പഴയ ഒരു ഇന്റര്‍വ്യൂവില്‍ നടന്‍ മോഹന്‍ ലാലിനോട് മനോരമ ചാനലിലെ ജോണി ലൂക്കോസ് ചോദിച്ച ചോദ്യം താങ്കളുടെ ക്രീഡാ വിനോദങ്ങള്‍ 3000 കടന്നുവല്ലോ എന്നതാണ്. പക്ഷെ, പാതി തമാശയായി മോഹന്‍ ലാല്‍ കൊടുത്ത മറുപടി 3000 അല്ല, അതിലും ഏറെയുണ്ടാകുമെന്നാണ്. ചോദ്യകര്‍ത്താവും മറുപടി നന്നായി ആസ്വദിക്കുന്നുണ്ട് ആ ഇന്റര്‍വ്യൂവില്‍. അത് ഇന്നും പാണന്‍മാര്‍ പാടി നടക്കുന്നുമുണ്ട്. മറ്റൊരു സൂപ്പര്‍ താരം സുരേഷ് ഗോപി മുമ്പ് ഒരു വീഡിയോയില്‍ പറഞ്ഞത് പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ച് അവരുടെ ഗന്ധം വലിച്ചെടുക്കുന്നത് അദേഹത്തിന് ഒരു ഹരമാണന്നാണ്. ഇതു രണ്ടും പുതിയ വിവാദങ്ങളുണ്ടാകുന്നതിനും എത്രയോ മുമ്പ് പറഞ്ഞതാണ്. പീഡനകൊടുങ്കാറ്റില്‍ മോളിവുഡ് ആടിയുലയുമ്പോള്‍ ഈ പഴയ വീഡിയോകളാണ് ഓര്‍മ വരുന്നത്.
ഇനി നമുക്ക് ചുറ്റും ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ കാര്യമെടുക്കാം. ഇതില്‍ രാഷ്ട്രീയക്കാരോ സാമൂഹ്യ പ്രവര്‍ത്തകരോ ബിസിനസുകാരോ ഒക്കെയുണ്ടാകുമല്ലോ. അവരാരെങ്കിലുമാണ് അബദ്ധത്തിലെങ്കിലും ഇഷ്ടക്കാരിയുടെ സമ്മതത്തോടെയോ അല്ലാതെയോ, ആയിരക്കണക്കിന് ഒന്നും വേണ്ട ഒറ്റ ഒരു കൃത്യമെങ്കിലും ചെയ്യുന്നതെന്നിരിക്കട്ടെ. എന്തായിരിക്കും ഇവിടെ പുകില്? സ്വന്തം ഇഷ്ടപ്രകാരം രാജ്‌മോഹന്‍ ഉണ്ണിത്താനോടെപ്പം ഒരു സ്ത്രീയെ കണ്ടതിന് എത്ര ദിവസമാണ് ഇവിടെ ചര്‍ച്ച നടന്നത്?
പീഡന നിയമം കര്‍ശനമായ വരുന്ന കാലത്ത് മോഹന്‍ലാലിനോട് അടുത്ത ചോദ്യത്തിന് നിശ്ചയമായും ഇന്റര്‍വ്യൂവര്‍ക്ക് ബാധ്യതയുണ്ടായിരുന്നു. അല്ലെങ്കില്‍ ചോദ്യം ഒഴിവാക്കണമായിരുന്നു. ഇതെല്ലാം അനുമതിയോടെ തന്നെയായായിരിക്കുമോ എന്ന് യുക്തിസഹമായി ചിന്തിക്കാമായിരുന്നു. സിനിമാ താരങ്ങളാകുമ്പോള്‍ അത്തരം ചോദ്യങ്ങളെല്ലാം ഒഴിവായി പോകുന്നുവെന്നതാണ് ഇന്നെത്തി നില്‍ക്കുന്ന പ്രതിസന്ധിയ്ക്ക് കാരണം.
മോഹന്‍ലാലിനേ പോലുള്ള മുന്‍നിര സിനിമാ താരങ്ങള്‍ക്ക് ഇതെല്ലാം ഒരു പ്രിവിലേജ് ആണ്. അതുകൊണ്ടാണ് പരസ്യമായി പോലും ഇവര്‍ ഇത് പറഞ്ഞ് രസിക്കുന്നത്. ഇവിടെ മുന്‍നിര താരങ്ങളോ പിന്‍നിര താരങ്ങളോ ഒന്നുമില്ല. സിനിമയില്‍ ഒരോരുത്തരും അവരവരുടെ ഗ്രേഡ് വച്ച് ഇത് യഥേഷ്ടം നിര്‍വഹിച്ച് പോരുന്നു. അത്രയേയുള്ളൂ. പെണ്‍കുട്ടികളുടെ ഗന്ധം വലിച്ചെടുക്കുന്നതാണ് തന്റെ ഹരമെന്ന് പ്രഖ്യാപിച്ച ഏതെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍, അത് ഏത് പാശ്ചാത്യ സമൂഹമാണെങ്കില്‍ പോലും സ്വീകാര്യത് ലഭിക്കുമോ? ട്രംപിന് പോലും പഴയകാല ചെയ്തികള്‍ തിരഞ്ഞെടുപ്പാകുമ്പോഴേക്കും മറച്ച് പിടിക്കേണ്ടി വരുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണം.
വിശന്നിട്ട് റൊട്ടി മോഷ്ടിച്ച ജീന്‍ വാല്‍ ജീനിന്റെ ഗതികേടുള്ളവരല്ല ഇവര്‍. താര ഹുങ്കില്‍ ആക്രാന്തം മൂത്ത് വെറൈറ്റി തേടുന്ന സാമൂഹ്യ വിരുദ്ധരാണ് ഇപ്പോള്‍ ആരോപണം നേരിടുന്നത്. അതുകൊണ്ട് വിശന്നിട്ട് അപ്പം മോഷ്ടിക്കുന്നവന്‍ മോഷ്ടാവല്ല എന്ന ബൈബിള്‍ ന്യായം പോലും ഇവരുടെ കാര്യത്തില്‍ അസാധുവാകുന്നു. നിനച്ചിരിക്കുമ്പോള്‍ താരസുന്ദരികള്‍ കിടപ്പറ പങ്കിടാന്‍ മത്സരിക്കുമ്പോഴും ഇതിലും തൃപ്തി വരാതെ റേപ്പിനും പിഢനത്തിനും ആരോപണവിധേയരായവരേയും തിരശീലക്ക് പിന്നില്‍ പതിയിരിക്കുന്നവരെയും സ്വയം ഒരുക്കുന്ന ആത്മവിശ്വാസം എത്ര ഭീകരമായിരിക്കും. വിരസമായ ഭോഗതൃഷ്ണയുടെ പുതിയ പരീക്ഷണ ശാലകളായിരുന്നുപോലും പലര്‍ക്കും രതിക്രീഡകള്‍.
ഇനി ഇതിന് വശംവദയാകുന്ന ഇത്രമാത്രം പെണ്‍കുട്ടികള്‍ എവിടെ നിന്ന് വരും. അവിടെയാണ് കഥ തുടങ്ങുന്നത്. സിനിമയുടെ മോഹ വലയത്തില്‍ വീണ് ഇത്തരം കാടത്തത്തിന് വശംവദയാകുന്ന പെണ്‍കുട്ടികളില്‍ നല്ലൊരു ശതമാനവും അക്കാലത്തൊക്കെ സാധാരണക്കാരായിരുന്നു. (ഇന്ന് കഥ മാറിയിട്ടുണ്ട് എന്ന് കേള്‍ക്കുന്നു). പലപ്പോഴും അമ്മമാരെയാണ് പ്രൊഡക്ഷന്‍ മേഖലയിലുളള റിക്രൂട്ടിംഗ് ഏജന്റ്മാര്‍ വല വീശിപ്പിടിക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് എത്തുന്ന ഇവരില്‍ നല്ലൊരു പങ്കും വലിയ സാമ്പത്തിക ബാധ്യതയുള്ളവരാകും. ഇതിന് പരിഹാരമായി അമ്മമാര്‍ കണ്ടെത്തുന്ന എളുപ്പവഴിയാണ് സുന്ദരിയായ മകളെ സിനിമയില്‍ എത്തിക്കുക എന്നത്. ഹോട്ടലോ സിനിമയോ, സിനിമാക്കാരെയോ ഒന്നും പരിചയമില്ലാത്ത ഇവര്‍ ലൊക്കേഷനില്‍ തുടക്കം മുതലേ പകച്ചു പോകും.
പുതിയ ഇരകള്‍ എത്തുന്നതോടെ താരങ്ങളടക്കമുളളവര്‍ വല വിരിക്കാന്‍ തുടങ്ങും. പിന്നെ മത്സരമാണ്. നിഷ്‌കളങ്കരായ ഈ പെണ്‍കുട്ടികള്‍ പെട്ടു പോകുകയും അടുത്ത കൂടുതല്‍ നല്ല ഒരവസരത്തിന് വേണ്ടി ലൊക്കേഷനുകളില്‍ നിന്ന് അടുത്ത ലൊക്കേഷനുകളിലേക്ക് പറക്കുകയും ചെയ്യും. ഒരിക്കല്‍ സിനിമാ ചാപ്പ വീണുകഴിഞ്ഞാല്‍ പിന്നെ നാട്ടില്‍ തിരിച്ച് ചെല്ലുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് അമ്മയ്ക്കും മകള്‍ക്കും പോയ വഴി അടിക്കുകയേ നിര്‍വാഹമുള്ളു.
അക്കാലത്ത് ഒരോ സിനിമയിലും ചുരുങ്ങിയത് ശരാശരി അഞ്ച് കുട്ടികളെങ്കിലും ഇങ്ങനെ അവതരിക്കാറുണ്ട്. ഒരു വര്‍ഷം ശരാശരി 80- 100 സിനിമ. അങ്ങനെ എത്ര വര്‍ഷം? എത്ര കുട്ടികള്‍? വീട് ജപ്തിയില്‍ നിന്നൊഴിവാക്കാനോ, മാരക അസുഖത്തിന് ചികിത്സാ ചെലവ് കണ്ടെത്താനോ, പട്ടിണി മാറ്റാനോ ഇങ്ങനെ എത്തപ്പെടുന്ന നമ്മുടെ ഗ്രാമീണ മേഖലകളിലെ കുട്ടികളില്‍ പലരുമാണ് മുകളില്‍ പറഞ്ഞ 3000 ത്തിന്റെയും, ഗന്ധം മണക്കുന്നതിന്റെയും പെരുക്കപ്പട്ടികയില്‍ വരുന്നത്.
ഒരു കാര്യം പ്രത്യേകം ഓര്‍ക്കണം സൂപ്പര്‍ താരങ്ങള്‍, സഹതാരങ്ങള്‍, രണ്ടാം നിര-മൂന്നാം നിരക്കാര്‍ എന്തിന് ലൈറ്റ് ബോയ്‌സ് വരെയുള്ള ഹൈറാര്‍ക്കിക്ക് അവകാശപ്പെട്ടതാണ് ഈ ഇരകള്‍. തുടക്കക്കാരെ മാത്രമേ സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടു എന്ന ഒരു അലിഖിത നിയമവും അക്കാലത്തെ സെറ്റുകളിലുണ്ടായിരുന്നു.
പല കുട്ടികളുടെ കഥകളുണ്ടെങ്കിലും ഒന്നു രണ്ടെണ്ണം സൂചിപ്പിക്കാം. 2007 ലെ കഥയാണ്. ഒറ്റപ്പാലത്തെ ഒരു ഹോട്ടല്‍ റിസ്പഷനില്‍ ഒരു അമ്മയും മോളും പരിചയപ്പെട്ടു. പാലക്കാട്ടെ ഒരു കുടിയേറ്റ ഗ്രാമത്തില്‍ നിന്ന് അവസരം തേടി വന്നതാണ്. ഒറ്റനോട്ടത്തില്‍ ഒരു നായികയാവാന്‍ തക്ക അഴകളവുകളുള്ള പെണ്‍കുട്ടി. ലൊക്കേഷനില്‍ നിന്ന് അറിയിപ്പ് കിട്ടി വന്നതാണ്. താരങ്ങളെല്ലാം താമസിക്കുന്ന അതേ ഹോട്ടലില്‍ തന്നെയാണ് അവര്‍ക്കും മുറി നല്‍കിയത്. ആഴ്ചകളോളം ഹോട്ടലില്‍ തങ്ങി നായികയുടെ അകന്ന ചങ്ങാതിയായി ഒരു സീനിലോ മറ്റോ മിന്നി മറഞ്ഞിട്ടുണ്ടാകും. പിന്നീട് ഒരു വര്‍ഷത്തിന് ശേഷം തിരുവനന്തപുരത്തെ മറ്റൊരു ലൊക്കേഷനിലില്‍ ആ കുട്ടിയെ വീണ്ടും കണ്ടു. അപ്പോള്‍ തിരക്കുള്ള ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അവള്‍ മാറിയിരുന്നു. സിനിമയിലെ പോഷ് ജീവിതം ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞു. പക്ഷെ, ഒരു സിനിമയിലും മുഖം കണ്ടിട്ടില്ല.
പിന്നീട് ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ മറ്റൊരു സിനിമയുടെ ഷൂട്ടിംഗിന്റെ ഭാഗമായി കോലഞ്ചേരി എലീസാ ഹോട്ടലില്‍ കാണുമ്പോള്‍ ആ കുട്ടിക്ക് തിരക്കേറിയിരുന്നു. അപ്പോഴും ആള്‍ക്കൂട്ടത്തിലൊരാളായി കാമറ എത്താത്ത ഏതെങ്കിലും ഒരു കോണില്‍ അവര്‍ തുടര്‍ന്നു. പിന്നീടെപ്പഴോ സിനിമ വിട്ടിട്ടുണ്ടാകണം. ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. ഒരു വലിയ ബാനറോ, സംവിധായകരോ (മര്യാദക്കാര്‍) ആണ് ആ കുട്ടിയെ ഇന്‍്ര്‌ടോഡ്യൂസ് ചെയ്തിരുന്നത് എങ്കില്‍ ഒരു പക്ഷെ ഒരു നായികയാവാനുള്ള എല്ലാ യോഗ്യതയും അവള്‍ക്കുണ്ടായിരുന്നു. അതങ്ങനെയാണ്, ഒരു നടി അവതരിപ്പിക്കപ്പെടുന്ന ബ്രാന്‍ഡ് സിനിമയില്‍ വലിയ കാര്യമാണ്. അതനുസരിച്ചിരിക്കും പിന്നീടങ്ങോട്ട് വളര്‍ച്ചയും തളര്‍ച്ചയും.
2007 ലായിരിക്കണം, കോട്ടയത്തെ ഒരു ലൊക്കേഷനില്‍ വച്ച് മറ്റൊരു പെണ്‍കുട്ടിയേയും അമ്മയേയും പരിചയപ്പെട്ടു. പത്രത്തില്‍ ഒരു പടവും വാര്‍ത്തയും വരണമെന്നും പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് ആണ് പരിചയപ്പെടണമെന്ന് പറഞ്ഞതെന്നും അവര്‍ പറഞ്ഞു. ആ സിനിമയുടെ സെറ്റപ്പ് അത്ര പന്തിയല്ലായിരുന്നു. ഒരുപാട് പെണ്‍കുട്ടികള്‍ ഷൂട്ടിംഗിന്റെ ഭാഗമായി ഹോട്ടലുകളില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഞാന്‍ കാണുമ്പോള്‍ നഗരത്തിലെ ഒരു വീട്ടിലായിരുന്നു ഷൂട്ടിംഗ്. അവിടെ വച്ചാണ് കോട്ടയംകാരായ അമ്മയും മകളും സംസാരിക്കുന്നത്. പെണ്‍കുട്ടി സുന്ദരിയാണ്. അമ്മ ഡോക്ടറാണെന്നാണ് പറഞ്ഞത്. ആയുര്‍വേദമോ ഹോമിയോ ആണെന്നാണ് ഓര്‍മ. ആ കുട്ടി ആ വര്‍ഷം എസ്എസ്എല്‍സി കഴിഞ്ഞതേയുള്ളു. പറഞ്ഞ് വന്നപ്പോള്‍ 540 മാര്‍ക്ക് വാങ്ങി പാസായ കുട്ടിയാണ്. സിനിമയേ കുറിച്ചും ആ ലൊക്കേഷനിലെ പൊതു അവസ്ഥയെ കുറിച്ചും അമ്മയേയും കുട്ടിയേയും ബോധ്യപ്പെടുത്തിയപ്പോഴാണ് അവര്‍ അന്തം വിട്ടിരുന്നത്. ആ സിനിമയില്‍ അഭിനയിച്ച് മതിയാക്കി അവര്‍ പോയി എന്നാണ് അറിഞ്ഞത്. പിന്നീട് കണ്ടിട്ടില്ല.
ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ മറ്റൊരു ചിത്രത്തിന്റെ ലോക്കേഷനില്‍ അതിരാവിലെ ഒരമ്മയും മകളും റൂമിലേക്ക് കയറി വന്നു. ചിത്രഭൂമിയില്‍ ഒരു പടം വരണം. അങ്ങനെ മകളെ നാട്ടുകാര്‍ അറിഞ്ഞ് സിനിമ കിട്ടണം. അച്ഛന്‍ നല്ല മദ്യപനാണ്. വേറെ ജീവിക്കാന്‍ മാര്‍ഗമില്ല. കുട്ടി ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. സിനിമയെ കുറിച്ചോ സിനിമാക്കാരെ കുറിച്ചോ ഒന്നും അറിയില്ല. സിനിമ നിങ്ങള്‍ക്ക് പറ്റില്ലെന്നും പഠിത്തം കഴിഞ്ഞിട്ട് കാര്യങ്ങളൊക്കെ മനസിലാക്കി വരുന്നതാണ് നല്ലതെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ഒരു ശ്രമം നടത്തി. ആ അമ്മ തെല്ലൊരരിശത്തോടെ പറഞ്ഞു. ‘ഉപദേശം വേണ്ട. പടം കൊടുക്കാന്‍ നിങ്ങള്‍ക്ക് പറ്റുമോ?’ പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോഴിക്കോട് ഒരു സെമി സെക്‌സ് സിനിമയില്‍ ആ കുട്ടി അഭിനയിക്കാനായി എത്തിയിരുന്നു.
സിനിമാ പ്രവര്‍ത്തകര്‍ക്ക് മണം പിടിക്കാന്‍ നിന്നുകൊടുത്ത് സ്വയം ഇല്ലാതായ കുറെ കുട്ടികളുടെ ഉദാഹരണങ്ങളാണ് ഇവിടെ സൂചിപ്പിച്ചത്. സ്വന്തം ഇഷ്ടാനുസരണം സിനിമയില്‍ അവസരങ്ങള്‍ക്കായി വിട്ടുവീഴ്ചകള്‍ ചെയ്യുന്നവരുണ്ടാകും. അതല്ലാത്തവരെ കുറിച്ചുള്ള കഥകളാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
നല്ലൊരു ശതമാനം കുട്ടികളേയും സിനിമയിലേക്ക് ആനയിക്കുന്നത് അമ്മമാര്‍ തന്നെയാണെന്നാണ് മറ്റൊരു നടുക്കുന്ന വസ്തുത. പെട്ടന്നുള്ള പ്രശസ്തിയും പണവും പോഷ് ലൈഫുമാണ് നല്ലൊരു ശതമാനം അമ്മമാരുടെയും ലക്ഷ്യം. അവരാണ് പലപ്പോഴും ഇടനിലക്കാരാകുന്നത് പോലും.
അത് മലയാളമാണെങ്കിലും തെന്നിന്ത്യന്‍ ഫിലിമാണെങ്കിലും. ഒരുദാഹരണം മാത്രം. ഊട്ടിയില്‍ ‘സമ്മര്‍ ഇന്‍ ബേദ്‌ലഹേം’ സിനിമ കവര്‍ ചെയ്യാന്‍ ചെന്നതാണ്. ആ സിനിമയില്‍ മൂന്ന് അന്യഭാഷാ നടിമാരുണ്ടായിരുന്നു. അവരുടെ ആദ്യമലയാള സിനിമയായിരുന്നു അത്. ബ്ലൂ ഹില്‍സ് ഇന്റര്‍നാഷണല്‍ ഹോട്ടലിലായിരുന്നു താമസം. ഇവരില്‍ ഒരാളുടെ അമ്മ മകളുടെ പടം കൊടുക്കണമെന്നും മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് റൂമിലെത്തി. വൈകിട്ട് ആറായതിനാല്‍ ലൈറ്റ് പോയെന്നും പിറ്റേന്ന് രാവിലെ ഞങ്ങള്‍ തിരിക്കുമെന്നും വേറൊരവസരത്തിലാകാമെന്നും പറഞ്ഞ് അവരെ ഒഴിവാക്കാന്‍ നോക്കി. അവരുണ്ടോ വിടുന്നു. ഉള്ള ലൈറ്റ് മതിയെന്നായി.
എന്റെ ഒപ്പം അന്ന് ഫോട്ടോഗ്രാഫര്‍ ഉണ്ടായിരുന്നു. ഹോട്ടല്‍ ടെറസിന്റെ മുകളിലാണെങ്കില്‍ അല്പം ലൈറ്റ് കാണുമെന്ന് ഫോട്ടോഗ്രാഫര്‍. 15 മിനുട്ടിനുള്ളില്‍ നടിമാരെത്തി. പല നിലകളുള്ള ഹോട്ടലിന്റെ ലിഫ്റ്റ് കേടായതിനാല്‍ അമ്മമാരെത്താന്‍ വൈകി. അല്‍പസമയത്തിന് ശേഷം രണ്ട് വലിയ പെട്ടി ചുമന്ന് കയറ്റി അവര്‍ പറഞ്ഞു. ഇതിനകത്ത് നിറയെ ‘മോഡേണ്‍’ ഡ്രസുകളാണ്. ഇത് ധരിച്ചിട്ടാണ് എടുക്കേണ്ടത്. ഇവരില്‍ രണ്ട് പേര്‍ പിന്നീട് മലയാളത്തില്‍ ഒരു പാട് സിനിമകളില്‍ നായികാ വേഷത്തില്‍ അഭിനയിച്ചിരുന്നു. ഞാന്‍ കണ്ടിട്ടുള്ള പല അമ്മമാര്‍ക്കും സിനിമ ഒരു ഭ്രാന്താണ്. ഇതെല്ലാം പഴയ കഥകളാണ്. ഇനി പുതിയ കാലത്തെ പെണ്‍കുട്ടികള്‍ കുറച്ചുകൂടി അറിവുളളവരും ബോധമുള്ളവരുമാണെന്നാണ് പറയുന്നത്. അതുകൊണ്ട് മേല്‍പറഞ്ഞ ചൂഷണങ്ങള്‍ ഇല്ലാതാകുന്നില്ല എന്ന് ‘വിമന്‍ കളക്ടീവ്’ ഇടപെടല്‍ തന്നെ വ്യക്തമാക്കുന്നു.