മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരികൊളുത്തിയ വിവാദം ആന്ധ്രയിൽ കത്തിപടരുന്നു. പ്രസിദ്ധമായ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡു ഉണ്ടാക്കുന്നതില്‍ മൃഗ കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന നായിഡുവിന്റെ ആരോപണം സ്ഥിരീകരിക്കുന്ന ലാബ് റിപ്പോർട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വൈഎസ്ആർ ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ കാലത്ത് തിരുപ്പതിയിൽ കരാറുകാർ വിതരണം ചെയ്ത നെയ്യിൽ പന്നിയുടെയും പശുവിന്റെയും മൽസ്യത്തിന്റെയും അടക്കമുള്ള നെയ്യിന്റെ സാന്നിധ്യമുണ്ടെന്നുള്ള നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് ലാബിലെ പരിശോധന റിപ്പോർട്ടാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഇതോടെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ രാഷ്ട്രീയ ഭാവി തന്നെ മുൾമുനയിലായിരിക്കുകയാണ്. ബുധനാഴ്‌ചയാണ് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആരോപണം മുഖ്യമന്ത്രി തൊടുത്തുവിട്ടത്. ‘മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി തിരുമല ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്, അവര്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചു’ എന്നായിരുന്നു അമരാവതിയില്‍ നടന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തില്‍ നായിഡുവിന്റെ ആരോപണം. ശുദ്ധമായ നെയ്യാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തില്‍ എല്ലാം അണുവിമുക്തമാക്കിയെന്നും ഗുണനിലവാരം മെച്ചപ്പെടുത്തിയെന്നും നായിഡു കൂട്ടിച്ചേര്‍ത്തിരുന്നു.
പിന്നാലെ നായിഡുവിന്റെ ആരോപണങ്ങൾ ഏറ്റെടുത്തു മറ്റ് മന്ത്രിമാരും തെലുങ്ക് ദേശം പാർട്ടിയും രംഗത്തെത്തി. എന്നാൽ നായിഡുവിന്റെ ആരോപണം ദുരുദ്ദേശ്യപരമാണെന്നും രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി തരംതാഴുന്നുവെന്നും വൈഎസ്ആര്‍ കോൺഗ്രസ് തിരിച്ചടിച്ചു. എന്നാൽ വൈഎസ്ആര്‍ കോൺഗ്രസിന്റെ പ്രതിരോധങ്ങൾക്ക് ലാബ് റിപ്പോർട്ട് പുറത്തു വരുന്നത് വരെ മാത്രമേ ആയുസുണ്ടായിരുന്നുള്ളു.
ആന്ധ്ര സർക്കാർ കഴിഞ്ഞ ജൂണിൽ നടത്തിയ പരിശോധന ഫലമാണ് പുറത്തു വിട്ടത്. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡിന്റെ ലാബിൽ നടത്തിയ പരിശോധന ഫലമാണിത്. പന്നിയുടെയും പശുവിന്റെയും മീനിന്റെയും കൊഴുപ്പ് അടങ്ങിയ നെയ്യാണ് ലഡുവില കണ്ടെത്തിയത്. ഇതോടെ വൈഎസ്ആർ കോൺഗ്രസും ജഗൻ മോഹൻ റെഡിയും പ്രതിരോധത്തിലായി. ക്രിസ്ത്യൻ റെഡ്ഢി കുടുംബത്തിൽ നിന്നുള്ള ജഗൻ മോഹനൻ റെഡ്ഢി ക്ഷേത്രാചാരങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്ന സൂചനയും നായിഡുവിന്റെ ആരോപണങ്ങൾക്ക് പിന്നിലുണ്ടായിരുന്നു. ദശലക്ഷക്കണക്കിന് ഭക്തരുടെ മതവികാരം വ്രണപ്പെടുത്താനും തിരുപ്പതി ക്ഷേത്രത്തിന്റെ പവിത്രത നഷ്ട്ടപ്പെടുത്താനുമുള്ള ശ്രമമാണിതെന്നാണ് വിമർശനങ്ങൾ ഉയർന്നത്.
തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണത്തിനായി 50 വർഷങ്ങളായി നെയ് വിതരണം ചെയ്തിരുന്നത് കർണാടകയിലെ സഹകരണ സ്ഥാപനമായ നന്ദിനിയായിരുന്നു. എന്നാൽ ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ കാലത്ത് മഹാരാഷ്ട്രയിൽ നിന്നുള്ള സ്വകാര്യ കമ്പനികൾക്ക് കരാർ നൽകി. ഇവർ വിതരണം ചെയ്ത നെയ്യിലാണ് പശുവിന്റെയും പന്നിയുടെയും കൊഴുപ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ ജഗൻ മോഹൻ റെഡ്‌ഡി കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. സർക്കാർ സഹകരണ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചതിന്റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നു ടിഡിപിയും ബിജെപിയും ആരോപിക്കുന്നുണ്ട്. വർഷങ്ങളായി നെയ് വിതരണം ചെയ്തിരുന്ന നന്ദിനിയുമായുള്ള കാരർ എന്തുകൊണ്ട് പെട്ടെന്ന് സർക്കാർ അവസാനിപ്പിച്ചുവെന്ന ചോദ്യവും ഉയരുന്നുണ്ട്.
വെങ്കിടാ ചലപതിയുടെ മഹാപ്രസാദമായി കരുതുന്ന ലഡുവിൽ മൃഗ കൊഴുപ്പിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ ലക്ഷക്കണക്കിന് വരുന്ന തിരുപ്പതി തിരുമല വിശ്വാസികൾ വൈഎസ്ആർ കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. രാജ്യത്തെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ദേശീയ തലത്തിൽ ഒരു ‘സനാതന ധർമ സംരക്ഷണ ബോർഡ്’ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് നടനും കർണാടക ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ പ്രതികരിച്ചത്. ‘സനാതന ധർമ്മ’ത്തെ ഏത് വിധേനെയും അവഹേളിക്കുന്നത് അവസാനിപ്പിക്കാൻ നാമെല്ലാവരും ഒന്നിക്കണമെന്ന് പവൻ കയാണ് എക്‌സിലൂടെ ആഹ്വാനം ചെയ്തു.
വിഷയത്തിൽ ജഗൻ മോഹൻ റെഡ്ഡിക്കും തിരുപ്പതി ക്ഷേത്ര ദേവസ്വത്തിലെ ഉദ്യോഗസ്ഥർക്കും എതിരെ ആഭ്യന്തര മന്ത്രാലയത്തിനും ആന്ധ്രാപ്രദേശിലെയും ഉത്തർപ്രദേശിലെയും ഡിജിപിമാർക്കും സുപ്രീംകോടതി അഭിഭാഷകൻ വെള്ളിയാഴ്ച പരാതി നൽകിയതായി റിപ്പോർട്ട്. മായം കലർത്തിയ നെയ്യ് പ്രസാദത്തിലൂടെ വിതരണം ചെയ്തതിലൂടെ ക്ഷേത്രത്തിൻ്റെ മതപരമായ അഖണ്ഡത തകർക്കാൻ ആരോപണ വിധേയർ ശ്രമിച്ചുവെന്ന് പരാതിക്കാരനായ അഭിഭാഷകൻ വിനീത് ജിൻഡാൽ പരാതിയിൽ പറയുന്നു. മതപരമായ മൂല്യമുള്ള ലഡ്ഡൂ ദശലക്ഷക്കണക്കിന് ഹിന്ദു ഭക്തർ കഴിക്കുന്നു, അതിൻ്റെ പരിശുദ്ധിയിലെ ഏത് വിട്ടുവീഴ്ചയും അവരുടെ മതവിശ്വാസങ്ങൾക്ക് അപമാനമായി കണക്കാക്കപ്പെടുന്നുവെന്നും പരാതിയിൽ പറയുന്നു.
തിരുപ്പതിയിലെ പ്രസാദം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണ ചടങ്ങിലേക്ക് അയച്ചിരുന്നു, അവിടെയും അത് ഭക്തർക്കിടയിൽ വിതരണം ചെയ്തു, അങ്ങനെ അശുദ്ധി മറ്റൊരു ഹിന്ദു ആരാധനാലയത്തിലേക്കും വ്യാപിപ്പിച്ചുവെന്നും അഭിഭാഷകൻ ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 152, 192, 196, 298, 353 എന്നിവ പ്രകാരം ആരോപണ വിധേയർക്കെതിരെ എഫ്ഐആർ ഇടണമെന്നും ദേശീയ സുരക്ഷാ നിയമം ഉപയോഗിക്കണമെന്നും പരാതിയിൽ പറയുന്നു.
തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് ദിവസേന വിറ്റഴിക്കുന്നത് 3.5 ലക്ഷം ലഡ്ഡുകളാണ്. 160 മുതൽ 180 ഗ്രാം വരെ ഭാരമുള്ള ലഡ്ഡുവാണിത്. പയർ, കശുവണ്ടി, ഏലം, നെയ്യ്, പഞ്ചസാര, പഞ്ചസാര മിഠായി, ഉണക്കമുന്തിരി എന്നിവയാണ് സാധാരണ രീതിയിൽ ജിഐ ടാഗിങ്ങുള്ള ലഡ്ഡു നിർമിക്കാൻ ഉപയോഗിക്കുന്നത്. 1715 ഓഗസ്റ്റ് 2നാണ് വെങ്കിടേശ്വര ക്ഷേത്രത്തിൽ നൈവേദ്യമായി ലഡ്ഡു സമർപ്പിക്കുന്ന രീതി ആരംഭിച്ചത്.