Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

SPOTLIGHT

ഭരണകൂട ‘ വേദാന്തം’ തോക്ക് ചൂണ്ടുമ്പോൾ പ്രതിഷേധാഗ്നിയായി തൂത്തുക്കുടി

, 3:54 pm

ആര്യ പത്മ

 

പ്രതിഷേധ സ്വരങ്ങളെ ഏത് വിധേനെയും അടിച്ചമര്‍ത്തുകയെന്നതാണ് ഏതൊരു അധികാര കേന്ദ്രത്തിന്റേയും രാഷ്ട്രീയം. ഭയത്തിന്റെ നിഴലില്‍ നിശബ്ദരായി കഴിയുന്ന ജനതയെ വാര്‍ത്തെടുക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടേയിരിക്കും. ഭീതി  ഇല്ലാത്ത ജനതയെ ഭരണകൂടം ഭയപ്പെടുന്നു. നന്ദിഗ്രാം, നിയാംഗിരി, ഗഡ്ചിറോളി, കലിംഗനഗര്‍, ബസ്തര്‍, കാതികൂടം, കൂടംകുളം എന്നിങ്ങനെ അധികാര കേന്ദ്രങ്ങളില്‍ ഭയത്തിന്റെ വിത്ത് പാകി അവകാശങ്ങള്‍ക്കായി പോരാടുന്നവന്റെ ചോര മണക്കുന്ന ഇടങ്ങളിലൊന്നായി തൂത്തുക്കുടിയും മാറുകയാണ്. അതിജീവനത്തിനായി പോരാടുന്ന ജനതയുടെ ശബ്ദമാകുകയാണ് തൂത്തുക്കുടിയിലെ വെടിവെയ്പ്പില്‍ പൊലിഞ്ഞ 13 ജീവനുകള്‍.

തമിഴ്‌നാട്ടിലെ രണ്ടാമത്തെ പ്രധാന തുറമുഖമാണ് തൂത്തുക്കുടി. 1974ല്‍ ഇന്ത്യയിലെ പത്താമത്തെ പ്രധാന തുറമുഖമായി പ്രഖ്യാപിക്കപ്പെട്ട തൂത്തുക്കുടി നാവിക -ഗതാഗത-വ്യവസായ രംഗങ്ങളില്‍ ഏറെ മുന്നിലാണ്. തമിഴ്‌നാട്ടിലെ എല്ലാ പ്രധാന നഗരങ്ങളുമായും വാണിജ്യ കേന്ദ്രങ്ങളുമായും തൂത്തുക്കുടി പട്ടണത്തിന് റോഡ് മാര്‍ഗം ബന്ധമുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാന ആഴക്കടല്‍ മത്സ്യബന്ധന കേന്ദ്രം കൂടിയാണ് തൂത്തുക്കുടി. തമിഴ്‌നാട് സംസ്ഥാന മത്സ്യബന്ധന വകുപ്പിന്റെ ആസ്ഥാനവും അവിടെയാണ്. മത്സ്യസമ്പത്തിനും തുറമുഖത്തിന്റെ പ്രവർത്തനത്തിനും ആഘാതമാകുന്ന തരത്തിലാണ് വിവാദമായ സ്‌റ്റെര്‍ലൈറ്റ് ഫാക്ടറി തൂത്തുക്കുടിയില്‍ സ്ഥിതിചെയ്യുന്നത്.

തൂത്തുക്കുടി നഗരത്തില്‍ മാത്രമൊതുങ്ങുന്നതല്ല സ്റ്റെര്‍ലൈറ്റ് എന്ന കമ്പനി. ലണ്ടന്‍ ആസ്ഥാനമായ വേദാന്ത റിസോഴ്സസിന്റെ കീഴിലുള്ള സ്ഥാപനമാണ് സ്റ്റെര്‍ലൈറ്റ്. ബിഹാറിലെ ചെറുകിട ആക്രിക്കച്ചവടത്തിലൂടെ തുടങ്ങി ലോകത്തിലെ വമ്പന്‍ കോടീശ്വരന്‍മാരില്‍ ഒരാളായി മാറിയ അനില്‍ അഗര്‍വാളാണ് വേദാന്ത റിസോഴ്സിന്റെ ഉടമ. മഹാരാഷ്ട്രയിലാണ് സ്‌റ്റെര്‍ലൈറ്റ് തുടങ്ങാന്‍ ആദ്യം ശ്രമിച്ചതെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ വന്‍കിട കമ്പനി തൂത്തുക്കുടിയിലേക്ക് കാലുറപ്പിക്കുകയായിരുന്നു. ഗുജറാത്തിലും ഗോവയിലും കോപ്പർ സ്മെൽറ്റർ തുടങ്ങാൻ അവർ ശ്രമിച്ചുവെങ്കിലും അനുമതി നിഷേധിക്കപ്പെട്ടു. ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ കാഫു നദിയില്‍ വേദാന്തയുടെ ചെമ്പു ഖനിയില്‍നിന്നുള്ള മാരകമായ അവശിഷ്ടങ്ങള്‍ ഒഴുക്കിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് വന്‍തോതില്‍ രോഗങ്ങള്‍ പിടിപ്പെടുകയും മത്സ്യങ്ങള്‍ ചത്തു പൊന്തുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തദ്ദേശീയര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കൃത്യമായ പാരിസ്ഥിതിക നിയമങ്ങള്‍ പാലിക്കാമെന്ന് അഗര്‍വാള്‍ ഉറപ്പുനല്‍കി. വിദേശത്ത് ഇറക്കി വിലപോകാതെ വന്ന കോര്‍പ്പറേറ്റ് തന്ത്രമാണ് പുതിയ കുപ്പിയിലാക്കി അഗര്‍വാള്‍ സ്വന്തം രാജ്യത്തേക്ക് ഒഴുക്കിയത്.

 

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല തൂത്തുക്കുടിവാസികളുടെ പ്രതിഷേധം. 1994 ഓഗസ്റ്റ് ഒന്നിനാണ് തമിഴ്നാട് മലിനീകരണ നിയന്ത്രണബോര്‍ഡ് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന നിബന്ധനയോടെ സ്റ്റെര്‍ലൈറ്റിനു അനുമതി നല്‍കിയത്. എന്നാല്‍, പഠനത്തിനു കാത്തിരിക്കാതെ 1995 ജനുവരി 16-ന് പരിസ്ഥിതി മന്ത്രാലയം കമ്പനിക്കു അനുമതി നല്‍കി. പരിസ്ഥിതിക്കും ഭൂഗര്‍ഭജലത്തിനും ജനങ്ങളുടെ ആരോഗ്യത്തിനും ഹാനികരമായ പദ്ധതിയെന്നു ചൂണ്ടിക്കാട്ടി തുടക്കം മുതല്‍ തദ്ദേശവാസികള്‍ സംഘടിച്ചു. 1996 മുതല്‍ സ്ത്രീകളും കൊച്ചുകുട്ടികളുമടക്കമുള്ള ബഹുജന പ്രക്ഷോഭങ്ങള്‍ ഇവിടെ അരങ്ങേറി. ചട്ടങ്ങള്‍ ലംഘിച്ചാണെങ്കിലും 40,000 ടണ്‍ വാര്‍ഷിക ഉത്പാദന ശേഷിയുള്ള പ്ലാന്റിനായിരുന്നു മലിനീകരണ നിയന്ത്രണബോര്‍ഡ് അനുമതി നല്‍കിയത്. സൂചിവെക്കാന്‍ ഇടം നല്‍കിയിടത്ത് തൂമ്പ വെച്ചപോലെ അനുമതി കൂടാതെ തന്നെ സ്‌റ്റെര്‍ലൈറ്റ് വളരെ വേഗം ഉത്പാദനശേഷി 70,000 ടണ്‍ ആക്കി ഉയര്‍ത്തി.

 

പ്ലാന്റില്‍നിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുവെന്ന് പരാതികളുയര്‍ന്നു. എന്നാല്‍ ഭരണകൂടവും നീതിന്യായവ്യവസ്ഥയുമെല്ലാം സ്റ്റെര്‍ലൈറ്റിന്റെ പ്രവര്‍ത്തനത്തിനു പച്ചക്കൊടി വീശിക്കൊണ്ടിരുന്നു. അതിനിടെ കേന്ദ്രത്തിലും സംസ്ഥാനത്തും സര്‍ക്കാരുകള്‍ മാറിമാറി അധികാരത്തില്‍ വന്നു. നിയമയുദ്ധവുമായി ജനങ്ങള്‍ മുന്നോട്ട് പോയി. അന്തിമ വിജയം കോര്‍പ്പറേറ്റ് കുത്തകകളുടേതായിരുന്നു. 2013 ല്‍ മലിനീകരണത്തിനെതിരെ തദ്ദേശവാസികള്‍ നല്‍കിയ കേസില്‍ 100  കോടി രൂപ പിഴ അടച്ച് പ്രവര്‍ത്തനം തുടരാനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. പ്ലാന്റിന്റെ 25 വര്‍ഷത്തെ ലൈസന്‍സ് അവസാനിക്കാനിരിക്കെയാണ് അത് പുതുക്കിനല്‍കാന്‍ പരമോന്നത നീതിന്യായ കോടതി അനുമതി നല്‍കിയത്. ജനവിരുദ്ധ പദ്ധതിയുടെ രണ്ടാംഘട്ട വിപുലീകരണത്തിന് അനുമതി ലഭിച്ചതോടെ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങി.

ചൊവ്വാഴ്ച പ്ലാന്റിലേക്കു സമാധാനപരമായ മാര്‍ച്ച് നടത്തുക മാത്രമായിരുന്നു സമരക്കാരുടെ ലക്ഷ്യം. മുന്‍കൂട്ടി അനുവാദം തേടിയെങ്കിലും ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് കളക്ടറേറ്റിലേക്കു വഴിതിരിച്ചു വിട്ടതോടെ പൊലീസ് തടയാന്‍ ശ്രമിച്ചു. പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ ജനങ്ങള്‍ പ്രകോപിതരായി. തങ്ങള്‍ക്കെതിരെയുയരുന്ന ഓരോ ശബ്ദവും അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യമാണ് പിന്നീട് കണ്ടത്. പതിനേഴുകാരിയുള്‍പ്പെടെ 11  പേരാണ് സംഭവ സ്ഥലത്തു വെടിവെപ്പില്‍ പിടഞ്ഞുവീണ് മരിച്ചത്. പ്രക്ഷോഭക്കാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പ് ആസൂത്രിതമാണെന്ന് പിന്നീട് പുറത്തു വന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കോര്‍പ്പറേറ്റുകളുടെ സംരക്ഷണത്തിനായി എന്തും ചെയ്യാനുള്ള ഉത്തരവ് മുകളില്‍ നിന്ന് പൊലീസിനു ലഭിച്ചിരുന്നു എന്ന സൂചനകള്‍ക്ക് ബലം നല്‍കുന്നവയാണ് ആ ചിത്രങ്ങള്‍. മരണം ഒഴിവാക്കിക്കൊണ്ട് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള റബ്ബര്‍ ബുള്ളറ്റ് ഫയര്‍ ചെയ്യാനുള്ള സൗകര്യമടക്കം പൊലീസിന്റെ കയ്യില്‍ ഉണ്ടെന്നിരിക്കെയാണ് കൃത്യമായ ലക്ഷ്യത്തോടെ ലോങ്ങ് റേഞ്ചില്‍ നിന്നുകൊണ്ട് ഷാര്‍പ് ഷൂട്ടര്‍മാര്‍ വെടിവച്ചത്. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ ജീവനെടുക്കുന്ന കാഴ്ച്ച!

 

ബി.ജെ.പിയും കോണ്‍ഗ്രസ്സുമെല്ലാം തിരെഞ്ഞെടുപ്പ് രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി ഏറാന്‍മൂളുന്ന കോര്‍പ്പറേറ്റ് കുത്തകകളിലൊന്നാണ് വേദാന്തയും. പണത്തിന്റെ കുത്തൊഴുക്കിന് മുന്നില്‍ തങ്ങള്‍ക്ക് വോട്ട് ചെയ്ത ജനങ്ങളുടെ ജീവനും ജീവിതവുമെല്ലാം അവര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നുവെന്നതിന്റെ പ്രതിഫലനമാണ് തൂത്തുക്കുടിയിലെ രക്തച്ചൊരിച്ചിലും. അധികാരവും ആയുധവും കയ്യിലുള്ളവന്റെ ധാര്‍ഷ്ട്യമാണ് ഈ ജനാധിപത്യ രാജ്യത്തില്‍ കഴിഞ്ഞ ദിവസം കണ്ടത്. കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും അധികാരത്തിലേറാന്‍ സാധിക്കാതെ വന്നതോടെ ദക്ഷിണേന്ത്യ ബിജെപിക്ക് ബാലികേറാമലയാകുകയാണ്. ഈയവസരത്തിലാണ് തമിഴ്‌നാട്ടില്‍ അധികാരം പിടിക്കാന്‍ പതിനെട്ടടവും പയറ്റുന്ന മോദിയും അമിത് ഷായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമെല്ലാം തൂത്തുക്കുടിയിലെ രക്തച്ചൊരിച്ചിലിന് കൂട്ടുനില്‍ക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതല്‍ വേദാന്തയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദിയുടെ സ്വപ്‌ന പദ്ധതികളിലൊന്നായ സ്വച്ഛ് ഭാരതിന്റെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒന്നാണ് വേദാന്ത. ദാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ മോദിക്കൊപ്പം നിറസാന്നിധ്യമായിരുന്നു അനില്‍ അഗര്‍വാള്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു എന്നത് ഭരണകൂട-കോര്‍പ്പറേറ്റ് അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. ‘മെയ്ക്ക് ഇന്‍ ഇന്ത്യ ‘പദ്ധതിയുടെ ഭാഗമായി മോദി നടത്തിയ ലണ്ടന്‍ പര്യടനത്തിന്റെ സ്പോണ്‍സറും അനില്‍ അഗര്‍വാളായിരുന്നു. മോദി സര്‍ക്കാരിന്റെ കാലത്ത് നടന്ന ഇന്ത്യന്‍ ഓയില്‍-പ്രകൃതിവാതക ബ്ലോക്കുകളുടെ ലേലത്തില്‍ വേദാന്തയ്ക്ക് വ്യക്തമായ പ്രാമുഖ്യമുണ്ടായിരുന്നു.

തൂത്തുക്കുടിയിലെ മനുഷ്യാവകാശ ലംഘനത്തെ ചെറുത്തുനില്‍ക്കുന്നവരെയെല്ലാം നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ജീവിക്കാനുള്ള പൗരന്റെ മൗലികാവകാശത്തെ നിഷേധിക്കുന്ന കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് കുടപിടിക്കുകയാണ് ഭരണകൂടം. വേദാന്തക്കെതിരെ സംസാരിക്കുന്നവരെല്ലാം വികസന വിരുദ്ധരാണെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രസംഗിച്ചത്. തങ്ങളുടെ ജീവനും ജീവിതവും കവര്‍ന്നെടുക്കാനെത്തിയവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഓരോരുത്തരും വികസന വിരുദ്ധരെന്ന് മുദ്രകുത്തുന്നത് കോര്‍പ്പറേറ്റുകളോട് കൈകോര്‍ക്കുന്ന അധികാരികളുടെ സ്ഥിരം രീതിയാണ്. അതിജീവനത്തിനായി പോരാടണമെന്ന് ഒരു ജനത തീരുമാനമെടുത്താല്‍ ഏതൊരു അധികാര കേന്ദ്രങ്ങളും വിറകൊള്ളുമെന്നതിന്റെ തെളിവാണ് തൂത്തുക്കുടി. അവകാശ സംരക്ഷണത്തിനായി അധികാരികളുടെ തോക്കിന്‍ മുനകള്‍ക്ക് മുന്നില്‍ ഇടറാതെ നില്‍ക്കാന്‍ തൂത്തുക്കുടിയിലെ സമരവീര്യത്തിന് സാധിക്കുകതന്നെ ചെയ്യും.

Advertisement