വടകര ഇളക്കുമോ ടീച്ചര്‍ക്കെതിരെയുള്ള സൈബറാക്രമണവും ഷാഫിയുടെ മൗനവും; ആരെയാണ് വടകരയിലെ രാഷ്ട്രീയം വിറളി പിടിപ്പിക്കുന്നത്?

വടകരയുടെ രാഷ്ട്രീയം ചെങ്കൊടിക്കൊപ്പം പാര്‍ട്ടി ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെടുന്നതിന്റെ ദുംഖവും വിഭാഗീയതയും ഒഞ്ചിയത്തെ രക്തസാക്ഷിത്വവുമെല്ലാം ചേര്‍ന്നതാണ്. ടി പി ചന്ദ്രശേഖരനെന്ന പേര് ഓര്‍ക്കാട്ടേരിയിലും ഒഞ്ചിയത്തുമെല്ലാം ജ്വലിച്ചുനിന്നതോടെയാണ് ഇടത് കോട്ട സിപിഎമ്മിന് മുന്നില്‍ ബാലികേറാമലയായത്. സമാനതകളില്ലാത്ത വിധത്തില്‍ 2012 മേയ് നാലിന് ഒഞ്ചിയത്ത് വീണ 56 വെട്ട് കേരള രാഷ്ട്രീയത്തില്‍ തീക്കനലായി. ഇന്നും സിപിഎമ്മിനെ കടന്നാക്രമിക്കാനൊരു വടിയായ എതിര്‍ചേരിയിലുള്ളവര്‍ ഉയര്‍ത്തിക്കാണിക്കുന്ന ഭീകരതയുടെ ചോര ചുവപ്പാണ് ടി പിയെന്ന പേര്. ആ പേര് തന്നെയാണ് ഇടതുപക്ഷമായ വടകരയെ 2009 മുതല്‍ കോണ്‍ഗ്രസിന്റെ കൈവെള്ളയിലെത്തിച്ചത്. 2008ല്‍ ഒഞ്ചിയത്തുണ്ടായ വിഭാഗീയതയും സിപിഎമ്മില്‍ നിന്ന് ഇറങ്ങിപ്പോയവരുണ്ടാക്കിയ ആര്‍എംപിയെന്ന പാര്‍ട്ടിയും വടകരയുടെ മനസ്സിനെ സ്വാധീനിച്ചത് 2009 തിരഞ്ഞെടുപ്പു മുതലാണ്. 96 മുതല്‍ തുടര്‍ച്ചയായി പാര്‍ട്ടിയെ കണ്ണടച്ച് ജയിപ്പിച്ച മണ്ണ് പിന്നീട് പാര്‍ട്ടിയ്‌ക്കെതിരായത് 2012ലെ ടിപി രക്തസാക്ഷിത്വത്തിന് പിന്നാലെയാണ്. ഇക്കുറി വടകരയില്‍ പോരാട്ടം കനക്കുന്നത് കെ കെ ശൈലജ ടീച്ചറുടേയും ഷാഫി പറമ്പിലിന്റേയും വരവോടെയാണ്. ഇന്ന് പൊതു മണ്ഡലത്തിലെ സ്ത്രീകള്‍ നിരന്തരം നേരിടുന്ന അശ്ലീല അപഹാസ്യ പരാമര്‍ശങ്ങള്‍ക്കും സൈബറാക്രമണങ്ങള്‍ക്കും കെ കെ ശൈലജ ടീച്ചര്‍ പാത്രമാകുമ്പോള്‍ വടകര വീണ്ടും കേരളത്തില്‍ ചര്‍ച്ചയാവുകയാണ്. സൈബറാക്രമണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും യുഡിഎഫുമാണെന്ന് ഇടത് പക്ഷം ആരോപിക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മൗനത്തിലാണ്. വടകരയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ നിലവിലത്തെ വിവാദത്തിന് കഴിയുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന അശ്ലീല പരാമര്‍ശങ്ങളും സൈബറിടങ്ങളിലെ കേട്ടാലറയ്ക്കുന്ന പദപ്രയോഗവും മോര്‍ഫ് ചെയ്ത ചിത്രവും കേരളത്തിലെ ഏറ്റവും പ്രമുഖയായ ഒരു നേതാവിന് നേര്‍ക്ക് ഉയരുമ്പോള്‍ സാധാരണക്കാരായ സ്ത്രീകള്‍ സൈബറിടങ്ങളില്‍ നേരിടുന്ന ആക്രമണങ്ങള്‍ എന്താകുമെന്ന ചിന്ത ഞെട്ടിക്കുന്നുണ്ട്. കെ കെ ശൈലജയെ പോലെ പേരെടുത്തൊരു ഭരണാധികാരയെ മന്ത്രിയായിരുന്ന സ്ത്രീയെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം ഇത്തരത്തില്‍ സൈബറാക്രമണങ്ങളിലൂടെ വേട്ടയാടുന്നത് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സൈബര്‍ ആക്രമണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ എതിര്‍ കക്ഷിയാക്കിക്കൊണ്ടാണ് കെ കെ ശൈലജയുടെ പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയും സമ്മതത്തോടെയും പ്രോത്സാഹനത്തോടെയും സൈബര്‍ ആക്രമണം നടത്തുന്നു എന്നാണ് പരാതി. ഇത് വരും ദിവസങ്ങളില്‍ വടകരയിലെ രാഷ്ട്രീയത്തെ എങ്ങനെ തിരിക്കുമെന്നത് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. ഇത്തവണ ബിജെപി വടകരയില്‍ നിര്‍ത്തിയിരിക്കുന്നത് യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണയെയാണ്. കോണ്‍ഗ്രസിനായി ഷാഫി പറമ്പിലും സിപിഎമ്മിനായി കെ കെ ശൈലജയും ബിജെപിയ്ക്കായി സി ആര്‍ പ്രഫൂല്‍ കൃഷ്ണയും ഇറങ്ങുന്ന വടകരയിലെ രാഷ്ട്രീയ ചരിത്രം എങ്ങനെയെന്ന് നോക്കാം.

കണ്ണൂര്‍ ജില്ലയിലെ തലശേരി, കൂത്തുപറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് വടകര ലോക്‌സഭാ മണ്ഡലം. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയും കൂത്തുപറമ്പും ഇടത് പക്ഷത്തേയ്ക്ക് ചായ്വുള്ള മണ്ഡലങ്ങളെന്നതില്‍ സംശയമില്ല. കോഴിക്കോടേയ്ക്ക് വന്നാല്‍ കൊയിലാണ്ടിയും പേരാമ്പ്രയും ഇടതു ശക്തികേന്ദ്രങ്ങളാണെന്നതും വടകര ചുവന്നതിന് കാരണമായി കാണാം. നാദാപുരവും കുറ്റ്യാടിയും മുസ്ലീം വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ്. മുസ്ലീം ലീഗിന് സ്വാധീനിക്കാന്‍ കഴിയുന്നതിനപ്പുറത്തേക്ക് ഇടത് സ്വാധീനം കൂടി വോട്ടിംഗില്‍ നിര്‍ണായകമായ പ്രദേശങ്ങളായി തന്നെ ഈ മണ്ഡലങ്ങളെ കാണണം. വടകരയും ഇടത് ഭൂമികയാണെങ്കിലും അവിടുത്തെ ചുവപ്പിന് ടി പി ചന്ദ്രശേഖരന്റെ ചോരയുടെ ചുവപ്പ് കൂടിയുണ്ട്. ആ 56 വെട്ടിന്റെ വികാരം സിപിഎമ്മിനോട് വടകര കാണിച്ചിട്ടുമുണ്ട്. 2008ല്‍ പാര്‍ട്ടി വിട്ടുപോയ ടിപി ആര്‍എംപി ഉണ്ടാക്കി മല്‍സരത്തിന് ഇറങ്ങിയപ്പോള്‍ മുതല്‍ യുഡിഎഫ് മണ്ഡലം പിടിച്ചു തുടങ്ങിയതാണ്. 2009 മുതല്‍ മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കോണ്‍ഗ്രസ് പിടിച്ച മണ്ഡലം 2019ല്‍ കെ മുരളീധരനെ ഇറക്കി കോണ്‍ഗ്രസ് ഹാട്രിക് നേട്ടമാക്കി മാറ്റി.

വടകരയുടെ ചരിത്രം സോഷ്യലിസ്റ്റ് ചരിത്രം കൂടിയാണ്. കേരളരൂപീകരണത്തിന് ശേഷം 1957-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി അഥവാ പി.എസ്.പിയുടെ സ്ഥാനാര്‍ത്ഥി കെ.ബി. മേനോനാണ് വടകരയില്‍ ജയിച്ചത്. 1962-ല്‍ നടന്ന രണ്ടാം തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സ്വതന്ത്രനായ എ വി രാഘവന്‍ ജയിച്ചു കയറി. സോഷ്യലിസ്റ്റ് പാര്‍ട്ടികളോടുള്ള കൂറ് 91 വരെ തെളിഞ്ഞു കാണാമായിരുന്നു വടകരയില്‍. 1967ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ എ ശ്രീധരന്‍ വിജയിച്ചു.
പിന്നീടിങ്ങോട്ട് നടന്ന തിരഞ്ഞെടുപ്പുകളില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും പേരിലെല്ലാം നിന്ന് 71 മുതല്‍ 96 വരെ കെ പി ഉണ്ണികൃഷ്ണന്‍ മണ്ഡലം പിടിച്ചു. 1996-ലാണ് സിപിഎം സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് ചേരിയില്‍ നിന്ന് വടകര ലോക്സഭാ മണ്ഡലം പിടിച്ചെടുക്കുന്നത്. ഒ ഭരതന്‍ 96ല്‍ പിടിച്ച മണ്ഡലം 98ലും 99ലും എകെ പ്രേമജം പിടിച്ചുനിര്‍ത്തി. 2004ല്‍ പി സതീദേവിയും മണ്ഡലം സിപിഎമ്മിനൊപ്പം നിര്‍ത്തി. പക്ഷേ 2008ല്‍ ഒഞ്ചിയത്ത് പാര്‍ട്ടിയ്ക്കുണ്ടായ പിളര്‍പ്പും ആര്‍എംപി രൂപീകരണവും സിപിഎം കോട്ട കോണ്‍ഗ്രസിന്റെ പിടിയിലാക്കി. ടി പി ചന്ദ്രശേഖരന്‍ മല്‍സരിച്ച തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനായി രംഗത്തിറങ്ങിയത് സിറ്റിങ് എംപി പി സതീദേവിയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ചത് അമ്പത്താറായിരത്തിലധികം വോട്ടിന്. 2012ല്‍ ടിപി വധത്തിന് പിന്നാലെ കലങ്ങി മറിഞ്ഞ വടകരയില്‍ എ എന്‍ ഷംസീറിനെ ഇറക്കി സിപിഎം മണ്ഡലം പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ കടുത്ത പോരാട്ടത്തില്‍ വെറും 3,306 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ചുവപ്പ് കോട്ട വീണ്ടും മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കോണ്‍ഗ്രസ് പിടിച്ചു. 2019ല്‍ സിപിഎം പി ജയരാജനെ വടകരയിലിറക്കിയപ്പോള്‍ കെ മുരളീധരനെ ഇറക്കി കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. ഭൂരിപക്ഷം 84,663.

ഇക്കുറി ആദ്യം കളത്തിലിറങ്ങിയത് കെ കെ ശൈലജ ടീച്ചര്‍, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച എംഎല്‍എയെ വടകര തിരിച്ചു പിടിക്കാന്‍ സിപിഎം ഇറക്കി. സിറ്റിംഗ് എംപിമാര്‍ മണ്ഡലങ്ങളില്‍ മല്‍സരം തുടരുമെന്ന കോണ്‍ഗ്രസ് നയത്തില്‍ വടകരയില്‍ രണ്ടാമൂഴം പ്രതീക്ഷിച്ച് കെ മുരളീധരന്‍ ചുവരെഴുത്തുകളും ബാനറുകളുമായി മുന്നോട്ട് പോയി. അപ്പോഴാണ് മുസ്ലീം ലീഗും സമസ്തയും തമ്മിലുള്ള ഉരസലും സമസ്ത എപി വിഭാഗത്തിന്റെ പിണറായി വിജയനോടുള്ള സ്‌നേഹവും സിപിഎം അനുഭാവവും കോണ്‍ഗ്രസില്‍ പുനര്‍ചിന്തനം ഉണ്ടാക്കിയത്. പ്രവചിക്കാന്‍ കഴിയാത്ത വടകരയും മുസ്ലീം വോട്ടുകള്‍ അധികമുള്ള കുറ്റ്യാടിയും, നാദാപുരവും തലശ്ശേരിയും കെ മുരളീധരന്റെ വരിതിയില്‍ നില്‍ക്കില്ലെന്നും കഴിഞ്ഞ കുറി രാഹുല്‍ വയനാടെത്തിയതിന്റെ ആവേശം ഇക്കുറി ഉണ്ടാവില്ലെന്നും കോണ്‍ഗ്രസ് ചിന്തിച്ചത്. ന്യൂനപക്ഷ മേഖല ആരുടെ കൂടെ നില്‍ക്കുമെന്നത് അനുസരിച്ച് വടകര മാറിയേക്കുമെന്ന് കണ്ടാണ് അവസാന നിമിഷം ഷാഫി പറമ്പിലിനെ പാലക്കാട് നിന്നും പിടിച്ച് വടകരയിലേക്ക് കോണ്‍ഗ്രസ് ഇട്ടത്. ഷാഫിയ്ക്ക് വടകരയില്‍ കിട്ടിയ വരവേല്‍പ്പ് ഇടത് പക്ഷത്തെ ഞെട്ടിച്ചുവെന്നത് വസ്തുതയാണ്. മുസ്ലീം ലീഗിനോട് ഇടഞ്ഞു നില്‍ക്കുന്ന സമസ്ത ഷാഫി പറമ്പിലിനെ തള്ളിക്കളയില്ലെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്. നാദാപുരത്തും കുറ്റ്യാടിയും തലശ്ശേരിയും മുസ്ലിം വോട്ടുകള്‍ ലീഗിന് മാത്രം സ്വാധീനിക്കാവുന്നവയല്ലെന്ന കണക്കുകൂട്ടലിലാണ് പാലക്കാട് ഇഞ്ചോടിഞ്ച് പൊരുതി ഇ ശ്രീധരനെന്ന ബിജെപി വന്മരത്തെ വീഴ്ത്തിയ ഷാഫിയെ കോണ്‍ഗ്രസ് വടകരയിലിറക്കിയത്. ഷാഫിയ്ക്ക് ആളെക്കൂട്ടാന്‍ കഴിയുമെന്ന് വടകരയിലും കണ്ടു. അതിനിടയിലാണ് ശൈലജ ടീച്ചര്‍ക്ക് നേരെയുള്ള സൈബറാക്രമണം വടകരയില്‍ മാത്രമല്ല കേരളത്തിലും ചര്‍ച്ചയായത്. ഇതെങ്ങനെ വടകരയെ സ്വാധീനിക്കുമെന്നും ഷാഫി ഇംപാക്ടിനെ കെടുത്തുമോയെന്നും കാത്തിരുന്നു കാണാം.

Latest Stories

'ഞങ്ങൾ ഒരു മെഡിക്കൽ ഡിപ്പാർട്ട്‌മെൻ്റല്ല': നെയ്മറിനെ പൂർണ്ണമായും നിരസിച്ച് ബ്രസീൽ ക്ലബ്

'സംവാദമൊന്നുമില്ല, അവനെ ആദ്യ ടെസ്റ്റില്‍ കളിപ്പിക്കുക തന്നെ വേണം'; സീനിയര്‍ താരത്തിനായി വാദിച്ച് ഗാംഗുലി

ഇതല്ലാതെ വേറെ പണിയൊന്നുമറിയില്ല മോളേ എന്ന് ഷാനു പറയും, ഫഹദിന് സ്വന്തം അഭിനയത്തില്‍ വിശ്വാസമില്ല: നസ്രിയ

തനിക്ക് 'ബനാനാ ഫോബിയ' എന്ന് സ്വീഡിഷ് മന്ത്രി; ഔദ്യോഗിക പരിപാടികളിൽ വാഴപ്പഴത്തിന് വിലക്ക്

'രക്തപങ്കിലമായി'ഇന്ത്യന്‍ ഓഹരി വിപണി; വിദേശ നിക്ഷേപകര്‍ 22,420 കോടി രൂപയുടെ ഫണ്ടുകള്‍ പിന്‍വലിച്ചു; നിഫ്റ്റിയെയും സെന്‍സെക്‌സിനെയും വലിച്ചിട്ട് കരടികള്‍; തകര്‍ച്ച പൂര്‍ണം

'ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല'; പൊതുവേദിയില്‍ മുരളീധരനെ വാനോളം പുകഴ്ത്തി സന്ദീപ് വാര്യര്‍

ഒടുവിൽ എപ്പോൾ വിരമിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ

പാണക്കാട് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം സംഘപരിവാറിനെ സന്തോഷിപ്പിക്കാൻ; പിണറായിക്കും സുരേന്ദ്രനും ഒരേ ശബ്ദമെന്ന് വി ഡി സതീശൻ

എതിര്‍ക്കാന്‍ നില്‍ക്കണ്ട.., അരിവാളെടുത്ത് തലകള്‍ കൊയ്ത് നയന്‍താര; പുതിയ ചിത്രം 'റക്കായി', ടീസര്‍ എത്തി

ഓസ്ട്രേലിയക്കാര്‍ ഉന്നംവയ്ക്കുന്നത് ആ ഇന്ത്യന്‍ താരത്തെ മാത്രം, ഈ അവസരം മറ്റു താരങ്ങള്‍ പ്രയോജനപ്പെടുത്തണം'; ഉപദേശവുമായി ബാസിത് അലി