'ആ വരികള്‍ ഇപ്പോഴും തെരുവില്‍ പണിയെടുക്കുന്നു'; പ്രഫുല്‍, താങ്കളെ വളരെയധികം 'മിസ്സ്' ചെയ്യുന്നു

കെ.സഹദേവന്‍

ആണവ സിവില്‍ ബാധ്യതാ നിയമം ഭേദഗതി ചെയ്യാനുള്ള ബജറ്റ് നിര്‍ദ്ദേശങ്ങളും അതിനോടുള്ള ഇന്ത്യന്‍ മാധ്യമ വിഭാഗങ്ങളുടെ കൗശലപൂര്‍വ്വമുള്ള മൗനങ്ങളും കാണുമ്പോള്‍ ഏറ്റവും ആദ്യം മനസ്സിലേക്ക് ഓടിയെത്തിയ മുഖം അന്തരിച്ച പത്രപ്രവര്‍ത്തകന്‍ പ്രഫുല്‍ ബിദ്വായിയുടേതായിരുന്നു. ഇന്ത്യന്‍ ആണവ പരിപാടിയെ ഇത്രയും ഗഹനതയിലും സൂക്ഷ്മതയിലും വിലയിരുത്തുകയും വിമര്‍ശനങ്ങള്‍ നിര്‍ഭയമായി അവതരിപ്പിക്കുകയും ചെയ്ത / ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ വളരെ വിരളമാണ് എന്നതു തന്നെ കാരണം. അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പ്രഫുലിനെക്കുറിച്ച് ഒരു ദശാബ്ദം മുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ (2015 ജൂണ്‍) എഴുതിയ ഓര്‍മ്മക്കുറിപ്പ്.

ആ വരികള്‍ ഇപ്പോഴും തെരുവില്‍ പണിയെടുക്കുന്നു

ഷില്ലോംഗില്‍ നിന്നും ഡോമിയാസിയാറ്റിലേക്ക് 3 മണിക്കൂറിലേറെ യാത്രയുണ്ട്. പന്ത്രണ്ട് പേര്‍ക്കിരിക്കാവുന്ന വാഹനത്തില്‍ പതിനാറോളം പേര്‍ തിങ്ങിഞെരുങ്ങിയിരിക്കുകയാണ്. പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ. സുരേന്ദ്ര ഗാഡേക്കര്‍, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പ്രഫുല്‍ ബിദ്വായ്, ഡോക്യുമെന്ററി സംവിധായകന്‍ ശ്രീപ്രകാശ്, ഘാസി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തകര്‍, കൂട്ടത്തില്‍ ഞാനും. യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (യുസി ഐഎല്‍) മേഘാലയത്തിലെ ഡോമിയാസിയാറ്റില്‍ പുതുതായി യുറേനിയം നിക്ഷേപം കണ്ടെത്തിയെന്നും അവിടെ ഖനന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നുമുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ആണവ വിരുദ്ധ പ്രവര്‍ത്തകരെ, കാര്യങ്ങള്‍ പഠിക്കുന്നതിനും സംവദിക്കുന്നതിനുമായി ക്ഷണിച്ചിരിക്കുകയാണ് ഘാസി സ്റ്റുഡന്റ്‌സ് യൂണിയന്‍.

തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയും ഇടക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കയറ്റിറക്കങ്ങളും യാത്രയെ പലവിധത്തില്‍ ദുഷ്‌കരമാക്കുന്നുണ്ട്. ഇന്ത്യന്‍ ആണവ പരിപാടിയെക്കുറിച്ചും യുസി ഐഎല്‍ ഝാര്‍ഘണ്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന മലിനീകരണത്തെക്കുറിച്ചും ഒക്കെയുള്ള ചര്‍ച്ചകള്‍ കൊണ്ട് യാത്ര സജീവമാണ്.

ഇടയ്ക്ക് ചെങ്കുത്തായ കയറ്റം കയറാനാകാതെ വാഹനം നിന്നു. മഴ പെയ്യുന്നതിനാല്‍ ആരും പുറത്തേക്കിറങ്ങിയില്ല. അപ്പോഴതാ ഹിന്ദുസ്ഥാനിയില്‍ ഘനഗാംഭീര്യമാര്‍ന്ന സ്വരത്തില്‍ ഒരു പാട്ട്! പ്രഫുല്‍ ബിദ്വായ്! ലോകപ്രശസ്ത പത്രപ്രവര്‍ത്തകന്റെ, രാഷ്ട്രീയ നിരീക്ഷകന്റെ അധികമാരുമറിയാത്ത മറ്റൊരു പ്രതിഭ. പാട്ടവസാനിച്ചപ്പോള്‍ ”വണ്‍സ് മോര്‍” വിളികളുയര്‍ന്നു. പ്രഫുല്‍ മൂഡിലായിരുന്നു. ഒന്നിനു പിറകെ മറ്റൊന്നായി ഗസലുകളും ഖവ്വാലികളും…

സാങ്കേതിക കാരണങ്ങള്‍ കൊണ്ട് യാത്ര തുടരാന്‍ സാധിച്ചില്ല. ഷില്ലോംഗില്‍ ചേര്‍ന്ന ആണവ വിരുദ്ധ പ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികളുടെയും വിശാല സമ്മേളനത്തില്‍ പ്രഫുല്‍ ആയിരുന്നു താരം. യുവജനങ്ങളെ ആകര്‍ഷിക്കുവാനും അവര്‍ക്ക് രാഷ്ട്രീയ ദിശാബോധം നല്‍കാനുമുള്ള പ്രഫുല്‍ ബിദ്വായിയുടെ കഴിവ് അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടു. കേവലമൊരു പത്രപ്രവര്‍ത്തകന്റെയോ രാഷ്ട്രീയ ബുദ്ധിജീവിയുടെയോ റോളിലൊതുങ്ങാതെ ജനങ്ങള്‍ വിളിക്കുന്ന എവിടേക്കും എപ്പോഴും എത്തിപ്പെടാന്‍ പ്രഫുലിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. വിദ്യാര്‍ത്ഥികളുടെയും പ്രദേശവാസികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഡോമിയാസിയാറ്റില്‍ യുറേനിയം ഖനനം നടത്തുന്നതില്‍ നിന്ന് യുസിഐഎല്ലിന് പിന്തിരിയേണ്ടിവന്നുവെന്നത് ജനകീയ വിജയത്തോടൊപ്പം പ്രഫുല്‍ എന്ന ആണവ വിരുദ്ധ പ്രവര്‍ത്തകന്റെ കൂടി വിജയമായി കണക്കാക്കാം.

2015 ജൂണ്‍ 23ന് രാത്രി ആംസ്റ്റര്‍ഡാമിലെ ട്രാന്‍സ്‌നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാര്‍ഷിക ഫെല്ലോ മീറ്റില്‍ പങ്കെടുക്കാനെത്തിയ പ്രഫുല്‍ ബിദ്വായി ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്വാസതടസ്സം നേരിട്ട് മരണപ്പെടുകയായിരുന്നു. ലോകമറിയുന്ന പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, ഗ്രന്ഥകര്‍ത്താവ് എന്നതിനൊക്കെ ഉപരിയായി ഇന്ത്യയിലെ സെക്യുലര്‍ സംഘടനകളുടെ സഹയാത്രികന്‍, ആണവ വിരുദ്ധ മുന്നേറ്റങ്ങളുടെ മുന്‍നിര സംഘാടകന്‍, ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ യഥാര്‍ത്ഥ സുഹൃത്ത് എന്ന നിലയില്‍ തന്റെ രാഷ്ട്രീയ ദൗത്യം യഥാസമയം നിര്‍വ്വഹിച്ചുകൊണ്ടിരുന്ന വ്യക്തിയായിരുന്നു പ്രഫുല്‍.

ശാസ്ത്ര വിഷയങ്ങളില്‍ തല്‍പ്പരനായിരുന്ന പ്രഫുല്‍ മുംബൈ ഐഐടി യില്‍ പഠിക്കുന്ന വേളയില്‍ ഇടതുപക്ഷ നിലപാടുകളോട് കൂടുതല്‍ അടുക്കുകയും ‘മഗോവ’ എന്ന സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തു. അടിയന്തിരാവസ്ഥയുടെ നാളുകളില്‍ അതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ യുവജനങ്ങളുടെ സംഘടനയായ ‘മഗോവ’യ്ക്ക് കഴിഞ്ഞു. ഡോ.ആനന്ദ് ഫാഡ്‌കെ, കുമാര്‍ ഷിരാല്‍കര്‍ എന്നിവരോടൊപ്പം ചേര്‍ന്ന് ‘ശ്രമിക് മുക്തി ദള്‍’ എന്ന സംഘടന രൂപീകരിക്കുകയും തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനായി ഐഐടി പഠനം പാതിവഴിക്ക് ഉപേക്ഷിക്കുകയും ചെയ്തു. തൊഴിലാളി പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രഫുല്‍ എഴുതിയ പുസ്തകം പക്ഷേ അധികമാരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ’70കളിലെ നക്‌സല്‍ബാരി പ്രസ്ഥാനം ഇന്ത്യയിലെ യുവജനങ്ങളെ ആകര്‍ഷിച്ചതുപോലെ മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ ‘ഷാഹ്ദ മൂവ്‌മെന്റ്’ മറാഠി യുവതയെ വന്‍തോതില്‍ സ്വാധീനിച്ചിരുന്നു. ധുലെയില്‍ നിന്ന് പൂനെയിലെത്തിയ പ്രഫുല്‍ അവിടെയും തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. ‘ഡെമോക്രാറ്റിക് വര്‍ക്കേര്‍സ് യൂണിയന്‍’ എന്ന പ്രസ്ഥാനം രൂപീകരിച്ച് പൂനെയിലും സമീപപ്രദേശത്തുമുള്ള തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം വ്യാപൃതനായി.

80കളുടെ ആരംഭത്തോടെ സംഘടിത രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് അകന്ന് പത്രപ്രവര്‍ത്തനത്തിലേക്ക് പ്രഫുല്‍ ശ്രദ്ധതിരിച്ചു. ഇവിടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അന്യവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കായ് അദ്ദേഹം നിരന്തരം തന്റെ എഴുത്തുകള്‍ സമര്‍പ്പിക്കുകയായിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തോടെ ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലം കാവിവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരുന്നപ്പോള്‍ ഫാസിസത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് നിരന്തരമായി അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. കുനിയാന്‍ പറഞ്ഞപ്പോള്‍ സാഷ്ടാംഗം പ്രണമിച്ച പലര്‍ക്കുമിടയില്‍ നട്ടെല്ലു വളയാതെ നിന്ന അപൂര്‍വ്വം പത്രപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു പ്രഫുലെന്ന് അദ്ദേഹത്തിന്റെ ഇടപെടലുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതര ഇടത്തെ തിരിച്ചുപിടിക്കാന്‍ ഒരു പത്രപ്രവര്‍ത്തകന്റെ സ്ഥിരംകോളത്തില്‍ നില്‍ക്കാതെ ഇന്ത്യയിലെവിടെയും ഓടിനടന്ന് ജനങ്ങളുമായി സംവദിക്കാന്‍ പ്രഫുല്‍ ശ്രമിച്ചുകൊണ്ടിരുന്നു. മോദിയുടെ വര്‍ഗ്ഗീയ അജണ്ടകളെക്കുറിച്ച് അതിശക്തമായ രചനകളിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. മരണപ്പെടുന്നതിന് ഏതാനും നാള്‍ മുമ്പ് മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം എഴുതുകയുണ്ടായി. ”മോദി സര്‍ക്കാരിന്റെ ഒരുകൊല്ലത്തെ ബാക്കിപത്രമെന്താണ്? തുറന്നുപറഞ്ഞാല്‍, അത് അങ്ങേയറ്റം നിഷേധാത്മകമായിരുന്നു. പലവിധത്തില്‍ സാമൂഹികമായ പിന്‍മടക്കത്തെ നേരിടുകയാണ് ഇന്ത്യ. സാമ്പത്തികമായി അങ്ങേയറ്റം അസമത്വത്തിലൂന്നിയതും, രാഷ്ട്രീയപരമായി കൂടുതല്‍ അനാരോഗ്യകരമായ രീതിയില്‍ ധ്രുവീകരണത്തിന് ഇരയാവുകയായിരുന്നു…”. ”വര്‍ഗ്ഗീയതയുടെ ഭയാനകമായ വളര്‍ച്ച, ജനാധിപത്യ അവകാശങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍, സ്വതന്ത്രാവിഷ്‌കാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തല്‍, ഭിന്നാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത, ഏകാധിപത്യാശയങ്ങളെ വ്യാപരിപ്പിക്കല്‍, പുരുഷാധിപത്യ പ്രവണതകളെ പ്രോത്സാഹിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായുള്ള ആക്രമണങ്ങള്‍, മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സുരക്ഷിതത്വമില്ലായ്മ എന്നിവകളിലൂടെ ഇന്ത്യയുടെ സാമൂഹിക പിന്‍മടക്കം വ്യക്തമായിരുന്നു”വെന്ന് അദ്ദേഹം അക്കമിട്ട് എഴുതി. സോഷ്യല്‍ മീഡിയകളിലൂടെയും പബ്ലിക് റിലേഷന്‍സ് കമ്പനികളെ വിലക്കെടുത്തും തന്റെ പ്രതിച്ഛായ നിലനിര്‍ത്താന്‍ മോദി കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ വസ്തുതകളുടെയും സ്ഥിതിവിവരക്കണക്കുകളുടെയും പിന്‍ബലത്തോടെ മോദി വികസനത്തിന്റെ പിന്നാമ്പുറങ്ങളെ തന്റെ അതിശക്തമായ എഴുത്തുകളിലൂടെ പ്രഫുല്‍ ജനങ്ങളിലേക്കെത്തിച്ചു. 56 ഇഞ്ച് നെഞ്ചകലത്തിന്റെ അഹങ്കാരഘോഷണങ്ങള്‍ക്ക് പിന്നില്‍ പൊള്ളയും വികൃതവുമായ സ്വേച്ഛാധിപതിയെ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ പ്രഫുലിന് യാതൊരു മറയുടെയും ആവശ്യമുണ്ടായിരുന്നില്ല. ഫാസിസത്തിന്റെ ഈ കുതിച്ചുചാട്ടം ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്ന് അദ്ദേഹം വിലയിരുത്തി.

ഗാര്‍ഡിയന്‍ അടക്കമുള്ള രണ്ട് ഡസനോളം പത്രമാധ്യമങ്ങള്‍ പ്രഫുലിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളും വിശകലനങ്ങളും പ്രസിദ്ധീകരിച്ചു. ലക്ഷക്കണക്കായ വായനക്കാര്‍ അദ്ദേഹത്തിന്റെ കോളങ്ങള്‍ക്കായി കാത്തിരുന്നു. പ്രഫുലിനെ നേരിട്ട് പരിചയപ്പെടുന്നതിനും എത്രയോ മുമ്പെ തന്നെ അദ്ദേഹത്തിന്റെ എഴുത്തുകളുടെ ആരാധകനായി മാറിയ പതിനായിരങ്ങളില്‍ ഒരാളാണ് ഈ ലേഖകനും.

ആണവ വിരുദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് പ്രഫുലിനെ നേരിട്ട് പരിചയപ്പെടുന്നത്. ഇന്ത്യയുടെ തെക്കെ അറ്റത്ത്, കേരളത്തില്‍ നടന്ന ആണവ വിരുദ്ധ പോരാട്ടവും അതിന്റെ ആത്യന്തിക വിജയവും ഇന്ത്യയിലെ ആണവവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് എന്നും ഊര്‍ജ്ജം പകരുന്നതാണെന്ന് അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. തന്റെ പ്രഭാഷണങ്ങളിലൊക്കെയും പെരിങ്ങോം ആണവ വിരുദ്ധ സമരത്തെക്കുറിച്ച് പരാമര്‍ശിക്കുമായിരുന്നു. ജാതുഗുഡയില്‍, കൈഗയില്‍, ജേതാപൂരില്‍, കൂടങ്കുളത്ത് എല്ലാ ആണവ വിരുദ്ധ പ്രക്ഷോഭങ്ങളിലും അദ്ദേഹം മുന്‍നിരയില്‍ കാണുമായിരുന്നു. കൊയിലിഷന്‍ ഫോര്‍ ന്യൂക്ലിയര്‍ ഡിസാര്‍മമെന്റ് ആന്റ് പീസ് (സിഎന്‍ഡിപി) എന്ന പ്രസ്ഥാനം രൂപീകരിച്ച് ഇന്ത്യയിലെ ആണവ വിരുദ്ധ പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രഫുലിന്റെ നിരന്തര ശ്രമങ്ങളുണ്ടായിരുന്നു. ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദ ഫലമോ എന്തോ, സിഎന്‍ഡിപിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ ആണവ നിരായുധീകരണത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയും ആണവോര്‍ജ്ജത്തിനെതിരായി നിലപാട് സ്വീകരിക്കുന്നതില്‍ വിമുഖത കാട്ടുകയും ചെയ്തപ്പോള്‍ ജയ്പൂരില്‍ വെച്ചു നടന്ന സമ്മേളനത്തില്‍ വെച്ച് ഇക്കാര്യം ചോദ്യം ചെയ്ത അവസരത്തില്‍ അതിനെ സിഎന്‍ഡിപിയുടെ ഭാഗത്തുനിന്ന് പിന്തുണച്ചതില്‍ പ്രഫുല്‍ ഉണ്ടായിരുന്നു. ജെയ്പൂര്‍ സമ്മേളനത്തിനു ശേഷമായിരുന്നു സിഎന്‍ഡിപി ആണവോര്‍ജ്ജത്തിനെതിരായ വ്യക്തമായ നിലപാട് സ്വീകരിച്ചത്.

ആണവായുധങ്ങള്‍ക്കെതിരായി സന്ധിയില്ലാ സമരം നടത്തിവരുമ്പോഴും ആണവ നിര്‍വ്യാപന കരാറിന്റെ (nuclear non-proliferation treaty-NPT) ഏകപക്ഷീയതയ്‌ക്കെതിരായി പ്രതികരിക്കാനും പ്രഫുലിന് യാതൊരു മടിയുമില്ലായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സ്വയംനിര്‍ണ്ണയാവകാശത്തിനു നേരെയുള്ള കടന്നാക്രമണമായിട്ടാണ് ആണവ നിര്‍വ്യാപന കരാറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. സമഗ്ര ആണവ പരീക്ഷണ നിരോധന കരാര്‍ (Comprehensive Test Ban Treaty-CTBT) നടപ്പിലാക്കിക്കൊണ്ട് ലോകത്തെ ആണവായുധ വിമുക്തമാക്കണമെന്ന ആവശ്യമായിരുന്നു അദ്ദേഹം ഉന്നയിച്ചത്. അബോളിഷന്‍ 2000 (Abolition 2000)എന്ന ആഗോള ആണവായുധ വിരുദ്ധ പ്രസ്ഥാനത്തിന്റെ സഹയാത്രികന്‍ കൂടിയായിരുന്നു പ്രഫുല്‍. 1998ല്‍ ഇന്ത്യ രണ്ടാമത്തെ ആണവായുധ പരീക്ഷണം നടത്തിയപ്പോള്‍ അതിനെതിരായി അതിശക്തമായ വാദമുഖങ്ങളുമായി പ്രഫുല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. കൊയിലിഷന്‍ ഫോര്‍ ന്യൂക്ലിയര്‍ ഡിസാര്‍മമെന്റ് ആന്റ് പീസ് എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതും ഇതോടെയായിരുന്നു.

ആണവോര്‍ജ്ജം, പരിസ്ഥിതി, മതേതരത്വം, ബദല്‍ പ്രസ്ഥാനങ്ങള്‍ തുടങ്ങി പുത്തന്‍ ആശയങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഗഹനമായ ലേഖനങ്ങളും ഗ്രന്ഥങ്ങളും പ്രഫുല്‍ എഴുതി. പുതുപ്രസ്ഥാനങ്ങള്‍ക്കും യുവജനങ്ങള്‍ക്കും പ്രഫുലിന്റെ എഴുത്തുകള്‍ മാര്‍ഗ്ഗ ദര്‍ശനം നല്‍കി. പൊളിറ്റിക്‌സ് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് ആന്റ് ദ ഗ്ലോബല്‍ ക്രൈസിസ്, ആന്‍ ഇന്ത്യ ദാറ്റ് കാന്‍ സേ എസ് , സൗത്ത് ഏഷ്യ ഓണ്‍ ഷോര്‍ട്ട് ഫ്യൂസ്, ന്യൂ ന്യൂക്‌സ് : ഇന്ത്യ, പാകിസ്താന്‍ ആന്റ് ഗ്ലോബല്‍ ന്യൂക്ലിയര്‍ ഡിസാര്‍മമെന്റ് റിലിജിയന്‍, റിലിജിയോസിറ്റി ആന്റ് കമ്യൂണലിസം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായിരുന്നു പ്രഫുല്‍. ജവാഹര്‍ലാല്‍ മെമ്മോറിയല്‍ ലൈബ്രറിയില്‍ പ്രൊഫസോറിയല്‍ ഫെല്ലോ, ട്രാന്‍സ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഫെല്ലോല തുടങ്ങിയ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്. ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ പോക്കില്‍ ഖിന്നനായിരുന്ന പ്രഫുല്‍ ഇന്ത്യന്‍ ലെഫ്റ്റിനെക്കുറിച്ചുള്ള ഒരു ഗ്രന്ഥം തയ്യാറാക്കുന്നതിനിടയിലാണ് മരണപ്പെടുന്നത്.

നല്ല ഭക്ഷണവും രുചിഭേദങ്ങളും ശരിയായി ആസ്വദിക്കുന്ന, തന്റെ ഇഷ്ട ബ്രാന്റ് വിസ്‌കി ആസ്വദിച്ച് കഴിക്കുന്ന, പാറ്റയെ പേടിയുള്ള പ്രഫുല്‍. ”ഹലോ കോമ്രേഡ്” എന്ന് ഗാംഭീര്യമുള്ള സ്വരത്തില്‍ വിളിച്ചുകൊണ്ട് അഭിസംബോധന ചെയ്യാന്‍ അദ്ദേഹമില്ല.

പ്രിന്‍സ്റ്റണ്‍ യൂണിവേര്‍സിറ്റി പ്രൊഫസറും ന്യൂക്ലിയര്‍ ഫിസിസിസ്റ്റും ഞങ്ങളുടെ പൊതു സുഹൃത്തുമായ ഡോ. എം.വി. രമണ പറഞ്ഞതുപോലെ, ”ആണവ ബാദ്ധ്യതാ ബില്ലിന്റെ (nuclear liability bill) സങ്കീര്‍ണ്ണതകളെക്കുറിച്ചും മഹാരാജപുരം സന്താനത്തിന്റെയും ജിഎന്‍ സുബ്രഹ്‌മണ്യത്തിന്റെയും സംഗീതത്തിലെ വൈജാത്യത്തെക്കുറിച്ചും ഒരേ ഗൗരവത്തില്‍ സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയായിരുന്നു പ്രഫുല്‍”.