കേവലം സിനിമാക്കാരല്ല ഇവര്‍, രാഷ്ട്രീയത്തെ കൂടി ഹൈജാക്ക് ചെയ്യുന്ന രാഷ്ട്രീയക്കാര്‍!

സിനിമാ രംഗത്ത് വനിതകള്‍ നേരിടുന്ന ലൈംഗീക ചൂഷണമടക്കമുള്ള പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ രാജ്യത്ത് ആദ്യമായിട്ടാണ് ഏതെങ്കിലുമൊരു സര്‍ക്കാര്‍ ഹേമാ കമ്മിറ്റി പോലുള്ള ഒരു സമിതിയെ നിയോഗിക്കുന്നത്. അത് ചെയ്തതാകട്ടെ ഒരു ഇടതു പക്ഷ സര്‍ക്കാരും. അതിന് വേണ്ടി രംഗത്തിറങ്ങിയ വനിതാ അംഗങ്ങളുടെയും പൊതു സമൂഹത്തിന്റെയും പൊതു രാഷ്ട്രീയവും നിലപാടും ഏതാണ്ട് അതു തന്നെ. സ്ത്രീ സുരക്ഷയുടെ സമസ്തമേഖലയിലേക്കും നാളെ വ്യാപിച്ചേക്കാവുന്ന, ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഒരു വലിയ മുന്നേറ്റത്തിന് തുടക്കമിട്ട സര്‍ക്കാരെന്ന ഖ്യാതി നേടിയപ്പോഴും അഞ്ച് വര്‍ഷമായി റിപ്പോര്‍ട്ട് പുറത്ത് വിടാതെ തടഞ്ഞവരെന്നും വമ്പന്‍മാരെ സംരക്ഷിക്കുന്നവരെന്നുമുള്ള പൊതു ധാരണയുണ്ടാക്കാനും ഇതേ സര്‍ക്കാരിനായി എന്നതാണ് ഖേദകരം.

നാളെ, ഒരു പക്ഷെ രാജ്യം മുഴുവന്‍ വ്യാപിക്കേണ്ട ചരിത്രനീക്കത്തിന്റെ വിമര്‍ശനാതീതമായ നേട്ടമെടുക്കാന്‍ കഴിയാതെ പോയി സര്‍ക്കാരിനിവിടെ. സിനിമയിലെ വമ്പന്‍മാര്‍ക്കെതിരെ ആരോപണമുണ്ടെന്നും പുറത്തുവിട്ടാല്‍ ആകെ പുലിവാലാകുമെന്നുമാണ് ആദ്യസര്‍ക്കാര്‍ പ്രതികരണം വന്നത്. പിന്നീടാണ് വന്‍സമ്മര്‍ദത്തിന് വഴങ്ങി ആരോപണം അന്വേഷിക്കാന്‍ തീരുമാനിക്കുന്നതും പ്രത്യേക സംഘത്തെ വയ്ക്കുന്നതും. പീഡനവും പീഡനകേസുകളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനില്ലാത്ത ഇമ്മ്യൂണിറ്റി എന്തിനാണ് സിനിമാക്കാര്‍ക്ക് മാത്രം നല്‍കുന്നത്. സമൂഹത്തില്‍ ഇതര മേഖലയിലുള്ളവരേക്കാള്‍ സെലിബ്രറ്റികള്‍ക്കുള്ള ഇമേജാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

മന്ത്രിയും നടനുമായ മുകേഷിന്റെ കാര്യം തന്നെ എടുക്കാം. നടിയാക്രമണവുമായി ബന്ധപ്പെട്ടാണല്ലോ ഈ സമിതി തന്നെയുണ്ടാകുന്നത്. കമ്മ്യൂണിസ്റ്റാണെന്ന് അവകാശപ്പെടുന്ന മുകേഷിന് ഈ വിഷയത്തിലെ നിലപാട് എന്തായിരുന്നു? സിനിമാ അഭിനയം തൊഴിലാണെങ്കില്‍ ആ ഫ്രെട്ടേണിറ്റിയില്‍ പെട്ട ഒരാള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടായപ്പോള്‍, അതുമായി ബന്ധപ്പെട്ട് നിലപാടെടുത്തതിന് പലര്‍ക്കും തൊഴില്‍ നിഷേധങ്ങളുണ്ടായപ്പോള്‍ ഈ കമ്മ്യൂണിസ്റ്റ് എവിടെയായരുന്നു.

തൊഴിലാളികള്‍ക്ക് വേണ്ടി ജീവനുഴിഞ്ഞ് വച്ച പി. കെ ഗുരുദാസന് പകരമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുകേഷിന് സീറ്റ് നല്‍കിയതെന്നോര്‍ക്കണം. ഇനി ഇപ്പോള്‍ സിപിഎം വേദികളില്‍ സജീവ സാന്നിധ്യമായ മമ്മുട്ടി എന്ന കമ്മ്യൂണിസ്റ്റിന്റെ നിലപാടെന്തായിരുന്നു? എനിക്ക് പ്രശ്‌നമില്ലാത്തിടത്തോളം കാലം കുഴപ്പമില്ല എന്ന കാപട്യമായിരുന്നു അദേഹത്തിന്റേത്. കഴിഞ്ഞ പത്ത് നാല്‍പത് വര്‍ഷമായി ഈ സൂപ്പര്‍താരങ്ങള്‍ മലയാളസിനിമയെ അടക്കി വാഴുന്നു. ഇപ്പോള്‍ ഇവരെല്ലാം പരസ്യമായി രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് നുഴഞ്ഞ് കയറുന്ന തിരക്കിലുമാണ്. പക്ഷെ, ഇക്കഴിഞ്ഞ കാലയളവില്‍ പൊതുസമൂഹത്തെ ബാധിക്കുന്ന, മലയാള സിനിമയിലെ തന്നെ എത്ര പ്രശ്‌നങ്ങളില്‍ ഇവര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്?

സ്വന്തം കാര്യം മാത്രമാണ് അന്നും ഇന്നും ഈ സൂപ്പര്‍നടന്‍മാര്‍ക്കുള്ളത്. ഇതില്‍ കമ്മ്യൂണിസവുമില്ല മണ്ണാങ്കട്ടയുമില്ല. സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമൊക്കെയായിരുന്ന ശ്രീകുമാരന്‍ തമ്പി കഴിഞ്ഞ ദിവസം അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയണമെങ്കില്‍ അക്കാലത്ത് സജീവമായിരുന്ന 10 നിര്‍മാതാക്കളോടെങ്കിലും ചോദിച്ചാല്‍ മതിയാകും. കേവലം സിനിമാ താരങ്ങളാണ് ഇവരെങ്കില്‍ അവഗണിക്കാം. പക്ഷെ, ഇന്ന് ഇവരെല്ലാം രാഷ്ട്രീയത്തെ കൂടി ഹൈജാക്ക് ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കാരുമാണ്. ഇവരില്‍ നിന്നെല്ലാം പൊതു സമൂഹത്തിന് എന്താണ് പ്രതീക്ഷിക്കാനാവുക? ഇവര്‍ യുവജനതയ്ക്ക് കൊടുക്കുന്ന മോഡല്‍ എന്താണ്? ഫാന്‍സ് അസോസിയേഷന്‍ എന്ന വെട്ടുകിളിക്കൂട്ടത്തിലൂടെയാണ് ഇവര്‍ എന്നും സമൂഹത്തെ അളന്നിട്ടുള്ളത്.

നിലപാടിന്റെ കാര്യത്തില്‍ യുവ നടന്‍മാരെയും പാര്‍വതിയെ പോലുള്ള നടിമാരെയും ഇവര്‍ പൂവിട്ട് പൂജിക്കണം. സ്വന്തം സഹജീവിയ്ക്ക് പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ 30 വെള്ളിക്കാശിന് അവരെ ഒറ്റുകൊടുക്കാതെ കൃത്യമായ നിലപാട്തറയൊരുക്കുന്നവരാണ് പുത തലമുറയിലെ കുറെ പേരെങ്കിലും. അത് സിസ്റ്റമിക് കറക്ഷനുമാണ്. സിനിമയിലെ പ്രശ്‌നങ്ങള്‍ക്ക് ഒടുവില്‍ മറുപടിയുമായി മമ്മുട്ടിയും മോഹന്‍ലാലുമൊക്കെ വന്നിരുന്നു. സിനിമയെ തകര്‍ക്കരുതെന്നും അമ്മ അംഗങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നുണ്ടെന്നും സിനിമ തകര്‍ന്നാല്‍ അത് മുട്ടിപ്പോകുമെന്നുമാണ് ഇവരുടെ പരിദേവനം. പത്ത് ചുമട്ട് തൊഴിലാളികള്‍ പണിയെടുക്കുന്ന കവലയില്‍ പോലും ഒരംഗത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ മറ്റുള്ളവര്‍ ചികിത്സാസഹായം മുടങ്ങാതെ നല്‍കാറുണ്ട് നമ്മുടെ നാട്ടില്‍. അപ്പോഴാണ് ചികിത്സാ സഹായം എന്ന ഉമ്മാക്കിയുമായി മലയാളിയ്ക്ക് ഡിഎന്‍എ വശാലുളള എംപതിയ്ക്ക് നേരെ മണിമേടയിലിരുന്ന് ഇവര്‍ പല്ലിളിച്ച് കാണിക്കുന്നത്. പ്രോംപ്റ്റ് ചെയ്യുന്ന ഡയലോഗടിക്കാനുള്ള ഹീറോയിസമേ ഇവര്‍ക്കൊക്കെയുള്ളൂ. അതിനപ്പുറത്ത് ചോദ്യങ്ങളെ നേരിടാന്‍ മുട്ട് വിറയ്ക്കും.

ആയ കാലത്ത് സ്വന്തം കാര്യം മാത്രം നോക്കി സാമ്രാജ്യം കെട്ടിപ്പൊക്കുകയും പിന്നീട് ഗ്ലാമര്‍ വ്യവസായം പുറം തള്ളിയപ്പോള്‍ രാഷ്ട്രീയത്തിലേക്ക് പിന്‍വാതില്‍ നിയമനം നേടുകയും ചെയ്യുമ്പോള്‍ ആത്മാര്‍ത്ഥതയുള്ള സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തനം ജീവിത ചര്യയാക്കിമാറ്റിയ ചെറുപ്പക്കാരോട് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തു ഉത്തരം പറയും? ജയസാധ്യതയാണ് ഗ്ലാമര്‍ ലോകത്തെ പല്ലു കൊഴിഞ്ഞ സിംഹങ്ങളെ രാഷ്ട്രീയ ഭിക്ഷാംദേഹികളാക്കുന്നതെങ്കില്‍ അത് പാര്‍ട്ടികള്‍ വൃത്തിയായി രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്യാത്തതിന്റെ തരക്കേടാണ്. മുമ്പ് കേരളമൊഴികെ തെന്നിന്ത്യയില്‍ സജീവമായിരുന്ന സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശം ഇപ്പോള്‍ കേരളത്തില്‍ ഒരു ഫാഷനായി മാറുകയാണ്. ധര്‍മജന്‍ ബോള്‍ഗാട്ടിയെ പോലുള്ള ഒരാള്‍ക്ക് നിയമസഭാ സീറ്റു നല്‍കിയ കോണ്‍ഗ്രസില്‍ അല്പത്തില്‍ പിഴച്ചതുകൊണ്ടാണ്, അല്ലെങ്കില്‍ ഒരു പക്ഷെ, നടന്‍ സിദിഖ് കെപിസിസി പ്രസിഡണ്ടാകുമായിരുന്നു.

തമിഴ്‌നാട്ടിലും മറ്റു താരങ്ങള്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി കഷ്ടപ്പെട്ടിട്ടാണ് രാഷ്ട്രീയത്തിലേക്ക് പൊതുവെ പ്രവേശിക്കുന്നതെങ്കില്‍ ഇവിടെ അങ്ങനെ മേലനങ്ങി ശീലമില്ലാത്ത താരപ്രമുഖര്‍ സിനിമ പുറംതള്ളിയതോടെ, അവസരങ്ങള്‍ കുറയുന്നതോടെ കുറച്ച് പണവും കീശയിലാക്കി നേരെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉമ്മറം തേടുകയാണ്.

ഒരു സിനിമ വിജയിച്ചാല്‍ പ്രതിഫലം ഒറ്റയടിക്ക് രണ്ടും മൂന്നും ഇരട്ടി കൂട്ടി അതുവരെ പണം മുടക്കിയ നിര്‍മാതാക്കള്‍ വിളിച്ചാല്‍ പോലും പിന്നീട് ഫോണെടുക്കാത്തവരായിരുന്നു ആയ കാലത്ത് ഇവരില്‍ നല്ലൊരൂ ശതമാനവും. ഇപ്പോഴും. ഒരു പക്ഷെ, ആ സിനിമ വിജയിക്കുന്നതിന് മുമ്പ് ഈ സൂപ്പര്‍താരങ്ങളുടെ രണ്ടോ മൂന്നോ സിനിമയ്ക്ക് പണം മുടക്കിയ ആളാകും ഇത് നിര്‍മാതാവ്. മുമ്പത്തെ അതേ റേറ്റിന് ഒരു ഡേറ്റ് കൊടുത്താല്‍ ആ പഴയ നിര്‍മാതാവിന് ജപ്തിയില്‍ നിന്ന് രക്ഷപ്പെടാനുമാകുമായിരിക്കും. ഇന്ന് നന്മയുടെ ആള്‍രൂപമായി മാറി രാഷ്ട്രീയ-സാമൂഹ്യ വേദികളില്‍ നിറഞ്ഞ സാനിധ്യമായി മാറിയ ഇവരിലെത്ര പേര്‍ തങ്ങള്‍ക്ക് വേണ്ടി പണം മുടക്കി പാപ്പരായ വലിയ നിര്‍മാതാക്കള്‍ക്ക് വേണ്ടി പണത്തിനെങ്കിലും ഒരു ഡേറ്റെങ്കിലും നല്‍കിയിട്ടുണ്ട്. പൊളിഞ്ഞു എന്നറിഞ്ഞാല്‍ പിന്നെ ഫോണ്‍ പോലും എടുക്കാന്‍ മനസില്ലാത്തവരായിരുന്നു ഇവര്‍. സിനിമായാണെന്നും ഗ്ലാമര്‍ വ്യവസായമാണെന്നുമൊക്കെയാകും അപ്പോഴത്തേ ഇവരുടെ ന്യായം. പീഡനത്തിന്റെ കാര്യം വരുമ്പോള്‍ കലാകാരനാണെന്നാകും ന്യായം. ഇങ്ങനെ പല വിധത്തിലൂടെ കേരളാ സമൂഹത്തെ ഇവര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നു.

സാമൂഹ്യ പ്രവര്‍ത്തനം നടത്താതെ ഇരിക്കപ്പൊറുതി നഷ്ടപ്പെട്ട് രാഷ്ട്രീയ വേദികളില്‍ ‘തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍’മാരായി തിടമ്പേറ്റി നില്‍ക്കുമ്പോള്‍ ‘ആനയ്ക്ക് പൂരം നന്നാവണമെന്നില്ല’ എന്ന തൃശൂര്‍ക്കാരുടെ തമാശയാണ് ഓര്‍മ വരുന്നത്. കേവലം കെട്ടുകാഴ്ചയുടെ സുഖമല്ലാതെ മറ്റൊന്നും നല്‍കാനാവാത്തവരാണ് ഇവരെന്ന് സമൂഹം തിരിച്ചറിയേണ്ടതാണ്.

എം പി ഓഫീസ് സുരേഷ് ഗോപി ഇനിയും തുറന്നിട്ടില്ലെന്ന് ഒരു വാര്‍ത്ത കണ്ടു. പണം വാങ്ങാതെ ഉദ്ഘാടനത്തിനില്ലെന്നും തന്റെ വഴി തടയരുതെന്നുമാണ് അദേഹം പറയുന്നത്. അതിന് അദേഹത്തെ തെറ്റു പറഞ്ഞിട്ട് കാര്യമില്ല. ഇരുട്ടി വെളുക്കുമ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകരായവരാണ് ഇവര്‍. കഴിഞ്ഞ പത്ത് നാല്‍പത് വര്‍ഷമായി അനുചരന്‍മാരുടെ സംഘത്തിന് നടുവില്‍ ജീവിക്കുന്നവരാണ് താരങ്ങളെല്ലാം. ഇതില്‍ രണ്ടാം നിര മൂന്നാം നിരക്കാരൊക്കെയുണ്ട്. ഉണ്ണാനും ഊട്ടാനും മുടി ചീകി കൊടുക്കാനും വിഗ് കൈകാര്യം ചെയ്യാനും ഷൂ ഇടുവിച്ച് നല്‍കാനും ഉടുപ്പിക്കാനും മേക്കപ്പിടുവിക്കുവാനുമെല്ലാം പ്രത്യേകം പ്രത്യേകം ആളുകളുള്ള ഇവര്‍ക്ക് നാട്ടില്‍ എന്ത് അത്യാഹിതം നടന്നാലും വെറുതെ ഒറ്റമുണ്ടുടത്ത് വള്ളിച്ചെരുപ്പിട്ട് ഓടാനാവില്ല. മുകേഷിനെല്ലാം ഈ പ്രശ്‌നം തുടക്കത്തിലുണ്ടായിരുന്നു. ആരാധകരോടെപ്പം മാത്രം ജിവിച്ച ഇവര്‍ക്ക് ചോദ്യങ്ങള്‍ ശീലമില്ല. ഒരു ദുരന്തമുഖത്ത് ചെന്ന് മുണ്ടും മാടിക്കുത്തി നാല് പേരെ കയത്തില്‍ നിന്ന് ഇവര്‍ വലിച്ചെടുത്ത് രക്ഷപ്പെടുത്തുന്നത് നമ്മുക്ക് ചിന്തിക്കാനാകുമോ? മോഹന്‍ലാലിന്റെ ചൂരല്‍മല യാത്രയും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. നൂറുകണക്കിന് പേരെ മണ്ണെടുത്ത ആ മഹാദുരന്തഭൂമിയില്‍ സൈന്യവും നാട്ടുകാരും മനുഷ്യരും ആഴ്ചകളോളം ഊണും ഉറക്കവും ഉപേക്ഷിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അവസാനം മാഹാനടന്റെ മഹായാത്രയായിരുന്നു. സൈനീക വേഷത്തില്‍ അനുചരരോടൊപ്പം ഫോട്ടോഷൂട്ടിന്. സൈനികനാണെങ്കില്‍ സൈന്യത്തോടൊപ്പം രണ്ട് ദിവസമെങ്കിലും അവിടെ പോയി രക്ഷാ പ്രവര്‍ത്തനം നടത്തണമായിരുന്നു. എന്തൊരു പ്രഹസനമാണ് സജി.

എന്ത് പര്‍പ്പസാണ് അയാള്‍ അവിടെ നിര്‍വഹിച്ചത്? എംപിയായാലും, മന്ത്രിയായാലും സിനിമ തുടങ്ങിയാല്‍ ഇവര് പണം തേടി പോകും. അത്രയേയുള്ളൂ. അത് ഇത്തരക്കാരുടെ അവകാശമാണെന്നാണ് ധരിച്ച് വച്ചിരിക്കുന്നത്. നമ്മുടെ ഏതെങ്കിലും പാര്‍ട്ടിയിലെ എംപിമാരോ എംഎല്‍എ മാരോ ഇങ്ങനെ ചെയ്താല്‍ എന്തായിരിക്കും അവസ്ഥ.

ഇന്ന് ഒരു സിനിയുടെ നിര്‍മാണച്ചെലവിന്റെ ഏതാണ്ട് 30-50 ശതമാനം പ്രധാന നടന്‍മാരുടെ പ്രതിഫലമാണ്. അപ്പോള്‍ പിന്നെ സ്വന്തം നിലയക്കങ് നിര്‍മിക്കും. അതുകൊണ്ട് ഏതാണ്ടെല്ലാ താരങ്ങള്‍ക്കും സ്വന്തം സിനമാ നിര്‍മാണക്കമ്പനിയായി. പകുതിയോളം തുക സ്വന്തം കൂലിയായതിനാല്‍ സിനിമാ ഇന്‍ഡസ്ട്രിയിലെ ലാഭം പുറത്ത് പോകാതെ ഇപ്പോഴും സ്വന്തം വലയില്‍ തന്നെ വീഴുന്നു. വര്‍ഷത്തില്‍ വൃത്തിയുളള ഏതെങ്കിലും സംവിധായകനെ കൊണ്ട് ഒരു സിനമ അഭിനയിച്ച് വിജയിപ്പിച്ച് പ്രതിഫലം ഇരട്ടി കണ്ട് കൂട്ടുകയാണ് പൊതു രീതി. അതുകൊണ്ടും കൂടിയാണ് ഇവര്‍ മുട്ടിന് മുട്ടിന് സിനിമയെ തകര്‍ക്കരുതെന്ന് പറയുന്നത്. അല്ലാതെ കലയോടുള്ള അമിത സ്‌നേഹം കൊണ്ടൊന്നുമല്ല. ഇവുടെ താരാധിപത്യത്തിന്‍ കീഴില്‍ സിനിമ മോഹച്ച് വന്ന എത്ര നിര്‍മാതാക്കളെയും സംവിധായകരെയും ആട്ടിയോടിച്ചിട്ടുണ്ട്. അന്നൊന്നുമില്ലാത്ത സ്‌നേഹം പീഡിനകാര്യത്തില്‍ എന്തിനാണ്?

കേരളത്തിലെ ഏത് ബിസിനസ് കുടുബങ്ങളെയും എടുത്തോളൂ. സാധാരണ അവരെല്ലാം പുതിയ തലമുറയ്ക്ക് ബിസിനസ് കൈമാറുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ മലയാള സിനിമയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ഏതെങ്കിലും നിര്‍മാണ കമ്പനികള്‍ ഇന്നുണ്ടോ. പേരിന് പോലും. അന്ന് സിനിമ എടുത്തവരെല്ലാം വമ്പന്‍ ബിസിനസുകാരായിരുന്നു. അവയെല്ലാം തകര്‍ന്നു തരിപ്പണമായി പോയി. പക്ഷെ, താരങ്ങള്‍, അവരിന്നും പടര്‍ന്ന് പന്തലിച്ച് വിരിഞ്ഞ് നില്‍ക്കുന്നു. 2000 കോടി രൂപയെങ്കിലും ടേണ്‍ ഓവറുള്ള മലയാളത്തിലെ സിനിമാ വ്യവസായത്തിലേക്ക് വന്ന നിക്ഷേപകര്‍ക്കെല്ലാം കൈ പൊള്ളിയിട്ടുണ്ട്.

ബുദ്ധിമുട്ടിച്ച് ശ്വാസം മുട്ടിച്ച് അവരെ കുത്തുപാളയെടുപ്പിച്ചതില്‍ ഈ മഹാനടന്‍മാരുടെ പങ്ക് പഠിക്കപ്പെട്ടിട്ടില്ല ഇതുവരെ. ഇത് പറയേണ്ട പത്രക്കാര്‍ എന്റര്‍ടെയിന്‍മെന്റ് ചാനലുകളും താര നിശകളുമായി ഇവരുടെ പിന്നാമ്പുറത്താണ്.

ഇവരൊന്നും നടന്‍മാര്‍ മാത്രമല്ല ഇപ്പോള്‍. നിര്‍മാതാക്കളും എന്‍ടര്‍ടെയ്ന്‍മെന്റ് വ്യവസായികളുമായി. അതിന്റെ സിഎസ്ആര്‍ ഫണ്ടെടുത്ത് പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കും. അങ്ങനെ ചുളുവില്‍ രാഷ്ട്രീയക്കാരുമാകുന്നു. ഒരു പുരുഷായുസു മുഴുവന്‍ നാട്ടുകാര്‍ക്ക് വേണ്ടി അലഞ്ഞ് സാമൂഹ്യ പ്രവര്‍ത്തനം നടത്തി ഒന്നുമില്ലാതായി പോയ രാഷ്ട്രീയക്കാരുടെ ഇടയിലേക്കാണ് നൂറുകണക്കിന് കോടി രൂപയുടെ ആസ്തിയുമായി രാഷ്ട്രീയത്തില്‍ ഇവര്‍ സുഖ ചികിത്സയ്ക്ക് വരുന്നത്. ശരിയാണ് ബിസിനസാണ് ആര്‍ക്കും അത് ചെയ്യാം. പണമുണ്ടാക്കാം. പക്ഷെ, ഇത്രയും കാലം, അതായത് ഒരു 10 വര്‍ഷം മുമ്പു വരെ ഏറ്റവും കൂടുല്‍ റിസ്‌കുണ്ടായിരുന്ന സമയത്ത് പ്രൊഡ്യൂസര്‍മാര്‍ക്ക് ഡേറ്റ് കൊടുത്ത് സിനിമയുണ്ടാക്കിയിരുന്നെങ്കില്‍, സമ്പന്നരായ നിര്‍മാതാക്കളുടെ പെട്ടി എടുത്തിരിരുന്നുവെങ്കില്‍ ഇന്ന് ഒടിടി കച്ചവടം പോലെ താരതമ്യേന റിസ്‌ക് കുറഞ്ഞ സമയമായപ്പോള്‍ ഏല്ലാവരും തനിപ്പിടിയായി. നിര്‍മാതാക്കള്‍ക്ക് ഡേറ്റില്ല. ഉണ്ടെങ്കില്‍ തന്നെ വമ്പന്‍ പ്രതിഫലവും. നാള്‍ക്കുനാള്‍ ഇരട്ടിക്കുന്ന കോടികള്‍ നല്‍കി ഇവരുടെ ആട്ടും തുപ്പും കേട്ട് മനം മടുത്തിട്ടാണ് അന്തസുള്ള നിര്‍മാണകമ്പനികള്‍ സിനിമ വിട്ട് മറ്റ് ബിസിനസുകള്‍ തേടിയത്.

ഇന്ന് പീഡനകഥകള്‍ ഒന്നൊന്നായി പുറത്ത് വരുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളാണ് കുഴങ്ങുന്നത്. ഗ്ലാമറിന്റെ പേരില്‍ സെല്‍ഫി സാധ്യത മുതലെടുത്ത് വഴിയേ പോകുന്ന സിനിമാക്കാരെ കൊണ്ട് ജയിച്ച് കയറാമെന്നാണ് പാര്‍ട്ടികള്‍ കരുതുന്നതെങ്കില്‍ പിന്നീട് വലിയ വിലകൊടുക്കേണ്ടി വരും. പാര്‍ട്ടികളും സമൂഹവും. കാരണം ഒരു കാലത്തും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകാത്തവരാണ്, അതിന് പുറത്തുള്ളവരാണ് ഗ്ലാമര്‍ ലോകത്തെ ഭരിക്കുന്നത്. അല്ലെങ്കില്‍ പല അവിഹിത ഗര്‍ഭങ്ങള്‍ക്കും പില്‍ക്കാലത്ത് പാര്‍ട്ടികള്‍ക്ക് മറുപടി പറയേണ്ടി വരും. അതുകൊണ്ട് ഇപ്പോള്‍ പീഡന ആരോപണം നേരിടുന്ന, ഇനിയും നേരിട്ടേക്കാവുന്ന താരങ്ങള്‍ ആരു തന്നെയോ ആയിക്കോട്ടെ നിയമത്തെ അതിന്റെ വഴിക്ക് വിടുകയാണ് ബുദ്ധി. പാര്‍ട്ടി ഏതാണെങ്കിലും.
My Location Life- Reloaded
(അവസാനിച്ചു).

Latest Stories

യുവരാജ് മുതൽ ശശാങ്ക് വരെ, ഇന്ത്യൻ പ്രീമിയർ ലീഗ് ലേല മേശയെ തീപിടിപ്പിച്ച 5 വിവാദങ്ങൾ നോക്കാം; കൗതുകമായി ഈ സംഭവം

'തലയോട്ടിയും തോളെല്ലും പൊട്ടി, സ്‌പൈനൽ കോർഡിലും ക്ഷതം'; കുട്ടി വീണ കാര്യം പറയാൻ മറന്നുപോയെന്ന് അങ്കണവാടി ജീവനക്കാര്‍! മൂന്ന് വയസുകാരിയുടെ നില ഗുരുതരം

അവിടെ നടക്കുന്നത് നല്ല കാര്യങ്ങൾ അല്ല, ലേലത്തിൽ എടുത്താൽ ഞാൻ അവന്മാർക്കിട്ട് പണിയും; മുൻ ഐപിഎൽ ടീമിനെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണപ്പ ഗൗതം

ഓഹോ അപ്പോൾ അതാണ് കാരണം, വിരാട് കോഹ്‌ലി ലണ്ടനിൽ താമസമാക്കിയത് അതുകൊണ്ട്; അതിനിർണായക വെളിപ്പെടുത്തലുമായി വസീം അക്രം

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്കയുടെ സത്യപ്രതിജ്ഞയും നാളെ

പുതിയ പേര് പുതിയ ജേഴ്സി നമ്പർ, എന്നിട്ടും സഞ്ജു പഴയ സഞ്ജു തന്നെ; സർവീസസിനെതിരെയുള്ള വെടിക്കെട്ട് പ്രകടനം നടത്തിയത് ആ പേരുമായി

സീറോ ടു മാസ് ഹീറോ, പെർത്തിനെ തീപിടിപ്പിച്ച് യശ്വസി ജയ്‌സ്വാൾ; സെഞ്ചുറിക്കൊപ്പം തകർപ്പൻ നേട്ടവും

വഖഫ് സാമൂഹിക നീതിക്കെതിര്; രാജ്യത്തെ ഭരണഘടനയില്‍ സ്ഥാനമില്ല; പ്രീണനത്തിനായി കോണ്‍ഗ്രസ് നിയമങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി മോദി

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍