ്യത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതണം.

ഇത്തരത്തില്‍ കോണ്‍ഗ്രസിനെ സംഘടനാ തലത്തില്‍ പൊതിഞ്ഞു പിടിക്കുന്നുവെന്ന ധ്വനിയുണ്ട് മുരളീധരന്റെ ഓരോ വാക്കിലും. പക്ഷേ തൃശൂരിലെ പരാജയത്തില്‍ തനിക്കുണ്ടായ അനിഷ്ടം മറച്ചുപിടിക്കുന്നുമില്ല. തോല്‍വിയുടെ കാരണമായി മുരളി ചൂണ്ടിക്കാട്ടുന്ന ഒരു കാര്യം ഇങ്ങനെയാണ്.

തൃശൂരിലൊരു കേന്ദ്രമന്ത്രി വന്നാല്‍ ഗുണം ചെയ്യുമെന്ന് ന്യൂ ജനറേഷനിടയില്‍ ചിന്ത വന്നു. പരമ്പരാഗത വോട്ടുകള്‍ കിട്ടി. ചില ആളുകള്‍ മാത്രം വിചാരിച്ചാല്‍ വോട്ട് മറിയില്ല. ഒരാള്‍ക്കെതിരെയും ഒരു പരാതിയും താന്‍ പറയില്ല. അന്വേഷണ കമ്മിഷന്റെ ആവശ്യമില്ല. കമ്മിഷന്‍ വന്നാല്‍ വീണ്ടും അടിയുണ്ടാകും. ഇത്രയും അച്ചടക്കമൊക്കെ തനിക്ക് പറ്റുകയുള്ളൂ. തന്റേത് വിമത സ്വരമല്ല.

സംഘടന കൂടുതല്‍ തളരാന്‍ പാടില്ലെന്ന് പറയുന്ന മുരളീധരന്‍ പക്ഷേ തോല്‍വിയിലെ അമര്‍ഷം ഓരോ വാക്കിനിടയിലും പുറുത്തുവിടുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ ആരൊക്കെ കള്ള കളി കളിച്ചെന്ന് ജനങ്ങള്‍ക്കറിയാമെന്നും ഭാവിയില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നും പറഞ്ഞ കെ കരുണാകരന്റെ മകന്‍. തൃശൂരില്‍ പോകേണ്ട കാര്യമില്ലായിരുന്നുവെന്ന് കൂടി കൂട്ടിച്ചേര്‍ത്തു. തോല്‍വിയില്‍ ഒരു നേതാക്കളെയും കുറ്റപ്പെടുത്താന്‍ ഇല്ല. പലരും പലതും പറയും ആലോചിച്ച് തീരുമാനം എടുക്കണം എന്നതാണ് ഈ തിരഞ്ഞടുപ്പില്‍ പഠിച്ച പാഠമെന്നും തെറ്റുകാരന്‍ താന്‍ തന്നെയായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.വടകരയില്‍ നിന്ന് പോവേണ്ട കാര്യം ഇല്ലായിരുന്നു.

Read more

എന്ത് സംഭവിച്ചാലും ഇത്രയൊക്കെ സഹായിച്ച പാര്‍ട്ടി വിട്ട് പോവില്ലെന്ന ഉറപ്പും കെ മുരളീധരന്‍ നല്‍കുന്നുണ്ട്. ഇനി എവിടേക്കും ഇല്ല. ബിജെപിയില്‍ പോകുന്നതിനെക്കാള്‍ നല്ലത് വീട്ടിലിരിക്കുന്നതാണെന്ന് പറഞ്ഞ മുരളീധരന്‍ എല്ലാം പോയാലും ഈ വീട് ഉണ്ടാകുമല്ലോ അത്രയും മതിയെന്നും പറഞ്ഞു. നിലവില്‍ രാജ്യസഭയിലേക്കില്ലെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മൂഡില്ലെന്നും പറയുന്ന കെ മുരളീധരന്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുകയാണ്. എന്നാല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതെ തമ്മിലടി അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുത്ത് പാര്‍ട്ടിയ്ക്കുള്ളില്‍ തന്റെ നേതൃപാടവവും സ്ഥാനവും ഒന്നുംകൂടി ഊട്ടി ഉറപ്പിക്കുകയാണ് തന്റെ സ്ട്രാറ്റജിക്കല്‍ മൂവിലൂടെ കെ കരുണാകരന്റെ മകന്‍.