സിനിമ ഡയലോഗ് പറഞ്ഞു നീതിന്യായ സംവിധാനത്തിലെ 'പുഴുകുത്തല്‍' തുറന്നുകാട്ടി സുപ്രീം കോടതി

90സിലെ ബോളിവുഡ് ചിത്രം ദാമിനിയിലെ സണ്ണി ഡിയോളിന്റെ കിടിലന്‍ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം കോടതിയില്‍ പറയുകയുണ്ടായി. ഇതൊരു ‘താരിക് പേ താരിക്’ കോടതിയാവുന്നത് അുവദിക്കാനാവില്ലെന്ന്. അതായത് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് കേസ് കോടതിയെടുക്കുന്ന ദിവസം അനാവശ്യ കാരണങ്ങളാല്‍ കേസ് മാറ്റിവെയ്പ്പിച്ച് അടുത്ത തിയ്യതിയിലേക്കാക്കുന്ന പ്രവണത വെച്ചുപൊറുപ്പിക്കാനാവില്ലെന്ന്. അത് പറയാനായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് നടത്തിയ താരിക് പേ താരിക് പ്രയോഗമാണ് 1993ലെ സൂപ്പര്‍ഹിറ്റ് ചിത്രം ദാമിനിയിലെ കോടതി മുറിയിലെ രംഗത്തെ ഓര്‍മ്മിപ്പിച്ചത്. കേസ് കോടതിക്ക് മുന്നിലെത്തുമ്പോള്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞു മാറ്റിവെയ്ക്കപ്പെടുന്നതിന്റെ രോഷം പങ്കുവെച്ചു കൊണ്ട് കോടതി മുറിയില്‍ അന്നത്തെ ക്ഷുഭിത യൗവ്വനത്തിന്റെ മുഖമായ സണ്ണി ഡിയോള്‍ വക്കീല്‍ വേഷത്തില്‍ പൊട്ടിത്തെറിച്ച് ഇന്ത്യയൊട്ടാകെ കയ്യടിച്ച ഡയലോഗാണ് താരിക് പേ താരിക് എന്ന് തുടങ്ങുന്നത്.

ചീഫ് ജസ്റ്റിസ് സിനിമ ഡയലോഗ് ഒന്നും പറഞ്ഞില്ലെങ്കിലും ഈ ഒരു വാചകം തന്നെ പലരുടേയും മനസില്‍ ആ സിനിമ രംഗം കൊണ്ടുവന്നുവെന്ന് മാത്രം. ഇതൊരു ‘താരിക് പേ താരിക്’ കോടതിയാവാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് മുന്നോട്ടു വെച്ചത് കേസുകള്‍ മാറ്റിവെയ്ക്കുന്ന അലസ മനോഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ്. നിശ്ചയിച്ച തിയ്യതിയില്‍ കേസ് വിളിക്കുമ്പോള്‍ വക്കീലന്‍മാരുടേയും പ്രതികളുടേയും വാദികളുടേയുമെല്ലാം സൗകര്യാര്‍ത്ഥ്യം മറ്റൊരു തീയ്യതിയിലേക്ക് പല കാരണങ്ങള്‍ പറഞ്ഞു കേസ് മാറ്റിവെയ്ക്കുന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ പുഴുകുത്തലാണ് ചീഫ് ജസ്റ്റിസ് ഈ പരാമര്‍ശത്തിലൂടെ തുറന്നുകാട്ടിയത്.

കൃത്യമായ കണക്കുകളിലൂടെയാണ് എത്ര കേസുകളാണ് സുപ്രീം കോടതിയില്‍ ഒരു ഡേറ്റിന് പിന്നാലെ അടുത്ത ഡേറ്റിലേക്ക് മാറ്റിവെച്ചതെന്ന് ചീഫ് ജസ്റ്റിസ് പറയുന്നുണ്ട്. വേഗത്തില്‍ ഹിയറിങിന് വിളിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ട 2361 കേസുകള്‍ സുപ്രീം കോടതിയ്ക്ക് മുന്നിലുണ്ടായിരുന്നുവെന്നും എന്നാല്‍ നിശ്ചയിച്ച ജഡ്ജുമാരുടെ ബെഞ്ചിലേക്ക് കേസെത്തുമ്പോള്‍ തിയ്യതി മാറ്റിവെയ്ക്കാനുള്ള അഭ്യര്‍ത്ഥനയാണ് ഉണ്ടാവുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 3688 കേസുകളാണ് സുപ്രീം കോടതിയില്‍ തീയ്യതി മാറ്റിവെയ്ക്കപ്പെട്ടതത്രേ. ഇതില്‍ പല കേസുകളും അടിയന്തരമായി വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്യപ്പെട്ടതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

ഞങ്ങള്‍ ഈ കോടതി ഒരു തീയ്യതി മാറ്റിവെയ്ക്കല്‍ കോടതിയായി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇത് മൂലം തകരുന്നത്. ഒരുപാട് കേസുകളാണ് മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള അഭ്യര്‍ത്ഥനകളുണ്ടാവുന്നത്. ഇത് കോടതിയെ കുറിച്ച് നല്ലൊരു ചിത്രമല്ല പൊതുസമൂഹത്തിന് നല്‍കുന്നത്.

സുപ്രീം കോടതി ഒരു തീയ്യതി മാറ്റിവെയ്ക്കല്‍ കോടതിയായി മാറുന്നുവെന്ന ആക്ഷേപം പലഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. കോടതികളില്‍ മൊത്തമായി ഉണ്ടാകുന്ന ഈ തിയ്യതി മാറ്റിവെയ്ക്കലുകളില്‍ പൊതുജനത്തിനിടയിലും അമര്‍ഷവും പരാതികളും ഉണ്ടായിട്ടുണ്ട്. കേരളത്തിലും ഈ കേസ് മാറ്റിവെയ്ക്കല്‍ വാര്‍ത്ത കഴിഞ്ഞ കുറച്ചുനാളുകളില്‍ എണ്ണം പറഞ്ഞു ചര്‍ച്ചയായിരുന്നു. ലാവ്‌ലിന്‍ കേസ് മാറ്റിവെയ്ക്കുന്നത് ഇപ്പോള്‍ എണ്ണം പറഞ്ഞാണ് വാര്‍ത്തയാകുന്നത്. കഴിഞ്ഞ ദിവസത്തെ വാര്‍ത്ത 36ാം തവണയും സുപ്രീം കോടതി മാറ്റിവെച്ചുവെന്നതായിരുന്നു. ഇത്തരത്തില്‍ സുപ്രീം കോടതിയിലെ കേസ് മാറ്റിവെയ്ക്കല്‍ എണ്ണത്തിന്റെ പേരില്‍ വാര്‍ത്തയാകുന്ന സമയത്താണ് ഇതൊരു തിയ്യതി മാറ്റിവെയ്ക്കല്‍ കോടതിയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറയുന്നത്.

സുപ്രീം കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്യുന്നതിനും ഒരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റുചെയ്യുന്നതിനും ഇടയിലുള്ള കാലതാമസം വെട്ടിക്കുറച്ചതായി ജസ്റ്റിസ് ചന്ദ്രചൂഡ് എടുത്തുപറയുന്നുണ്ട്. എല്ലാ പുതിയ കേസുകളും ഫയല്‍ ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ലിസ്റ്റ് ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് ഊന്നിപ്പറയുന്നുണ്ട്. പിന്നീട് കാലവിളംബം ഉണ്ടാകുന്നത് ശരിയല്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിക്കുന്നത്.

കേസുകള്‍ ഫയല്‍ ചെയ്യുന്നതും കേസുകളുടെ ഹിയറിങ് കാലയളവ് തമ്മിലുള്ള വ്യത്യാസം ഏറ്റവും കുറയ്ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വേണ്ടുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. എന്നാല്‍ തന്റെ പക്കലുള്ള ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മാറ്റിവെയ്ക്കല്‍ കാര്യങ്ങള്‍ എത്ര ഗുരുതമാണെന്ന് വ്യക്തമാക്കുമെന്ന് പറഞ്ഞു ജസ്റ്റിസ് ചന്ദ്രചൂഢ് ചില കണക്കുകള്‍ പറയുന്നു. ഇന്ന് 178 അഡ്ജേണ്‍മെന്റ് സ്ലിപ്പുകള്‍ അതായത് കേസ് മാറ്റാനുള്ള അഭ്യര്‍ത്ഥ ഫയല്‍ ചെയ്തിട്ടുണ്ടെന്ന്. ഓരോ ദിവസവും ശരാശരി 154 അഡ്ജേന്‍മെന്റുകളാണ് സുപ്രീം കോടതിയില്‍ ഉണ്ടാവുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആകെ 3,688 കേസ് മാറ്റിവെയ്ക്കലാണ് ഉണ്ടായത്. ഇത് കേസ് ഫയലിംഗിന്റെയും ആദ്യ ലിസ്റ്റിംഗിന്റെയും ഉദ്ദേശ്യത്തെ തന്നെ ഇല്ലാതാക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിക്കുന്നു.

മാറ്റിവെയ്ക്കപ്പെട്ട കേസുകള്‍ ഈ കാലയളവില്‍ ലിസ്റ്റ് ചെയ്യപ്പെട്ട പുതിയ കേസുകളേക്കാള്‍ മൂന്നിരട്ടിയാണെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. ബാര്‍ അംഗങ്ങളോട് അനാവശ്യമായി കേസുകള്‍ മാറ്റിവെയ്ക്കാന്‍ അഭ്യര്‍ത്ഥിക്കരുതെന്ന് കൂടി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കുന്നുണ്ട്.

Latest Stories

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ

രാജകുമാരന്‍ പുറത്ത്?, പരിശീലന മത്സരത്തിനിടെ വിരലിന് പരിക്ക്, പെര്‍ത്തില്‍ കളിച്ചേക്കില്ല

'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ